19 December 2024, Thursday
KSFE Galaxy Chits Banner 2

ആഗോള വിശപ്പ് സൂചിക തുറന്നുകാട്ടുന്നത് വികൃതമുഖം

Janayugom Webdesk
October 14, 2023 5:00 am

ഇക്കൊല്ലത്തെ ആഗോള വിശപ്പ് സൂചിക പുറത്തുവന്നപ്പോൾ ഇന്ത്യ 125ലോകരാഷ്ട്രങ്ങളുടെ പട്ടികയിൽ 111-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2015നു ശേഷം പ്രസിദ്ധീകരിച്ച സൂചികകളിലെല്ലാം ഇന്ത്യ തുടർച്ചയായി പിറകോട്ട് പോക്കാണ് രേഖപ്പെടുത്തിവരുന്നത്. ദക്ഷിണേഷ്യൻ രാജ്യമായ അഫ്ഗാനിസ്ഥാൻ, ഉത്തരപൂർവേഷ്യൻ രാജ്യമായ ടിമോർ‑ലെസ്റ്റി, കരീബിയനിൽ ഹൈത്തി എന്നിവയ്ക്കുപുറമെ 11 ഉപ-സഹാറ ആഫ്രിക്കൻ രാജ്യങ്ങൾ മാത്രമേ ഇന്ത്യക്ക് പിന്നിലുള്ളു. അവയെല്ലാംതന്നെ അതിവേഗം വളരുന്ന ആഗോള സമ്പദ്ഘടനകളിൽ ഒന്നായ ഇന്ത്യയുമായുള്ള താരതമ്യത്തിൽ ചെറുസമ്പദ്ഘടനകൾ മാത്രമാണ്. ദക്ഷിണേഷ്യയിലെ അയൽരാജ്യങ്ങളായ ശ്രീലങ്ക (60), ബംഗ്ലാദേശ് (81), നേപ്പാൾ (69), പാകിസ്ഥാൻ (102) എന്നീരാജ്യങ്ങള്‍ സൂചികയിൽ ഇന്ത്യക്ക് മുകളിൽ സ്ഥാനംപിടിച്ചിട്ടുണ്ട്. കഴിഞ്ഞവർഷത്തെക്കാൾ നാല് സ്ഥാനങ്ങളാണ് ഇക്കൊല്ലം ഇന്ത്യ പിന്നോട്ടുപോയിട്ടുള്ളത്. വ്യാഴാഴ്ച സൂചിക പുറത്തുവന്നതിനെത്തുടര്‍ന്ന് ‘വിശപ്പ് അളക്കുന്ന മാനദണ്ഡങ്ങളിലെ ന്യൂനതകൾ കാരണം യഥാർത്ഥ ചിത്രമല്ല പ്രതിഫലിപ്പിക്കുന്നതെ‘ന്ന ന്യായീകരണവുമായി സൂചികയെ ചോദ്യംചെയ്യുന്ന കേന്ദ്ര വനിതാ-ശിശു വികസന മന്ത്രാലയത്തിന്റെ പതിവ് പ്രസ്താവന പുറത്തുവന്നിരുന്നു. അഞ്ച് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകൾ പ്രഖ്യാപിക്കുകയും പൊതുതെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്നതുമായ സാഹചര്യത്തിൽ കേന്ദ്ര ഭരണവൃത്തങ്ങളിൽനിന്നും ഭരണകക്ഷി നേതൃത്വത്തിൽനിന്നും കൂടുതൽ ന്യായീകരണങ്ങളും സൂചികയ്ക്കെതിരായ കടന്നാക്രമണങ്ങൾ തന്നെയും വരുംദിവസങ്ങളിൽ പ്രതീക്ഷിക്കാവുന്നതേയുള്ളു. മുൻവർഷങ്ങളിലെ സൂചികകളും ആഗോളതലത്തിൽ കാലാകാലങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ആധികാരിക സ്ഥിതിവിവരക്കണക്കുകളും റിപ്പോർട്ടുകളും അംഗീകരിക്കാൻ മോഡി ഭരണകൂടം വിസമ്മതിക്കുന്നത് തെല്ലും പുതുമയുള്ള കാര്യമല്ല.

 


