18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 4, 2024
December 3, 2024
December 2, 2024
December 2, 2024
December 2, 2024

ഉദയ്‌പുര്‍ സംഭവം നല്‍കുന്ന മുന്നറിയിപ്പ്

Janayugom Webdesk
June 30, 2022 5:00 am

രാജസ്ഥാനിലെ ഉദയ്‌പുരിൽ പ്രവാചകൻ മുഹമ്മദ് നബിയെപ്പറ്റി വിവാദ പരാമർശം നടത്തിയ ബിജെപി നേതാവ് നൂപുർ ശർമയെ അനുകൂലിച്ച് സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടതിന്റെ പേരിൽ ഒരു തുന്നൽ തൊഴിലാളിയെ മതഭ്രാന്തന്മാർ തലയറുത്തു കൊന്ന സംഭവം രാജ്യത്തെ അതീവ ഗുരുതരമായ സാമുദായികാന്തരീക്ഷത്തെയാണ് തുറന്നുകാണിക്കുന്നത്. മനുഷ്യത്വഹീനവും അതീവനിന്ദ്യവുമായ കൊലപാതകം അങ്ങേയറ്റം അപലപനീയവും കുറ്റവാളികൾ മാതൃകാപരമായി ശിക്ഷിക്കപ്പെടേണ്ടവരുമാണ്. രണ്ട് വ്യക്തികളുടെ തീവ്ര മതവികാരത്തിന് അപ്പുറം രാജ്യത്തിന് അകത്തും പുറത്തുമുള്ള ഭീകര സംഘടനകളുടെ പങ്ക് അന്വേഷണ വിധേയമാകണം. അത്തരം പ്രവർത്തനങ്ങൾ ഒരു മതത്തിന്റെയും ആശയത്തിന്റെയും ലക്ഷ്യത്തിന്റെയും പേരിൽ നിലനിൽക്കാനോ വളരാനോ ഒരു കാരണവശാലും അനുവദിച്ചുകൂടാ. ഭീകരസംഘടനകളുടെ അതിർത്തിക്ക് പുറത്തുള്ള പ്രവർത്തനങ്ങൾക്ക് അറുതിവരുത്താൻ അന്താരാഷ്ട്രതലത്തിൽ ഏകോപിതയത്നങ്ങൾക്ക് ഇന്ത്യ മുൻകൈ ശക്തമാക്കണം. രാജ്യത്തെ ഞെട്ടിപ്പിച്ച ഉദയ്‌പുരിലെ സംഭവത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചതായാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംസ്ഥാന ഭരണകൂടം വേണ്ടത്ര ജാഗ്രത പുലർത്തിയില്ലെന്ന ആക്ഷേപവും അസ്ഥാനത്തല്ല. രാജസ്ഥാനിലെ സംഭവം മറ്റെല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണം കയ്യാളുന്ന നരേന്ദ്രമോഡിക്കും സംഘത്തിനും അവഗണിക്കാനാവാത്ത മുന്നറിയിപ്പാണ്. അങ്ങേയറ്റം കലുഷിതമായ സാമുദായികാന്തരീക്ഷം സാഹോദര്യത്തിന്റെയും സന്മനോഭാവത്തിന്റെയും അന്തരീക്ഷത്തിലേക്ക് തിരികെ കൊണ്ടുവരിക എന്നതാണ് ആ മുന്നറിയിപ്പിന്റെ അന്തഃസത്ത.

ഉദയ്‌പുർ സംഭവത്തിന്റെ വേരുകൾ കേവലം 

നൂപുർ ശർമയുടെ വിവാദ പ്രവാചക പരാമർശത്തിൽ 

അവസാനിക്കുന്നില്ല. അത് രാജ്യത്ത് വളർന്നുവന്നിട്ടുള്ള 

വർഗീയ വിദ്വേഷ രാഷ്ട്രീയത്തിൽനിന്നാണ് ഊർജം സംഭരിക്കുന്നത്. 

