കേരളം ലോകത്തിന് പ്രദാനം ചെയ്ത വിശ്വമാനവൻമാരായ ശ്രീശങ്കരാചാര്യർക്കും ശ്രീനാരായണ ഗുരുവിനും തമ്മിൽ ഏറെ സാദൃശ്യവും അതുപോലെ വെെജാത്യവുമുണ്ട്. അവരുടെ ജീവിതകാലയളവിനും വലിയ അന്തരമുണ്ട്. ശ്രീശങ്കരൻ എട്ടാം നൂറ്റാണ്ടിലും ശ്രീനാരായണ ഗുരു 19–20 നൂറ്റാണ്ടുകളിലുമാണ് ജീവിച്ചിരുന്നത്. അവരുടെ സാദൃശ്യങ്ങളും വെെജാത്യങ്ങളും 75-ാം റിപ്പബ്ലിക് ദിനാഘോഷവേളയിൽ കേന്ദ്രസർക്കാർ നടത്തിയ രാഷ്ട്രീയ ഇടപെടലോടെ വീണ്ടും ചർച്ചാവിഷയമായിരിക്കുകയാണ്. സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ എന്ന ആശയത്തെ അടിസ്ഥാനമാക്കി 2022 ജനുവരി 26ലെ റിപ്പബ്ലിക് ദിന പരേഡിനായി കേരളമൊരുക്കിയ നിശ്ചലദൃശ്യത്തിന് പ്രദർശനാനുമതി ലഭിച്ചില്ല. കേരളം നല്കിയ നിശ്ചലദൃശ്യത്തിന്റെ മോഡലിൽ സ്ത്രീസുരക്ഷയെന്ന ആശയം മുൻനിർത്തി ജടായുപ്പാറയിലെ പക്ഷിശില്പവും ചുണ്ടൻവള്ളവുമായിരുന്നു ഉണ്ടായിരുന്നത്. ഇതിന് മുന്നിൽ ശങ്കരാചാര്യരുടെ പ്രതിമ വയ്ക്കണമെന്ന് കേന്ദ്രം നിർദേശിച്ചു. എന്നാൽ കേരളം ശ്രീനാരായണ ഗുരുവിന്റെ പ്രതിമ മുന്നിൽ വയ്ക്കാമെന്നറിയിച്ച് മോഡൽ സമർപ്പിച്ചു. ഈ നിശ്ചലദൃശ്യം ഉൾപ്പെടുത്താമെന്ന് അധികൃതർ പറയുകയും അന്തിമ ചുരുക്കപ്പട്ടികയിൽ കേരളത്തെ തള്ളിക്കളയുകയുമായിരുന്നു. ഇതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. കത്തിൽ കേരളത്തിലെ നിശ്ചലദൃശ്യത്തിലുള്ളത് കാലികപ്രസക്തമായ വിഷയമാണെന്നും പ്രമേയത്തിന് സാമൂഹിക പ്രാധാന്യമുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയെങ്കിലും കേരളത്തിന്റെ നിശ്ചലദൃശ്യം ഒഴിവാക്കപ്പെടുകയായിരുന്നു. നിശ്ചലദൃശ്യത്തിൽ നിന്ന് ശ്രീനാരായണ ഗുരുവിനെ മാറ്റി ശ്രീശങ്കരാചാര്യരുടെ പ്രതിമവയ്ക്കണമെന്ന കേന്ദ്രസർക്കാരിന്റെ നിർദേശം തീർച്ചയായും അവരുടെ രാഷ്ട്രീയ താല്പര്യങ്ങളുടെ ഭാഗമാണ്. ഹെെന്ദവ വർഗീയതയും അതിന്റെ ധ്രുവീകരണവുമാണ് കേന്ദ്രം ഭരിക്കുന്ന സംഘപരിവാർ കക്ഷികളുടെ രാഷ്ട്രീയ മൂലധനം. ചാതുർവർണ്യ പുനഃസ്ഥാപനവും സവർണഭരണവും ദളിത് ന്യൂനപക്ഷ അന്യവൽക്കരണവുമാണ് അവരുടെ അജണ്ടയെന്നത് ഇന്ത്യയുടെ വർത്തമാനകാല ചരിത്രം അനുദിനം സാക്ഷ്യപ്പെടുത്തുന്നു. പ്രതിലോമമായ ഈ ആശയസംഹിതക്ക് ഉചിതമായ പ്രതീകമായി ബ്രാഹ്മണകുലത്തിൽ പിറന്ന ശ്രീശങ്കരനെ അവർ കാണുന്നു. കേരള നവോത്ഥാനത്തിന്റെ പതാകവാഹകനായ ശ്രീനാരായണ ഗുരുവാകട്ടെ മതാതീത ലോകത്തെയാണ് മുന്നോട്ടുവയ്ക്കുന്നത്. മനുഷ്യത്വമാണ് ഗുരുവിന് മതം. അന്യജാതികളോട്, അന്യമതങ്ങളോട് മത്സരമോ പകയോ കൂടാതെ വിദ്യാഭ്യാസത്തിലൂടെയും സംഘടിച്ചും വ്യവസായ വികസനത്തിലൂടെയും അഭിവൃദ്ധിപ്പെടാനാണ് ഗുരു ആഹ്വാനം ചെയ്യുന്നത്. ഇങ്ങനെയൊരാൾ സംഘപരിവാറുകാർക്ക് എങ്ങനെ അഭിമതനാകാനാണ്? ഭൂമിയിൽ ജീവിച്ചിരുന്ന ഏറ്റവും വലിയ ധിഷണാശാലിയെന്ന് വിശ്രുതരായ പാശ്ചാത്യ ശാസ്ത്രജ്ഞൻമാരും തത്വചിന്തകരും വിശേഷിപ്പിച്ച ശ്രീശങ്കരനെയൊ, ദർശനങ്ങളെയൊ സംഘപരിവാറുകൾ ഉൾക്കൊള്ളുകയൊ, മനസിലാക്കുകയൊ ചെയ്യാതെയാണ് എഴുന്നള്ളിച്ച് നടക്കുന്നത് എന്നുവേണം കരുതാൻ. ബ്രാഹ്മണൻ, ബുദ്ധ‑ജെെന മതങ്ങളുടെ വ്യാപനം തടഞ്ഞ യോഗി, അഖണ്ഡഭാരത സങ്കല്പത്തിന് അടിത്തറയിട്ട ആചാര്യൻ, വേദങ്ങളുടെ ഉയിർത്തെഴുന്നേല്പിന് കാരണഭൂതൻ എന്നൊക്കെയുള്ള വിശേഷണങ്ങൾ ചാർത്തിക്കൊടുത്തുകൊണ്ടാണ് അവർ ശ്രീശങ്കരനെ ചൊല്ലി വികാര വിജൃംഭിതരാകുന്നത്. ശങ്കരദർശനത്തിലെ സമദർശിത്വം അറിയുന്നവർക്ക് ശ്രീനാരായണ ഗുരുവുമായി ആചാര്യന് അധികം വിഭിന്നത കല്പിക്കാനാവില്ല. ഭാരതീയ വേദങ്ങളിൽ നിന്ന് പുതിയൊരു സിദ്ധാന്തം ശ്രീശങ്കരൻ ആവിഷ്കരിച്ചതാണ് അദ്വെെതം. ‘ബ്രഹ്മസത്യം ജഗത്മിഥ്യ ജീവോ ബ്രഹ്മെെവനാപര: ’- ബ്രഹ്മം മാത്രമാണ് സത്യം, ജഗത് മിഥ്യയാണ്, ഇക്കാണുന്ന ജീവപ്രപഞ്ചം ബ്രഹ്മമല്ലാതെ മറ്റൊന്നുമല്ല. എന്നാണ് തന്റെ അദ്വെെത സിദ്ധാന്തത്തെ ശ്രീശങ്കരൻ സമർത്ഥിക്കുന്നത്. കേരളത്തിൽ നിന്ന് ഹിമാലയം വരെ സഞ്ചരിച്ച ശ്രീശങ്കരൻ പിന്നെ ശൃംഗേരി, പുരി, ദ്വാരക, ബദരി എന്നിവിടങ്ങളിൽ അദ്വെെതാശ്രമങ്ങൾ സ്ഥാപിച്ചു.
