November 28, 2023 Tuesday

Related news

November 20, 2023
November 17, 2023
October 26, 2023
October 2, 2023
September 27, 2023
September 17, 2023
August 25, 2023
August 14, 2023
August 12, 2023
July 13, 2023

സൈനിക പെൻഷൻ പരിഷ്കരണം പ്രതിഷേധാർഹം

Janayugom Webdesk
October 2, 2023 5:00 am

അധികാരം നിലനിർത്തുന്നതിന് ബിജെപി സ്വീകരിച്ചുപോരുന്ന മാർഗങ്ങളിൽ പ്രധാനമാണ് ദേശീയബോധത്തെയും സൈനിക ശക്തിയെയും ഇക്കിളിപ്പെടുത്തുക എന്നുള്ളത്. 2019ലെ തെരഞ്ഞെടുപ്പ് വേളയിൽ അവർ ചർച്ചയാക്കിയ പ്രധാന വിഷയങ്ങളിൽ ഒന്ന് പുൽവാമ ഭീകരാക്രമണവും ബാലാക്കോട്ട് മിന്നലാക്രമണവുമായിരുന്നു. എന്നാൽ സൈനികരോടുള്ള അവരുടെ നിലപാടുകൾ ആത്മാർത്ഥതയില്ലാത്തതാണ് എന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്. വോട്ടു ലഭിക്കുന്നതിനുള്ള പ്രചരണോപാധിയായി ഉപയോഗിച്ച പുൽവാമ ഭീകരാക്രമണത്തെ കുറിച്ച് പിന്നീടുണ്ടായ വെളിപ്പെടുത്തലുകൾ താൽക്കാലിക ലാഭത്തിനാണ് ബിജെപി സൈനിക സ്നേഹവും ദേശാഭിമാന ബോധവും ഉപയോഗിക്കുന്നത് എന്നതിന്റെ തെളിവായിരുന്നു. പുൽവാമ ഭീകരാക്രമണം സംബന്ധിച്ച് ബിജെപിയുടെ ദേശീയ ഭാരവാഹിയായും ഒന്നിലധികം സംസ്ഥാനങ്ങളിൽ കേന്ദ്രസർക്കാരിന്റെ ആശിർവാദത്തോടെ ഗവർണറായും പ്രവർത്തിച്ച സത്യപാൽ മാലിക്കിന്റെ തുറന്നുപറച്ചിലും അടുത്തകാലത്തുണ്ടായി. ഇതിന്റെയെല്ലാം ഒടുവിലാണ് രാജ്യത്തെ സൈനികരുടെ പെൻഷൻ സംബന്ധിച്ച പുതിയ ചട്ടങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്. രാജ്യത്തിനുവേണ്ടി സൈനിക സേവനം നടത്തുന്നവർക്കുള്ള പെൻഷൻ ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കുകയും പരിമിതപ്പെടുത്തുകയും ചെയ്യുന്നതിന് ഇടയാക്കുന്ന വിധത്തിലാണ് ചട്ടങ്ങളെന്ന് പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ മാത്രമല്ല വിരമിച്ച സൈനികരുടെ സംഘടനകൾ ഉൾപ്പെടെ ആശങ്ക രേഖപ്പെടുത്തിയിരിക്കുകയാണ്.

സേവനത്തിനിടെ ശാരീരിക വൈകല്യം സംഭവിക്കുന്ന സൈനികർക്കും ആശ്രിതർക്കും ആനുകൂല്യം നൽകുന്നതുസംബന്ധിച്ച 2008ലെ ചട്ടങ്ങളാണ് അത്യാഹിത പെൻഷൻ ശാരീരിക വൈകല്യ നഷ്ടപരിഹാര ചട്ടങ്ങൾ 2023 എന്ന പേരിൽ പരിഷ്കരിച്ചിരിക്കുന്നത്. സേവനത്തിനിടെ ഉണ്ടാകുന്ന അപകടങ്ങളിൽ സംഭവിക്കുന്ന വൈകല്യത്തിന്റെ തോത് ക്രമീകരിച്ചതുവഴി നിലവിൽ ലഭിച്ചുപോന്നിരുന്ന പല ആനുകൂല്യങ്ങളും നഷ്ടപ്പെടാൻ ഇടയാക്കുമെന്നാണ് മുൻ സൈനികരുടെ സംഘടനകൾ കുറ്റപ്പെടുത്തുന്നത്. സൈനിക സേവനത്തിനിടയിലും ഉയരം കൂടിയതും ദുർഘടവുമായ പ്രദേശങ്ങളിൽ സേവനം നടത്തുമ്പോൾ അമിതമായ ശാരീരികാധ്വാനം മൂലവും രോഗങ്ങളോ വൈകല്യങ്ങളോ സംഭവിക്കുന്ന സായുധ സേനാംഗങ്ങൾക്ക് മാത്രമേ ഇനി മുതൽ അംഗപരിമിത പെൻഷന് അർഹതയുള്ളൂവെന്നാണ് ചട്ടങ്ങളിൽ പറയുന്നത്. പരിശീലനകാലത്തുള്ള ഓഫിസർമാർ, സൈനികർ എന്നിവർക്കാകട്ടെ അംഗപരിമിത പെൻഷന് അർഹതയുണ്ടാവില്ല. ഇവർക്ക് പ്രത്യേക സഹായം മാത്രമാണ് ലഭിക്കുക. ദുർഘട പ്രദേശങ്ങളിൽ പ്രതികൂല സാഹചര്യങ്ങളിൽ ഹൃദ്രോഗം സംഭവിക്കുകയാണെങ്കിൽ മാത്രമേ പ്രത്യേക പെൻഷന്‍ അനുവദിക്കൂ എന്നും അല്ലാത്തവ സാധാരണ സേവനത്തിനിടെയുള്ള മരണാനുകൂല്യങ്ങൾക്ക് മാത്രമേ അർഹതയുണ്ടായിരിക്കൂ എന്നുള്ള വ്യവസ്ഥയും ദോഷകരമാണെന്ന് മുൻ സൈനികർ കുറ്റപ്പെടുത്തുന്നു. ആരോഗ്യ പ്രശ്നങ്ങൾ മൂലം സേവനം അവസാനിപ്പിക്കേണ്ടി വരുന്നവർ, സർവീസിൽ തുടരാനാകാത്ത വിധം അംഗപരിമിതിയുണ്ടാകുന്നവർ, ഏറ്റുമുട്ടലുകളിൽ വീരചരമം പ്രാപിക്കുന്ന സൈനികരുടെ വിധവകൾക്കുള്ള ആനുകൂല്യങ്ങൾ എന്നിവയിൽ മുൻ വ്യവസ്ഥകളിൽ വ്യത്യാസം വരുത്തിയിട്ടുണ്ട്.


