15 January 2026, Thursday

Related news

January 1, 2026
December 19, 2025
December 11, 2025
October 20, 2025
October 13, 2025
September 16, 2025
August 24, 2025
July 13, 2025
June 28, 2025
June 20, 2025

കശ്മീർ എന്ന വലിയ നുണക്കഥ

Janayugom Webdesk
July 11, 2024 5:00 am

ഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രചരണങ്ങളിൽ ഒന്നായിരുന്നു ജമ്മു കശ്മീരിലെ ഭീകര പ്രവർത്തനങ്ങൾ കുറച്ചു എന്നത്. സംസ്ഥാനത്തിനുള്ള പ്രത്യേകാധികാരം എടുത്തുകളയുകയും ശക്തമായ സൈനിക — പൊലീസ് നടപടികൾ സ്വീകരിക്കുകയും ചെയ്തതോടെ അവിടെ സാധാരണനില കൈവരിക്കുകയാണ് എന്നും അവകാശപ്പെട്ടുകൊണ്ടിരുന്നു. കഴിഞ്ഞ വർഷം ഡിസംബറിൽ ലോക്‌സഭയിൽ അവർ നൽകിയ മറുപടിയിൽ ഇതേ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ഭീകരപ്രവർത്തനങ്ങളോട് പൂർണ അസഹിഷ്ണുതയാണ് സർക്കാരിനെന്ന് വ്യക്തമാക്കിയ അന്നത്തെ ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയുടെ മറുപടിയിൽ ഇതിന് ഉപോൽബലകമായ ചില കണക്കുകളും നിരത്തിയിട്ടുണ്ട്. 2018ൽ ഭീകരരുമായി ബന്ധപ്പെട്ട 228 സംഭവങ്ങൾ ഉണ്ടായപ്പോൾ 2023ൽ അത് 43 ആയിരുന്നുവെന്നാണ് മന്ത്രി വെളിപ്പെടുത്തിയത്. ഏറ്റുമുട്ടലുകളുടെ എണ്ണം 189ൽ നിന്ന് 48 ആയി കുറയുകയും ചെയ്തു. 2018ൽ 55 പൗരന്മാരാണ് മരിച്ചതെങ്കില്‍ 2023ല്‍ 13 ആയും വീരമൃത്യു വരിച്ച സൈനികരുടെ എണ്ണം 91ൽ നിന്ന് 25 ആയും കുറഞ്ഞതായി മന്ത്രി സഭയെ അറിയിച്ചിരുന്നു. ഭരണഘടന പ്രത്യേകാധികാരം നൽകിയിരുന്ന അനുച്ഛേദം 370 റദ്ദാക്കിയത് വഴിത്തിരിവായെന്നും താഴ്‌വരയിൽ വലിയ വികസനമാണ് നടക്കുന്നതെന്നും പ്രസ്തുത മറുപടിയിൽ അവകാശപ്പെട്ടിരുന്നു. എന്നാൽ അതൊന്നും അംഗീകരിക്കാതെയാണ് അവിടെയുള്ള ജനങ്ങൾ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിധിയെഴുതിയതെന്ന് നാം കണ്ടതാണ്.


