21 July 2024, Sunday
KSFE Galaxy Chits Banner 2

മയക്കുമരുന്ന് വേട്ടയും നിറംപിടിപ്പിച്ച കഥകളും

പ്രത്യേക ലേഖകന്‍
May 29, 2022 7:00 am

2021 ഒക്ടോബര്‍ രണ്ടിനാണ് മുംബൈ തീരത്ത് ആഡംബര കപ്പലില്‍ നടന്ന ലഹരിപ്പാര്‍ട്ടിക്കിടെ ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ അടക്കം എട്ടുപേര്‍ അറസ്റ്റിലാകുന്നത്. ബോളിവുഡ് നടന്‍ അര്‍ബാസ് മെര്‍ച്ചന്റും രണ്ടു സ്ത്രീകളും ഉള്‍പ്പെടെയാണ് അറസ്റ്റിലായത്. ബോളിവുഡിലെ പ്രമുഖ നടന്റെ മകനും നടനും ഉള്‍പ്പെട്ടുവെന്നതുകൊണ്ട് ദേശീയ മാധ്യമങ്ങള്‍ മാത്രമല്ല ആഗോളമാധ്യമങ്ങള്‍ പോലും കൊണ്ടാടിയ സംഭവമായിരുന്നു മയക്കുമരുന്ന് വേട്ടയെന്ന പേരില്‍ പ്രചരിപ്പിക്കപ്പെട്ട പ്രസ്തുത സംഭവം. കോര്‍ഡിലിയ ക്രൂയിസ് എന്ന പേരിലുള്ള ആഡംബരക്കപ്പലില്‍ രാത്രി നടന്ന പാര്‍ട്ടിക്കിടെയാണ് ആര്യന്‍ ഉള്‍പ്പെടെ എട്ടു പേരെ നാഷണല്‍ നാര്‍ക്കോടിക് ബ്യൂറോ (എന്‍സിബി) കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. 13 ഗ്രാം കൊക്കെയ്ൻ, അഞ്ച് ഗ്രാം എംഡി, 21 ഗ്രാം എംഡിഎംഐ എന്നിവ പിടിച്ചെടുത്തുവെന്നായിരുന്നു എന്‍സിബി കോടതിയെ അറിയിച്ചത്. പിന്നീട് മാസങ്ങളോളം നാം ദേശീയ തലത്തില്‍ ചര്‍ച്ച ചെയ്ത കേസായിരുന്നു അത്. ഓരോ ദിവസവും നിറംപിടിപ്പിച്ച കഥകള്‍ പുറത്തുവന്നുകൊണ്ടേയിരുന്നു. ജയിലില്‍ അടയ്ക്കപ്പെട്ട ആര്യന്‍ ഖാന് ഒക്ടോബര്‍ 28നാണ് ജാമ്യം അനുവദിച്ചത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി 24 ദിവസത്തിനുശേഷം ഒക്ടോബര്‍30 ന് ആര്യന്‍ ജയില്‍ മോചിതനായി. ശിവസേന സഖ്യഭരണം നിലനില്ക്കുന്ന മഹാരാഷ്ട്രയിലാണ് കേസുണ്ടായതെന്നതുകൊണ്ട് സഖ്യത്തിന്റെ നേതാക്കളും ബിജെപി നേതാക്കളും തമ്മിലുള്ള വാഗ്വാദങ്ങളും ശക്തമായുണ്ടായി. അങ്ങനെ ഇതൊരു രാഷ്ട്രീയ വിഷയവുമായി മാറി. ഇതിനിടയിലും ശേഷവും കേസുമായി ബന്ധപ്പെട്ട നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. സംഭവത്തിന്റെ പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ദുരൂഹതകളുണ്ടെന്നും സംശയങ്ങള്‍ ഉന്നയിക്കപ്പെടുകയും ചെയ്തു. റെയ്ഡിന് നേതൃത്വം നല്കിയ എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാംഖഡെയ്ക്കെതിരെ നിരവധി വെളിപ്പെടുത്തലുകളുണ്ടായി. അദ്ദേഹത്തിന്റെ ട്രാക്ക് റെക്കോഡ് മോശമാണെന്ന കണ്ടെത്തലുമുണ്ടായി. ജാതി സര്‍ട്ടിഫിക്കറ്റില്‍ തിരുത്തല്‍ വരുത്തിയാണ് ജോലി സമ്പാദിച്ചതെന്നതുള്‍പ്പെടെയുള്ള ആരോപണങ്ങളും അനധികൃത സ്വത്ത് സമ്പാദ്യവും തന്റെ സ്ഥാനമുപയോഗിച്ച് കേസില്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണം വാങ്ങുന്നതിന്റെ വിവരങ്ങളുമെല്ലാം പുറത്തുവരികയുണ്ടായി.

