23 December 2024, Monday
KSFE Galaxy Chits Banner 2

പ്രഭുവർഗ വാഴ്ചയിലേക്കുള്ള ദൂരം

Janayugom Webdesk
April 10, 2022 4:53 am

സ്വാതന്ത്ര്യത്തിന് എത്രയോ കാലം മുമ്പ്, 1888ൽ, സർ ജോൺ സ്ട്രാച്ചി കേംബ്രിഡ്ജ് ബിരുദധാരികളോട് പറഞ്ഞു’… ഒരു ഇന്ത്യ, ഇന്ത്യയിലെ ജനത… എന്ന നിലയിൽ ഒരിക്കലും ഉണ്ടായിരുന്നില്ല… പഞ്ചാബിലെ ജനത, ബംഗാളും വടക്കുപടിഞ്ഞാറൻ പ്രവിശ്യയും മദ്രാസും… തങ്ങൾ ഒരു മഹത്തായ രാഷ്ട്രത്തിന്റെ ഭാഗമെന്ന് ജനങ്ങൾക്ക് തോന്നിയിട്ടില്ല… അത്തരം ചിന്ത അത് അസാധ്യമാണ്…’ രാജ്യത്തിലെ ബഹുസ്വരത ഒന്നിലേക്ക് കേന്ദ്രീകരിക്കുന്നത് തടയാനുള്ള ബ്രിട്ടീഷുകാരുടെ തന്ത്രമായിരുന്നു അത്.

1857ൽ ഒന്നാം സ്വാതന്ത്ര്യസമരത്തോടെ ഇന്ത്യ എന്ന ഏകതാ ചിന്ത ഉയർന്നുവന്നു. പിന്നീട് അതിൽ മാറ്റമുണ്ടായില്ല. ഇന്ത്യൻ രാഷ്ട്രം എന്ന ആശയത്തെ മറയ്ക്കാനുള്ള ശ്രമങ്ങൾ, ചരിത്രത്തിന്റെ ഓരോ വഴിത്തിരിവിലും ഉയർന്നുവന്നു. എന്നാൽ അത് ദുർബലമായിരുന്നു. 1857ൽ ഉയർന്ന ഒന്നിപ്പിന്റെ ലക്ഷ്യം ഇല്ലാതാക്കാൻ കഴിഞ്ഞില്ല.

സ്വാതന്ത്ര്യം ഒരു സംസ്ഥാനത്തിനോ ഒരു പ്രദേശത്തിനോ വേണ്ടിയല്ല, അത് പൂർണമായും ഇന്ത്യൻ ജനതയ്ക്കു വേണ്ടിയായിരുന്നു. ഭൂമിശാസ്ത്രപരവും സാമൂഹികവുമായ രീതിയിൽ രാജ്യത്ത് സ്വാതന്ത്ര്യത്തിനായുള്ള പ്രക്ഷോഭം പടർന്നു. 1905–1908, 1919–1922, 1928–1934, 1942, 1945–46 എന്നീ വർഷങ്ങളിൽ ശ്രദ്ധേയ മുന്നേറ്റങ്ങളുണ്ടായി. പുതിയ രൂപങ്ങളിൽ നിരവധി അനുബന്ധ പരിശ്രമങ്ങളും ഉണ്ടായി. സ്വദേശി മുന്നേറ്റം, വിദേശ ഉല്പന്നങ്ങളുടെ ബഹിഷ്കരണം, നിസഹകരണ പ്രസ്ഥാനം എന്നിങ്ങനെ. ‌


