ഇന്ത്യ ആഗോളശക്തിയായി വളരുന്നുവെന്ന അവകാശവാദം ആവര്‍ത്തിക്കുന്നതില്‍ മത്സരിക്കുകയാണ് കേന്ദ്ര ഭരണാധികാരികള്‍. എല്ലാ സൂചികകളിലും പിറകിലാണെങ്കിലും അവകാശവാദത്തിന് മാത്രം കുറവില്ല. കഴിഞ്ഞ സെപ്റ്റംബറില്‍ ഈ അവകാശവാദത്തെ ഉത്തേജിപ്പിച്ചുകൊണ്ട് അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ്) യുടെ പ്രവചനമുണ്ടാവുകയും ചെയ്തു. ലോകത്ത് വളരുന്ന സമ്പദ്ഘടനയായ ഇന്ത്യ യുകെയെ മറികടന്ന് അഞ്ചാം രാജ്യമാകുന്നുവെന്നായിരുന്നു അവരുടെ കണ്ടെത്തല്‍. 2030ഓടെ രാജ്യം മൂന്നാം സ്ഥാനത്തെത്തുമെന്നും അവര്‍ പ്രവചിക്കുന്നുണ്ട്. പക്ഷേ വളര്‍ച്ച ഏതുവിധത്തിലാണ് രാജ്യത്തെ ജനങ്ങള്‍ക്ക് പ്രയോജനപ്രദമാകുന്നത് എന്ന ചോദ്യത്തിന് മാത്രം വ്യക്തമായ ഉത്തരം ലഭിക്കുന്നുമില്ല. ഏറ്റവും ഒടുവില്‍ പുറത്തുവന്ന പല സൂചികകളും വളര്‍ച്ചയെന്ന അവകാശവാദത്തിന്റെ വൈരുധ്യത്തെയാണ് തുറന്നിടുന്നത്. ആഗോള പട്ടിണി സൂചികയില്‍ 121 രാജ്യങ്ങളില്‍ 107-ാം സ്ഥാനത്താണ് ഇന്ത്യയെന്ന, വികസന സൂചികയില്‍ 131-ാം സ്ഥാനത്തുനിന്ന് 132ലേക്ക് താണുവെന്ന, തൊഴിലില്ലായ്മ അനുദിനം പെരുകിക്കൊണ്ടിരിക്കുന്നുവെന്ന പതിവ് സൂചികകളെ മാറ്റിനിര്‍ത്തിയാലും മുന്നേറുന്നതിന്റെ വസ്തുതകളൊന്നും വിശ്വസനീയമായി പുറത്തുവരുന്നില്ല. 2022ലെ ലോക അസമത്വ റിപ്പോര്‍ട്ടില്‍ ഏറ്റവുമേറെ അസമത്വം നിലവിലുള്ള രാജ്യങ്ങളില്‍ ഒന്നായാണ് ഇന്ത്യയെ പട്ടികപ്പെടുത്തിയിരിക്കുന്നത്. ഒക്ടോബറില്‍ പുറത്തിറക്കിയ ഐക്യരാഷ്ട്ര സഭാ വികസന പരിപാടി (യുഎൻഡിപി) യുടെ ബഹുമുഖ ദാരിദ്ര്യ സൂചിക അനുസരിച്ച്, 2005നും 2021നുമിടയിൽ 415 ദശലക്ഷം പേർ ദാരിദ്ര്യത്തിൽ നിന്ന് പുറത്തുകടന്നു. എന്നാല്‍ 2020ല്‍ ലോകത്തിലെ ഏറ്റവും കൂടുതല്‍ അതിദരിദ്രര്‍ ഇവിടെയായിരുന്നു, 22.89 കോടി. ഇത് കോവിഡ് ആഘാതമുണ്ടാകുന്നതിന് മുമ്പുള്ള കണക്കെടുപ്പായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള നിതി ആയോഗിന്റെ ബഹുമുഖ ദാരിദ്ര്യ സൂചിക പ്രകാരവും ഇന്ത്യയിലെ അതിദാരിദ്ര്യ അനുപാതം ആകെ 25 ശതമാനവും ഗ്രാമങ്ങളിൽ 32.75, നഗരങ്ങളിൽ 8.81 ശതമാനവുമാണ്.