റെയ്ഡ് നടക്കുന്നതിന് ഒരുദിവസം മുമ്പ് കേസിലെ സാക്ഷി കിരണ്‍ ഗോസാവി തന്നെ സമീപിച്ചെന്നും ഇയാളെ ഷാരൂഖ് ഖാന്റെ മാനേജര്‍ പൂജ ദദ്‌ലാനിക്ക് പരിചയപ്പെടുത്തിക്കൊടുത്തുവെന്നും വിവാദ ഇടനിലക്കാരന്‍ സാം ഡിസൂസ പറഞ്ഞുവെന്ന വിവരം എന്‍ഡിടിവി പുറത്തുവിട്ടു. സാക്ഷികളിലൊരാളായ പ്രഭാകര്‍ സെയില്‍, എന്‍സിബി ഉദ്യോഗസ്ഥര്‍ കിരണ്‍ ഗോസാവിയുമായി ചേര്‍ന്ന് ഷാരൂഖ് ഖാനില്‍ നിന്നും 25 കോടി രൂപ വാങ്ങിയെടുക്കാന്‍ ശ്രമം നടത്തിയെന്ന് സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാംഖഡെയ്ക്ക് എട്ടുകോടി രൂപ നല്‍കണമെന്നായിരുന്നു ധാരണയെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. ഇത്തരം വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ആര്യന്‍ ഖാന്‍ അറസ്റ്റിലായ കേസ് തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവമാണെന്നും ഇതിനു പിന്നില്‍ ബിജെപി നേതാവ് മോഹിത് കംബോജ് ആണെന്നും മഹാരാഷ്ട്ര മന്ത്രിയും എന്‍സിപി നേതാവുമായ നവാബ് മാലിക്കിന്റെ ആരോപണവുമുണ്ടായി. അങ്ങനെ പല തരത്തിലുള്ള ആരോപണ പ്രത്യാരോപണങ്ങളിലൂടെയാണ് കേസ് ശ്രദ്ധയാകര്‍ഷിക്കുന്നത്. എന്നാല്‍ പ്രസ്തുത കേസിന്റെ ഉത്ഭവവും ഇപ്പോള്‍ ആര്യന്‍ ഖാനെ ഒഴിവാക്കിയ നടപടി ഉണ്ടായതും മറ്റുചില പ്രത്യേക സംഭവങ്ങളുമായി ചേര്‍ത്തു വായിക്കുമ്പോള്‍ വലിയ ഗൂഢാലോചനയാണെന്ന സംശയം ശക്തമായിരിക്കുകയാണ്. മുംബൈയില്‍ നിന്ന് 2021 ഒക്ടോബര്‍ രണ്ടിന് രാത്രി ആര്യന്‍ഖാനും സംഘവും മയക്കു മരുന്ന് കേസില്‍ അറസ്റ്റിലും പിന്നീട് ജയിലിലുമാകുന്നതിന് കൃത്യം പത്തു ദിവസം മുമ്പ് മോഡിയുടെ വിശ്വസ്തനായ ഗൗതം അഡാനിയുടെ ഉടമസ്ഥതയിലുള്ള ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്ന് 20,000 കോടിയിലധികം രൂപയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവമുണ്ടായിരുന്നു.


