25 December 2024, Wednesday
KSFE Galaxy Chits Banner 2

ദ്വീപിലെ വിസ്മയക്കാഴ്ചകള്‍

ചന്ദ്രൻ കണ്ണഞ്ചേരി
യാത്ര
November 24, 2024 7:00 am

വായിച്ചും കേട്ടും പരിചിതമായ കടലാമകളുടെ നാട്ടിലേക്ക് മോഹങ്ങളുടെ നിധിക്കൂട് പൊട്ടിച്ച് ഒരു യാത്ര. നാല് ഭാഗവും തിരവിരിച്ച കടൽ എന്ന വിസ്മയം ആന്തമാൻ സന്ദർശനത്തിൽ ആസ്വദിച്ചിട്ടുണ്ട്. അപ്പോഴും യാത്രയുടെ ബക്കറ്റ് ലിസ്റ്റിന് മുകളിലായി ലക്ഷദ്വീപ് ചേർത്തിരുന്നു. ചില പ്രത്യേക രേഖകളും ദ്വീപിൽ ഹോസ്റ്റും വേണം എന്നതിനാൽ സാങ്കേതികമായി ഈ യാത്രയ്ക്ക് കാലതാമസം വന്നു. ലഗൂൺ കാഴ്ചകൾ അളവില്ലാതെ കണ്ണും ഉള്ളും കുളുർപ്പിക്കും. കപ്പൽ ഉണ്ടെങ്കിലും വിമാനമാർഗമാണ് സമയം കുറഞ്ഞ യാത്രയ്ക്ക് അനുഗുണം. നീളൻ ദ്വീപായ അഗത്തിയിലെ റൺവേയിൽ വിമാനം ഇറക്കുമ്പോൾ കടലിലേയ്ക്കാണോ എന്നോർത്ത് ഒരമ്പരപ്പ് തോന്നും. ദ്വീപ് ഒരു തെങ്ങിൻ തോപ്പാണെന്നത് അതിശയോക്തിയല്ല. എങ്ങോട്ട് ക്യാമറ പിടിച്ചാലും, അതിമനോഹര ഫ്രെയിം, ചിത്രങ്ങളുടെ ചാകര തരും. മ്യൂസിയത്തിലേക്ക് പോകും വഴി വലത് വശത്ത് ഡീസൽ വൈദ്യുതി നിലയമുണ്ട്. സ്കൂൾ, പള്ളി, പ്രാഥമിക ആരോഗ്യ കേന്ദ്രം, ചെറിയ കടകൾ, വീടുകൾ എന്നിങ്ങനെ ദ്വീപ് നിവാസികളുടെ ജീവിതത്തിന്റെ നേർക്കാഴ്ച നോക്കി നീങ്ങി. അഗത്തി ബീച്ചിലെ ബോട്ട് ജെട്ടിയിൽ സഞ്ചാരികളുടെ തിരക്കുണ്ട്. അവിടുത്തെ പഞ്ചാരമണൽ വിരിച്ച കരയോട് ചേർന്ന് ഫ്ലോട്ടിങ് ബ്രിഡ്ജിൽ ചാടിക്കളിച്ച് പ്രായം മറന്നു. പോർട്ടിലേക്കുള്ള യാത്രയിൽ കടൽപ്പാലത്തിന് താഴെ കടലിറങ്ങിയ ഭാഗത്ത് തുളയുള്ള പാറകൾക്കിടയിൽ കമ്പി കൊണ്ട് കുത്തിയും തോണ്ടിയും ആളുകൾ നടക്കുന്നത് എന്തിനെന്ന് ആദ്യം മനസിലായില്ല. പൊടുന്നനെ പെയ്ത ചാറ്റൽമഴത്ത് കുടയില്ലാതെ നടക്കുന്നതിനിടയിൽ ആരോ വിളിച്ച് പറഞ്ഞു, “നീരാളിയെ പിടിക്കുകയാണ്.” സന്ധ്യചായും നേരം ലഗൂൺ ബീച്ചിൽ ഏറെ നേരം കാറ്റേറ്റിരുന്നു. തിരികെ വരും വഴി സഫ ബീച്ച് കടന്നു പോന്നു. റോഡരികിലെ വീടുകൾക്കൊന്നും മതിലുകളോ ഗേറ്റുകളോ ഇല്ല. പരസ്പരം സഹകരിച്ചും സഹായിച്ചും സത്യസന്ധതയോടെ ജീവിക്കുന്ന നിഷ്കളങ്കർ. സൈക്കിൾ ഇല്ലാത്ത വീടുകളില്ല. നാല് ചക്രവാളങ്ങൾ ഇവിടെ ആഢംബരമാണ്. കേരളത്തിൽ നിന്നുള്ളവരെ അവർ കരക്കാരെന്ന് (കരയിൽ നിന്നും വന്നവർ) വിളിക്കും.