ഇതുകൂടി വായിക്കൂ: ഭരണഘടനയോടുള്ള വെല്ലുവിളികൾ


കംപ്ട്രോളർ ആന്റ് ഓഡിറ്റർ ജനറൽ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വ്യവസ്ഥകളിൽ വ്യതിയാനം വരുത്തിയതെന്നാണ് പ്രതിരോധമന്ത്രാലയം വിശദീകരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോഡിയും കേന്ദ്ര മന്ത്രിമാരും ബിജെപി നേതാക്കളും രാജ്യത്തിനുവേണ്ടി സൈനികർ നടത്തുന്ന സേവനങ്ങൾ വലിയ വായിൽ പ്രകീര്‍ത്തിക്കുകയും ദേശാഭിമാനത്തെ കുറിച്ച് ആണയിടുകയും ചെയ്യുന്നത് കാപട്യമാണെന്നാണ് ഈ ചട്ടങ്ങൾ വ്യക്തമാക്കുന്നത്. രാജ്യസുരക്ഷയെ എത്ര ലാഘവത്തോടെയാണ് കേന്ദ്ര സർക്കാർ കാണുന്നതെന്ന് സർക്കാരിന്റെ തന്നെ കണക്കുകൾ പരിശോധിച്ചാൽ ബോധ്യപ്പെടും. ഇന്ത്യൻ സായുധ സേനയിൽ ഓഫിസർ മുതൽ ഉന്നത റാങ്കിൽപ്പെട്ട 11,266 തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നുവെന്ന് ജൂലൈയിൽ കേന്ദ്ര പ്രതിരോധമന്ത്രാലയത്തിന്റെ രേഖകൾ ഉദ്ധരിച്ച് മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. മുൻ വർഷം ഒഴിവുകളുടെ എണ്ണം 9,797 ആയിരുന്നു. അതിനർത്ഥം സ്ഥാനക്കയറ്റമോ നിയമനമോ നടക്കുന്നില്ലെന്നാണ്. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ പ്രതിരോധ മന്ത്രി അജയ് ഭട്ട് ചോദ്യത്തിന് നൽകിയ മറുപടിയിൽ ഓഫിസർ, ക്യാപ്റ്റൻ, മേജർ തസ്തികകളിൽ 6,800 ഒഴിവുകളുണ്ടെന്നാണ് അറിയിച്ചത്. സൈനികരിൽ ഉയർന്ന തസ്തികകളിൽ പോലും ഒഴിവുകൾ കിടക്കുമ്പോഴാണ് അഗ്നിവീർ എന്ന പേരിൽ താൽക്കാലിക സൈനിക സേവനം ഏർപ്പെടുത്തിയത്. രാജ്യസുരക്ഷയെ തന്നെ ബാധിക്കുന്നതും തൊഴിൽ ലഭ്യത ഇല്ലാതാക്കുന്നതുമായ ഈ തീരുമാനത്തിനെതിരെ വലിയ പ്രക്ഷോഭങ്ങൾ ഉയർന്നുവെങ്കിലും അതൊന്നും പരിഗണിക്കാതെ മുന്നോട്ടുപോകുകയാണ് കേന്ദ്രസർക്കാർ ചെയ്തത്. സാങ്കേതിക വിദ്യയുടെ ഉപയോഗം കൂട്ടിയും കൂടുതൽ ആയുധങ്ങൾ ഉപയോഗിച്ചും സൈന്യത്തിൽ മനുഷ്യ വിഭവശേഷി കുറച്ചുകൊണ്ടുവരുന്ന സമീപനവും അവർ സ്വീകരിക്കുന്നു. മേക്ക് ഇൻ ഇന്ത്യ തുടങ്ങിയ പ്രഖ്യാപനങ്ങളാണ് നടത്തുന്നതെങ്കിലും വൻതോതിൽ ആയുധങ്ങൾ ഇറക്കുമതി ചെയ്തും രാജ്യത്തുള്ള പ്രതിരോധ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തിയും മുന്നോട്ടുപോകുന്ന ബിജെപിയുടെ ദേശസ്നേഹത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടുന്നതാണ് സൈനികരുടെ പെൻഷൻ ചട്ടങ്ങളിൽ വരുത്തിയിരിക്കുന്ന മാറ്റം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.