4 May 2024, Saturday

ഡോക്ടേഴ്സ് ദിനത്തിലെ ഒരു ഡോക്ടര്‍ മാതൃക; ഹൃദയാഘാതം വന്ന രോഗിയ്ക്ക് ബസില്‍വച്ചുതന്നെ ശുശ്രൂഷ നല്‍കി ഡോ. കെ ആർ രാജേഷ്

Janayugom Webdesk
തൃശൂർ
July 1, 2023 10:58 pm

ഡോക്ടർമാരുടെ സേവന സന്നദ്ധതയെ പ്രകീർത്തിക്കുന്ന ഡോക്ടേഴ്സ് ദിനത്തിൽ തൃശൂർ മെഡിക്കൽ കോളജിൽ നിന്നൊരു മാതൃകാ പ്രവർത്തനം. ബസി­ൽ അപരിചിതനായ ഒരാൾ കുഴഞ്ഞ് വീണപ്പോൾ ഉടൻ പ്രഥമ ശുശ്രൂഷ നൽകി തൃശൂർ ജനറൽ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജിലും എത്തിച്ച് ജീവൻ രക്ഷിച്ച് മാതൃകയായിരിക്കുകയാണ് തൃശൂർ മെഡിക്കൽ കോളജിലെ ഇൻഫെക്ഷ്യസ് ഡിസീസസ് വിഭാഗം അസോസിയേറ്റ് പ്രൊഫസറായ ഡോ. കെ ആർ. രാജേഷ്. മാതൃകാപരമായ പ്രവർത്തനം നടത്തി രോഗിയുടെ ജീവൻ രക്ഷിച്ച ഡോ. രാജേഷിനെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. 

ഡോ. രാജേഷ് ഇരിങ്ങാലക്കുടയിലുള്ള വീട്ടിൽ നിന്നും മെഡിക്കൽ കോളജിലേക്ക് രാവിലെ വന്നത് സ്വകാര്യ ബസിലായിരുന്നു. ബസ് അശ്വിനി ഹോസ്പിറ്റൽ കഴിഞ്ഞപ്പോൾ ഒരാൾ ബസിൽ കുഴഞ്ഞുവീണു. എന്തുചെയ്യണമെന്നറിയാതെ യാത്രക്കാരും ജീവനക്കാരും പരിഭ്രമിച്ചു. ഉടൻ തന്നെ ഡോ. രാജേഷ് മുന്നോട്ട് വന്ന് രോഗിയുടെ പൾസ് ഉൾപ്പെടെ പരിശോധിച്ചു. പരിശോധനയിൽ രോഗി കാർഡിയാക് അറസ്റ്റ് ആണെന്ന് മനസിലായി. ഉടൻ തന്നെ സിപിആർ നൽകി. എത്രയും വേഗം രോഗിയെ തൊട്ടടുത്തുള്ള ജനറൽ ഹോസ്പിറ്റലിൽ എത്തിക്കാൻ നിർദേശം നൽകി. യാത്രക്കാരെ ഇറക്കി ഡോക്ടറോടൊപ്പം ഡ്രൈവറും കണ്ടക്ടറും രോഗിയുടെ കൂടെയുണ്ടായിരുന്ന ബന്ധുവും ചേർന്ന് അദ്ദേഹത്തെ ജനറൽ ആശുപത്രിയിലെത്തിച്ചു. രോഗി അബോധാവസ്ഥയിലും പൾസ് ഇല്ലാത്ത അവസ്ഥയിലുമായിരുന്നു. യാത്രയിലുടനീളം ഡോക്ടർ സിപിആർ നൽകിക്കൊണ്ടിരുന്നു. ഡോക്ടർ തന്നെ അത്യാഹിത വിഭാഗത്തിൽ രോഗിയെ പ്രവേശിപ്പിച്ച് ഷോക്ക് ഉൾപ്പെടെയുള്ള അടിയന്തര ചികിത്സ നൽകി. ഡ്യൂട്ടി ആർഎംഒയും മറ്റ് ഡോക്ടർമാരും സഹായവുമായെത്തി. 

രോഗിയെ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കാനുള്ള ഒരുക്കങ്ങൾ നടത്തി. അപ്പോഴേക്കും രോഗിക്ക് ബോധം വരികയും ശരീരം പ്രതികരിച്ച് തുടങ്ങുകയും ചെയ്തു. നില മെച്ചപ്പെട്ട ശേഷം ആംബുലൻസിൽ കയറ്റി ഡോക്ടർ തന്നെ രോഗിയെ തൃശൂർ മെഡിക്കൽ കോളജിലെത്തിച്ചു.
മെഡിക്കൽ കോളജ് എമർജൻസി വിഭാഗത്തിലെത്തിച്ച് കൂടുതൽ വിദഗ്ധ ചികിത്സ നൽകി. ചേർപ്പ് സ്വദേശി രഘുവിനാണ് (59) ഡോക്ടർ തുണയായത്. മുമ്പും ഹൃദയാഘാതം വന്നയാളാണ് രോഗി. മെഡിക്കൽ കോളജിൽ ചികിത്സയ്ക്കായി പോകുന്ന വഴിയായിരുന്നു കുഴഞ്ഞുവീണത്. കൃത്യസമയത്ത് സിപിആർ നൽകി ആശുപത്രിയിലെത്തിച്ചത് കാരണമാണ് ജീവൻ രക്ഷിക്കാനായത്. ഒപ്പം ബസ് ജീവനക്കാരുടെ പ്രവർത്തനവും മാതൃകാപരമാണ്. രഘുവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആ­ശുപത്രി സൂപ്രണ്ടിന്റെ ചുമതലയുള്ള ഡോ. നിഷ എം. ദാസ് അറിയിച്ചു. 

Eng­lish Sum­ma­ry: Doc­tor saves a life in bus on Doc­tors day

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.