18 December 2024, Wednesday
KSFE Galaxy Chits Banner 2

വിദ്യാഭ്യാസ ഗുണനിലവാരവും പരീക്ഷാ വിജയവും

എൻ ശ്രീകുമാർ
December 8, 2023 4:15 am

കേരളത്തിലെ ഉയർന്ന പരീക്ഷാവിജയം കരസ്ഥമാക്കുന്ന വിദ്യാർത്ഥികളിൽ അതേ പഠന നിലവാരം പ്രതിഫലിപ്പിക്കുന്നില്ലെന്ന വിമർശനം ഉന്നയിച്ചിരിക്കുന്നത് കേരളത്തിലെ പൊതുവിദ്യാഭ്യാസ ഡയറക്ടർ തന്നെയാണ്. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടുന്ന കുട്ടികളിൽ കൂട്ടിവായിക്കാൻപോലും സാധിക്കാത്തവരുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ചോദ്യപ്പേപ്പർ തയ്യാറാക്കുന്നവരുടെ ശില്പശാലയിൽ അദ്ദേഹം നടത്തിയ പരാമർശങ്ങളുടെ ശബ്ദരേഖയാണ് പുറത്തുവന്നിട്ടുള്ളത്. ഉയർന്ന പഠനശേഷികൾ ഉണ്ടോ എന്നന്വേഷിക്കുന്ന ചോദ്യങ്ങൾ പരീക്ഷകളിൽ ഉണ്ടാകണമെന്നാകും അദ്ദേഹം ഉദ്ദേശിച്ചിട്ടുണ്ടാവുക. ഇങ്ങനെയൊരു യോഗത്തിൽ സ്വാഭാവികമായും നൽകേണ്ട നിർദേശമായി അതിനെ കണ്ടാൽ മതി. എന്നാല്‍, കേരളത്തിൽ നടക്കുന്ന വിദ്യാഭ്യാസ പരിഷ്കാരങ്ങളെയും പരീക്ഷാ സംവിധാനങ്ങളെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ ധാരണക്കുറവ് ഈ പ്രസ്താവനകളിൽ പ്രകടമാണുതാനും.
കേരളത്തിൽ 10-ാം ക്ലാസ് പരീക്ഷയിൽ കുട്ടികൾക്ക് ഉയർന്ന വിജയ ശതമാനം ലഭിക്കുന്നുണ്ടെങ്കിലും വിദ്യാഭ്യാസ നിലവാരം ഉയർന്നിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം വ്യാഖ്യാനിക്കപ്പെട്ടത്. യഥാർത്ഥത്തിൽ ഇവിടെ സ്കൂൾ വിദ്യാഭ്യാസ നിലവാരം കുറവാണോ? യാതൊരു തെളിവിന്റെയും അടിസ്ഥാനത്തിലല്ല കുട്ടികളുടെ പഠന നിലവാരത്തെക്കുറിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ സംസാരിച്ചത് എന്നത് നിരുത്തരവാദിത്തമാണ്. ഇന്ത്യയിലെ സ്കൂൾ പഠന നിലവാരത്തെക്കുറിച്ച് എൻസിഇആർടി (ദേശീയ വിദ്യാഭ്യാസ പഠന ഗവേഷണ കൗൺസിൽ) നേതൃത്വത്തിൽ എല്ലാ വർഷവും സർവേ നടക്കുന്നുണ്ട്. 2021 നവംബറിലാണ് ഒടുവിൽ ഈ സർവേ നടന്നത്. അതിൽ കേരളത്തിന്റെ പഠന നിലവാരം മികച്ച നിലയിലാണെന്ന് അടയാളപ്പെടുത്തുന്നുണ്ട്. മൂന്ന്, അഞ്ച്, എട്ട് ക്ലാസിലെ കുട്ടികളുടെ ഭാഷ, ഗണിതം, പരിസര പഠനം, സോഷ്യൽ സയൻസ് തുടങ്ങിയ വിഷയങ്ങൾ കേന്ദ്രീകരിച്ചാണ് പഠനം. അഞ്ച്, എട്ട് ക്ലാസിലെ ഗണിതം, എട്ടാം ക്ലാസിലെ സോഷ്യൽ സയൻസ് തുടങ്ങിയ വിഷയങ്ങളില്‍ മാത്രമാണ് ദേശീയ ശരാശരിയെക്കാൾ പിന്നിലുള്ളത്. ബാക്കി വിഷയമേഖലകളിൽ ദേശീയ നിലവാരത്തെക്കാള്‍ നമ്മുടെ സംസ്ഥാനം വളരെ മുന്നിലാണെന്ന് കാണാം. മാത്രമല്ല, നിശ്ചിത പഠന ലക്ഷ്യങ്ങളെ മുൻ നിർത്തിയുള്ള പഠനം, കുട്ടികൾ ഇഷ്ടപ്പെടുന്ന സ്കൂൾ, ക്ലാസ് അന്തരീക്ഷം, കായിക വിനോദത്തിനുള്ള അവസരം തുടങ്ങിയ കാര്യങ്ങളിലൊക്കെ സർവേയിലെ ദേശീയ മാനദണ്ഡങ്ങൾ പ്രകാരം നമ്മുടെ സ്കൂളുകൾ മുൻപന്തിയിലാണ്.


