22 November 2024, Friday
KSFE Galaxy Chits Banner 2

അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു ഫലങ്ങൾ

സി ദിവാകരൻ
March 16, 2022 6:00 am

ബിജെപിക്ക് അതിവിപുലമായ ജനാധിപത്യ മതേതര ദേശീയ ബദൽ അനിവാര്യമാകുന്ന സൂചനയാണ് യുപി, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പുർ, ഗോവ തെരഞ്ഞെടുപ്പു ഫലങ്ങൾ. കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് അവരുടെ ഭരണം നിലനിന്ന നാലു സംസ്ഥാനങ്ങളിലും വിജയിക്കാൻ കഴിഞ്ഞു. കോൺഗ്രസ് അധികാരത്തിലുണ്ടായിരുന്ന പഞ്ചാബ് അവർക്ക് നഷ്ടപ്പെട്ടു. പഞ്ചാബിലെ കോൺഗ്രസിന്റെ പരാജയം ജനങ്ങളിൽ നിന്ന് ഇരന്നു വാങ്ങിയതാണെന്ന് വ്യക്തം. തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ പഞ്ചാബിലെ കോൺഗ്രസ് പാർട്ടിക്കുള്ളിൽ നടന്ന പടലപ്പിണക്കങ്ങളും മുഖ്യമന്ത്രിയെ ഇളക്കി പ്രതിഷ്ഠിച്ചതും കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ പാപ്പരത്തമാണ് തെളിയിച്ചത്. പഞ്ചാബിലെ ബിജെപി, ശിരോമണി അകാലിദൾ എന്നീ പാർട്ടികളും ആം ആദ്മി പാർട്ടി (എഎപി)യുടെ മുന്നേറ്റത്തിൽ തകർന്നടിഞ്ഞു. പഞ്ചാബിലെ പാരമ്പര്യമുള്ള പാർട്ടികളും അവരുടെ ഉന്നതന്മാരായ നേതാക്കന്മാരും ഒന്നിലേറെ മുൻ മുഖ്യമന്ത്രിമാരും പരാജയത്തിന്റെ കയ്പുനീർ കുടിച്ചു. കേന്ദ്രത്തിൽ എത്ര കരുത്തനായ പ്രധാനമന്ത്രിയായാലും നിരവധി കേന്ദ്രമന്ത്രിമാർ നേതൃത്വം നൽകിയാലും പണവും അധികാരങ്ങളും തെരഞ്ഞെടുപ്പു രംഗത്ത് പ്രയോഗിച്ചാലും ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാനാവില്ലെന്ന പാഠം ബിജെപി പഞ്ചാബിൽനിന്ന് പഠിക്കേണ്ടിയിരിക്കുന്നു. യുപി തെരഞ്ഞെടുപ്പു ഫലത്തിൽ നിന്ന് പുതുതായി ഒന്നും പഠിക്കാനില്ല. ബിജെപിയുടെ രണ്ടു ദേശീയതാരങ്ങളായ പ്രധാനമന്ത്രി നരേന്ദ്രമോഡിയും ആഭ്യന്തര മന്ത്രി അമിത്ഷായും യുപിയിൽ തമ്പടിച്ചു പണവും മസിലും കൂടാതെ വർഗീയവികാരത്തിനു തീകൊളുത്തിയും തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഇന്ത്യയുടെ സ്വാതന്ത്യ്രസമരത്തിന്റെ വീരോചിതമായ സ്മരണകളുമായി കഴിയുന്ന, ലഖ്നൗവും അഹമ്മദാബാദും തുടങ്ങിയ പല നഗരങ്ങളും ഇന്ന് കാവി പുതച്ചു ഉറങ്ങുന്ന നഗരങ്ങളായി മാറി. എങ്കിലും ബിജെപിയുടെ യുപിയിലെ സ്വാധീനത്തിന് മങ്ങലേല്പിച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പുഫലം പുറത്തുവന്നതെന്നതും ശ്രദ്ധേയമാണ്. 