ഇതുകൂടി വായിക്കൂ; സൈനിക പെൻഷൻ പരിഷ്കരണം പ്രതിഷേധാർഹം


സ്ഥിതിവിവരക്കണക്കുകളും അതിൽ അധിഷ്ഠിതമായ പഠനങ്ങളും ഒരു കണ്ണാടിയാണ്. അതിൽ പ്രതിഫലിക്കുന്ന മുഖം വികൃതമാണെങ്കിൽ കണ്ണാടിയെ കുറ്റപ്പെടുത്തുന്നതിലോ എറിഞ്ഞുടയ്ക്കുന്നതിലോ അർത്ഥമില്ലെന്നു മാത്രമല്ല, അത് സ്വന്തം വൈരൂപ്യത്തിലുള്ള അയുക്തികമായ ക്രോധം മാത്രമാണ്. ആഗോളതലത്തിൽ അംഗീകൃതവും പലപ്പോഴും ബഹുഭരണകൂട ഏജൻസികൾ, ലഭ്യമായ ഇന്ത്യന്‍ സര്‍ക്കാരിന്റെ സ്ഥിതിവിവരക്കണക്കുകളെ അടിസ്ഥാനമാക്കി, പുറത്തിറക്കുന്ന പഠനങ്ങളോടുള്ള മോഡി സർക്കാരിന്റെ വിറളിപൂണ്ട സമീപനം ആ വൈരൂപ്യ പ്രതിബിംബത്തെയും പ്രതികരണത്തെയുമാണ് അനുസ്മരിപ്പിക്കുന്നത്. ലോകത്തിനുതന്നെ മാതൃകയായിരുന്ന ദശാബ്ദ കാനേഷുമാരി കണക്കെടുപ്പടക്കം രാജ്യത്തെ സ്ഥിതിവിവരക്കണക്കെടുപ്പ് സംവിധാനത്തെയാകെ കെട്ടിപ്പൂട്ടാനും അതിനുകഴിയില്ലെങ്കിൽ അവയുടെ ലക്ഷ്യത്തെ തകർക്കുംവിധം കണക്കുകളെ യഥേഷ്ടം വളച്ചൊടിക്കാനുമുള്ള മാർഗങ്ങളാണ് മോഡി പ്രഭൃതികൾ ആരായുന്നത്. ഇപ്പോള്‍ ജാതിയടിസ്ഥാനത്തിലുള്ള സെൻസസെന്ന ആവശ്യത്തോടുള്ള അവരുടെ പരിഭ്രാന്തിയിൽ യാഥാർത്ഥ്യത്തെ പഴമുറംകൊണ്ടു മൂടാനുള്ള വ്യഗ്രതയാണ് വെളിവാകുന്നത്. കേന്ദ്ര സർക്കാരിന്റെ 2019–21 കാലയളവിലെ ദേശീയ കുടുംബാരോഗ്യ സർവേ ഫലങ്ങൾ പരിശോധിച്ചാൽ മാത്രം മതി ആഗോള വിശപ്പ് സൂചികയിലെ വസ്തുതകളുടെ സത്യസന്ധത ബോധ്യപ്പെടാൻ. വിശപ്പ് സൂചികയ്ക്ക് ആധാരമായ നാല് മാനദണ്ഡങ്ങളിലും ഇന്ത്യയുടെ സ്ഥിതി പരിതാപകരമാണെന്ന് അത് സാക്ഷ്യപ്പെടുത്തുന്നു. രാജ്യം ശ്രദ്ധേയമായ സാമ്പത്തിക വളർച്ച ഏതാണ്ടെല്ലാ അടിസ്ഥാനമേഖലകളിലും കൈവരിച്ചിട്ടുണ്ടെന്നത് അനിഷേധ്യമായ വസ്തുതതന്നെ. പക്ഷെ അതിന്റെ പ്രയോജനം ജനസംഖ്യയിലെ വലിയൊരു പങ്കിനും നിഷേധിക്കപ്പെട്ടിരിക്കുന്നു. അളവറ്റ സമ്പത്ത്, ദാരിദ്ര്യത്തിന്റെയും വിശപ്പിന്റെയും പാരാവാരത്തിലെ ഒറ്റപ്പെട്ട തുരുത്തുകളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.


ഇതുകൂടി വായിക്കൂ; സാമൂഹ്യ ഐക്യദാർ‍ഢ്യ പക്ഷാചരണം; എല്ലാവരെയും ചേർത്തു പിടിച്ച് പുരോഗതിയിലേക്ക്


രാജ്യത്തെ സമ്പന്നരുടെയും മധ്യവർഗത്തിന്റെയും വളർച്ച യാഥാർത്ഥ്യമാണ്. വർധിച്ചുവരുന്ന എക്സ്പ്രസ്‌വേകൾ, ദേശീയപാതകൾ, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, അംബരചുംബികൾ, മണിമന്ദിരങ്ങൾ, സെൻട്രൽവിസ്റ്റ തുടങ്ങിയവയൊക്കെയും അമ്പരപ്പും മിഥ്യാഭിമാനവും സൃഷ്ടിക്കാൻ മതിയായവയാണ്. എന്നാൽ മതിയായ പോഷകാഹാരം ലഭിക്കാതെ വിളർച്ച ബാധിതരായ സ്ത്രീ-പുരുഷന്മാരുടെ ലോകത്തെ ഏറ്റവും വലിയ പടയും, ആഗോളതലത്തിൽ ഏറ്റവും ഉയർന്ന ശിശുമരണ നിരക്കും വളർച്ച മുരടിച്ചവരും വളർച്ചാക്ഷയം ബാധിച്ചവരുമായ കുഞ്ഞുങ്ങളുടെ എണ്ണവും ഒരു രാജ്യത്തിനും ഭൂഷണമല്ല. അത് 21-ാം നൂറ്റാണ്ടിലെ ഇന്ത്യയെ ലോകത്തിനുമുന്നിൽ അപമാനിതയാക്കുന്നു. ആ വസ്തുതയാണ് ദേശീയ കുടുംബ ആരോഗ്യ സർവേ തുറന്നുകാട്ടിയത്. അത് ആവർത്തിക്കുക മാത്രമാണ് ആഗോള വിശപ്പ് സൂചിക. അതിന് പ്രതിവിധി കണ്ണാടി തല്ലിപ്പൊട്ടിക്കുകയല്ല. മറിച്ച്, ശതകോടിയിലേറെവരുന്ന അധ്വാനിക്കുന്ന ജനത ഉല്പാദിപ്പിക്കുന്ന അളവറ്റ സമ്പത്തിന്റെ നീതിപൂർവമായ വിതരണവും ഏതാനും തുരുത്തുകളിൽ കേന്ദ്രീകരിച്ചിരിക്കുന്ന ദേശീയസമ്പത്തിന്റെ പുനർവിതരണവും ഉറപ്പുവരുത്തുക മാത്രമാണ് പോംവഴി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.