23 November 2024, Saturday
KSFE Galaxy Chits Banner 2

സാമ്പത്തിക തിരിച്ചുവരവ് ജനകേന്ദ്രീകൃതമാവണം

Janayugom Webdesk
April 25, 2022 5:00 am

അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്)യുടെയും ലോക ബാങ്കിന്റെയും വസന്തകാല സമ്മേളനം ലോകരാഷ്ട്രങ്ങളുടെ ഇക്കൊല്ലത്തെ സാമ്പത്തിക തിരിച്ചുവരവ് അതീവ ദുർബലമായി തുടരുമെന്ന മുന്നറിയിപ്പാണ് നൽകുന്നത്. കോവിഡ് 19 ന്റെ പിടിയിൽനിന്നും ലോകം പൂർണമായും മുക്തമായിട്ടില്ല. ലോക സമ്പദ്ഘടനകളെ ബാധിച്ചിരിക്കുന്ന നാണ്യപ്പെരുപ്പം, റഷ്യ‑ഉക്രെയ്ൻ സംഘർഷം എന്നിവയും സാമ്പത്തിക തിരിച്ചുവരവിന് പ്രതിബന്ധം സൃഷ്ടിക്കുന്നു. സാമ്പത്തിക തിരിച്ചുവരവ് നേരത്തെ പ്രതീക്ഷിച്ചതിലും സാവധാനമായിരിക്കുമെന്നു മാത്രമല്ല, അത് തൊഴിൽ വിപണിയെ ഗണ്യമായി പിന്നോട്ടടിപ്പിക്കുമെന്നും സമ്മേളനത്തിൽ അന്താരാഷ്ട്ര തൊഴിൽ സംഘടന (ഐഎൽഒ)നടത്തിയ പ്രസ്താവന അടിവരയിടുന്നു. അവയെല്ലാം തന്നെ കൂടുതൽ ജനകേന്ദ്രീകൃതമായ സാമ്പത്തിക തിരിച്ചുവരവിന് ഊന്നൽ നൽകുന്നു. ഇത് ലോകത്തിനു പൊതുവിലും ഇന്ത്യയെപ്പോലുള്ള സമ്പദ്ഘടനകൾക്ക് പ്രത്യേകിച്ചും പ്രസക്തമാണ്. ഇന്ത്യ കടുത്ത സാമ്പത്തിക സമ്മർദ്ദത്തെയും അഭൂതപൂർവമായ തൊഴിൽരാഹിത്യത്തെയുമാണ് നേരിടുന്നത്. രാജ്യത്തെ തൊഴിലില്ലായ്മ ഇപ്പോൾ എട്ട് ശതമാനത്തിന് മുകളിലാണ്. സമ്പദ്ഘടനയിലെ തൊഴിലാളി പങ്കാളിത്തം മാർച്ചുമാസത്തിൽ 36.6 ശതമാനമായി കുറഞ്ഞിരുന്നു. ആഗോളതലത്തിൽ തൊഴിലില്ലായ്മ നിരക്ക് കോവിഡ് പൂർവ കാലത്തേതിലും ഉയർന്നതലത്തില്‍ അടുത്തവർഷംപോലും തുടരുമെന്നാണ് ഐഎൽഒ വിലയിരുത്തൽ. തൊഴിൽ വിപണിയുടെ തിരിച്ചുവരവ് വളരെ സാവധാനവും അസ്വാസ്ഥ്യജനകവും ആയിരിക്കുമെന്ന് അവർ നിരീക്ഷിക്കുന്നു. അത് രാജ്യങ്ങൾ തമ്മിലും അവയ്ക്കുള്ളിലും അസമത്വം രൂക്ഷമാക്കും. ഈ ആഘാതത്തിൽനിന്നും കരകയറാൻ വർഷങ്ങൾ തന്നെ വേണ്ടി വന്നേക്കും. അത് സമ്പദ്ഘടനയിലെ തൊഴിലാളി പങ്കാളിത്തം, കുടുംബവരുമാനം, സാമൂഹ്യബന്ധങ്ങൾ എന്നിവയിലെല്ലാം പ്രതിഫലിക്കും. മേല്‍പ്പറഞ്ഞ സാഹചര്യം സൃഷ്ടിച്ചേക്കാവുന്ന അസമത്വത്തിൽ സമ്പദ്ഘടനകൾ കുടുങ്ങിക്കിടക്കാതിരിക്കാൻ മാന്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സർക്കാരുകൾ സത്വര നടപടികൾക്ക് തയാറാവണമെന്ന് ഐഎംഎഫ് ആവശ്യപ്പെടുന്നു. പരിസ്ഥിതി സൗഹൃദ, ആരോഗ്യ പരിപാലന, ഡിജിറ്റൽ സമ്പദ്ഘടനാ മേഖലകളിൽ അത്തരത്തിൽ 2030 നുള്ളിൽ നാനൂറ് ദശലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും നാനൂറുകോടി ജനങ്ങളെ സാമൂഹിക സുരക്ഷാ വലയത്തിൽ കൊണ്ടുവരാനും കഴിയുമെന്നാണ് ഐഎംഎഫ് വിലയിരുത്തുന്നത്.


