22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

July 2, 2024
May 18, 2024
May 18, 2024
April 2, 2024
February 11, 2024
December 24, 2023
December 14, 2023
May 3, 2023
March 16, 2023
February 8, 2023

സ്ത്രീധന നിയന്ത്രണ നിയമം വരുന്നു; ‘സമ്മാനം’ ഒരു ലക്ഷം രൂപയും പത്ത് പവനും

കെ രംഗനാഥ്
തിരുവനന്തപുരം
February 8, 2023 10:47 pm

സംസ്ഥാനത്ത് നിലവിലുള്ള സ്ത്രീധന നിരോധന നിയമത്തിനു പകരം പുതിയ സ്ത്രീധന നിയന്ത്രണ നിയമം വരുന്നു. നിയമവകുപ്പും സാമൂഹ്യനീതി വകുപ്പും സംയുക്തമായി തയ്യാറാക്കുന്ന നിയമമനുസരിച്ചുള്ള ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും. സ്ത്രീധനകൊലകളും സ്ത്രീധനത്തിന്റെ പേരിലുള്ള ആത്മഹത്യകളും പെരുകുന്ന സാഹചര്യത്തില്‍ നിയമനിര്‍മ്മാണം നടത്തുന്നതിനുള്ള അടിസ്ഥാന രേഖ സംസ്ഥാന വനിതാകമ്മിഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. പുതിയ നിയമത്തില്‍ സ്ത്രീധനത്തെ ‘സമ്മാനം’ എന്നായിരിക്കും വിവക്ഷിക്കുക. ഇതനുസരിച്ച് സമ്മാനമായി പരമാവധി ഒരു ലക്ഷം രൂപയും പരമാവധി 10 പവന്‍ വരെയുമേ നല്കാവൂ. വധൂവരന്മാര്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും കൗണ്‍സിലിങ്ങിന് ഭേദഗതി നിയമത്തില്‍ വ്യവസ്ഥയുണ്ടാകും. പല രാജ്യങ്ങളിലും വിവാഹപൂര്‍വ ആരോഗ്യ കൗണ്‍സിലിങ്ങും പരിശോധനയും നിര്‍ബന്ധമാണ്.

സ്ത്രീധനം സംബന്ധിച്ച കൊലപാതകങ്ങളും ആത്മഹത്യകളും വ്യാപകമാകുന്ന സാഹചര്യത്തില്‍ കര്‍ക്കശമായ സ്ത്രീധന നിരോധന നിയമം കൊണ്ടുവരണമെന്ന് സിപിഐ നേതൃത്വത്തിലുള്ള കേരള മഹിളാസംഘം അടക്കമുള്ള വനിതാസംഘടനകളും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. വനിതാ ശിശു വികസന ഡയറക്ടര്‍ നിയമവകുപ്പിന് ഇതേക്കുറിച്ചുള്ള വിശദരേഖ ഏതാനും മാസം മുമ്പ് സമര്‍പ്പിച്ചിരുന്നു. സ്ത്രീധന നിയന്ത്രണ നിയമത്തില്‍ ഒട്ടനവധി ഭേദഗതികളും വരുത്തേണ്ടതുണ്ട്. 1961ലെ കേന്ദ്ര സ്ത്രീധന നിരോധന നിയമം 1984ല്‍ കൂടുതല്‍ കര്‍ശനവ്യവസ്ഥകളോടെ ഭേദഗതി ചെയ്തിരുന്നു. നിശ്ചിത തുകയ്ക്കുള്ള പൊന്നും പണവും ഭൂമിയും വീടും മറ്റ് സമ്മാനങ്ങളും സ്ത്രീധനമായി ആവശ്യപ്പെടുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ തടവുശിക്ഷയും സ്ത്രീധന തുകയ്ക്കുള്ള പിഴയും ഈടാക്കാമെന്നാണ് കേന്ദ്ര നിയമം. ഇതിനുപുറമെ 2005ല്‍ കൊണ്ടുവന്ന സ്ത്രീധന സംബന്ധിയായ ഗാര്‍ഹിക പീഡനങ്ങള്‍ തടയുന്നതിനുള്ള നിയമവും സ്ത്രീധന നിരോധനം ലക്ഷ്യം വച്ചുള്ളതാണ്.

സംസ്ഥാനത്ത് സ്ത്രീധന നിയന്ത്രണം വരുമ്പോള്‍ കേന്ദ്ര സ്ത്രീധന നിരോധന നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകളും കേരള വിവാഹ രജിസ്റ്റര്‍ ചട്ടങ്ങളും ഭേദഗതി ചെയ്യേണ്ടിവരും. ഇതിന് കേന്ദ്രാനുമതി ആവശ്യമായി വരും. വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളായതിനാല്‍ പുതിയ നിയമത്തില്‍ കൂട്ടിച്ചേര്‍ക്കാനാവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പിനോട് നിയമവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു ലക്ഷം രൂപയും 10 പവനും പുറമെ വധുവിന് സമ്മാനമായി നല്കുന്ന ഗൃഹോപകരണങ്ങളടക്കമുള്ളവയുടെ പരമാവധി മൂല്യം കാല്‍ ലക്ഷം രൂപ എന്ന പരിധി കടക്കാന്‍ പാടില്ല എന്നും നിയമത്തില്‍ വ്യവസ്ഥയുണ്ടാകും. ഈ സമ്മാനങ്ങളുടെ ഉടമസ്ഥാവകാശവും വിനിയോഗാവകാശവും വധുവിനായിരിക്കും.

പുതിയ നിയമമനുസരിച്ച് സ്ത്രീധന സമ്മാനമായി നല്കുന്ന പണത്തിന്റെയും പൊന്നിന്റെയും മറ്റ് സാധനങ്ങളുടെയും കണക്ക് ഒരു ഗസറ്റഡ് ഉദ്യോഗസ്ഥനില്‍ നിന്നോ നോട്ടറിയില്‍ നിന്നോ നേടിയിരിക്കണം. ശിക്ഷാവ്യവസ്ഥകള്‍ നിലവിലെ നിയമത്തിന് സമാനമായിരിക്കുമെന്നാണ് സൂചന. സ്ത്രീധന നിയന്ത്രണ നിയമത്തില്‍ വിവക്ഷിച്ചിരിക്കുന്നതില്‍ കൂടുതല്‍ തുകയും പൊന്നും പണ്ടങ്ങളും വരന്റെ ബിനാമികള്‍ വഴി വസൂലാക്കുന്നത് തടയുന്നതിനുള്ള വ്യവസ്ഥകള്‍ പുതിയ നിയമത്തിലുണ്ടാകുമെന്നാണ് സൂചന.

Eng­lish Sum­ma­ry: dowry pro­hi­bi­tion act will be revised in kerala
You may also like this video

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.