ഇതുകൂടി വായിക്കൂ: കേരളം കടത്തിൽ മുങ്ങുന്നതെങ്ങനെ?


കേരളത്തിലെ കുട്ടികൾക്ക് മാർക്ക് ദാനം നടക്കുന്നുണ്ടോ എന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ സംശയിക്കുന്നത്. നിരന്തര മൂല്യനിർണയത്തിന്റെ പേരിൽ നൽകുന്ന മാർക്ക്, ദാനമല്ല. നിശ്ചിത മാനദണ്ഡ പ്രകാരമാണ് കുട്ടികൾക്ക് സ്കോർ നൽകേണ്ടത്. അത് പാലിക്കപ്പെടുന്നില്ലെന്ന ആക്ഷേപം ഈ സമ്പ്രദായം ആരംഭിച്ച കാലം മുതലുള്ളതാണ്. എഴുത്തു പരീക്ഷയ്ക്ക് ഓരോ വിഷയത്തിനും നിശ്ചിത മാർക്ക് ഉറപ്പാക്കണമെന്ന ആവശ്യം അങ്ങനെയാണ് ഉയർന്നിട്ടുള്ളത്. എന്നാൽ, നിരന്തര മൂല്യനിർണയമാണ്, എഴുത്തു പരീക്ഷയെക്കാൾ ആധികാരികരീതിയായി അംഗീകരിക്കപ്പെട്ടിരിക്കുന്നത്. സ്വാഭാവിക പഠനാന്തരീക്ഷത്തിലെ കുട്ടിയുടെ പഠനമികവ് തിരിച്ചറിഞ്ഞ് നൽകുന്ന സ്കോറാണത്. കുട്ടിയുടെ അറിവ്, നിരീക്ഷണ പാടവം, ഉചിതമായ പഠന രീതി തിരഞ്ഞെടുക്കൽ, സ്വന്തം കാഴ്ചപ്പാട് രൂപീകരിക്കാനുള്ള കഴിവ് തുടങ്ങി ഒട്ടേറെ മാനദണ്ഡങ്ങൾ പരിഗണിച്ചാണ് നിരന്തര മൂല്യനിർണയത്തിന് സ്കോർ നൽകേണ്ടത്. ഇതൊക്കെ വേണ്ടരീതിയിൽ ചെയ്യുന്നതിന് നല്ല മാതൃകകളും നല്ല പരിശീലനവും നൽകി അധ്യാപകർ ശാക്തീകരിക്കപ്പെടുന്നുമുണ്ട്. ശാസ്ത്രീയമായി അത് നിർവഹിക്കാതെ, കേവലം മാർക്ക് ദാനമായി നിരന്തര മൂല്യനിർണയത്തിന്റെ സ്കോറുകൾ മാറുന്നെങ്കിൽ വിദ്യാഭ്യാസ വകുപ്പാണ് അതിന് ഉത്തരം പറയേണ്ടത്.