ഇതിന്റെ മറുവശമാണ് രാജ്യത്തിന്റെ മൊത്തം ആഭ്യന്തരോല്പാദനത്തില്‍ ഉണ്ടാകുന്ന ഇടിവ്. ബജറ്റ് അവതരണ വേളയില്‍ കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ച വളര്‍ച്ചാ നിരക്ക് ഓരോ മാസവും വെട്ടിക്കുറയ്ക്കേണ്ടി വരികയാണ്. ആഗോള ഏജന്‍സികളെല്ലാം രാജ്യത്തിന്റെ വളര്‍ച്ചാ അനുമാനം കുറച്ചിരിക്കുന്നു. ഐഎംഎഫ് പ്രവചിച്ചതനുസരിച്ച് 2030ഓടെ വേഗത്തില്‍ വളരുന്ന രാജ്യങ്ങളില്‍ മൂന്നാമതെത്തണമെങ്കില്‍ വളര്‍ച്ചാ നിരക്ക് ഇരട്ട അക്കം കടക്കണമെന്നിരിക്കെയാണ് അതിന്റെ അടുത്തെങ്ങുമെത്തില്ലെന്ന് സൂചിപ്പിച്ചുകൊണ്ട് അനുമാനം കുറയ്ക്കേണ്ടിവരുന്നത്. രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി ഭദ്രമാകുന്നതില്‍ പ്രധാനമാണ് കയറ്റിറക്കുമതികള്‍. ഇറക്കുമതി കുറയുകയും കയറ്റുമതി കൂടുകയുമെന്നതാണ് സംഭവിക്കേണ്ടത്. പക്ഷേ രാജ്യത്തിന്റെ ഇറക്കുമതി ചെലവുകള്‍ കൂടുകയും കയറ്റുമതി കുറയുകയും ചെയ്യുന്നതാണ് പ്രവണത. ഇന്ധനമുള്‍പ്പെടെയുള്ള ഇറക്കുമതി ഇന്ത്യയുടെ ചെലവില്‍ വര്‍ധനയുമുണ്ടാക്കുന്നു. ഡിസംബറിലെ കണക്കനുസരിച്ചാകട്ടെ കയറ്റുമതിയില്‍ വന്‍ ഇടിവാണുണ്ടായിരിക്കുന്നതും. 12.2 ശതമാനം ഇടിഞ്ഞുവെന്നാണ് കണക്കാക്കിയത്. ഏറ്റവും വലിയ പ്രതിസന്ധിയായി രാജ്യത്തിന് മുന്നില്‍ നില്ക്കുന്ന തൊഴിലില്ലായ്മയിലും വര്‍ധനയാണ് രേഖപ്പെടുത്തുന്നത്. 16മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 8.3 ശതമാനത്തിലെത്തിയെന്നാണ് സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമി (സിഎംഐഇ) യുടെ റിപ്പോര്‍ട്ട് വ്യക്തമാക്കിയത്. ഇത്തരം റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിലൂടെ തൊഴിലില്ലായ്മ സംബന്ധിച്ച കേന്ദ്രത്തിന്റെ അവകാശവാദം പൊള്ളയാണെന്ന് തുറന്നുകാട്ടപ്പെടുമെന്ന് ഭയന്ന് സ്വകാര്യ ഏജന്‍സികള്‍ സര്‍വേ നടത്തരുതെന്ന തിട്ടൂരമിറക്കുകയാണ് തൊഴില്‍ മന്ത്രാലയം ചെയ്തത്.
2019ല്‍ രാജ്യത്തെ തൊഴിലില്ലായ്മ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയെന്ന് കേന്ദ്ര സര്‍ക്കാരിനു കീഴിലെ നാഷണല്‍ സാമ്പിള്‍ സര്‍വേയുടെ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോഴും ഇതേ നിലപാടായിരുന്നു കേന്ദ്രം സ്വീകരിച്ചത്. പിന്നീട് അവരുടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയുമുണ്ടായില്ല. ഇതിന്റെയെല്ലാമൊടുവിലാണ് കേന്ദ്രം അവകാശപ്പെടുന്ന രാജ്യത്തിന്റെ വളര്‍ച്ച അസമമാണെന്നും അത് അതിസമ്പന്നര്‍ക്കു മാത്രമാണെന്നും സ്ഥാപിക്കുന്ന ഓക്സ്ഫാം റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. അതിസമ്പന്നരായ ഒരു ശതമാനത്തിന്റെ പേരിലാണ് സമ്പത്തിന്റെ 40 ശതമാനമെന്നാണ് ഓക്സ്ഫാം റിപ്പോര്‍ട്ട് പറയുന്നത്. ജനസംഖ്യയുടെ പകുതിയിലേറെ ആളുകള്‍ കൈകാര്യം ചെയ്യുന്ന സമ്പത്തിന്റെ അളവ് മൂന്നു ശതമാനം മാത്രമാണ്. കോടീശ്വരന്‍ എന്ന സംജ്ഞ ശതകോടീശ്വരന്‍ എന്നായി മാറിയിട്ട് വര്‍ഷങ്ങളായിരിക്കുന്നു. അവരുടെ എണ്ണത്തിലും വര്‍ധനയാണുണ്ടായത്. കോവിഡിന് മുമ്പ് 102 ആയിരുന്ന ശതകോടീശ്വരന്മാരുടെ എണ്ണം രണ്ടുവര്‍ഷം കൊണ്ട് 2022ല്‍ 166 ആയി. ദേശീയ ഭക്ഷ്യസുരക്ഷാ നയത്തിന്റെ ഭാഗമായുള്ള സൗജന്യ ഭക്ഷ്യധാന്യ വിതരണം പരിമിതപ്പെടുത്തി, 81 കോടി ദരിദ്രര്‍ക്കാണ് നല്കുകയെന്ന പുതിയ തീരുമാനവും വന്നിട്ടുണ്ട്. അത്രയും ദരിദ്രര്‍-അതായത് ജനസംഖ്യയിലെ പകുതിയിലധികം പേര്‍-ഇന്ത്യയിലുണ്ടെന്ന് സമ്മതിക്കലാണിത്. ഇതില്‍ നിന്നെല്ലാം വളര്‍ച്ചയില്‍ മുന്നേറുന്നുവെന്ന കേന്ദ്രസര്‍ക്കാരിന്റെയും വിധേയമാധ്യമങ്ങളുടെയും അവകാശവാദം പൊള്ളയാണെന്ന് ഉറപ്പിക്കപ്പെടുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.