22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 18, 2024
November 15, 2024
December 30, 2022
December 30, 2022
December 20, 2022
December 20, 2022
December 18, 2022
December 14, 2022
December 10, 2022
December 6, 2022

“മെസി ഇനിയും കളിക്കാനുള്ളതല്ലേ?” കുഞ്ഞുങ്ങളെ കളിയാക്കരുത് അവരുടെ ആത്മാഭിമാനത്തിനാണ് മുറിവേല്‍ക്കുന്നത്/ വീഡിയോ കാണാം

Janayugom Webdesk
November 23, 2022 2:06 pm

ലോകകപ്പ് ആരംഭിക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ ആരാധകരുടെ പോരാട്ടവും ആരംഭിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോള്‍ ശക്തികളെന്ന നിലയ്ക്ക് സ്വാഭാവികമായും അര്‍ജന്റീനയ്ക്കും ബ്രസീലിനും തന്നെയാണ് ആരാധകര്‍ കൂടുതല്‍. സ്വന്തം ടീം ജയിക്കുമ്പോള്‍ മാത്രമല്ല, മുഖ്യശത്രുക്കള്‍ പരാജയപ്പെടുമ്പോഴും ഇവിടെ ആരാധകര്‍ ആഘോഷിക്കുന്നു.

ചിലതൊക്കെ കായിമായ ഏറ്റുമുട്ടലുകളായി പോലും മാറാറുണ്ട്. മുതിര്‍ന്നവര്‍ ഏറ്റുമുട്ടുന്നതും പരസ്പരം കളിയാക്കുന്നതുമൊക്കെ പതിവാണ്. എന്നാല്‍ കൊച്ചുകുട്ടികളെ പോലും ഇതില്‍ നിന്ന് ഒഴിവാക്കാതിരിക്കുന്നത് കഷ്ടമാണ്. ഇന്നലെ സൗദി-അര്‍ജന്റീന മത്സരത്തില്‍ അര്‍ജന്റീന തോറ്റതിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന രണ്ട് വീഡിയോകളും ചര്‍ച്ചയാകുകയാണ്. അര്‍ജന്റീന തോറ്റതിനെ പരിഹസിക്കുന്നതിനോട് പ്രതികരിക്കുന്ന രണ്ട് കുട്ടികളാണ് ഈ വീഡിയോകളിലുള്ളത്.

രണ്ട് കുഞ്ഞുങ്ങളും കരഞ്ഞുകൊണ്ടാണ് കളിയാക്കലുകളോട് പ്രതികരിക്കുന്നത്. ഒരു കളിയേ കഴിഞ്ഞിട്ടുള്ളൂ ഇനിയും കളിയുണ്ടെന്നാണ് അര്‍ജന്റീനയുടെ പത്താം നമ്പര്‍ ജഴ്സിയണിഞ്ഞ ആണ്‍കുട്ടി കണ്ണീരടക്കിക്കൊണ്ട് പറയുന്നത്. എന്നാല്‍ അതിന് ശേഷം ആ കുഞ്ഞ് കര‌ഞ്ഞ് പോകുന്നു. മറ്റൊരു വീഡിയോയില്‍ വരുന്ന പെണ്‍കുട്ടി ക്ഷോഭത്തോടെയാണ് കളിയാക്കലുകളെ നേരിടുന്നത്. തുടര്‍ന്ന് ആ കുഞ്ഞ് തന്റെ കൂട്ടുകാരിയെയും കൂട്ടി നടന്ന് പോകുന്നു. ചുറ്റിലുമുള്ളവര്‍ “പാവാട മെസ്സി” എന്ന് ആര്‍പ്പ് വിളിക്കുമ്പോള്‍ ആ കുഞ്ഞ് തിരിച്ചുവരികയും മെസി ഇനിയും കളിക്കാനുള്ളതല്ലേയെന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു.