ഇതുകൂടി വായിക്കാം; ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ: പെരുകിവരുന്ന വൈരുധ്യങ്ങള്‍


ഏതാണ്ട് എല്ലാ ലോകരാഷ്ട്രങ്ങളെയും പിടികൂടിയിരിക്കുന്ന മൊത്ത ആഭ്യന്തര ഉല്പാദനം (ജിഡിപി) എന്ന ഒഴിയാബാധ മുക്തമായി ലോക ജനസംഖ്യയിൽ പകുതിയിലേറെ പേർക്ക് നിഷേധിക്കുന്ന സാമൂഹിക സുരക്ഷ, മോശമായ വേതനം, മനുഷ്യ ജീവിതം നേരിടുന്ന സാമ്പത്തിക ക്ലേശങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാതെ മേല്‍പറഞ്ഞ ലക്ഷ്യം കൈവരിക്കാനാവില്ലെന്ന് ഐഎൽഒ വിലയിരുത്തുന്നു. രാഷ്ട്രങ്ങളും സർക്കാരുകളും ലാഭ കേന്ദ്രീകൃത തിരിച്ചുവരവിന് പകരം ജനകേന്ദ്രീകൃത തിരിച്ചുവരവിന് ശ്രമിച്ചാലേ മാന്യമായ തൊഴിലവസരസൃഷ്ടി എന്ന ലക്ഷ്യം കൈവരിക്കാനാവു എന്നും ഐഎൽഒ നിഷ്കർഷിക്കുന്നു. ഐഎംഎഫും ഐഎൽഒയും നിർദേശിക്കുന്ന അത്തരം ഒരു തിരിച്ചുവരവ് തന്ത്രത്തിനു വിപരീതമാണ് ഇന്ത്യ അവലംബിക്കുന്ന പാത. ജനകേന്ദ്രീകൃതമായ തിരിച്ചുവരവിന്റെ പാത അനിവാര്യമാക്കുന്ന യാഥാർത്ഥ്യമാണ് ഇന്ത്യയുടേത്. ഇന്ത്യൻ ജനസംഖ്യയുടെ 76 ശതമാനത്തിനും യാതൊരുവിധ സാമൂഹിക സുരക്ഷാ സംവിധാനവും നിലവിൽ ഇല്ല. അത് ലഭ്യമായിട്ടുള്ള 24 ശതമാനത്തിനാകട്ടെ അവരുടെ ആവശ്യങ്ങൾക്ക് അത് തെല്ലും പര്യാപ്തവുമല്ല. ഈ സാഹചര്യത്തിലാണ് ഐഎംഎഫ് വസന്തകാല സമ്മേളന സന്ദേശം ഇന്ത്യക്ക് പ്രസക്തമാകുന്നത്. ഐഎംഎഫ്, ലോകബാങ്ക്, ഐഎൽഒ തുടങ്ങിയവ ആഗോള മൂലധന, ലാഭ താല്പര്യങ്ങളുടെ സംരക്ഷകരാണെന്നത് തർക്കരഹിതമായ വസ്തുതയാണ്. എന്നാൽ മഹാഭൂരിപക്ഷത്തിന്റെയും താല്പര്യങ്ങൾ നിഷേധിച്ചുകൊണ്ടും അവ കണ്ടില്ലെന്ന് നടിച്ചുകൊണ്ടും മൂലധന, ലാഭതാല്പര്യങ്ങൾ സംരക്ഷിക്കാനാവില്ല എന്ന തിരിച്ചറിവാണ് ജനകേന്ദ്രീകൃതമായ തിരിച്ചുവരവിനെപ്പറ്റി സംസാരിക്കാൻ അവരെ നിർബന്ധിതമാക്കുന്നത്. ദൗർഭാഗ്യവശാൽ ആ തിരിച്ചറിവ് നരേന്ദ്രമോഡി ഭരണകൂടത്തിന് ഇല്ല. ബിഎംഎസ് ഒഴികെയുള്ള കേന്ദ്ര ട്രേഡ് യൂണിയനുകൾ ഒന്നടങ്കം എതിർക്കുന്നതും തൊഴിലാളി വിരുദ്ധവും കോർപറേറ്റ് അനുകൂലവുമായ നാല് ലേബർ കോഡുകൾ ജൂലൈ മാസംമുതൽ നടപ്പാക്കാനുള്ള നീക്കം ജനകേന്ദ്രീകൃത തിരിച്ചുവരവ് എന്ന സങ്കല്പത്തിനു തന്നെ വിരുദ്ധമാണ്. അവർ ഒരേസമയം ബിസിനസ് അന്തരീക്ഷം സുഗമമാക്കുന്നതിനെപ്പറ്റിയും തൊഴിലാളി അനുകൂല നിയമത്തെപ്പറ്റിയും പറയുന്നത് നിലപാടിലെ വൈരുധ്യവും കാപട്യവുമാണ് തുറന്നുകാട്ടുന്നത്. ജനങ്ങളെ മുഴുവൻ ഉൾക്കൊണ്ടുള്ള സാമ്പത്തിക തിരിച്ചുവരവിന് വിരുദ്ധമാണ് നിർദ്ദിഷ്ട ലേബർ കോഡ് നടപ്പാക്കാനുള്ള തീരുമാനം.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.