പൗർണമി രാത്രിയിലെ കവര് പൂക്കും കാഴ്ച പ്രകൃതിയുടെ ഒരു അവാച്യവിസ്മയം. ദുർബലമായ തിര വന്ന് പോകുമ്പോൾ കടലോരത്ത് കാണുന്ന ചെറുവെളിച്ചത്തിരിയിൽ കാലുരസിയാൽ മിന്നാമിനുങ്ങിൻ കൂട്ടം പോലെ ഭൂമിയിൽ ഇറങ്ങിയ നക്ഷത്രങ്ങൾ സഞ്ചാരികളെ ആശ്ചര്യപ്പെടുത്തും.
ഗ്ലാസ് ബോട്ടിലെ യാത്രയിൽ കടലിന് അടിയിലെ പലവിധ മീനുകളുടേയും ജീവികളുടേയും കാഴ്ച അതിശയകരം. അവയുടെ പേരുകൾ പറഞ്ഞുകൊണ്ട് സഹായികളായ നൗഫലും നൂറും കൂടെയുണ്ടായി. കൽപ്പിതി എന്ന വിജനദ്വീപിന്റെ വന്യതയിലൂടെയുള്ള നടത്തം വേറിട്ട അനുഭവമായി. അവിടുന്ന് പുറത്ത് വന്നപ്പോൾ ചക്രവാളം നിറക്കൂട്ട് ഒരുക്കിയിരുന്നു. സന്ധ്യാവർണ പശ്ചാത്തലത്തിൽ ഫോട്ടോ പകർത്തി നിൽക്കേ വലിയ ഒരു നീരാളിയെ ജീവനോടെ കാണാൻ തരപ്പെട്ടു. പ്രതികൂല ഘട്ടങ്ങളിൽ കറുത്ത മഷി പടർത്തി രക്ഷപ്പെടുന്നത് നേരിൽ കാണാനുമായി.

ഒരു രാത്രി പകലായതിന്റെ വിശേഷങ്ങൾ കൊറിച്ച് മിനുപ്പും നനുനനുപ്പുമുള്ള കോറൽ പൊടിഞ്ഞ പൊടിമണലിൽ പാദം പതിച്ച് ഉദയം തേടിയുള്ള പ്രഭാത നടത്തം. പത്രവും വാർത്താമഴയുമില്ല. ആടുന്ന ഊഞ്ഞാലിൽ കിടന്ന് ഒച്ചകുറഞ്ഞ കടലിരമ്പം കേട്ട് വിശ്രമം.
ഇടംവലം മാറിമാറി തുഴഞ്ഞുള്ള കയാക്കിങ് പരീക്ഷിച്ച് കടലിന്റെ വിശാലതയിലേക്ക് ചെല്ലുമ്പോൾ താഴെ വർണമീനുകളും തുരുതുരാ പവിഴപ്പുറ്റുകളും, ജീവനുള്ളതും ഇല്ലാത്തതും, കാഴ്ച നിറയ്ക്കുന്നു. വേലിയിറക്കത്താൽ കൂട്ടത്തോടെ പൊങ്ങി നിൽക്കുന്ന പവിഴപ്പുറ്റുകൾ കണ്ടാൽ പാടത്ത് വെള്ളം വറ്റുമ്പോൾ പുല്ലുകൾ എഴുന്ന് നിൽക്കും പോലെ തോന്നും.