ഇതുകൂടി വായിക്കൂ: തൊഴിലാളി കര്‍ഷക പ്രക്ഷോഭം വിജയിക്കാന്‍ പൊതു രാഷ്ട്രീയ ലക്ഷ്യം


മറുവശത്ത് രാജ്യത്തിനകത്തും പുറത്തും വിപ്ലവബോധം ജ്വലിച്ചു. സമരങ്ങളും, നഗര തൊഴിലാളികളുടെയും കർഷകരുടെയും ആദിവാസികളുടെയും പ്രക്ഷോഭങ്ങളും മുന്നേറ്റങ്ങളും സജീവമായി. 1920ലാണ് ഓൾ ഇന്ത്യ ട്രേഡ് യൂണിയൻ കോൺഗ്രസ് (എഐടിയുസി) സ്ഥാപിതമായത്, 1925ൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐ) രൂപീകരിക്കുകയും ചെയ്തു. ഒന്നര പതിറ്റാണ്ടിന് ശേഷം 1936ൽ കിസാൻ സഭയും ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് ഫെഡറേഷനും (എഐഎസ്എഫ്) പിറവിയെടുത്തു. ഭൗതിക തലത്തിലും ബോധതലത്തിലും ജനങ്ങളുടെ ഉണർവിനെ തകർക്കാൻ ഇതോടൊപ്പം സാമ്രാജ്യത്വം തങ്ങളുടെ നിലപാട് മാറ്റിക്കൊണ്ടുമിരുന്നു.

അനുകൂല പ്രതികരണം വളർത്തിയെടുക്കാൻ അവർ നിരന്തരം പ്രവർത്തിച്ചു. എന്നാൽ സാമ്രാജ്യത്വ ശക്തികളിൽ നിന്ന് മാത്രമല്ല, ഇറ്റലിയിലെ മുസോളിനിയിൽ നിന്നും ജർമ്മനിയിലെ ഹിറ്റ്ലറിൽ നിന്നും പ്രോത്സാഹനം ഉണ്ടായിട്ടും പ്രകടമായ കരുത്താർജ്ജിക്കാൻ സാമ്രാജ്യത്വ ഫാസിസ്റ്റ് നീക്കങ്ങൾക്ക് കഴിഞ്ഞില്ല. സാമ്രാജ്യത്വ ഫാസിസ്റ്റ് നീക്കങ്ങൾക്ക് താക്കീതായി 1939ൽ എഴുപതിനായിരം തൊഴിലാളികളും പൊതുജനങ്ങളും അണിചേർന്ന ഫാസിസ്റ്റ് വിരുദ്ധ പ്രകടനം ബോംബെയിൽ നടന്നു.

സ്വാതന്ത്ര്യസമരത്തിന്റെ മുൻനിര സ്രോതസുകളിൽ തന്നെ ബഹുസ്വരത ഉടലെടുത്തിരുന്നു. 1950 ൽ അംഗീകരിക്കപ്പെട്ട ഒരു ഭരണഘടനയുള്ള രാഷ്ട്രമായി ഇന്ത്യ ഉയർന്നുവന്നു. രാജ്യം ഒരു പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കായി. വിഭജനവും ദുരന്തവും ഉണ്ടായിട്ടും രാജ്യം ഒന്നായി തുടർന്നു. ആദ്യ പൊതുതെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റുകാര്‍ രണ്ടാമത്തെ വലിയ കക്ഷിയായി തെരഞ്ഞെടുക്കപ്പെട്ടു. മതേതരത്വത്തിന്റെ വിജയമായി ആദ്യ പ്രധാനമന്ത്രി നെഹ്രു ഇതിനെ പ്രഖ്യാപിച്ചു. വലതുപക്ഷ ശക്തികളുടെ പരാജയം ഏതാണ്ട് പൂർണമായിരുന്നു. അവർക്ക് ഏഴ് സീറ്റുകൾ മാത്രമാണ് ലഭിച്ചത്. എന്നാൽ അത് അന്തിമമായിരുന്നില്ല. ദേശീയ സ്വാതന്ത്ര്യ സമരത്തിന് സമാന്തരമായി ആരംഭിച്ച ഭൂരിപക്ഷ മത തീവ്ര ദേശീയത, ബഹുസ്വരത ദുർബലപ്പെടുത്താനും അതോടൊപ്പം സാമ്രാജ്യത്വത്തിന്റെ ആവിർഭാവം സുഗമമാക്കാനുമുള്ള നീക്കങ്ങളിലായിരുന്നു. സാമ്രാജ്യത്വ വളർച്ചയ്ക്ക് അവർ കൂട്ടായി പരിശ്രമിച്ചു.


