17 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 15, 2025
April 15, 2025
April 14, 2025
April 9, 2025
April 1, 2025
March 29, 2025
March 28, 2025
March 28, 2025
March 26, 2025
March 23, 2025

മോഡീഭരണത്തിന്റെ എട്ടുവര്‍ഷക്കാലം

സത്യന്‍ മൊകേരി
വിശകലനം
June 1, 2022 6:00 am

നരേന്ദ്രമോഡി ഗവണ്‍മെന്റിന് എട്ടുവര്‍ഷം പൂര്‍ത്തിയായി. കോണ്‍ഗ്രസ് ഗവണ്മെന്റിന്റെ ജനദ്രോഹനയങ്ങളില്‍ അസംതൃപ്തരായ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് 2014ല്‍ മോഡിയുടെ നേതൃത്വത്തില്‍ ഒന്നാം എന്‍ഡിഎ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നത്. കൃഷിക്കാരുടെ വരുമാനം ഇരട്ടിയാക്കും, തൊഴിലില്ലായ്മ പരിഹരിക്കുന്നതിനായി വര്‍ഷംതോറും രണ്ട് ലക്ഷം തൊഴില്‍ പുതുതായി സൃഷ്ടിക്കും, രാജ്യത്തെ ജനങ്ങള്‍ നേരിടുന്ന ദാരിദ്ര്യം അവസാനിപ്പിക്കും എന്നിങ്ങനെയുള്ള വാഗ്ദാനങ്ങള്‍ നല്കിയാണ് നരേന്ദ്രമോഡി അധികാരത്തില്‍ വന്നത്. 2019ല്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ സംഘ്പരിവാര്‍ ശക്തികള്‍ക്ക് കഴിഞ്ഞു. ‘നരേന്ദ്രമോഡി ഗവണ്‍മെന്റ് അധികാരത്തില്‍ വന്നത് സാധാരണഗതിയിലുള്ള ഭരണമാറ്റമായിരുന്നില്ല. ഒരു കക്ഷിയില്‍ നിന്ന് മറ്റൊരു ബൂര്‍ഷ്വാ പാര്‍ട്ടിയിലേക്കുള്ള അധികാര കൈമാറ്റം ആയിരുന്നില്ല’ പുതുച്ചേരിയില്‍ ചേര്‍ന്ന സിപിഐ 22-ാം പാര്‍ട്ടി കോണ്‍ഗ്രസ് ഭരണമാറ്റത്തെ വിലയിരുത്തിക്കൊണ്ട് വ്യക്തമാക്കി. രാജ്യത്തിന്റെ ഭരണം ഫാസിസ്റ്റ് ശക്തികള്‍ക്ക് നിര്‍ണായകസ്വാധീനം ചെലുത്താന്‍ കഴിയുന്ന ശക്തികളിലേക്കാണ് എത്തിയത്. അധികാരത്തില്‍ വന്ന ഉടന്‍ തന്നെ രാജ്യത്തിന്റെ ഭരണഘടനയ്ക്കും ജനാധിപത്യ സംവിധാനങ്ങള്‍ക്കും വെല്ലുവിളികള്‍ ഉയര്‍ത്തുന്ന നിരവധി നടപടികളാണ് സ്വീകരിച്ചത്. കോര്‍പറേറ്റ് മൂലധന ശക്തികളുടെ താല്പര്യം സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് മുന്നോട്ടുപോയി. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും കൃഷിക്കാരുടെ വരുമാനം വര്‍ധിപ്പിക്കുമെന്നുമുള്ള പ്രഖ്യാപനം വിസ്മരിച്ചു. ജനങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിച്ചു നടന്ന എല്ലാ പ്രക്ഷോഭങ്ങളെയും ജനങ്ങളുടെ ഭിന്നാഭിപ്രായങ്ങളെയും പൂര്‍ണമായും അവഗണിച്ചു. ആഗോളമൂലധന ശക്തികളുടെ താല്പര്യം സംരക്ഷിക്കുന്നതിനാവശ്യമായ നടപടികള്‍ നടപ്പിലാക്കുകയാണ് ചെയ്തത്. നരേന്ദ്രമോഡി ഗവണ്‍മെന്റിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായി പ്രക്ഷോഭം നടത്തിയ ജനങ്ങളെ മത‑ജാതി, ഗോത്രപരമായി ഭിന്നിപ്പിക്കുന്നതിനുള്ള പരിശ്രമങ്ങള്‍ കൂടുതല്‍ ശക്തമായി നടത്തി. 2019ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിച്ച് തെരഞ്ഞെടുപ്പില്‍ വീണ്ടും വിജയിക്കാനുള്ള ശ്രമമാണ് നടത്തിയത്. അതില്‍ വിജയിക്കാനും കഴിഞ്ഞു. 2019ല്‍ വീണ്ടും അധികാരത്തില്‍ വന്നതോടെ കൂടുതല്‍ ശക്തമായ നീക്കങ്ങളാണ് ഹിന്ദുത്വ ശക്തികള്‍ സംഘടിതമായി നടത്തുന്നത്. ജനങ്ങള്‍ നേരിടുന്ന ജീവിത പ്രശ്നങ്ങളെ നിസാരവല്കരിച്ച് വര്‍ഗീയ ചിന്ത ഉദ്ദീപിപ്പിക്കാനുള്ള നീക്കങ്ങള്‍ സംഘടിതമായി നടപ്പിലാക്കുകയാണ്. ഇതിന്റെയെല്ലാം ലക്ഷ്യം ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി പരിവര്‍ത്തനം ചെയ്യിക്കുക എന്നതാണ്. മതപരമായ ചേരിതിരിവ് സൃഷ്ടിച്ച് വീണ്ടും അധികാരത്തില്‍ വന്നതിന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ 2024ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വീണ്ടും വിജയം കൈവരിക്കുന്നതോടെ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റുക എന്നതാണ് സംഘ്പരിവാര്‍ ലക്ഷ്യം വയ്ക്കുന്നത്. പൗരത്വ നിയമം കൊണ്ടുവന്നതും ഏകീകൃത സിവില്‍ നിയമം കൊണ്ടുവരാനുള്ള നീക്കങ്ങളും ഹിന്ദുരാഷ്ട്ര നിര്‍മ്മിതിക്കായുള്ള പാത ഒരുക്കലാണ്. ഇന്ത്യയിലെ മുസ്‌‌ലിം, ക്രിസ്ത്യന്‍ വിഭാഗം ഉള്‍പ്പെടെയുള്ള ജനവിഭാഗങ്ങളെ രണ്ടാംതരം പൗരന്മാരാക്കി മാറ്റാനുള്ള നീക്കം രാജ്യത്തിന്റെ നിലനില്പിന് തന്നെ അപകടം വരുത്തുന്നതാണ്.