ഇതുകൂടി വായിക്കൂ: നുണക്കോട്ടകളുടെ ആഘോഷം


നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ അധികാരമേറ്റ് ആദ്യം നടത്തിയ ഉന്നതതല യോഗങ്ങളിൽ ഒന്ന് കശ്മീരിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ടതായിരുന്നുവെന്നും ഓർക്കണം. ജമ്മു കശ്മീർ മേഖലയെ ഭീകരരഹിതമാക്കുന്നതിന് നടപ്പിലാക്കിയ ആസൂത്രിത പദ്ധതികൾ വഴി നേടിയ വിജയങ്ങൾ മുന്നോട്ടുകൊണ്ടുപോകണമെന്നായിരുന്നു ജൂൺ 13ന് ചേർന്ന ഉന്നതതല യോഗത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ സുരക്ഷാ ഏജൻസികളോട് നിർദേശിച്ചത്. നൂതന മാർഗങ്ങളിലൂടെ തീവ്രവാദികളെ അടിച്ചമർത്തി മാതൃക കാട്ടാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും എല്ലാ സുരക്ഷാ ഏജൻസികളോടും ഈ ദൗത്യം ഏറ്റെടുത്ത് പ്രവർത്തിക്കാനും മന്ത്രി നിർദേശിച്ചുവെന്ന് വാർത്താക്കുറിപ്പും പുറത്തിറക്കിയിരുന്നു. എന്നാൽ ഇതെല്ലാം കേവലം അവകാശവാദങ്ങൾ മാത്രമാണെന്നും അവിടെ ഭീകരരുടെ വിളയാട്ടം അവസാനിച്ചിട്ടില്ലെന്നും വ്യക്തമാക്കുന്നതാണ് ഓരോ ദിവസവും പുറത്തുവരുന്ന വാർത്തകൾ. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നത് ജൂൺ നാലിനായിരുന്നു. അതിനുശേഷം ഇതുവരെയായി 10 പൗരന്മാരും എട്ട് സുരക്ഷാ സേനാംഗങ്ങളുമാണ് ഭീകരാക്രമണങ്ങളിലും ഏറ്റുമുട്ടലുകളിലുമായി കൊല്ലപ്പെട്ടിരിക്കുന്നത്. 12 ഭീകരരെയും വധിച്ചു. ഏഴ് സംഭവങ്ങളാണ് ഇതിനിടെയുണ്ടായത്. മോഡി സർക്കാരിന്റെ സത്യപ്രതിജ്ഞ നടന്ന ദിവസം കശ്മീരിലെ റിയാസി ജില്ലയിൽ തീർത്ഥാടകര്‍ക്ക് നേരെ ഭീകരാക്രമണമുണ്ടായി. ആക്രമണത്തിൽ തീർത്ഥാടകരുടെ ബസ് അപകടത്തിൽപ്പെട്ട് 10 പേർ മരിച്ചു. അടുത്ത ആക്രമണം ദോഡ മേഖലയിൽ വനത്തിനുള്ളിൽ പട്രോളിങ് നടത്തുകയായിരുന്ന സുരക്ഷാ സേനയ്ക്ക് നേരെ ഭീകരർ വെടിയുതിർത്തതായിരുന്നു. ദോഡ ജില്ലയിൽ തന്നെയുണ്ടായ മറ്റൊരു ഭീകരാക്രമണത്തിൽ അഞ്ച് സൈനികർക്കും ഒരു സ്പെഷ്യൽ പൊലീസ് ഓഫിസർക്കും പരിക്കേറ്റു. ജൂൺ 26ന് ദോഡയിൽ വീണ്ടും ഭീകരാക്രമണമുണ്ടായി, മൂന്ന് ഭീകരരെ വധിച്ചു. ജൂലൈ ആറിന് കുൽഗാം ജില്ലയിലെ മോഡെർഗം, ഫ്രിസൽ പ്രദേശങ്ങളിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർ വീരമൃത്യു വരിക്കുകയും നാല് ഭീകരർ കൊല്ലപ്പെടുകയും ചെയ്ത സംഭവമുണ്ടായി. അടുത്ത ദിവസം രജൗരി ജില്ലയിലെ ഗാലുതി ഗ്രാമത്തിൽ സൈനികപോസ്റ്റിന് നേരെ ഭീകരാക്രമണമുണ്ടായി. ഇതിന് പുറമെയാണ് കഠ്‌വ ജില്ലയിലെ മച്ചേഡി മേഖലയിൽ പട്രോളിങ് നടത്തുകയായിരുന്ന സൈനിക വാഹനത്തിന് നേരെ ഭീകരർ ഗ്രനേഡ് എറിഞ്ഞതും വെടിയുതിർത്തതും. അഞ്ച് സൈനികരാണ് വീരമൃത്യു വരിച്ചത്. കഴിഞ്ഞ ദിവസം ദോഡയിലും ആക്രമണമുണ്ടായി.


ഇതുകൂടി വായിക്കൂ: മണിപ്പൂർ: യാഥാർത്ഥ്യങ്ങളും മോഡി പറഞ്ഞ നുണകളും


ഈ സംഭവങ്ങൾക്കുള്ള പ്രത്യേകത പലതും ജമ്മു മേഖലയിലാണ് സംഭവിച്ചത് എന്നതാണ്. ഏതാനും വർഷങ്ങളായി കുറച്ച് സംഭവങ്ങൾ മാത്രം നടക്കുന്ന മേഖലയാണിത്. അതേസമയം, കേന്ദ്ര സർക്കാർ അവകാശപ്പെടുന്നതുപോലെ മറ്റിടങ്ങൾ ഭീകരവിമുക്തമാക്കുവാൻ സാധിച്ചിട്ടുമില്ല. കശ്മീരിലെ ഭീകര സാന്നിധ്യം കുറയുകയല്ല കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുന്നുവെന്നാണ് ഇതുസംബന്ധിച്ച് പുറത്തുവന്നിരിക്കുന്ന വിശകലനങ്ങൾ വ്യക്തമാക്കുന്നത്. സ്വയം മരിക്കാൻ തീരുമാനിച്ചിറങ്ങുന്ന ഭീകരരുടെ ആക്രമണങ്ങളോ, അവരെ നേരിടുന്നതിനുള്ള സൈനിക നീക്കങ്ങളോ ആയുണ്ടാകുന്ന ഓരോ സംഭവങ്ങളിലും പൗരന്മാരായും സൈനികരായും മരിക്കുന്നത് നമ്മുടെ കുടുംബാംഗങ്ങളാണെന്നാണ് നമ്മുടെ ബോധ്യം. അതുകൊണ്ട് ഭീകരതയെയും അവരുടെ കുത്സിത പ്രവർത്തനങ്ങളെയും ശക്തമായ ഭാഷയിൽതന്നെയാണ് നാം അപലപിക്കുന്നത്. അതിനാൽ ഇത്തരം വിഷയങ്ങളുടെ വസ്തുതകൾ ജനങ്ങളെ അറിയിച്ചും ബോധ്യപ്പെടുത്തിയുമാണ് സർക്കാർ മുന്നോട്ടുപോകേണ്ടത്. അതിനുപകരം വസ്തുതകൾ മറച്ചുവച്ച് അമിത അവകാശവാദങ്ങൾ ഉന്നയിക്കുമ്പോൾ ജനങ്ങൾ കബളിപ്പിക്കപ്പെടുന്നുവെന്ന് മാത്രമല്ല ഭരണകൂടത്തിന്റെ വലിയ നുണകൂടിയാണ് പൊളിഞ്ഞുപോകുന്നത്.

Kerala State - Students Savings Scheme

TOP NEWS

January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.