16 November 2024, Saturday
KSFE Galaxy Chits Banner 2

Related news

September 20, 2024
September 18, 2024
September 17, 2024
March 10, 2024
March 10, 2024
January 28, 2024
January 19, 2024
January 13, 2024
January 10, 2024
December 8, 2023

ഡോ. സി ആർ രാജഗോപാലൻ അന്തരിച്ചു

Janayugom Webdesk
തൃശൂർ
January 31, 2022 11:26 am

നാടന്‍ കലകളുടെ ഗവേഷകനും അധ്യാപകനും എഴുത്തുകാരനുമായ ഡോ. സി ആർ രാജഗോപാലൻ (64) അന്തരിച്ചു. തിങ്കളാഴ്‌ച രാവിലെയായിരുന്നു അന്ത്യം. ഇദ്ദേഹത്തിന് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു.
തൃശൂർ ശ്രീകേരളവർമ കോളേജിൽ അസോസിയേറ്റ് പ്രൊഫസറായും കേരള സർവകലാശാലയിൽ പ്രൊഫസറായും സേവനം അനുഷ്ഠിച്ചു. കോഴിക്കോട് സർവകലാശാല സ്കൂൾ ഓഫ് ഡ്രാമയിൽനിന്ന് ഗവേഷണബിരുദം നേടിയിട്ടുണ്ട്.
നാട്ടറിവു പഠനത്തിൽ നിരവധി കൃതികൾ രചിച്ചിട്ടുണ്ട്. ഡിസി ബുക്സിന്റെ നാട്ടറിവുകൾ എന്ന 20 പുസ്തകപരമ്പരയുടെ ജനറൽ എഡിറ്റർ, കൃഷിഗീതയുടെ എഡിറ്ററുമായിരുന്നു. കേരള ഫോക്‌ലോർ അക്കാദമി, കേരളസംഗീത നാടക അക്കാദമ അവാർഡുകളും ലഭിച്ചിട്ടുണ്ട്. കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ ജൂനിയർ ഫെല്ലോഷിപ്പ്, വംശീയ സംഗീതം പ്രൊജക്ട്, നാടോടി രംഗാവതരണങ്ങളുടെ ദേശീ സൗന്ദര്യബോധത്തെപ്പറ്റി യൂജിസിയുടെ മേജർ പ്രൊജക്ട് എന്നിവ ലഭിച്ചിട്ടുണ്ട്. നാടൻപാട്ടുകളുടെ ആൽബങ്ങൾ, ഫോക്ലോർ ഡോക്യൂമെന്ററികൾ എന്നിവ സംവിധാനം ചെയ്തു.

ഗ്രീസ്, ചൈന, പോളണ്ട്, ഇറ്റലി, ഇംഗ്ലണ്ട്, സ്വിസ്റ്റർലണ്ട്, റോം, ജനീവ, ഓക്സ്ഫോർഡ് എന്നിവിടങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ജനീവ കേന്ദ്രമായുള്ള ലോക ഭൗതിക സ്വത്തവകാശ സംഘടന നടത്തിയ പാരമ്പര്യ അറിവുകളുടെ യോഗത്തിൽ പങ്കെടുത്തു. എല്ലാം കത്തിയെരിയുകയാണ്, അലയുന്നവർ, മുടിയേറ്റ്, നാടോടി നേരരങ്ങ്, ഫോക്ലോർ സിദ്ധാന്തങ്ങൾ, കാവേറ്റം, നാടൻ കലാരൂപങ്ങൾ, കറുത്താണികളുടെ കൊയ്ത്ത്, ഗോത്ര കലാവടിവുകൾ, ദേശീയ സൗന്ദര്യബോധം, തണ്ണീർപന്തൽ, ഞാറ്റുവേലയ്ക്ക് പൊട്ടുകുത്തേണ്ട, കൃഷി ഗീതയും ഭക്ഷ്യസുരക്ഷയും, പുഴയുടെ നാട്ടറിവുകൾ, അന്നവും സംസ്കാരവും, വരിക്കപ്ലാവിനുവേണ്ടി ഒരു വടക്കൻപാട്ട്, ആട്ടക്കോലങ്ങൾ കേരളീയ രംഗ കലാചരിത്രം, മണ്ണ് ലാവണ്യം പ്രതിരോധം, നാട്ടുനാവ് മൊഴി മലയാളത്തിന്റെ കാതോരം, കണ്ണാടി നോക്കുമ്പോൾ, ഡയാസ്ഫോറ, ഏറുമാടങ്ങൾ, നാട്ടറിവ് 2000 ഇയേഴ്സ് ഓഫ് മലയാളി ഹെറിട്ടേജ് എന്നിവയാണ് കൃതികൾ. സമ്മർ റെയിൻ, ഹാർവെസ്‌റ്റിങ്‌ ദി ഇന്റിജിനിയസ്‌ നോളജ്‌ഓഫ്‌ കേരള പിള്ളേർത്താളം, നാട്ടറിവിന്റെ നിനവ്, ഉപ്പും ചോറും നാട്ടുചരിത്രം, മാളയുടെ നാട്ടുചരിത്രം, കൃഷിഗീത, പിറവി, വയൽക്കലകൾ എന്നിവ എഡിറ്റു ചെയ്തിട്ടുണ്ട്. ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ച് നാട്ടറിവുകൾ പരമ്പരയിലെ കാട്ടറിവുകൾ, നാട്ടുഭക്ഷണം, നാട്ടുവൈദ്യം, സസ്യങ്ങളുടെ നാട്ടറിവ്, നാട്ടു സംഗീതം, കടലറിവുകൾ, കൃഷിനാട്ടറിവുകൾ, നാടോടിക്കൈവേല, പൂക്കളും പക്ഷി കളും, ജന്തുക്കളും നാട്ടറിവും, നീരറിവുകൾ, പുഴയുടെ നാട്ടറിവുകൾ എന്നീ 12 പുസ്ത കങ്ങളുടെ ജനറൽ എഡിറ്റർ. പെരുമ്പുള്ളിശേരിയിലാണ് ജനനം. ചേർപ്പ് സിഎൻഎൻ ഹൈസ്കൂൾ, തൃശൂർ ഗവ. കോളേജ്, ശ്രീ കേരളവർമ കോളേജ് എന്നിവിടങ്ങളിൽ പഠനം.

Eng­lish Sum­ma­ry: Dr. CR Rajagopalan pass­es away

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.