ഇതുകൂടി വായിക്കാം;  ജനാധിപത്യം സംരക്ഷിക്കുക എന്ന അനിവാര്യത


രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘ്പരിവാര്‍ ശക്തികള്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരായി ആക്രമണങ്ങള്‍ ശക്തിപ്പെടുത്തി. ബിജെപി ഭരിക്കുന്ന സംസ്ഥാന ഗവണ്മെന്റുകള്‍ ന്യൂനപക്ഷ വേട്ടയ്ക്ക് എല്ലാ പിന്തുണയും നല്കുന്നു. ഗ്യാന്‍വാപി, മഥുര ഈദ്ഗാഹ് മസ്ജിദ്, കുത്തബ്മിനാര്‍ തുടങ്ങിയ വിഷയങ്ങള്‍ രാജ്യത്ത് ഉയര്‍‍ത്തിക്കൊണ്ടുവരുന്നു. 2024ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടാണ് ഈ നീക്കങ്ങളെല്ലാം. ജില്ലകളുടെയും വിവിധ സ്ഥലങ്ങളുടെയും പേര്‍ മാറ്റുന്നതിനായി നീക്കങ്ങള്‍ നടത്തുന്നു. മുസ്‌ലിം പേരുള്ള സ്ഥലനാമങ്ങള്‍ ഹിന്ദു പേരുകളാക്കി മാറ്റുന്നത് വര്‍ഗീയത നടപ്പിലാക്കുന്നതിന്റെ ഭാഗമാണ്. ഇതിനകംതന്നെ യുപിയിലെ അഹമ്മദാബാദ് പ്രയാഗ്‌രാജായും ഫൈസല്‍ബാദിന്റെ പേര് അയോധ്യയായും മാറ്റുകയുണ്ടായി. ഡല്‍ഹിയിലെ 40 സ്ഥലനാമങ്ങളുടെ പേര്‍ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകള്‍ പരസ്യമായി രംഗത്തുവന്നിട്ടുണ്ട്. കഴിഞ്ഞ യുപി നിയമസഭാ തെര‍ഞ്ഞെടുപ്പില്‍ പരാജയം മണത്തറിഞ്ഞ ആദിത്യനാഥ് യുപിയിലെ തെര‍ഞ്ഞെടുപ്പ് ഭൂരിപക്ഷവും ന്യൂനപക്ഷവും തമ്മിലുള്ള മത്സരമായി വിശദീകരിച്ച് പ്രചാരണം നടത്തി. മുസ്‌ലിം വിരോധം ആളിക്കത്തിച്ച് ഹിന്ദു ഏകീകരണവും ആയിരുന്നു ബിജെപയും യുപി മുഖ്യമന്ത്രി ആദിത്യനാഥും ലക്ഷ്യം വച്ചത്. നരേന്ദ്രമോഡി ഗവണ്മെന്റിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരായി ഒന്നിച്ച് അണിനിരന്ന കര്‍ഷകരെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കുന്നതിനും ലക്ഷ്യംവച്ചു. അധികാരത്തില്‍ വന്ന് എട്ടു വര്‍ഷം പിന്നിട്ട് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കാതെ, ഹിന്ദുത്വ രാഷ്ട്ര സ്വപ്നത്തില്‍ ഭൂരിപക്ഷം ജനങ്ങളെ മോഹിപ്പിച്ച്, കോര്‍പറേറ്റ് ആഗോളമൂലധന ശക്തികളുടെ താല്പര്യം