23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

February 2, 2023
August 5, 2022
June 28, 2022
June 25, 2022
June 14, 2022
June 13, 2022
June 12, 2022
June 11, 2022
June 9, 2022
June 8, 2022

പരിസ്ഥിതിലോല പ്രദേശം; വന സുരക്ഷയ്ക്കൊപ്പം ജനങ്ങളുടെ താല്പര്യവും സംരക്ഷിക്കും: മുഖ്യമന്ത്രി

Janayugom Webdesk
കണ്ണൂർ
June 5, 2022 10:03 pm

പരിസ്ഥിതിലോല പ്രദേശം സംബന്ധിച്ച് സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് ജനങ്ങൾക്ക് ഉണ്ടായിരിക്കുന്ന ആശങ്ക പരിഹരിക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകപരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വനം-വന്യജീവി വകുപ്പ് ആവിഷ്കരിച്ച വൃക്ഷസമൃദ്ധി പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.

സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റർ വീതിയിൽ ഇക്കോ സെൻസിറ്റീവ് സോൺ നിർബന്ധമാക്കണമെന്ന സുപ്രീം കോടതി വിധിയിൽ ആശങ്ക വേണ്ടെന്നും സർക്കാർ ജനങ്ങൾക്കൊപ്പമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

വന സംരക്ഷണനയത്തിന്റെ ഭാഗമായാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ഇതിനോട് സംസ്ഥാന സർക്കാരിന് പൂർണ യോജിപ്പാണുള്ളത്.
ജനങ്ങൾ താമസിക്കുന്നയിടങ്ങൾ പരിസ്ഥിതി ലോല പ്രദേശമായി (ഇക്കോ സെൻസിറ്റീവ് സോൺ) മാറ്റരുത് എന്നാണ് സർക്കാർ നേരത്തെ സ്വീകരിച്ച നിലപാട്.

ഇത് കേന്ദ്ര സര്‍ക്കാരിന്റെ പരിശോധനയിലും അന്തിമ തീരുമാന ഘട്ടത്തിലുമായിരുന്നു ഉണ്ടായിരുന്നത്. ഈ സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ ഉത്തരവ് വരുന്നത്. ഇക്കാര്യത്തിലുള്ള നടപടികൾ ഗൗരവത്തോടെ കേരള സർക്കാർ കൈകൊള്ളും. വിധിയുടെ ഭാഗമായി സ്വീകരിക്കേണ്ട നടപടികൾ നിയമപരമായും പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വനം കൃത്യമായി സംരക്ഷിക്കുന്നതിനൊപ്പം ജനങ്ങളുടെ താല്പര്യവും സംരക്ഷിക്കും. പരിസ്ഥിതി സന്തുലനം ഉറപ്പാക്കാനാണ് സർക്കാരിന്റെ ശ്രമം. കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് രണ്ടര കോടി വൃക്ഷത്തൈകളാണ് വച്ചുപിടിപ്പിച്ചത്. വൃക്ഷാവരണത്തോത് വർധിപ്പിക്കുക വഴി കാർബൺ ന്യൂട്രൽ സംസ്ഥാനമാക്കാനുള്ള കുതിപ്പിലാണ് കേരളമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങിൽ എക്സൈസ്-തദ്ദേശ സ്വയംഭരണ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അധ്യക്ഷനായിരുന്നു.

നിയമപരമായി നേരിടും: വനം മന്ത്രി

കണ്ണൂർ: സംരക്ഷിത വന മേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖല നിർബന്ധമെന്ന സുപ്രീം കോടതി നടപടി മലയോര മേഖലയിലെ ജനങ്ങൾക്ക് കൂടുതൽ പ്രതിസന്ധിയാവുമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. സുപ്രീം കോടതി വിധിക്ക് ശേഷം ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

സുപ്രീം കോടതി വിധി നിയമപരമായി നേരിടാൻ കേരളത്തിന്റെ അഡ്വക്കേറ്റ് ജനറലുമായും, മറ്റു നിയമജ്ഞരുമായും ചർച്ച ചെയ്ത് തുടർ നടപടികൾ സ്വീകരിക്കും. നിയമപരമായും രാഷ്ട്രീയമായും ഈ പ്രശ്നം ഏറ്റെടുത്തു മുന്നോട്ട് പോകും. ജനങ്ങളെ കുടിയൊഴിപ്പിക്കില്ല. ജനവാസ കേന്ദ്രങ്ങളെ ഈ ഉത്തരവിൽ നിന്ന് ഒഴിവാക്കുക എന്നതാണ് സർക്കാർ നിലപാടെന്നും മന്ത്രി വ്യക്തമാക്കി.

ലോക പരിസ്ഥിതിദിനം ആചരിച്ചു

തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനം സിപിഐ നേതൃത്വത്തിൽ സംസ്ഥാനത്ത് സമുചിതം ആചരിച്ചു. പാർട്ടി ഓഫീസുകളിലും പൊതുസ്ഥലങ്ങളിലും വൃക്ഷത്തൈ നട്ടാണ് ദിനാചരണം നടത്തിയത്.

തിരുവനന്തപുരത്ത് എം എൻ സ്മാരകത്തിൽ സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി വൃക്ഷത്തൈ നട്ടു. സിപിഐ സംസ്ഥാന കൗൺസിൽ ഓഫീസ് ബ്രാഞ്ച് സെക്രട്ടറി യു വിക്രമൻ അധ്യക്ഷത വഹിച്ചു.

Eng­lish summary;Ecologically sen­si­tive area; Pro­tect­ing the inter­ests of the peo­ple along with for­est secu­ri­ty: CM

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.