24 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 22, 2025
April 7, 2025
February 22, 2025
February 1, 2025
December 4, 2024
November 27, 2024
November 24, 2024
November 17, 2024
October 27, 2024
October 17, 2024

ഏക്നാഥ് ഷിൻഡെ അധികാരമേറ്റു; ഫഡ്നാവിസ് ഉപമുഖ്യമന്ത്രി

Janayugom Webdesk
June 30, 2022 7:44 pm

പുതിയ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ശിവസേന വിമത നേതാവ് ഏകനാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രിയായി ബിജെപിയിലെ ദേവേന്ദ്ര ഫഡ്നാവിസും സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവർണർ ഭഗത് സിങ് കോഷിയാരി സത്യവാചകം ചൊല്ലിക്കൊടുത്തു. സ്വന്തമായി ഭൂരിപക്ഷം കിട്ടുന്നതുവരെ വിമത സേനാ അംഗങ്ങള്‍ മറുകണ്ടം ചാടാതിരിക്കാനുള്ള കുറുക്കന്‍ തന്ത്രമാണ് ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കിയതിലൂടെ ബിജെപി പുറത്തെടുത്തത്. അണിയറയില്‍ നിന്ന് ഭരണം നിയന്ത്രിക്കുന്നതിന് ഉപമുഖ്യമന്ത്രിയായി പ്രമുഖനേതാവും മുന്‍മുഖ്യമന്ത്രിയുമായ ഫഡ്നാവിസിനെ നിയോഗിക്കുകയും ചെയ്തു. 

ശിവസേനയില്‍ രൂപപ്പെട്ട വിമതനീക്കത്തെ തുടര്‍ന്ന് മഹാവികാസ് അഘാഡി സഖ്യത്തിന്റെ മുഖ്യമന്ത്രിയായിരുന്ന ഉദ്ധവ് താക്കറെ ബുധനാഴ്ച രാത്രി രാജി വച്ചതിനെ തുടര്‍ന്നാണ് ഏകനാഥ് ഷിൻഡെ മുഖ്യമന്ത്രിയായത്. ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയും ഷിൻഡെ ഉപമുഖ്യമന്ത്രിയുമാകുമെന്നായിരുന്നു നേരത്തെയുള്ള സൂചന. താൻ സർക്കാരിന്റെ ഭാഗമാകില്ലെന്ന് ഫഡ്നാവിസ് പറഞ്ഞിരുന്നു. എന്നാല്‍ ഭരണം ബിജെപി നിയന്ത്രണത്തിലാക്കുന്നതിന് അമിത്ഷായുടെയും ജെ പി നഡ്ഡയുടെയും ഇടപെടലില്‍ ഫഡ്നാവിസിനെ ഉപമുഖ്യമന്ത്രിയായി തീരുമാനിക്കുകയായിരുന്നു. 

ഗവർണർ കോഷിയാരിയെ കണ്ടതിന് ശേഷം ദേവേന്ദ്ര ഫഡ്നാവിസും ഏകനാഥ് ഷിൻഡെയും വാർത്താസമ്മേളനം നടത്തിയാണ് ഇന്നലെ മന്ത്രിസഭാ രൂപികരണ തീരുമാനം പ്രഖ്യാപിച്ചത്. ബിജെപിയായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്നും ബിജെപി-ശിവസേന സഖ്യമായാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. എന്നാൽ കോൺഗ്രസിന്റെയും എൻസിപിയുടെയും സഹായത്തോടെ ശിവസേന സർക്കാർ രൂപീകരിച്ചു. 

ബാലാസാഹെബ് താക്കറെയുടെ ആദർശങ്ങളെ ഉദ്ധവ് താക്കറെ ബലികഴിക്കുകയായിരുന്നുവെന്നും ഫഡ്നാവിസ് പറഞ്ഞു. മഹാരാഷ്ട്രയുടെ വികസനത്തിനായി തങ്ങൾ ഒന്നിച്ചിരിക്കുകയാണെന്ന് ഏകനാഥ് ഷിൻഡെ പറഞ്ഞു. മഹാവികാസ് അഘാഡി സർക്കാരിൽ പ്രവർത്തിക്കുന്നതിൽ പ്രശ്നങ്ങൾ നേരിട്ടിരുന്നുവെന്നും ഇക്കാര്യം ഉദ്ധവ് താക്കറെയോട് പറഞ്ഞിരുന്നതായും ഷിൻഡെ വ്യക്തമാക്കി. ഞങ്ങളുടെ ഭാഗം വിശദീകരിക്കാൻ ശ്രമിച്ചു. എന്നാൽ, അതൊന്നും ഫലം കണ്ടില്ലെന്നും ഷിൻഡെ പറഞ്ഞു. വരുംദിവസങ്ങളിൽ കൂടുതല്‍ മന്ത്രിമാരെയും വകുപ്പും തീരുമാനിക്കുമെന്നും ഷിൻഡെ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. 

Eng­lish Summary:eknath shinde as maha­ras­tra cm
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.