ബുദ്ധമതത്തിന്റെ കർമ്മ വിമൂഢതയെ എതിർത്തിരുന്ന ശങ്കരൻ ജീവിതത്തെ പ്രവൃത്ത്യുന്മുഖമാക്കാനാണ് ഉദ്ഘോഷിച്ചിരുന്നതെന്നും ജീവിത വേദാന്തം പഠിപ്പിക്കുവാനും അതിലൂടെ ജീവിതത്തിൽ അനുഭവപ്പെടുന്ന അനാചാരങ്ങളെയും അനീതികളെയും ഇല്ലാതാക്കുവാനുമാണ് ഉദ്ബോധനം ചെയ്തിരുന്നതെന്നും സൂക്ഷ്മപഠനങ്ങൾ വെളിപ്പെടുത്തുന്നു. പത്മപാദർ മുതൽ തോടകൻ വരെയുള്ള ശങ്കരശിഷ്യൻമാരിൽ ബ്രാഹ്മണർ മുതൽ വിവിധ ജാതിക്കാർ ഉണ്ടായിരുന്നുവെന്നുള്ളതും ശ്രദ്ധേയമാണ്. എട്ടാം നൂറ്റാണ്ടിൽത്തന്നെ ഇന്ത്യയെ ഒന്നായി കാണുകയും ഇന്ത്യയുടെ ഭൂപടം നിർമ്മിക്കുകയുമായിരുന്നു 32 വയസുവരെ മാത്രം ജീവിച്ച ആദിശങ്കരൻ (ആസേതു ഹിമാചലം- എം ജി ശശിഭൂഷൺ). ഭേദചിന്തയില്ലാത്ത അദ്വെെത ദർശനം പ്രചരിപ്പിച്ച ശ്രീശങ്കരനെ സ്വന്തം വക്താവായി ഹിന്ദു വർഗീയവാദികൾ അവതരിപ്പിക്കുന്നത് വിരോധാഭാസമെന്നേ പറയേണ്ടു. ചെരിപ്പിനൊപ്പിച്ച് കാൽ മുറിക്കുന്നതുപോലെയാണ് ശങ്കരാചാര്യനെ ഇവർ കൊണ്ടുനടക്കുന്നത്. 1100 വർഷം മുൻപ് ആദിശങ്കരൻ അവതരിപ്പിച്ച അദ്വെെത ദർശനത്തിന്റെ മൗലിക സിദ്ധാന്തത്തെത്തന്നെയാണ് ശ്രീനാരായണ ഗുരുവും അംഗീകരിച്ചത്. ‘അങ്ങയുടെ തത്വശാസ്ത്രമെന്താണ് എന്നുള്ള ചോദ്യത്തിന് (ഗവൺമെന്റ് നിയോഗിച്ച ഒരു കമ്മിഷൻ അംഗമാണ് ചോദ്യകർത്താവ്) തത്വശാസ്ത്രത്തിൽ നാം ശങ്കരനെ പിന്തുടരുന്നു എന്നാണ് ഗുരു ഉത്തരം നല്കിയത്. ആത്മോപദേശതകത്തിൽ ‘മരണവുമില്ല, പുറപ്പുമില്ല വാഴ്വും’ എന്ന് ഗുരു കുറിക്കുമ്പോൾ ആ പിന്തുടരൽ വ്യക്തമാണ്. രണ്ടില്ലാത്തത്, ഒന്നു മാത്രമുള്ളത് എന്നാണ് അദ്വെെതത്തിന് ഗുരു നല്കിയ വ്യാഖ്യാനം. ദർശനമാല എന്ന കൃതി ഇതിന് കൂടുതൽ വ്യക്തത നല്കുന്നുണ്ട്. (അപരൻ ഇല്ലാത്ത അവസ്ഥ സ്വാതന്ത്ര്യമാണെന്നും അപരൻ നരകമാണെന്നുമുള്ള സാർത്രിന്റെ ആധുനിക അദ്വെെത നിർവചനവും ഇവിടെ ഓർക്കാം). ശ്രീശങ്കരദർശനം സാധാരണക്കാരിൽ നിന്ന് അകന്ന് ബൗദ്ധികതലത്തിൽ മാത്രം വിഹരിക്കുന്ന വെെജ്ഞാനികാദ്വെെതമായി പരിമിതപ്പെട്ടപ്പോൾ ഗുരു അതിനെ പ്രായോഗിക ദർശനമാക്കി ചലനാത്മകമായി അവതരിപ്പിച്ചു. ജഗത്തിനെ മായയായി കണ്ട് ജീവിതത്തിൽ നിന്ന് ഒളിച്ചോടി അലസൻമാരായി കഴിയാൻ ഗുരുദേവദർശനം അനുവദിക്കുന്നില്ല. കർമ്മത്തിലൂടെ അറിവിനെയും ബോധത്തെയും സാക്ഷാത്കരിക്കുവാനാണ് ഗുരു പ്രചോദിപ്പിക്കുന്നത്. മതേതര മാനവികതയുടെയും ജാതിവിരുദ്ധ സാഹോദര്യ സാമുദായികതയുടെയും അനുകമ്പ നിറഞ്ഞ ജീവിതബോധനമാണ് ഗുരു അന്ത്യം വരെയും തുടർന്നുപോന്നിരുന്നത്. സംഘടിച്ച് ശക്തരാകുവാനും വിദ്യാഭ്യാസത്തിലൂടെ ഉയിർത്തെഴുന്നേൽക്കുവാനും ആഹ്വാനം ചെയ്ത ഗുരു ‘അവനിവനെന്നറിയുന്നതൊക്കെയോർത്താ- ലവനിയിലാദിമമായൊരാത്മരൂപം അവനവനാത്മ സുഖത്തിനാചരിക്കു ന്നവയപരന്നു സുഖത്തിനായ് വരേണം’ എന്നാണ് ഉപദേശിക്കുന്നത്. ശങ്കരാചാര്യർ ആവിഷ്ക്കരിച്ച അദ്വെെത ദർശനത്തെ സ്വന്തം ആത്മാനുഭൂതിയുടെ പ്രകാശത്തിൽ പുനഃപരിശോധിച്ച് പുനഃപ്രകാശനം ചെയ്ത് കർമ്മപഥത്തിൽ എത്തിക്കുകയായിരുന്നു ശ്രീനാരായണ ഗുരു. അതിന്റെ ഗുണഭോക്താക്കളാണ് ആധുനിക കേരളീയർ. ദർശനാവിഷ്ക്കരണത്തിൽ തത്വചിന്തകൻ ഹെഗലിന്റെ ദർശനത്തോട് കാൾ മാർക്സ് കൈക്കൊണ്ട സമീപനമാണ് ശ്രീശങ്കരന്റെ അദ്വെെത ദർശനത്തോട് ഗുരു സ്വീകരിച്ച നിലപാട് എന്ന സ്വാമി സച്ചിദാനന്ദയുടെ നിരീക്ഷണവും പ്രസക്തമാണ്. ജീവിച്ചിരിക്കുന്ന മനുഷ്യന് പ്രശ്നങ്ങളുണ്ട്, വേദനയുണ്ട്, അവന് നീതി ലഭിക്കണം അതായിരുന്നു മാർക്സിയൻ കാഴ്ചപ്പാട്. ‘മനുഷ്യാണാം മനുഷ്യത്വം ജാതി’ എന്ന് പ്രഖ്യാപിച്ച ഗുരു തൊട്ടുകൂടായ്മയെയും തീണ്ടിക്കൂടായ്മയെയും ഫ്യൂഡൽ പാരമ്പര്യങ്ങളെയും പുനരാനയിക്കാൻ ശ്രമിക്കുന്ന ഇന്ത്യയുടെ രോഗാതുരമായ വർത്തമാനകാല മനസിന് മരുന്നും പരിഹാരവും സന്ദേശവുമാണ്. അതുകൊണ്ടാണ് ഈ കാലത്ത് ശ്രീ ശങ്കരനെക്കാൾ ശ്രീ നാരായണ ഗുരു പ്രസക്തനാകുന്നത്. ഇത് വിളംബരം ചെയ്യാനുള്ള കേരളത്തിന്റെ എളിയൊരു ശ്രമത്തെയാണ് റിപ്പബ്ലിക് ദിന പരേഡിൽ കേന്ദ്രം നിഷേധിച്ചത്. ‘അറിവിതിനിങ്ങനെ ആർക്കു മോതീടേണം’ എന്ന് അരുളുന്ന ഗുരു തങ്ങളുടെ അളവുകോലുകൾക്ക് അപ്പുറമാകുമ്പോൾ ഭയന്നുപോകുന്നവരാണ് നിശ്ചലദൃശ്യങ്ങളിൽ നിന്നുപോലും ആ സാന്നിധ്യത്തെ ഒഴിവാക്കുന്നത്.
മനുഷ്യൻ കെട്ടുപോയാൽ പിന്നെ മതങ്ങൾകൊണ്ടും തത്വദർശനംകൊണ്ടും എന്തു പ്രയോജനം? — ശ്രീനാരായണ ഗുരു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള് ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.