നിരന്തര മൂല്യനിർണയ സ്കോറുകൾ ദാനമായി നൽകിയാലും എഴുത്തുപരീക്ഷയ്ക്ക് ‘മാർക്ക് മിനിമം’ നിലനിർത്തണമെന്ന വാദം നേരത്തെതന്നെ ഉയർന്നിട്ടുണ്ട്. എഴുത്തുപരീക്ഷ നിശ്ചിത സമയത്തിനുള്ളിലെ ഓർമ്മശക്തി, എഴുതാനുള്ള വേഗത തുടങ്ങിയ ഒട്ടേറെ പരിമിതികളുള്ള പരീക്ഷാ രീതിയാണ്. എഴുത്തു പരീക്ഷയുടെ പരിമിതിയും മാർക്കിനു വേണ്ടിയുള്ള മത്സരവും അവസാനിപ്പിക്കാൻ കൂടിയാണ് നിരന്തര മൂല്യനിർണയം പ്രാവർത്തികമാക്കിയത്. അതിനാൽ, എഴുത്തുപരീക്ഷയുടെ പ്രാധാന്യം വർധിപ്പിക്കുകയല്ല, നിരന്തര മൂല്യനിർണയം ശാസ്ത്രീയമായി നടപ്പിലാക്കാൻ ശ്രമിക്കുകയാണ് വേണ്ടത്. മാർക്ക് ദാനം നടക്കുന്നുണ്ടെങ്കിൽ അത്, പൊതുവിദ്യാഭ്യാസ ഡയറക്ടർ സൂചിപ്പിച്ചതു പോലെ കുട്ടികളോടു ചെയ്യുന്ന വഞ്ചന തന്നെയാണ്.
പരീക്ഷാ ചോദ്യങ്ങളുടെ സ്വഭാവവും മാറ്റത്തിന് വിധേയമാകണം. കുട്ടിയുടെ കേവല വിജ്ഞാനാർജനത്തെക്കുറിച്ച് അന്വേഷിക്കുന്നതിനപ്പുറം അവന്റെ/അവളുടെ ചിന്താശേഷിയെ ഉണർത്തുന്ന ചോദ്യങ്ങളാണ് രൂപപ്പെടുത്തേണ്ടത്. അപഗ്രഥനശേഷി, തീരുമാനമെടുക്കാനുള്ള കഴിവ്, നേടിയ അറിവ് നിശ്ചിത സന്ദർഭത്തിൽ പ്രയോഗിക്കാനുള്ള പാടവം തുടങ്ങിയ കുട്ടികളുടെ ഉയർന്ന ശേഷികളെ അന്വേഷിക്കുന്ന വിധമുള്ള ചോദ്യങ്ങൾ വേണം. നിശ്ചിതവും കൃത്യവുമായ മാനദണ്ഡങ്ങൾക്കനുസൃതമായി അവ വിലയിരുത്തുകയും ചെയ്യണം. സംസ്ഥാന പഠന ഗവേഷണ കൗൺസിൽ എഴുത്തു പരീക്ഷാചോദ്യങ്ങളുടെ രീതി, മാനദണ്ഡങ്ങൾക്കനുസൃതമായി വിലയിരുത്തൽ, നിരന്തര മൂല്യനിർണയത്തിന്റെ ശാസ്ത്രീയമായ പ്രയോഗവൽക്കരണം തുടങ്ങിയ കാര്യങ്ങളിൽ കൃത്യമായി മാർഗരേഖ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവ നടപ്പിലാക്കുന്ന വിധം മുൻനിർത്തി അധ്യാപകർക്ക് പരിശീലനവും നൽകുന്നുണ്ട്. അങ്ങനെയൊക്കെത്തന്നെയാണോ കാര്യങ്ങൾ നടക്കുന്നത് എന്ന് അന്വേഷിക്കേണ്ട ചുമതല പൊതു വിദ്യാഭ്യാസ ഡയറക്ടറുടേതാണ്.