ആ വിദ്വേഷരാഷ്ട്രീയമാണ് കേന്ദ്രഭരണം കയ്യാളുന്ന 

നരേന്ദ്രമോഡിയുടെയും ബിജെപിയുടെയും

അവർക്കു കരുത്തുപകരുന്ന ആർഎസ്എസ്-സംഘ്പരിവാർ 

ശക്തികളുടെയും പ്രത്യയശാസ്ത്ര അടിത്തറ

ഉദയ്‌പുർ സംഭവത്തിന്റെ വേരുകൾ കേവലം നൂപുർ ശർമയുടെ വിവാദ പ്രവാചക പരാമർശത്തിൽ അവസാനിക്കുന്നില്ല. അത് രാജ്യത്ത് വളർന്നുവന്നിട്ടുള്ള വർഗീയ വിദ്വേഷ രാഷ്ട്രീയത്തിൽനിന്നാണ് ഊർജം സംഭരിക്കുന്നത്. ആ വിദ്വേഷരാഷ്ട്രീയമാണ് കേന്ദ്രഭരണം കയ്യാളുന്ന നരേന്ദ്രമോഡിയുടെയും ബിജെപിയുടെയും അവർക്കു കരുത്തുപകരുന്ന ആർഎസ്എസ്-സംഘ്പരിവാർ ശക്തികളുടെയും പ്രത്യയശാസ്ത്ര അടിത്തറ. അവിടെ മതനിരപേക്ഷതയ്ക്കോ മതസഹോദര്യത്തിനോ സൗഹൃദത്തിനോ സ്ഥാനമില്ല. അവർക്ക് വിദ്വേഷരാഷ്ട്രീയം അധികാരത്തിലേക്കുള്ള കുറുക്കുവഴിയും അത് നിലനിർത്താനുള്ള ആയുധവുമാണ്. അതുകൊണ്ടു തന്നെയാണ് നൂപുർ ശർമയുടെ വിവാദ പരാമർശം ലോകവ്യാപക പ്രതിഷേധം ക്ഷണിച്ചുവരുത്തിയപ്പോഴും പ്രധാനമന്ത്രി നരേന്ദ്രമോഡിയും സംഘവും ഒരു മതവിഭാഗത്തെയാകെ വ്രണിതമാക്കിയ സംഭവത്തെ അപലപിക്കാനോ അവർക്ക് സുരക്ഷാബോധം പകരുന്ന വാക്കുകൾക്കോ നടപടികൾക്കോ മുതിരാതെ കുറ്റകരമായ നിശബ്ദത പുലർത്തിയതും. വിവാദ പരാമർശം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായ വിദ്വേഷ പ്രചരണംകൊണ്ടു നിറഞ്ഞപ്പോഴും ആ നിശബ്ദത തുടർന്നു. ഈ സാഹചര്യമാണ് ന്യൂനപക്ഷ തീവ്രവാദ ശക്തികൾ മുതലെടുത്തത്. ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും ഒരുപോലെ അപകടകാരിയും വിനാശകരവുമാണെന്ന് ഉദയ്‌പുർ സംഭവം ഒരിക്കൽക്കൂടി ആവർത്തിച്ചു തെളിയിക്കുന്നു. അതിനെ കേവലം ക്രമസമാധാന, ഭീകരവാദ പ്രശ്നമായി കണ്ടതുകൊണ്ടുമാത്രം പരിഹരിക്കാവുന്നതല്ല. അത് ഇന്ത്യയെപ്പോലെ ഒരു ജനാധിപത്യ സമൂഹത്തിൽ അടിസ്ഥാന രാഷ്ട്രീയപ്രശ്നമാണ്. രാഷ്ട്രീയമായി പരിഹാരം കാണേണ്ട വെല്ലുവിളിയാണ്.

ഇതുകൂടി വായിക്കൂ:  ഫാസിസത്തിന് ചുവപ്പുപരവതാനി വിരിക്കരുത് 

രാജസ്ഥാൻ പൊലീസും ദേശീയ അന്വേഷണ ഏജൻസിയും (എൻഐഎ) ആരംഭിച്ചിട്ടുള്ള അന്വേഷണം ഉദയ്‌പുർ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുള്ള കുറ്റവാളികളെ കണ്ടെത്താനും അവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാനും അതിന്റെ പിന്നിൽ നടന്ന ഗൂഢാലോചനയും അതിൽ ഉൾപ്പെട്ട രാജ്യത്തും പുറത്തുമുള്ള വിധ്വംസക, ഭീകരവാദ ശക്തികളെ കണ്ടെത്താനും സഹായകമാകും എന്ന് പ്രതീക്ഷിക്കാം. പക്ഷെ, അത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനും സാമുദായിക സൗഹാർദവും സമാധാന അന്തരീക്ഷവും ഉറപ്പുവരുത്താനും അത് മതിയാവില്ല. അതിനു ഇന്ത്യൻ രാഷ്ട്രത്തിന്റെ ഭരണഘടന ജനങ്ങൾക്ക് ഉറപ്പുനൽകുന്ന അടിസ്ഥാന ഭരണഘടനാ മൂല്യങ്ങളുടെ പുനഃസ്ഥാപനം അക്ഷരത്തിലും അർത്ഥത്തിലും കൂടിയേതീരു. തെരഞ്ഞെടുപ്പുകൾക്ക് അപ്പുറത്തുള്ള യഥാർത്ഥ ജനാധിപത്യത്തിന്റെ പ്രയോഗവും രാജ്യത്തിന്റെ മുഴുവൻ വൈവിധ്യത്തെയും വൈപുല്യത്തെയും ഉൾക്കൊള്ളുന്ന അർത്ഥപൂർണമായ മതനിരപേക്ഷതയും ആണത്. അത് ഉറപ്പുനൽകാൻ മോഡി ഭരണകൂടത്തിന് കഴിയുമോ, അതിനു അവർ സന്നദ്ധമാകുമോ എന്നതാണ് രാഷ്ട്രം നേരിടുന്ന വെല്ലുവിളി.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.