21 May 2024, Tuesday

Related news

May 6, 2024
March 9, 2024
March 7, 2024
February 21, 2024
February 11, 2024
November 12, 2023
July 9, 2023
April 1, 2023
March 17, 2023
March 4, 2023

കോണ്‍ഗ്രസില്‍ അതൃപ്തി മറനീക്കി

കെ കെ ജയേഷ് 
കോഴിക്കോട്
March 4, 2023 11:02 pm

പാർട്ടി നേതൃത്വത്തിനെതിരെ എം കെ രാഘവൻ എംപി നടത്തിയ രൂക്ഷ വിമർശനത്തെ അനുകൂലിച്ചും എതിർത്തും നേതാക്കൾ രംഗത്തെത്തിയതോടെ സംസ്ഥാന കോൺഗ്രസിൽ അസംതൃപ്തി മറനീക്കി.
ഉപയോഗിച്ച ശേഷം വലിച്ചെറിയുന്നതാണ് കോൺഗ്രസിലെ ഇപ്പോഴത്തെ രീതിയെന്നായിരുന്നു രാഘവന്റെ വിമർശനം. പൊതുവേദിയിൽ നേതൃത്വത്തിനെതിരെ തുറന്നടിച്ച എം കെ രാഘവനെ പിന്തുണച്ചുകൊണ്ട് കെ മുരളീധരനാണ് രംഗത്തെത്തിയത്. എം കെ രാഘവൻ പറഞ്ഞതിൽ തെറ്റില്ലെന്നും അദ്ദേഹം പ്രകടിപ്പിച്ചത് പാർട്ടിയിലെ പൊതുവികാരമാണെന്നും പറഞ്ഞുകൊണ്ട് പാർട്ടിയിലെ അസംതൃപ്തി തുറന്ന് പറയുകയായിരുന്നു കെ മുരളീധരൻ.
കോൺഗ്രസിനുള്ളിൽ മതിയായ ചർച്ചകൾ നടക്കുന്നില്ലെന്നും ഒരു കാര്യവും തന്നോട് പോലും ആലോചിക്കാറില്ലെന്നും പറഞ്ഞ മുരളീധരൻ പാർട്ടിക്ക് ദോഷമുണ്ടാകരുതെന്ന് കരുതിയാണ് പ്രതികരിക്കാതിരിക്കുന്നതെന്നും വ്യക്തമാക്കി. ഇതേ സമയം രാഘവനെതിരെ രംഗത്ത് വരികയായിരുന്നു എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. അഭിപ്രായം പറയേണ്ടത് പാർട്ടി വേദികളിലാണെന്നാണ് വേണുഗോപാൽ പറഞ്ഞത്.
സംസ്ഥാനത്ത് പാർട്ടിയെ നിയന്ത്രിക്കുന്ന കെ സി വേണുഗോപാൽ, കെ സുധാകരൻ, വി ഡി സതീശൻ കൂട്ടുകെട്ടിനെതിരെയുള്ള എതിർപ്പ് ശക്തിപ്പെട്ടുവരികയാണ്. ഗ്രൂപ്പില്ലെന്നാണ് ഇവർ പറയുന്നതെങ്കിലും അനർഹരായവരെ പദവികളിലേക്ക് തിരുകി കയറ്റുന്നുവെന്നാണ് പ്രധാന ആരോപണം. എഐസിസി അംഗത്വ പട്ടികയിൽ മുതിർന്ന നേതാക്കളിൽ പലരെയും ഒഴിവാക്കിയപ്പോൾ കെ സുധാകരന്റെ അടുത്ത അനുയായികൾ പലരും ലിസ്റ്റിൽ കടന്നുകൂടിയിരുന്നു. 

പാർട്ടിയിൽ അവഗണന നേരിടുന്നുവെന്ന് എ വിഭാഗത്തിന് പരാതിയുണ്ട്. ദേശീയ നേതൃത്വത്തെ നേരത്തെ ഇക്കാര്യം ബെന്നി ബെഹന്നാൻ അറിയിച്ചിരുന്നു. കൊടിക്കുന്നിൽ സുരേഷ് ഉൾപ്പെടെയുള്ളവരും അമർഷത്തിലാണ്. ഇതിനിടയിലാണ് അസുഖബാധിതനായി ചികിത്സയിൽ കഴിയുന്ന ഉമ്മൻചാണ്ടി നൽകിയ പേരുകൾ എഐസിസി അംഗങ്ങളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. അന്തരിച്ച ആര്യാടൻ മുഹമ്മദിന്റെ ഒഴിവിലേക്ക് കെ സി അബുവിനെയും പാർട്ടി വിട്ട ലതിക സുഭാഷിന്റെ ഒഴിവിൽ ഡൊമനിക് പ്രസന്റേഷനെയും ഉൾപ്പെടുത്തണമെന്നായിരുന്നു ഉമ്മൻചാണ്ടിയുടെ ആവശ്യം. എന്നാൽ അബുവിന് പകരം കെ സുധാകരന് പ്രിയപ്പെട്ട കെ ജയന്തിനെയാണ് കോഴിക്കോട് നിന്നും ഉൾപ്പെടുത്തിയത്. ഇക്കാര്യത്തിൽ പല നേതാക്കൾക്കും ശക്തമായ അമർഷം ഉണ്ടായിരുന്നെങ്കിലും ആരും പരസ്യമായി പ്രതികരിച്ചിരുന്നില്ല. 

സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകാനുള്ള നീക്കവുമായി ശശി തരൂർ നടത്തിയ പര്യടനത്തിന് നേതൃത്വം അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയപ്പോൾ എം കെ രാഘവനായിരുന്നു തരൂരിനൊപ്പം നിന്നത്. ഇക്കാരണം കൊണ്ട് തന്നെ ഒറ്റപ്പെടുത്താൻ ചില നേതാക്കൾ നീക്കം നടത്തിയതും രാഘവനെ വേദനിപ്പിച്ചിരുന്നു. ഇതിന്റെയെല്ലാം പ്രതിഫലനമായിരുന്നു അദ്ദേഹത്തിന്റെ പരസ്യ പ്രകടനം. വി എം സുധീരൻ പങ്കെടുത്ത വേദിയാണ് കാര്യങ്ങൾ വെട്ടിത്തുറന്ന് പറയാൻ രാഘവൻ ഉപയോഗപ്പെടുത്തിയത്. ഐ വിഭാഗത്തിനും സമാനമായ പരാതികളുണ്ട്. രമേശ് ചെന്നിത്തല ഇക്കാര്യം തുറന്ന് പ്രകടിപ്പിച്ചിട്ടുണ്ട്.
കെപിസിസി അംഗങ്ങളെ തങ്ങളോട് ആലോചിക്കാതെ കൂട്ടിച്ചേർത്തതാണ് രമേശ് ചെന്നിത്തലയെ പ്രകോപിപ്പിച്ചത്. ഡിസിസി പുനസംഘടനയിലും ജില്ലകളിൽ അതൃപ്തി നിലനിൽക്കുന്നുണ്ട്. ലിസ്റ്റ് പ്രഖ്യാപിച്ചാൽ പല ജില്ലകളിലും വലിയ പ്രതിഷേധങ്ങൾ ഉണ്ടാവാനും സാധ്യതയുണ്ട്. 

Eng­lish Sum­ma­ry: Dis­sat­is­fac­tion with the Con­gress was hidden

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.