4 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

April 20, 2024
April 4, 2024
April 3, 2024
March 20, 2024
March 18, 2024
March 16, 2024
March 13, 2024
February 15, 2024
November 3, 2023
November 3, 2023

ഇലക്ടറല്‍ ബോണ്ട് സംഭാവനകള്‍ പതിനായിരം കോടി കടന്നു

Janayugom Webdesk
ന്യൂഡല്‍ഹി
July 30, 2022 11:07 pm

ഇലക്ടറല്‍ ബോണ്ടുകള്‍ വഴി ഇതുവരെ ലഭിച്ച സംഭാവനകള്‍ 10,000 കോടി കവിഞ്ഞു. വിവരാവകാശ പ്രവര്‍ത്തകനും മുന്‍ സൈനിക ഉദ്യോഗസ്ഥനുമായ ലോകേഷ് ബത്ര നല്‍കിയ അപേക്ഷയില്‍ കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള സാമ്പത്തിക കാര്യ വകുപ്പ് (ഡിഇഎ) ആണ് ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയത്. ഇതുവരെ 21 ഘട്ടങ്ങളിലായി 10,246 കോടിയുടെ വില്പനയാണ് നടന്നത്.
എസ്‌ബിഐയുടെ 29 അംഗീകൃത ശാഖകള്‍ വഴിയാണ് ബോണ്ടുകളുടെ വില്പന. 1000 രൂപ മുതൽ ഒരു കോടി വരെയുള്ള ബോണ്ടുകളാണ് വില്‍ക്കുന്നത്. 2018 ജനുവരിയില്‍ പദ്ധതി വിജ്ഞാപനം ചെയ്തതു മുതല്‍ 18,779 ഇലക്ടറല്‍ ബോണ്ടുകള്‍ വിറ്റഴിഞ്ഞിട്ടുണ്ട്.
ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങുന്നവരുടെ വിവരങ്ങള്‍ രഹസ്യമാക്കി വയ്ക്കുന്നതിനാല്‍ നിരവധി സാമൂഹിക പ്രവര്‍ത്തകരും സംഘടനകളും രാഷ്ട്രീയ പാർട്ടികളും വർഷങ്ങളായി പദ്ധതിയുടെ സുതാര്യതയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. ഇലക്ടറല്‍ ബോണ്ടുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള നിരവധി ഹര്‍ജികള്‍ ഇപ്പോഴും സുപ്രീം കോടതിയിൽ തീർപ്പുകൽപ്പിക്കാതെ കിടക്കുകയാണ്. 2017ല്‍ അസോസിയേഷന്‍ ഓഫ് ഡെമൊക്രാറ്റിക് റിഫോംസ് (എഡിആര്‍) സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഏപ്രിലില്‍ അറിയിച്ചിരുന്നു. വിഷയം ഗുരുതരമാണെന്ന് ചൂണ്ടിക്കാണിച്ച ബെഞ്ച് അടിയന്തരമായി വാദം കേള്‍ക്കേണ്ടതുണ്ടെന്ന നിരീക്ഷമാണ് നടത്തിയത്.
2019–20 വർഷത്തിലെ കണക്കനുസരിച്ച് ഇലക്ടറൽ ബോണ്ടുകൾ വഴിയുള്ള സംഭാവനകളുടെ മുക്കാൽ ഭാഗവും (76 ശതമാനം) ലഭിച്ചത് ബിജെപിക്കാണ്. സമാന കാലയളവിൽ 3,355 കോടിയാണ് ബോണ്ടുകളിലൂടെ ലഭിച്ച മൊത്തം സംഭാവന. ഇതിൽ ഒമ്പത് ശതമാനമാണ് കോൺഗ്രസിന് ലഭിച്ചത്. 2,555 കോടി രൂപയാണ് ബിജെപിക്ക് ലഭിച്ചത്. ഇതില്‍ 70 ശതമാനം സംഭാവനകളും ഉറവിടം അറിയാത്തവയാണെന്ന് എഡിആർ നേരത്തെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വന്‍കിട കോര്‍പറേറ്റ് സ്ഥാപനങ്ങളും വ്യക്തികളും ഇലക്ടറല്‍ ട്രസ്റ്റുകള്‍ വഴി നല്‍കിയ സംഭാവനയുടെ 82.5 ശതമാനവും ലഭിച്ചതും ബിജെപിക്കാണെന്നതും ശ്രദ്ധേയമാണ്. 

Eng­lish Sum­ma­ry: Elec­toral bond dona­tions crossed ten thou­sand crores

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.