ഇതുകൂടി വായിക്കൂ: ചരിത്ര നിഷേധത്തിന്റെ വിനാശ വഴികള്‍


സ്വാതന്ത്ര്യത്തിനു മുമ്പുള്ള ശക്തികൾ സ്വാതന്ത്ര്യാനന്തര വർഷങ്ങളിൽ, രാജ്യത്തെ ജനാധിപത്യ ഘടനയെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങൾ ഏറ്റെടുത്തു. ബഹുസ്വരതയ്ക്കെതിരെയുള്ള ശക്തമായ നീക്കങ്ങളിലേക്ക് അവർ നീങ്ങി. മറുഭാഗത്ത് സ്വയം പര്യാപ്തമായ സമ്പദ്‌വ്യവസ്ഥയുടെ അടിത്തറ സൃഷ്ടിക്കുക, പൊതുമേഖല കെട്ടിപ്പടുക്കുക, ബാങ്കുകൾ, ഖനികൾ, റോഡ് ഗതാഗതം, വ്യോമയാനം, റയിൽവേ, വൈദ്യുതി, ആശുപത്രികൾ, സ്കൂളുകൾ, കോളജുകൾ തുടങ്ങിയ മേഖലകളിൽ ദേശസാൽക്കരണത്തിലേക്ക് രാജ്യം നീങ്ങി. ഈ ദിനങ്ങൾ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും പരിണാമത്തിന്റേതും വളർച്ചയുടേതുമായിരുന്നു. കേരളത്തിൽ സർക്കാർ രൂപീകരിക്കാനും സംസ്ഥാനം ഭരിക്കാനും ജനങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടിയെ തെരഞ്ഞെടുത്തു. ഭരണഘടന അതിന്റെ ആമുഖം പരമാധികാര, ജനാധിപത്യ, മതേതര, സോഷ്യലിസ്റ്റ് റിപ്പബ്ലിക് എന്ന് നവീകരിച്ചു.

പക്ഷെ, പുതിയ നിബന്ധനകൾ കടുത്ത സമ്മർദ്ദം ചെലുത്തുന്നതായിരുന്നു. വലതുപക്ഷവാദികളിൽ നിന്നുള്ള വെല്ലുവിളികൾ വർധിച്ചു. തീവ്ര ദേശീയതയുടെ വക്താക്കളിൽ നിന്ന് ബഹുസ്വരതയ്ക്കെതിരായ ഭീഷണി കടുത്തു. ജനാധിപത്യം അതിന്റെ വികലമായ പ്രത്യാഘാതങ്ങളെ അഭിമുഖീകരിച്ചു.

വികസനത്തിന് ജനാധിപത്യത്തിന്റെ നെടുംതൂണുകൾ ഒരുമിച്ച് നിലകൊള്ളണമെന്ന് കഴിഞ്ഞ ഭരണഘടനാ ദിനത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കുന്നു. എക്സിക്യൂട്ടീവ്, ജുഡീഷ്യറി, ലെജിസ്ലേച്ചർ എന്നിവ ഇഴുകിച്ചേരേണ്ടതുണ്ട്. ‘വികസന’ത്തിലേക്കുള്ള ഇത്തരം ചുവടുകൾ ഹിറ്റ്ലറുടെ മിലിട്ടറി ഇൻഡസ്ട്രിയൽ കോംപ്ലക്സിനെ ഓർമ്മിപ്പിക്കുന്നു. ഈ സംരംഭം തന്നെ മൗലികാവകാശങ്ങളോടുകൂടി എക്സിക്യൂട്ടീവിനും ജുഡീഷ്യറിക്കും ലെജിസ്ലേച്ചറിനും ഇടയിലുള്ള അധികാര വിഭജനത്തിനെ ഇല്ലാതാക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം വിനിയോഗിക്കുന്നതിന് മുമ്പ്, അനന്തരഫലങ്ങൾക്കായി ഒരാൾ തയാറാകണം എന്ന മുന്നറിയിപ്പും മുഴങ്ങുന്നു. ഈ പ്രസ്താവനകളിലെ വരികൾക്കിടയിൽ ജനാധിപത്യ സംവിധാനത്തിനെതിരെ ഗുരുതരമായ വെല്ലുവിളിയുണ്ട്. അത് പ്രഭുവർഗ വാഴ്ചയിലേക്കുള്ള നീക്കമാണ്.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.