ഇനി മുതിര്‍ന്നവരോടാണ്. ഡിസംബര്‍ 18ന് നടക്കുന്ന ഫൈനലോടെ ലോകകപ്പ് അവസാനിക്കും. ഒന്നോ രണ്ടോ ദിവസം കഴിഞ്ഞ് ടീമുകളുടെ പേരില്‍ തമ്മിലടിക്കുന്നവര്‍ വീണ്ടും ചായക്കടകളിലും കലുങ്കകളിലും ഗ്രൗണ്ടുകളിലും ഓഫീസ് മുറികളിലുമെല്ലാം ഒരു മനസ്സോടെ പ്രവര്‍ത്തിക്കും. ഇപ്പോഴത്തെ പരിഹാസവും വഴക്കുമെല്ലാം വിട്ടുകളയുകയും ചെയ്യും. എന്നാല്‍ കുഞ്ഞുങ്ങള്‍ അങ്ങനെയല്ല. കുഞ്ഞുമനസ്സിലേല്‍ക്കുന്ന മുറിവുകള്‍ ഗാഢമായിരിക്കും. കാരണം, വൈകാരികമായാണ് അവര്‍ ഓരോന്നും ഏറ്റെടുക്കുന്നത്. ആ മുറിവുകള്‍ മുതിരുമ്പോഴും അവരുടെ ഉള്ളിലുണ്ടാകും. കാരണം, അവരുടെ ആത്മാഭിമാനത്തിനാണ് മുറിവേറ്റിരിക്കുന്നത്.

എന്തിന്റെ പേരിലായാലും കുഞ്ഞുനാളില്‍ കേള്‍ക്കുന്ന കളിയാക്കലുകള്‍ മുതിര്‍ന്നാലും മറക്കില്ലെന്ന് വീഡിയോകള്‍ ഷെയര്‍ ചെയ്തവരില്‍ ഒരാളായ ആശാ രാജൻ പറയുന്നു. “ജാതിയുടെയും നിറത്തിന്റെയുമൊക്കെ പേരില്‍ കുഞ്ഞുനാളില്‍ ധാരാളം കളിയാക്കലുകള്‍ കേട്ടിട്ടുള്ളയാളാണ് ഞാൻ. മുതിര്‍ന്നിട്ടും അന്നുണ്ടായ വേദന മനസ്സിലുണ്ട്. അതുകൊണ്ടാണ് ഇതിനെതിരെ പ്രതികരിച്ചത്”- ആശ ജനയുഗം പ്രതിനിധിയോട് പ്രതികരിച്ചു. ആശയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ ഇങ്ങനെയാണ് പറയുന്നത്.

“തമാശ മുതിർന്നവർക്കാണ്, കുഞ്ഞുങ്ങൾക്ക് അത് തമാശയല്ല, അവരുടെ ആത്മാഭിമാനത്തിനാണ് ആണ് മുറിവേൽക്കുന്നത്.
കുഞ്ഞുങ്ങൾക്കും അതുണ്ടെന്ന് ചിന്തിക്കണം.
ആ കുഞ്ഞുങ്ങളോട്
“അടുത്ത കളി നമുക്ക് ജയിക്കാന്നേ ” എന്നൊന്ന് പറഞ്ഞിരുന്നെങ്കിലോ.. നിങ്ങളെ എത്ര സ്നേഹത്തോടെ അവർ ഓർത്തേനെ..
NB: ഇഷ്ടപ്പെടുന്ന ടീം ജയിച്ചതിന്റെ സന്തോഷം അല്ല, എതിർ ടീം തോറ്റതിന്റെ ആഘോഷം ആണ് എല്ലായിടത്തും കാണുന്നത്”

സത്യമാണ്. ഫാൻ ഫൈറ്റില്‍ നിന്ന് കുഞ്ഞുങ്ങളെയെങ്കിലും ഒഴിവാക്കുന്നതല്ലേ നല്ലത്. അവര്‍ക്കും ഒരു മനസ്സുണ്ട്. എന്നാല്‍ അത് വളരെ നേര്‍ത്തതാണ്. എളുപ്പത്തില്‍ മുറിവേല്‍ക്കും. ആശ പറ‌ഞ്ഞത് പോലെ അവരെ പരിഹസിക്കുന്നതിന് പകരം ചേര്‍ത്ത് നിര്‍ത്തി ആശ്വസിപ്പിക്കുകയാണ് വേണ്ടത്. ഈ കുഞ്ഞുങ്ങള്‍ തന്നെ പറയുന്നത് പോലെ ഇനിയും കളികളുണ്ടെന്ന് ഓര്‍ക്കണം. കൂടാതെ കായിക മത്സരങ്ങളുടെ ലക്ഷ്യം ആരെയും മുറിവേല്‍പ്പിക്കാനല്ലെന്നും ആരോഗ്യമുള്ള മനസ്സുകൂടി അതിലൂടെ ലക്ഷ്യമിടുന്നുണ്ടെന്നും.

Eng­lish Sum­mery: Don’t Make Fun on Chil­dren in World Cup Fan Fight, It Hurts Their Self Esteem
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.