August 13, 2022 Saturday

ഫാസിസത്തിന് ചുവപ്പ് പരവതാനി വിരിക്കരുത്

Janayugom Webdesk
June 29, 2022 5:00 am

ടപ്പു നിയമസഭാ സമ്മേളനത്തിന്റെ രണ്ടാം ദിവസത്തോടെ കോൺഗ്രസ് നേതൃത്വം യാഥാർത്ഥ്യബോധത്തിലേക്ക് പൊടുന്നനെ തിരികെയെത്തിയ പ്രതീതിയാണ് ഇന്നലത്തെ അവരുടെ നിയമസഭാ പ്രകടനം കാഴ്ചവച്ചത്. അത് തീർച്ചയായും നമ്മുടെ പാർലമെന്ററി ജനാധിപത്യത്തിനും ക്രിയാത്മക രാഷ്ട്രീയ അന്തരീക്ഷത്തിനും അനുഗുണമായ സമീപനമാണ്. സമ്മേളനത്തിന്റെ ആദ്യദിവസം സഭയിലും അതിന് തൊട്ടുമുൻപുള്ള ദിവസങ്ങളിൽ സംസ്ഥാനത്തുടനീളവും നിലനിന്നിരുന്ന സംഘർഷഭരിതമായ അന്തരീക്ഷത്തിനു തെല്ല് അയവ് വന്നുവെന്നു മാത്രമല്ല, ആരോഗ്യപരമായ രാഷ്ട്രീയ സംവാദങ്ങൾക്കുള്ള അന്തരീക്ഷം സംജാതമായിരിക്കുന്നു എന്നുവേണം കരുതാൻ. കല്പറ്റയിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസിനുനേരെ ഉണ്ടായ ദൗർഭാഗ്യകരമായ ആക്രമണം വ്യാപകമായി അപലപിക്കപ്പെടുകയുണ്ടായി. മുഖ്യമന്ത്രി പിണറായി വിജയൻ, എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ, സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവരും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമടക്കം എൽഡിഎഫ് ഘടകകക്ഷി നേതാക്കളും സംഭവത്തെ നിശിതമായി അപലപിച്ചിരുന്നു. അപലപനത്തിൽ മാത്രമൊതുങ്ങാതെ സംഭവത്തിൽ ഉൾപ്പെട്ടവരെ അറസ്റ്റുചെയ്യുകയും അന്വേഷണം തുടരുകയുമാണ്. എംപിയുടെ ഓഫീസിനു മതിയായ സുരക്ഷ ഒരുക്കുന്നതിൽ പരാജയപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനും നടപടി നേരിടുകയാണ്. പൊലീസിന്റെ പരാജയവും അന്വേഷണവിധേയമാണ്. വസ്തുതകൾ ഇതായിരിക്കെ ഒരു അനിഷ്ടസംഭവത്തെ അവസരമാക്കി തങ്ങളുടെ ഗൂഢരാഷ്ട്രീ യ അജണ്ട നടപ്പാക്കാനുള്ള കോൺഗ്രസ് നേതൃത്വത്തിന്റെ അപക്വ നീക്കം പാളിയെന്ന തിരിച്ചറിവാണ് ഇന്നലത്തെ പൊടുന്നനെയുള്ള മാറ്റത്തിനു കാരണം എന്നുവേണം കരുതാൻ.


ഇതുകൂടി വായിക്കൂ:  മഹാരാഷ്ട്രയില്‍ ബിജെപിയുടെ കുതിരക്കച്ചവടത്തില്‍ ഭയന്ന് കോണ്‍ഗ്രസ്


