4 May 2024, Saturday

Related news

April 18, 2024
February 22, 2024
January 13, 2024
October 5, 2023
September 11, 2023
August 31, 2023
August 30, 2023
August 22, 2023
August 13, 2023
July 14, 2023

രാഷ്​ട്രീയപാർട്ടികളുടെ രജിസ്ട്രേഷൻ റദ്ദാക്കാന്‍: കൂടുതല്‍ അധികാരം നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ

Janayugom Webdesk
June 26, 2022 10:59 pm

രാഷ്​ട്രീയപാർട്ടികൾക്ക് രജിസ്ട്രേഷൻ നല്കുന്നതു പോലെ രജിസ്ട്രേഷൻ റദ്ദാക്കാനും അധികാരം വേണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ കേന്ദ്ര നിയമ സെക്രട്ടറിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആവശ്യമുന്നയിച്ചതായാണ് സൂചന. അംഗീകാരമില്ലാത്ത ചില പാർട്ടികൾ നടത്തുന്ന അഴിമതിയും ക്രമക്കേടും കണ്ടെത്തി തെര​ഞ്ഞെടുപ്പ് പ്രക്രിയ ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
രജിസ്ട്രേഷൻ നേടുകയും ഒരു തെരഞ്ഞെടുപ്പിൽ പോലും മത്സരിക്കാതിരിക്കുകയും ചെയ്യുന്ന നിരവധി പാർട്ടികളുണ്ട്. ആദായ നികുതി ഇളവ് അടക്കമുള്ള ആനുകൂല്യങ്ങൾ നേടാനാണിതെന്ന് കമ്മിഷൻ സംശയിക്കുന്നു. സാമ്പത്തിക ക്രമക്കേടുകളിൽ ഏർപ്പെടുന്ന പാർട്ടികളെ തടയാൻ രജിസ്ട്രേഷൻ റദ്ദാക്കാനുള്ള അധികാരം നൽകുന്നതിന് തെരഞ്ഞെടുപ്പ് നിയമം ഭേദഗതി ചെയ്യണമെന്ന് നിരവധി തവണ നിയമ മന്ത്രാലയത്തിന് കമ്മിഷൻ കത്തെഴുതിയിരുന്നു.
രാജ്യത്തെ വിവിധ പാർട്ടികൾ അവരുടെ ഓഡിറ്റ്, സംഭാവന റിപ്പോർട്ടുകൾ എന്നിവ ശരിയായി പങ്കിടാതെ നികുതി ഇളവ് നേടുന്നുവെന്ന് കമ്മിഷൻ വൃത്തങ്ങൾ പറഞ്ഞു. നിരവധി പാർട്ടികൾ നിയമങ്ങൾ ലംഘിക്കുന്നതിന്റെ വിവരങ്ങൾ സംസ്ഥാന സിഇഒമാരുടെ വെബ്സൈറ്റുകളിൽ ലഭ്യമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ പറഞ്ഞു. 

ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗീകാരമില്ലാത്ത 2,800 രാഷ്ട്രീയ പാർട്ടികളുണ്ട്. ഈ പാർട്ടികളുടെ രജിസ്ട്രേഷൻ റദ്ദാക്കണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടിരുന്നു. നിലവിൽ പ്രവർത്തിക്കുന്നില്ല എന്ന് കണ്ടെത്തിയ 111 രാഷ്ട്രീയ പാർട്ടികളെ കഴിഞ്ഞയാഴ്ച രജിസ്റ്ററിൽ നിന്ന് നീക്കം ചെയ്യാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചിരുന്നു. സംസ്ഥാനങ്ങളിലെ ചീഫ് ഇലക്ടറൽ ഓഫീസർമാരുടെ റിപ്പോർട്ടിനെ തുടർന്നായിരുന്നു നടപടി. ചിഹ്നം അനുവദിക്കുന്നതുൾപ്പെടെയുള്ള വിവിധ ആനുകൂല്യങ്ങൾ പിൻവലിക്കാനും കമ്മിഷൻ തീരുമാനിച്ചു. എന്നാൽ തീരുമാനത്തിനെതിരെ ആക്ഷേപമുള്ള രജിസ്റ്റർ ചെയ്ത അംഗീകൃത രാഷ്ട്രീയ പാർട്ടിക്ക് അവർ നിലനിൽക്കുന്നു എന്ന് കാണിക്കുന്ന തെളിവുകൾ, ഓഡിറ്റ് ചെയ്ത കണക്കുകൾ, സംഭാവന റിപ്പോർട്ട്, ചെലവ് റിപ്പോർട്ട്, പുതുക്കിയ പട്ടിക എന്നിവ സഹിതം 30 ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട സിഇഒയെ സമീപിക്കാൻ അവസരമുണ്ട്.
രാഷ്ട്രീയ പാർട്ടികൾ രജിസ്റ്റർ ചെയ്യാൻ അധികാരമുള്ള കമ്മിഷന് ഉചിതമായ കേസുകളിൽ രജിസ്ട്രേഷൻ റദ്ദാക്കാനും അധികാരം വേണമെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടു​പ്പ് നടത്താൻ ചുമതലയുള്ള ഭരണഘടനാ സ്ഥാപനമായ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് പുതിയ അധികാരം ലഭിക്കണമെങ്കിൽ ജനപ്രാതിനിധ്യനിയമത്തിൽ മാറ്റം വരുത്തേണ്ടി വരും. 

Eng­lish Sum­ma­ry: Elec­tion Com­mis­sion seeks more pow­ers to can­cel reg­is­tra­tion of polit­i­cal parties

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.