കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് കമ്മിറ്റി നൽകിയ വോട്ടർ പട്ടിക അപൂർണമെന്ന് പരാതി. വിഷയത്തിൽ ശശി തരൂർ തെരഞ്ഞെടുപ്പ് സമിതിക്ക് പരാതി നൽകി. 9000 ത്തിലധികം പേരുടെ വോട്ടർ പട്ടികയിൽ 3267 പേരുടെ വിലാസമോ ഫോൺ നമ്പറോ ലഭ്യമല്ലെന്നതാണ് പരാതി. ഇത് തെരഞ്ഞെടുപ്പ് പ്രചാരണം തടസപ്പെടുത്താനുള്ള നീക്കമാണെന്ന് തരൂർ ആരോപിച്ചു.
എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിന് ഇനി എട്ട് ദിവസം മാത്രം ശേഷിക്കെയാണ് വോട്ടർ പട്ടിക സംബന്ധിച്ച ആരോപണങ്ങൾ ഉയരുന്നത്. വോട്ടര്‍മാര്‍ പ്രതിനിധാനം ചെയ്യുന്ന ബൂത്തുകളുടെയും വിവരമില്ല. അത്തരംവോട്ടർമാരിൽ കേരളത്തിൽനിന്നുള്ള 35 പിസിസി അംഗങ്ങളുമുണ്ട്. എന്നാല്‍ പ്രദേശ് കോൺഗ്രസ് കമ്മിറ്റികളിൽ നിന്ന് വോട്ടർമാരുടെ വിവരങ്ങൾ ശേഖരിക്കാമെന്നും തരൂരിന്റെ ആരോപണങ്ങളിൽ കഴമ്പില്ലെന്നുമാണ് തെരഞ്ഞെടുപ്പ് അതോറിറ്റിയുടെ മറുപടി.
ഓരോ സംസ്ഥാനത്തെയും പിസിസി ആസ്ഥാനത്താണ് വോട്ടെടുപ്പ്. യുപി, ബിഹാർ, ബംഗാൾ, മധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ വിദൂര മേഖലകളിൽനിന്ന് വോട്ട് ചെയ്യാൻ പിസിസി ആസ്ഥാനത്ത് എത്തുക ദുഷ്കരമാണ്. വിലാസമില്ലാത്ത വോട്ടർമാരെ തിരിച്ചറിയാനും സംവിധാനമില്ല. അതുകൊണ്ട് വോട്ടർ പട്ടികയിൽ വിലാസമില്ലാത്തവരുടെ വിവരങ്ങൾ ലഭ്യമാക്കണമെന്നാണ് തെരഞ്ഞെടുപ്പ് അതോറിറ്റിയോട് തരൂർ ആവശ്യപ്പെട്ടത്.
കോൺഗ്രസ് ഭരണഘടനയനുസരിച്ച് ഓരോ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയും ഓരോ പ്രതിനിധിയെ പിസിസിയിലേക്ക് തെരഞ്ഞെടുക്കും. 365 ദിവസമെങ്കിലും പിസിസി പ്രസിഡന്റായി പ്രവർത്തിച്ച് കോൺഗ്രസ് അംഗത്വത്തിൽ തുടരുന്നവർ, ഡിസിസി പ്രസിഡന്റുമാർ, എഐസിസി അംഗങ്ങൾ, നിയമസഭാ കക്ഷി പ്രതിനിധികൾ, പ്രത്യേക വിഭാഗത്തിന്റെ പ്രതിനിധികളായി പിസിസി എക്സിക്യൂട്ടീവ് തെരഞ്ഞെടുത്തവർ എന്നിവരും പിസിസി അംഗങ്ങളാണ്. ഇങ്ങനെ തെരഞ്ഞെടുക്കപ്പെട്ടവരുടെ വിലാസമില്ലാത്തത് വിചിത്രമാണെന്ന് തരൂര്‍ പക്ഷം പറയുന്നു.
ശശി തരൂർ മുംബൈയിലും മല്ലികാർജുൻ ഖാർഗെ ശ്രീനഗറിലുമാണ് പ്രചാരണം തുടരുന്നത്. ഔദ്യോഗിക സ്ഥാനാര്‍ത്ഥിയല്ല എന്ന് പറഞ്ഞിട്ടും ഖാര്‍ഗെയ്ക്ക് പിസിസികള്‍ നേരിട്ട് പ്രചരണം നടത്തുകയും മാറ്റത്തിനാണ് തന്റെ മത്സരമെന്ന് വ്യക്തമാക്കിയ തരൂരിനെ തഴയുകയുമാണ്. അതേസമയം താഴെത്തട്ടിലെ പ്രവര്‍ത്തകരുടെ ഇടയില്‍ തരൂരിന് സ്വീകാര്യത കൂടുന്നതായാണ് സൂചന.
പുതുപ്പള്ളിയിൽ പിന്തുണ ശശി തരൂരിന്
കോട്ടയം: മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടിയുടെ നാട്ടിൽ കോൺഗ്രസ് ബൂത്ത് കമ്മിറ്റികളുടെ പിന്തുണ ശശി തരൂരിന്. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂരിനെ അനുകൂലിച്ച് തോട്ടയ്ക്കാട് 140, 141 നമ്പർ ബൂത്ത് കമ്മിറ്റികളാണ് പ്രമേയം പാസാക്കിയത്. ഇവർ കോട്ടയം ഡിസിസിക്കും കെപിസിസിക്കും എഐസിസിക്കും പ്രമേയം അയച്ചു. കോൺഗ്രസിന്റെ വളർച്ചയ്ക്ക് തരൂർ അധ്യക്ഷനാകണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു.
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് മുറുകുന്ന വേളയിൽ കഴിഞ്ഞ ദിവസം കോട്ടയത്ത് പാലായിൽ തരൂരിനെ അനുകൂലിച്ച് ആറിടങ്ങളിൽ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിരുന്നു.
English Summary: Election of Congress President; The voter list is also in controversy
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.