കേരളത്തിന്റെ സ്വപ്‌നമായ വിഴിഞ്ഞം തുറമുഖ പദ്ധതി തടസപ്പെടുത്തരുതെന്നും അക്രമങ്ങള്‍ ആവര്‍ത്തിക്കരുതെന്നും സര്‍വകക്ഷി സമാധാന യോഗത്തില്‍ ധാരണ. കഴിഞ്ഞ ദിവസമുണ്ടായ ക്രമസമാധാന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനായി വിളിച്ച യോഗത്തില്‍, വിഴിഞ്ഞം സമര സമിതി ഒഴികെയുള്ള, രാഷ്ട്രീയ‑സാമൂഹ്യ സംഘടനകള്‍ പദ്ധതി നിര്‍ത്തിവയ്ക്കരുതെന്ന് ആവശ്യപ്പെട്ടു.
പൊലീസും സര്‍ക്കാരും ആത്മസംയമനം പാലിച്ചതു കൊണ്ടാണ് വലിയ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനായതെന്ന് ഭക്ഷ്യ — പൊതുവിതരണ മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. സാമുദായിക ഐക്യം തകര്‍ക്കുന്ന രീതിയില്‍ വ്യാജ പ്രചാരണങ്ങള്‍ നടത്തരുത്. വിഴിഞ്ഞത്തും പരിസര പ്രദേശങ്ങളിലും സമാധാനാന്തരീക്ഷം നിലനിര്‍ത്താന്‍ എല്ലാവരും സഹകരിക്കണമെന്നാണ് യോഗത്തില്‍ പങ്കെടുത്ത 24 സംഘടനകളുടെ പ്രതിനിധികളും ആവശ്യപ്പെട്ടത്. സമരക്കാരുടെ ന്യായമായ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമെങ്കില്‍ ഇനിയും ചര്‍ച്ചകള്‍ നടത്തുമെന്ന് യോഗശേഷം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു.
തുറമുഖസമരവുമായി ബന്ധപ്പെട്ട് ഞായറാഴ്ച രാത്രിയിലാണ് വിഴിഞ്ഞം പൊലീസ് സ്റ്റേഷനില്‍ വന്‍ അക്രമമുണ്ടായത്. ശനിയാഴ്ച നടന്ന സംഘര്‍ഷത്തില്‍ കസ്റ്റഡിയിലെടുത്തവരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടായിരുന്നു സ്ത്രീകളുള്‍പ്പെടെ ആയിരത്തോളം വരുന്ന സമരക്കാര്‍ പൊലീസ് സ്റ്റേഷന്‍ വളഞ്ഞത്. രണ്ട് പൊലീസ് ജീപ്പുകളും വാനും ഇരുപതോളം ബൈക്കുകളും തകര്‍ത്തു. പൊലീസ് സ്റ്റേഷന്റെ ഫ്രണ്ട് ഓഫീസ് അടിച്ചുതകര്‍ക്കുകയും ഫയലുകള്‍ നശിപ്പിക്കുകയും ചെയ്തു. കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും നശിപ്പിച്ചു. 36 പൊലീസുകാര്‍ക്കാണ് പരിക്കേറ്റത്. എസ്ഐ ലിജോ പി മണിയുടെ കാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കളക്ടര്‍ ജെറോമിക് ജോര്‍ജ്, സിറ്റി പൊലീസ് കമ്മിഷണര്‍ ജി സ്പര്‍ജന്‍ കുമാര്‍ തുടങ്ങിയവര്‍ അര്‍ധരാത്രി തന്നെ സ്ഥലത്തെത്തിയിരുന്നു. 85 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്ന് എഫ്ഐആറില്‍ പറയുന്നു.