ഇതുകൂടി വായിക്കൂ:ചിലിയിലെ ചുവപ്പ്, ചരിത്രത്തിന്റെ വസന്തം


അക്ഷരമാല പഠിപ്പിക്കാത്തത് കുട്ടികളുടെ ഭാഷാപഠനത്തെ ബാധിച്ചിരിക്കുന്നു എന്ന ശക്തമായ ആക്ഷേപവും പല മേഖലകളിൽ നിന്നും ഉയരുന്നുണ്ട്. യഥാർത്ഥത്തിൽ സ്കൂളുകളിൽ അക്ഷരം പഠിപ്പിക്കുന്നുണ്ട്. എന്നാൽ, യാന്ത്രികമായും, മനഃപാഠമായും പഠിപ്പിക്കുന്ന രീതിക്കു പകരം ജീവിത സന്ദർഭങ്ങളിൽ നിന്ന് ഭാഷയിലെ വാക്യങ്ങളിലേക്കും തുടർന്ന് വാക്കുകളിലേക്കും അതിൽ നിന്ന് അക്ഷരങ്ങളിലേക്കും കുട്ടിയെ നയിക്കുന്ന ഭാഷാപഠന രീതിയാണ് പ്രൈമറി ക്ലാസിൽ അവലംബിക്കുന്നത്. ജൈവികമായി ഭാഷയെ കുട്ടിയിലേക്ക് സന്നിവേശിപ്പിക്കുന്ന രീതിയാണത്. മുൻകൂട്ടി അക്ഷരമാല പഠിച്ചില്ലെങ്കിലും, ഒന്ന്, രണ്ട് ക്ലാസ് പൂർത്തിയാക്കുന്ന എല്ലാ കുട്ടികൾക്കും ജീവിതസന്ദർഭത്തിൽ നിന്ന് എല്ലാ ഭാഷാക്ഷരങ്ങളും പരിചയപ്പെടാൻ പറ്റുംവിധമാണ് പാഠ്യപദ്ധതി ക്രമീകരിച്ചിരിക്കുന്നത്. നമ്മുടെ കുട്ടികളുടെ ഭാഷാർജന രീതിയെ ഇത് നന്നായി വളർത്തിയിട്ടുണ്ട് എന്ന് അഭ്യൂഹങ്ങൾക്കപ്പുറം നേരിട്ട് കുട്ടികളെ വിലയിരുത്തിയാൽ ബോധ്യപ്പെടുന്നതേയുള്ളൂ. എന്നാൽ, ഇംഗ്ലീഷ് ഉൾപ്പെടെ ഇതര പഠന മാധ്യമങ്ങളെ ഒന്നാംതരം മുതൽ ആശ്രയിക്കുന്ന വിദ്യാർത്ഥികളുടെ മാതൃഭാഷാ നിലവാരം പ്രത്യേകം പരിശോധിക്കേണ്ടിവന്നേക്കാം.
ഓരോ വിദ്യാർത്ഥിയുടെയും പഠനപുരോഗതിയും ഗുണമേന്മയുള്ള വിദ്യാഭ്യാസം അവരുടെ അവകാശമാണെന്ന കാഴ്ചപ്പാടും നിഷ്കർഷിക്കുന്ന ഇടതുമുന്നണി സർക്കാർ പൊതുവിദ്യാലയങ്ങളെ അക്കാദമികമായും ഭൗതികമായും പുരോഗതിയിലേക്ക് നയിക്കാൻ നല്ല പരിശ്രമം നടത്തുന്നുണ്ട്. വിവര സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിക്കാനും സാർവദേശീയ നിലവാരം കൈവരിക്കാനും ശ്രമം നടത്തുകയാണ്. ഇന്ത്യയിലെ സ്കൂൾ വിദ്യാഭ്യാസ നിലവാരം കുറഞ്ഞ ബിഹാർ പോലുള്ള സംസ്ഥാനങ്ങളോടല്ല, ഫിൻലൻഡ് ഉൾപ്പെടെ ഉയർന്ന നിലവാരം കൈവരിച്ചിട്ടുള്ള രാജ്യങ്ങളിലെ വിദ്യാഭ്യാസ മേഖലയുടെ അനുഭവം കൈവരിക്കാനാണ് കേരളം ശ്രമിക്കുന്നത്. സാമൂഹികമായും സാമ്പത്തികമായും വളരെ പിന്നാക്കാവസ്ഥയിലുള്ള കുട്ടികൾ ഉൾപ്പെടെ പഠിക്കുന്ന സ്ഥാപനങ്ങളാണ് നമ്മുടെ പൊതുവിദ്യാലയങ്ങൾ. ആ സ്ഥാപനങ്ങളിൽ ഗുണനിലവാരം ഇല്ലെന്നും മാർക്ക് ദാനമാണ് നടക്കുന്നതെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറെക്കൊണ്ടു തന്നെ പറയിക്കുന്നതിന് പിന്നിൽ മറ്റ് അജണ്ടകൾ ഉണ്ടോ എന്ന് സംശയിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.