സംരക്ഷിക്കുവാനുള്ള പദ്ധതികളാണ് ഗവണ്മെന്റ് നടപ്പിലാക്കുന്നത്. കോവിഡ് മഹാമാരി രാജ്യത്താകെ സ്തംഭിപ്പിച്ചപ്പോള്‍‍ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാന്‍ തയാറായപക്ഷം ജനങ്ങള്‍ക്ക് ചികിത്സ ലഭ്യമാക്കിയില്ല. ഇന്ത്യയിലെ ജനങ്ങളില്‍ പാവപ്പെട്ടവര്‍ ചികിത്സ ലഭിക്കാതെ ദുരിതത്തിലായി. ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 47 ലക്ഷം ഇന്ത്യക്കാര്‍ കോവിഡ് പിടിപെട്ട് മരണപ്പെട്ടു. 5.4 ലക്ഷം പേര്‍ മരിച്ചുവെന്നാണ് ഇന്ത്യാ ഗവണ്മെന്റിന്റെ കണക്ക്. രോഗം പിടിപെട്ട് മരിച്ചവരുടെ കണക്ക് മറച്ചുവച്ചു. രോഗികള്‍ക്ക് ചികിത്സാസൗകര്യം ലഭ്യമാക്കിയില്ല. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ തൊഴിലിനായി പോയ ലക്ഷക്കണക്കായ തൊഴിലാളികളെ സംരക്ഷിക്കുവാന്‍ നടപടികള്‍ സ്വീകരിച്ചില്ല. കേരളത്തില്‍ മാതൃകാപരമായി നടപ്പിലാക്കിയ ഭക്ഷ്യ ലഭ്യത ഉറപ്പുവരുത്തുന്ന പദ്ധതി രാജ്യവ്യാപകമായി നടപ്പിലാക്കണമെന്ന ഇടതുപക്ഷത്തിന്റെ ആവശ്യം കേന്ദ്ര ഗവണ്മെന്റ് പൂര്‍ണമായും അവഗണിച്ചു. ആഗോള പട്ടിണി സൂചികയില്‍ 2020 ല്‍ 116 രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 94 ആയിരുന്നു. 2021ല്‍ ഇന്ത്യ 101-ാം സ്ഥാനത്തായി. നാഷണല്‍ ആരോഗ്യ സര്‍വേ പ്രകാരം (എന്‍എഫ്എസ് എസ് 4) ആറ് മാസം മുതല്‍ 23 മാസം വരെയുള്ള കുട്ടികളിള്‍ 10 ശതമാനത്തില്‍ താഴെ മാത്രമാണ് മതിയായ ഭക്ഷണം ലഭിക്കുന്നത്. അ‍ഞ്ച് വയസില്‍ താഴെയുള്ള കുട്ടികളില്‍ 38.4 ശതമാനവും വരള്‍ച്ച മുരടിച്ച് ദുരിതം അനുഭവിക്കുന്നു. 1000ല്‍ 34 കുട്ടികള്‍ ജനിക്കുന്നതിന് മുമ്പ് തന്നെ മരണപ്പെടുന്നു. അമ്മമാരുടെ പോഷകാഹാരക്കുറവു കാരണമാണ് കുഞ്ഞുങ്ങള്‍ ജനിക്കുന്നതിന് മുമ്പ് തന്നെ മരണപ്പെടുന്നത്. കുട്ടികളുടെയും അമ്മമാരുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് പോഷകാഹാരം ലഭ്യമാക്കേണ്ടുന്നതിനുള്ള പദ്ധതികള്‍ക്ക് 2022ലെ ബജറ്റില്‍ പണം വെട്ടിക്കുറച്ചു.