2017ൽ 322 നിയമസഭാ സീറ്റുമായി അധികാരത്തിൽ വന്ന ആദിത്യനാഥിന്റെ അഞ്ചുവർഷത്തെ ഭരണനേട്ടങ്ങളും നരേന്ദ്രമോഡി നേരിട്ട് പ്രഖ്യാപനം നടത്തിയ കോടാനുകോടി രൂപയുടെ വികസന പദ്ധതികളും ആഭ്യന്തരമന്ത്രിയുടെ ഹിന്ദുവർഗീയതയുടെ തീപിടിപ്പിക്കുന്ന പ്രസംഗങ്ങളും എല്ലാം കൂടി ചേർന്ന ഒരു മുന്നേറ്റമാണ് യുപി തെരഞ്ഞെടുപ്പിൽ പ്രകടമാകേണ്ടിയിരുന്നത്. എന്നിട്ടും യുപിയിലെ ബിജെപിക്ക് വലിയനേട്ടങ്ങളൊന്നും കൈവരിക്കാൻ കഴിഞ്ഞില്ലെന്ന് കണക്കുകൾ തെളിയിക്കുന്നു. ബിജെപി 322 സീറ്റിൽ നിന്ന് 272 സീറ്റുകളിലൊതുങ്ങി. കഴിഞ്ഞ തെരഞ്ഞെടുപ്പിന് ലഭിച്ച സീറ്റുകൾ നിലനിർത്താൻ കഴിഞ്ഞില്ല. എന്നാൽ അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാർട്ടി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ലഭിച്ച 74 നിന്ന് 126 സീറ്റിലേക്ക് വളർന്നു. ബിഎ‌സ്‌പിക്കും കോൺഗ്രസിന്റെയും വോട്ടുകൾ ബിജെപിക്കും സമാജ്‌വാദിപാർട്ടിക്കും യഥാക്രമം 2.7 ശതമാനവും 12.2 ശതമാനവും നിരക്കിലാണ് വോട്ടുവർധനവുണ്ടായത്. യുപിയിലെ ദളിത് പട്ടികജാതി പട്ടികവർഗവിഭാഗവും അവരോടൊപ്പം ഒരളവുവരെ പിന്നാക്കാവസ്ഥയിൽ കഴിയുന്ന മുസ്‌ലിം വിഭാഗങ്ങളെയും അണിനിരത്തി യുപി യിലെ രാഷ്ട്രീയം ഒരു പരിധിവരെ നിയന്ത്രിക്കാൻ കഴിയുമെന്ന അഖിലേഷ് യാദവിന്റെ കണക്കുകൂട്ടൽ രാഷ്ട്രീയ പക്വതയില്ലാത്ത വ്യാമോഹമായിരുന്നു. ദളിത് വിഭാഗത്തിന്റെ കുത്തക അവകാശപ്പെട്ടിരുന്ന മായാവതിയും ഏതോ സ്വപ്നലോകത്തിലായിരുന്നു. കർഷക സമരവികാരവും മുസ്‌ലിം വിഭാഗത്തിന്റെ ബന്ധവും ദളിത്-പട്ടിക വിഭാഗത്തിലെ ചില നേതാക്കന്മാരുടെ സാന്നിധ്യവും യുപിയിലെ തെരഞ്ഞെടുപ്പിൽ സമാജ്‌വാദിപാർട്ടിയെ തുണയ്ക്കുമെന്ന വ്യാമോഹം അഖിലേഷ് യാദവിന് ആദിത്യനാഥിനെതിരെ ഒരാക്രമണനിര കെട്ടിപ്പടുക്കാൻ കഴിയാതെ പോയി.