ഇതുകൂടി വായിക്കാം; കേസന്വേഷണങ്ങളിലെ പക്ഷപാതിത്വം


അതിന്റെ വാര്‍ത്തകള്‍ ബിജെപി വിരുദ്ധ മാധ്യമങ്ങള്‍ ആഘോഷമാക്കുന്നതിനിടെയാണ് ആര്യന്‍ ഖാന്‍ കേസ് ഉത്ഭവിച്ചത്. സെപ്റ്റംബര്‍ 15 ന് കേന്ദ്ര റവന്യു ഇന്റലിജന്‍സ് വിഭാഗമാണ് മുന്ദ്രാ തുറമുഖത്തുനിന്ന് മയക്കുമരുന്ന് പിടികൂടിയത്. രാജ്യത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയായിരുന്നു അത്. 2,988 കിലോ ഹെറോയിനാണ് പിടികൂടിയത്. നാലു ദിവസത്തോളം ഈ വാര്‍ത്ത മറച്ചുവയ്ക്കപ്പെട്ടു. ചില പ്രാദേശിക മാധ്യമങ്ങള്‍ പുറത്തെത്തിച്ച വാര്‍ത്ത ദേശീയ മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെയാണ് സെപ്റ്റംബര്‍ 21 ന് ഈ സംഭവം പുറംലോകമറിയുന്നത്. അതിന് പിന്നാലെ മുന്ദ്ര തുറമുഖത്തു ഇടയ്ക്കിടെ മയക്കുമരുന്ന് വേട്ടയുണ്ടാകുന്നുവെന്ന വാര്‍ത്തകളും പുറത്തുവന്നു. എന്നാല്‍ പെട്ടെന്നാണ് ആര്യന്‍ഖാന്റെ അറസ്റ്റും പിന്നീട് ബോധപൂര്‍വം നല്കപ്പെട്ട വാര്‍ത്തകളും മാധ്യമങ്ങളില്‍ സ്ഥാനം പിടിച്ചത്. എല്ലാവരും സെലിബ്രിറ്റികളുടെ പിറകേ പോയി. നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ സ്വിച്ചിട്ടതുപോലെ മുന്ദ്ര തുറമുഖത്തെ മയക്കുമരുന്ന് വേട്ട ചിത്രത്തില്‍ നിന്ന് അപ്രത്യക്ഷമായി. അഡാനിയുടെ തുറമുഖവും രാജ്യത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയും വിസ്മൃതിയിലാവുകയും ചെയ്തു. ഇപ്പോള്‍ വീണ്ടും ആര്യന്‍ഖാന്‍ കുറ്റവിമുക്തനായെന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നു. കുറച്ചുദിവസം ആഘോഷിക്കപ്പെടും. അതുതന്നെയാണ് അവരുടെ ഉദ്ദേശ്യവും. കാരണം ആര്യന്‍ഖാനെ അറസ്റ്റ് ചെയ്ത വേളയിലെന്നതുപോലെ ഇപ്പോള്‍ വിട്ടയക്കുന്ന വേളയിലും നമുക്ക് ചര്‍ച്ച നടത്തുന്നതിന് വീണ്ടും അഡാനിയുടെ ഉടമസ്ഥയിലുള്ള മുന്ദ്ര തുറമുഖവും മയക്കുമരുന്ന് വേട്ടയും പുറത്തുവന്നിരുന്നു. 2021 സെപ്റ്റംബറില്‍ 20,000 കോടിയുടേതെങ്കില്‍ ഇത്തവണ അത് 500 കോടി മാത്രമാണെന്ന വ്യത്യാസമേയുള്ളൂ. 56കിലോ കൊക്കെയ്‌നാണ് പിടികൂടിയത്. ഒരുമാസം മുമ്പ് ഗുജറാത്തിലെ കാണ്ഡ്‌ല തുറമുഖത്തുനിന്ന് 1,300 കോടി വിലമതിക്കുന്ന 260 കിലോ ഹെറോയ്‌നും പിടിച്ചെടുത്തിരുന്നു. ഒരുവര്‍ഷത്തിനിടെ 25,000 കോടിയിലേറെ രൂപ വിലമതിക്കുന്ന മയക്കുമരുന്നുകള്‍ ഗുജറാത്തിലെ വിവിധ മേഖലകളില്‍ നിന്ന് പിടികൂടിയിട്ടുണ്ട്.