ലഗൂണിന്റെ മരതക നിറം കടന്ന് നീലയും കടും നീലയും കൂടുതൽ കറുപ്പ് ചേർന്ന നീലയുമുളള പുറം കടലിലൂടെ ബങ്കാരം ലക്ഷ്യമാക്കി ഉരുവിൽ പോകുമ്പോൾ തിരണ്ടി, കടലാമ, പറക്കും മത്സ്യം (fly­ing fish) നൂറുകണക്കിന് ഡോൾഫിനുകളുടെ അഭ്യാസങ്ങളും കൗതുകമായി. തെന്നകര ദ്വീപിലെ തെങ്ങിൻ തണലിൽ ഇരുന്നുള്ള പ്രഭാത ഭക്ഷണം രസകരം. അവിടെ ജോലിക്ക് വന്ന, കോഴിക്കോട് ജില്ലയിലെ ഉള്ള്യേരി സ്വദേശിയായ, ഒരാളെ യാദൃച്ഛികമായി കാണാനിടയായി. ഉച്ചിപിളരും ഉച്ച വെയിലത്താണ് സ്നോർക്കലിങ്ങിനായി കടലിൽ ഇറങ്ങിയത്. പ്രത്യേക ഉപകരണം മുഖത്ത് ധരിച്ച് വായിലൂടെ ശ്വാസമെടുത്ത് ജലോപരിതലത്തിൽ മുഖം താഴ്ത്തി നോക്കുമ്പോൾ കടലിനടിയിലെ അത്ഭുതലോകം വെളിച്ചത്തിൽ ക്ലോസപ്പായി കാണാം.

ചൂണ്ടയിൽ കൊത്തിയ ട്യൂണകളെ അക്വാ ഗൈഡ് നൂർ കരയ്ക്ക് എടുത്തപ്പോൾ ഉച്ചവെയിലേറ്റ് വെള്ളിമീൻ പോലെ തിളങ്ങി. വലിയ തിരകൾ ഉരുവിനെ ഉലച്ചപ്പോൾ കടൽചൊരുക്ക് അലോസരപ്പെടുത്തി. ബീച്ചിലെ കടൽകേളിയിൽ മുഴുകി നേരം പോയി. ആകാശത്തിൻ നിറം മാറിമാറി, കാഴ്ചകൾക്ക് വെളിച്ചം കുറഞ്ഞ്, ഒറ്റ നിറമായി ഇരുട്ട് പരന്നു. ദ്വീപിലെ തനത് കലാരൂപങ്ങളുടെ അവതരണത്തോടെ കലാസന്ധ്യ അവിസ്മരണീയമായ ദൃശ്യവിരുന്നായി. ദ്വീപിലെ അവസാന രാത്രിയിൽ ഉറങ്ങാൻ കിടന്നപ്പോൾ മടക്കയാത്രയുടെ ആലോചന കൊതുക് കടി പോലെ സുഖകരമായില്ല. സാധന സാമഗ്രികൾ തരംതിരിച്ച് ബാഗുകൾ അടുക്കി. പുറത്ത് പോകുമ്പോൾ ഒരിക്കൽ പോലും വീട് പൂട്ടിയിരുന്നില്ല. മോഷണം ഇവരുടെ സംസ്കാരത്തിന്റെ അംശമല്ല. അത്രമേൽ സത്യസന്ധർ.

ആറ് മുതൽ അറുപത് വരെയുള്ളവർ ഐക്യത്തോടെ അടുപ്പത്തോടെയും ചില ദിനരാത്രങ്ങൾ ദ്വീപുകാർക്കിടയിൽ അലിഞ്ഞു. സെലിബ്രേഷൻ എന്ന യാത്രാസംഘം പേരുപോലെ ആഘോഷകരം. സഹായികളായ നൗഫൽ, നൂർ എന്നിവരോട് യാത്ര പറയുമ്പോൾ ഏതോ ബന്ധുക്കളെ വിട്ടു പോകുന്ന വിങ്ങലായി. ലഹരി പാനീയത്തിന് വിലക്കായതിനാൽ സൗഹൃദമാണ് ഇവരുടെ ലഹരി. സുരക്ഷാ പരിശോധന കഴിഞ്ഞ് ലോഞ്ചിൽ അലസം ഇരുന്നപ്പോൾ ദ്വീപുണ്ട, നീര,***** ആസിഫ് തന്ന എട എന്നിവയുടെ സ്വാദ് നാവിലും മനസിലും നിറഞ്ഞു. ഭംഗിയുള്ളതും അതിശയിപ്പിക്കുന്നതുമായ പവിഴപ്പുറ്റുകളും ചിപ്പികളും ഓർമ്മയിൽ നിറച്ചും കാലടികൾ മാത്രം ദ്വീപിൽ പതിച്ചും കരയിലേക്ക് തിരികെ പറന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.