ഇതുകൂടി വായിക്കാം; കോണ്‍ഗ്രസിലെ മറിമായങ്ങള്‍


യുപിയിലെ പടിഞ്ഞാറൻ ഭാഗങ്ങളിൽ മാത്രം അലഞ്ഞുനടന്ന് റോഡ്ഷോകൾ നടത്തിയും വനിതകളെ വൻതോതിൽ സ്ഥാനാർത്ഥികളായി അണിനിരത്തിയും യുപിയിൽ കോൺഗ്രസിന്റെ ശക്തി തെളിയിക്കാൻ “പ്രിയങ്ക’ നടത്തിയ ശ്രമങ്ങളും തകർന്നടിഞ്ഞു. അഖിലേഷ്-മായാവതി-പ്രിയങ്ക എന്നീ നേതാക്കന്മാരുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഒരേ വേദിയിൽ അണിനിരക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ യുപിയിലെ രാഷ്ട്രീയചിത്രം പാടെ മാറാനുള്ള സാഹചര്യം നിലനിന്നിരുന്നു. ഇതാണ് യുപിയിൽ ബിജെപിക്ക് തുടർഭരണം സാധ്യമാക്കിതീർത്തത്. എന്തായാലും യുപി നിയമസഭയിൽ അതിശക്തമായ ഒരു പ്രതിപക്ഷം രൂപംകൊള്ളുന്നുവെന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ പ്രതീക്ഷ നല്കുന്ന ഫലം. ഉത്തരാഖണ്ഡ്, മണിപ്പുർ, ഗോവ എന്നീ സംസ്ഥാനങ്ങളിലും ബിജെപി അവരുടെ ഭരണം നിലനിർത്തി. ഉത്തരാഖണ്ഡിൽ ബിജെപിയുടെ നിയമസഭാംഗങ്ങളുടെ എണ്ണത്തിലും വോട്ടിങ് ശതമാനത്തിലും ഗണ്യമായ തോതിൽ ശക്തിക്ഷയം സംഭവിച്ചതായി കണക്കുകൾ തെളിയിക്കുന്നു. 2017ൽ ബിജെപിക്ക് 57 സീറ്റ് നേടാൻ കഴിഞ്ഞുവെങ്കിൽ 2022ൽ ബിജെപിക്ക് 47 സീറ്റിൽ ഒതുങ്ങേണ്ടി വന്നു. കോൺഗ്രസിന് 2017ൽ 13 സീറ്റായിരുന്നെങ്കിൽ 2022ൽ അവർക്ക് 19സീറ്റിൽ ജയിക്കാൻ കഴിഞ്ഞു. ഗ്രാമപ്രദേശങ്ങളിൽ കോൺഗ്രസിന് ബിജെപിയെ അപേക്ഷിച്ച് സ്വാധീനം കൂടുതലാണെന്ന് വോട്ടിങ് നിലവാരം സൂചിപ്പിക്കുന്നു. മണിപ്പൂരിൽ ബിജെപി 32 സീറ്റുകൾ നേടിയെന്ന് മാത്രമല്ല നഗര‑ഗ്രാമ പ്രദേശങ്ങളിലും താഴ്‌വരകളിലും അവർ സ്വാധീനം തെളിയിച്ചു. നാഗാകുന്നുകളിൽ മാത്രമാണ് ബിജെപിക്ക് കടന്നു ചെല്ലാൻ കഴിയാതെ പോയത്. ഇവിടെ കോൺഗ്രസും ഇടതുപക്ഷപാർട്ടികളും തെരഞ്ഞെടുപ്പുകളിൽ വൻ വിജയം നേടുകയും സംസ്ഥാന ഭരണംപോലും നിലനിർത്തുകയും ചെയ്തിരുന്ന അവസ്ഥയിൽനിന്ന് ഇന്നത്തെ നിലയിലെത്തിയതിന്റെ രാഷ്ട്രീയ കാരണങ്ങളെക്കുറിച്ച് ഗൗരവമായ പഠനം നടത്തേണ്ടതാണെന്ന പാഠം കൂടി നല്കുന്നതാണ് 2022ലെ മണിപ്പുരിലെ തെരഞ്ഞെടുപ്പ് ഫലം. ലജ്ജാകരങ്ങളായ നാടകീയ രംഗങ്ങൾ സൃഷ്ടിച്ച് കോൺഗ്രസുകാർ നടത്തിയ രാഷ്ട്രീയ കോമാളിത്തരമാണ് ഗോവയിൽ കോൺഗ്രസിന് കനത്ത തിരിച്ചടി കിട്ടുന്നതിന് കാരണമായത്. സ്ഥാനാർത്ഥികളെ പള്ളികളിലും അമ്പലങ്ങളിലും എത്തിച്ച് പൂജയും മന്ത്രവാദങ്ങളും പ്രതിജ്ഞ എടുക്കലും എന്ന പുതിയ തന്ത്രങ്ങൾ കണ്ട ജനങ്ങൾക്ക് പുച്ഛം തോന്നി. നക്ഷത്രഹോട്ടലുകളിൽ സർവസന്നാഹങ്ങളോടെ സ്ഥാനാർത്ഥികളെ താമസിപ്പിക്കുക, അവർ ജയിച്ചിരുന്നെങ്കിൽ എന്തായിരിക്കും സ്ഥിതി എന്ന് ചിന്തിച്ച ജനങ്ങൾ ഗോവയിൽ കോൺഗ്രസിന് കനത്ത തിരിച്ചടി നല്കിയതിൽ അത്ഭുതമില്ല. അഞ്ചു സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പ് ഫലങ്ങൾ ഗൗരവമേറിയ സമഗ്രമായ പരിശോധനകൾക്ക് വിധേയമാക്കാൻ ഇന്ത്യയിലെ പ്രതിപക്ഷപാർട്ടികൾ സന്നദ്ധരാകണം. ഇടതുപക്ഷരാഷ്ട്രീയത്തിന്റെ അടിസ്ഥാനമൂല്യങ്ങൾ കൈവിടാതെ പുതിയ ഇന്ത്യക്ക് നേതൃത്വം നല്കാൻ ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ അവർ സൃഷ്ടിച്ച രാഷ്ട്രീയ സ്വാർത്ഥതയുടെയും സ്വാർത്ഥ താല്പര്യങ്ങളുടെയും തടവറകളിൽ നിന്ന് പുറത്തുവരണം. മാറ്റം ഒരിക്കലും സ്വാഭാവികമായ സംഭവമല്ല ജനകീയ മുന്നേറ്റങ്ങളുടെ ഉല്പന്നമാണ് മാറ്റം. ഇന്ത്യൻ ജനത കർഷകരിലൂടെ, തൊഴിലാളിവർഗത്തിലൂടെ, യുവജന വിദ്യാർത്ഥി പ്രസ്ഥാനങ്ങളിലൂടെ മന്ദഗതിയിലാണെങ്കിലും അവർ യാത്ര ആരംഭിച്ചിരിക്കുകയാണ്. അവർക്ക് നേതൃത്വം നല്കാൻ ഇന്ത്യയിലെ ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനം ഒറ്റക്കെട്ടായി അണിനിരക്കാൻ ഇനി വൈകിക്കൂടാ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.