ഇത്തരം വാര്‍ത്തകള്‍, പ്രത്യേകിച്ച് അഡാനിയുടെ തുറമുഖത്തുനിന്ന് മയക്കുമരുന്ന് പിടികൂടിയതിന്റെ വാര്‍ത്തകള്‍ പുറത്തുവന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ ആര്യന്‍ഖാനെ കുറ്റവിമുക്തനാക്കിയുളള 6,000 പേജ് കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടത് യാദൃച്ഛികമാണോ. അല്ലെന്ന് വിശ്വിസിക്കുവാനാണ് സാഹചര്യങ്ങള്‍ നിര്‍ബന്ധിക്കുന്നത്. മാത്രമല്ല ഈ കേസിന്റെ പിറകേ തന്നെ മാധ്യമങ്ങള്‍ സഞ്ചരിച്ചുകൊള്ളണമെന്ന ഉദ്ദേശ്യത്തോടെ മറ്റു ചില നടപടികളും കേന്ദ്ര സര്‍ക്കാരില്‍ നിന്നുണ്ടായിട്ടുണ്ട്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സമീര്‍ വാംഖഡെയ്ക്കെതിരായ അന്വേഷണ പ്രഖ്യാപനമാണത്. ഒമ്പതു മാസങ്ങള്‍ക്കു മുമ്പുണ്ടായ വെളിപ്പെടുത്തലുകളും ഉയര്‍ന്ന ആരോപണങ്ങളുമാണ് ഇപ്പോള്‍ അന്വേഷണ വിധേയമാക്കുന്നതെന്നതും ശ്രദ്ധിക്കേണ്ടതാണ്. ആര്യന്‍ ഖാനെ വിട്ടയക്കുന്നതിന് 25 കോടി രൂപ കോഴ ആവശ്യപ്പെട്ടുവെന്ന പ്രധാന സാക്ഷിയുടെ വെളിപ്പെടുത്തല്‍, പണം വാങ്ങുന്നതിനായി മറ്റ് ബോളിവുഡ് നടീനടന്മാര്‍ക്കെതിരെയും വ്യാജ കേസുകള്‍ ചമച്ചത്, കൂടാതെ വ്യാജ ജാതിസര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടിയെന്ന ആരോപണം ഇവയെല്ലാമാണ് അന്വേഷണ പരിധിയില്‍പ്പെടുത്തിയിരിക്കുന്നത്. സെലിബ്രിറ്റിയുടെ കേസ് കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ടതായതിനാല്‍ ഇനി കുറച്ചുനാള്‍ വാംഖഡെയ്ക്കെതിരെ നിറം പിടിപ്പിച്ച വാര്‍ത്തകള്‍ ഉല്പാദിപ്പിച്ച് എത്തിച്ചുതരും. മുന്ദ്ര തുറമുഖത്തുകൂടി മയക്കുമരുന്നു കപ്പലുകള്‍ വന്നുകൊണ്ടേയിരിക്കുകയും ചെയ്യും. ഇനി എന്തെങ്കിലും സൂചന കിട്ടി ഏതെങ്കിലും ഉദ്യോഗസ്ഥന്‍ അത് പിടിച്ചാലും പുറത്തറിയാതിരിക്കുവാന്‍ ശ്രദ്ധിക്കും. പുറത്തറിഞ്ഞാലോ ഇതുപോലെ ഏതെങ്കിലും സെലിബ്രിറ്റിയെ പിടിച്ച് അകത്തിട്ട് വാര്‍ത്തകള്‍ വഴിതിരിച്ചുവിടും. ബ്ലാക്ക് മെയില്‍ ചെയ്തോ തട്ടിക്കൊണ്ടുപോയി മോചന ദ്രവ്യമാവശ്യപ്പെട്ടോ കാശു വാങ്ങുന്നതിന് കെട്ടിച്ചമച്ചത് എന്ന നിലയിലാണ് ഈ കേസ് ചര്‍ച്ച ചെയ്യപ്പെടാന്‍ പോകുന്നത്. അതോടൊപ്പം ഇങ്ങനെയൊരു മറുവശംകൂടി ഈ കേസിനില്ലേയെന്ന ചോദ്യം വളരെയധികം പ്രസക്തമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.