അതേസമയം, വിഴിഞ്ഞത്ത് പൊലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ ജി സ്പര്‍ജന്‍കുമാര്‍ പറഞ്ഞു. അക്രമികളോട് വിട്ടുവീഴ്ചയുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിഴിഞ്ഞത്ത് സമരം നടക്കുന്ന പ്രദേശങ്ങളിൽ സമാധാനാന്തരീക്ഷം സൃഷ്ടിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും കമ്മിഷണര്‍ വ്യക്തമാക്കി. പ്രകോപനം ഉണ്ടായപ്പോൾ അതിനെതിരായ വികാരമാണ് മത്സ്യത്തൊഴിലാളികൾ പ്രകടിപ്പിച്ചതെന്നാണ് സമരസമിതിയുടെ ന്യായീകരണം. മത്സ്യത്തൊഴിലാളികളെ പ്രകോപിപ്പിക്കരുതെന്ന് പൊലീസിനോട് പറഞ്ഞിരുന്നു. പൊലീസ് ചിലരെ അറസ്റ്റ് ചെയ്തു. എന്തിനാണ് അറസ്റ്റെന്ന് അന്വേഷിച്ചവരെയും പിടികൂടി. പൊലീസിനെതിരായ അനിഷ്ട സംഭവങ്ങൾ ന്യായീകരിക്കുന്നില്ല. പക്ഷേ പ്രകോപനമുണ്ടാക്കിയത് പൊലീസാണെന്നും സമരസമിതി കൺവീനർ ഫാ. യൂജിൻ പെരേര ആരോപിച്ചു.
അക്രമം തടയണം: ഹൈക്കോടതി
കൊച്ചി: വിഴിഞ്ഞത്ത് ക്രമസമാധാനം നിലനിര്‍ത്താന്‍ സാധ്യമായതെല്ലാം ചെയ്യണമെന്ന് സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. അറസ്റ്റ് അടക്കമുള്ള പൊലീസ് നടപടികള്‍ക്ക് കോടതി ഉത്തരവിന് കാത്തുനില്‍ക്കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി. വിഴിഞ്ഞത്ത് ഇതുവരെ സ്വീകരിച്ചതും ഇനി തുടരാനിരിക്കുന്നതുമായ നടപടികള്‍ വെള്ളിയാഴ്ച കോടതിയെ അറിയിക്കണമെന്നും ജസ്റ്റിസ് അനു ശിവരാമന്‍ ഉത്തരവിട്ടു.
അതിനിടെ വിഴിഞ്ഞത്ത് നടക്കുന്നത് സർക്കാരിനും കോടതിക്കും പൊലീസിനുമെതിരായ യുദ്ധമാണെന്ന് അഡാനി ഗ്രൂപ്പ് ഹൈക്കോടതിയിൽ ബോധിപ്പിച്ചു. വിഴിഞ്ഞം തുറമുഖ നിർമ്മാണ പ്രവർത്തനത്തിന് സമരക്കാരിൽ നിന്നും സംരക്ഷണം തേടി നൽകിയ ഹര്‍ജി പരിഗണിക്കവെയാണ് അഡാനി ഗ്രൂപ്പ് ഇക്കാര്യം ആരോപിച്ചത്. വിഴിഞ്ഞത്ത് നടക്കുന്നത് വലിയ ക്രമസമാധാന പ്രശ്നമാണ്. സമരക്കാർക്ക് സ്വന്തം നിയമമാണ്. പ്രതിഷേധങ്ങളുടെ പേരിൽ വലിയ നാശനഷ്ടങ്ങളാണ് സമരക്കാർ ഉണ്ടാക്കിയത്. പൊലീസ് നിഷ്ക്രിയമാണെന്നും അഡാനി ഗ്രൂപ്പ് കോടതിയെ അറിയിച്ചു.
അതേസമയം, വിഴിഞ്ഞത്ത് 5000 പൊലീസിനെ വിന്യസിച്ചിരുന്നുവെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. മൂവായിരം പ്രക്ഷോഭകർ പൊലീസ് സ്റ്റേഷൻ വളഞ്ഞു. നിരവധി പൊലീസുകാർക്ക് പരിക്കേറ്റു. എഫ്ഐആർ രജിസ്റ്റർ ചെയ്തു. സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. കേസ് വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി. പൊതുമുതലിനുണ്ടായ നാശനഷ്ടം എങ്ങനെ പരിഹരിക്കുമെന്ന കോടതിയുടെ ചോദ്യത്തിന് സമരക്കാരില്‍ നിന്ന് ഈടാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ മറുപടി നല്‍കി.
English Summary: Don’t repeat the violence that happened in the Vizhinjam
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.