ഇതുകൂടി വായിക്കാം; ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ഗുരുതര വിദേശ വിനിമയ പ്രതിസന്ധിയിലേക്ക്


മുന്‍വര്‍ഷത്തെ ബജറ്റില്‍ 64,192 കോടി രൂപ ചെലവാക്കിയത് 42,000 കോടി രൂപയായി കുറയ്ക്കുകയാണ് ചെയ്തത്. രാജ്യത്തെ ഗ്രാമീണരുടെ ദാരിദ്ര്യ നിര്‍മ്മാര്‍ജനം ചെയ്യുന്നതിന്റെ ഭാഗമായി ഒന്നാം യുപിഎ കാലത്ത് ഇടതുപക്ഷത്തിന്റെ ശക്തമായ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ നടപ്പിലാക്കിയ പദ്ധതിയാണ് ദേശീയ തൊഴിലുറപ്പ് പദ്ധതി. ഗ്രാമീണ ജനങ്ങളുടെ വാങ്ങല്‍ശേഷി വര്‍ധിപ്പിക്കുന്നതിന് സഹായകരമായിരുന്ന പദ്ധതിയാണിത്. പദ്ധതിക്ക് 73,000 കോടി രൂപയാണ് പുതിയ ബജറ്റില്‍ മാറ്റിവച്ചത്. കഴിഞ്ഞ വര്‍ഷം 98,000 കോടി രൂപ ഈ മേഖലയില്‍ ചെലവഴിച്ചതാണ്. 2021 ലെ സര്‍വേ പ്രകാരം സ്വകാര്യ വിദ്യാലയങ്ങളില്‍ കുട്ടികളെ പഠിപ്പിക്കുന്ന രക്ഷിതാക്കള്‍ പ്രയാസത്തിലാണ് എന്ന് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഫീസ് വര്‍ധനവ് കാരണം 52 ശതമാനം രക്ഷിതാക്കള്‍ ബുദ്ധിമുട്ടിലാണ്. ഇപ്പോള്‍ പഠിച്ചുവരുന്ന 35 ശതമാനം വിദ്യാര്‍ത്ഥികള്‍ പഠനം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാതെ പ്രയാസപ്പെടുന്നു. പൊതുമേഖലയെ ആകെ സ്വകാര്യവല്ക്കരിക്കുന്നതിനുള്ള നീക്കങ്ങള്‍ ദ്രുതഗതിയില്‍ മുന്നോട്ടു കൊണ്ടുപോകുന്നു. എല്‍ഐസിയുടെ ഓഹരി വില്പന നടന്നുവരികയാണ്. ദേശീയ ആസ്തി വില്പന പദ്ധതി പ്രകാരം നടപടികള്‍ സ്വീകരിച്ച രാജ്യത്തിന്റെ പൊതു സമ്പത്ത് ആഗോള – ദേശീയ കുത്തകകള്‍ക്ക് കൈമാറ്റം ചെയ്യുന്നു. കാര്‍ഷിക മേഖല കോര്‍പ്പറേറ്റുവല്ക്കരിക്കാനുള്ള നീക്കങ്ങള്‍ നടന്നു. ഇന്ത്യയുടെ ഭക്ഷ്യമേഖല ധന മൂലധനശക്തികള്‍ക്ക് കൈമാറാനാണ് നരേന്ദ്രമോഡി നീക്കം നടത്തിയത്. ഇതിനായി പാസാക്കിയ മൂന്ന് നിയമങ്ങള്‍ക്കെതിരായി അതിശക്തമായ പ്രക്ഷോഭങ്ങള്‍ രാജ്യത്ത് വളര്‍ന്നുവന്നു. നരേന്ദ്രമോ‍ഡി ഗവണ്‍മെന്റിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരെ കര്‍ഷകരുടെ യോജിച്ച പോരാട്ടങ്ങള്‍ക്ക് മുന്നില്‍ പ്രധാനമന്ത്രിക്ക് മുട്ടുമടക്കേണ്ടിവന്നു. രാജ്യത്തെ വ്യവസായ മേഖല കോര്‍പ്പറേറ്റുകള്‍ക്ക് കൈമാറുന്നതിന്റെ ഭാഗമായി തൊഴില്‍ നിയമങ്ങള്‍ ഇല്ലാതാക്കി. തൊഴില്‍ നിയമങ്ങള്‍ നാല് തൊഴില്‍ കോഡുകളാക്കി ചുരുക്കി. തൊഴിലാളികളുടെ അവകാശങ്ങള്‍ കവര്‍ന്നെടുത്തതിനെതിരായി രാജ്യത്ത് വലിയ പ്രക്ഷോഭങ്ങള്‍ വളര്‍ന്നുവന്നു. തൊഴിലാളിയും പണിമുടക്കി. വിദ്യാഭ്യാസ മേഖലയും കോര്‍പ്പറേറ്റുവല്ക്കരിക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നു. പുതിയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതോടെ സാധാരണ ജനവിഭാഗങ്ങളുടെ കുട്ടികള്‍ക്ക് പഠിക്കുവാന്‍ കഴിയാതെവരും. പാര്‍ലമെന്റിനെയും ജുഡീഷ്യറിയെയും ഭരണഘടനാ സ്ഥാപനങ്ങളെയും അന്വേഷണ ഏജന്‍സികളെയും ഇന്ത്യന്‍ സൈന്യത്തെയും ഹിന്ദുത്വ ശക്തികളുടെ താല്പര്യത്തിനായി രൂപപ്പെടുത്താനുള്ള നീക്കങ്ങളാണ് നടക്കുന്നത്. മോഡീഗവണ്‍മെന്റിന്റെ എട്ട് വര്‍ഷക്കാലം രാജ്യത്തിന്റെ മതേതര – ജനാധിപത്യ മൂല്യങ്ങള്‍ പിച്ചിച്ചീന്തിയ കാലമാണ്. പ്രതിരോധിക്കുന്നവരെയും വിയോജിപ്പ് രേഖപ്പെടുത്തുന്നവരെയും നിശബ്ദരാക്കുന്ന കാലമാണ്. ആഭ്യന്തര ആഗോള മൂലധനശക്തികള്‍ക്ക് ഇന്ത്യയുടെ എല്ലാ മേഖലകളും തുറന്നുകൊടുത്ത കാലമാണ്. ഇതിനെതിരായി സമരം ചെയ്യുന്ന ജനങ്ങളെ മത – ജാതി — ഗോത്രപരമായി ഭിന്നിപ്പിച്ച കാലമാണ്. പ്രധാനമന്ത്രി നരേന്ദ്രമോഡിയും ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികളും ഉയര്‍ത്തുന്ന വെല്ലുവിളികളെ അതിജീവിച്ച് മുന്നോട്ടു പോകാന്‍ ജനങ്ങളെ സന്നദ്ധരാക്കുവാന്‍ കഴിയണം. മതേതര – ജനാധിപത്യ – ഇടതുപക്ഷ ശക്തികള്‍ ഒരുമിച്ച് നിന്ന് സംഘപരിവാര്‍ — ഫാസിസ്റ്റ് ശക്തികള്‍ ഉയര്‍ത്തിയ വെല്ലവിളികള്‍ നേരിടാന്‍ തയാറാകണം. നരേന്ദ്രമോഡി ഗവണ്‍മെന്റിന്റെ എട്ടു വര്‍ഷക്കാലത്തെ ഭരണം മഹാഭൂരിപക്ഷം ജനങ്ങളെ ദുരിതത്തിലാക്കിയ ഭരണമാണ്. നരേന്ദ്രമോഡി ഗവണ്‍മെന്റിന്റെ നയങ്ങള്‍ക്കെതിരായി കൂടുതല്‍ ശക്തമായി ജനങ്ങള്‍ രംഗത്തുവരണം.

TOP NEWS

April 17, 2025
April 17, 2025
April 17, 2025
April 16, 2025
April 16, 2025
April 16, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.