രാഹുൽഗാന്ധി എംപിയുടെ ഓഫീസിനു നേരെയെന്നല്ല ഒരു ജനപ്രതിനിധിക്കും അവരുടെ ഓഫീസുകൾക്കും ന്യായമായ പ്രവർത്തനത്തിനും നേരെ അക്രമം ജനാധിപത്യ വ്യവസ്ഥയിൽ അംഗീകരിക്കാവുന്നതോ ന്യായീകരിക്കാവുന്നതോ അല്ല. കക്ഷിരാഷ്ട്രീയത്തിൽ അധിഷ്ഠിതമായ ജനാധിപത്യ രാഷ്ട്രീയ സംവിധാനത്തിൽ ഇത് രാഷ്ട്രീയപാർട്ടികൾക്കും സംഘടനകൾക്കും പോലും ബാധകമാണ്. ഏറ്റവും ദുർബലമെന്നു കരുതപ്പെടുന്ന പാർട്ടികൾക്കും ആശയങ്ങൾക്കും സ്വതന്ത്രമായും നിർഭയമായും പ്രവർത്തിക്കാൻ കഴിയുന്ന അന്തരീക്ഷത്തിൽ മാത്രമെ ജനാധിപത്യം അർത്ഥപൂര്‍ണമാവു. ദൗർഭാഗ്യവശാൽ ജനാധിപത്യത്തിന്റെ പേരിൽ നാഴികയ്ക്ക് നാല്പതുവട്ടം ആണയിടുന്ന പല പാർട്ടികളും സംഘടനകളും അവയുടെ നേതൃത്വവും ഈ യാഥാർത്ഥ്യം പ്രായോഗികതലത്തിൽ വിസ്മരിക്കുന്നു. അത്തരം പ്രതിലോമ നിലപാടുകൾ പലപ്പോഴും പ്രോത്സാഹിക്കപ്പെടുകയും കുറ്റവാളികൾ സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു. ദീർഘകാലാടിസ്ഥാനത്തിൽ അതിന് നല്കേണ്ടിവരുന്ന വില എന്തെന്ന് തിരിച്ചറിയാൻ ചരിത്രത്തെ ഏറെയൊന്നും ഖനനം ചെയ്യേണ്ടതില്ല. ഈ യാഥാർത്ഥ്യം അംഗീകരിക്കുന്നതിന് പകരം അക്രമത്തിന്റെ പാതയിലൂടെ തങ്ങളുടെ രാഷ്ട്രീയലക്ഷ്യം നേടാമെന്ന വ്യാമോഹം കോൺഗ്രസ് നേതൃത്വത്തിൽ ചിലരെങ്കിലും വച്ചുപുലർത്തുന്നു എന്നതിന്റെ പരസ്യ പ്രകടനമായിരുന്നു കല്പറ്റ സംഭവത്തോടുള്ള കോൺഗ്രസിന്റെ സംസ്ഥാനവ്യാപക പ്രതികരണം. അത്തരം സംഭവങ്ങളെ നിരുത്സാഹപ്പെടുത്തുന്നതിനും അപലപിക്കുന്നതിനും പകരം അവയെ പരസ്യമായി പ്രോത്സാഹിപ്പിക്കാനാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വം മുതിർന്നത്. ആ സമീപനം തന്നെയാണ് നിയമസഭാ സമ്മേളനത്തിന്റെ ആദ്യദിവസം അവർ അവലംബിച്ചതും.


ഇതുകൂടി വായിക്കൂ:  ലോക്പാല്‍ കേന്ദ്രം അട്ടിമറിക്കുന്നു


കല്പറ്റ സംഭവത്തെ ദുരുപയോഗംചെയ്ത് എൽഡിഎഫ് സർക്കാരിനെതിരായ തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യം കൈവരിക്കാമെന്ന കോൺഗ്രസിന്റെ കണക്കുകൂട്ടൽ അസ്ഥാനത്തായി. അതിനുവേണ്ടി അവർ ഉപയോഗിക്കുന്ന ആയുധം ബിജെപിയും കേന്ദ്ര സർക്കാരും പ്രയോഗിച്ചു പരാജയപ്പെട്ടവയാണ്. മാത്രമല്ല കേന്ദ്ര അന്വേഷണ ഏജൻസികളെക്കൊണ്ടുള്ള അന്വേഷണം എന്ന ആവശ്യത്തിന്റെ ഇരുതലവാൾ സ്വഭാവവും അതിന്റെ പരിഹാസ്യതയും തിരിച്ചറിയാൻ കഴിയാത്തവിധം രാഷ്ട്രീയതിമിരം അവരെ ബാധിച്ചിരിക്കുന്നു. രാഹുൽഗാന്ധി ചോദ്യംചെയ്യലിന് ഇരുന്ന ഇഡിയുടെ ചൂടാറാത്ത കസേര സോണിയാ ഗാന്ധിക്കുവേണ്ടി കാത്തിരിക്കുന്നു എന്നതും അവർ വിസ്മരിക്കുന്നു. കേരളത്തിൽ എൽഡിഎഫും കോൺഗ്രസും വിരുദ്ധ ചേരികളിലാണ്. അവർ കടുത്ത മത്സരത്തിലുമാണ്. എന്നാൽ കേരളം ഇന്ത്യയിലാണെന്നും ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയം രാജ്യത്തെ ജനാധിപത്യ, മതനിരപേക്ഷ, പുരോഗമന ശക്തികളോട് എന്താണ് ആവശ്യപ്പെടുന്നതെന്നും ആരും വിസ്മരിച്ചുകൂട. അതിന് വിരുദ്ധമായുള്ള ഏതുനീക്കവും രാജ്യത്തിന്റെയും ജനങ്ങളുടെയും താല്പര്യത്തിനു വിരുദ്ധവും ഫാസിസ്റ്റ് സ്വേച്ഛാധിപത്യത്തിനു ചുവപ്പു പരവതാനി വിരിക്കലുമായിരിക്കും.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.