
ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയുടെ വോട്ട് മോഷണ ആരോപണത്തില്‍ അനൗപചാരിക അന്വേഷണത്തിനിറങ്ങിയ കർണാടകയിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വോട്ടര്‍മാരെ കണ്ടെത്താനാകാതെ ഇരുട്ടില്‍ത്തപ്പുന്നു. ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, കമ്മിഷന്‍ അനൗപചാരിക അന്വേഷണം നടത്തിയിരുന്നു. മഹാദേവപുര മണ്ഡലത്തിലെ മുനി റെഡ്ഡി ഗാർഡൻ, തുളസി ടാക്കീസിന് പിന്നിലുള്ള അഞ്ചാമത്തെ ക്രോസ് റോഡ്, ഹഗദൂർ മെയിൻ റോഡിലെ 153 ബിയർ സ്ട്രീറ്റ് എന്നിവിടങ്ങളില്‍ ബിഎല്‍ഒമാര്‍ സന്ദര്‍ശനം നടത്തി. മഹാദേവപുരയിലെ ഒറ്റമുറി വീട്ടില്‍ രജിസ്റ്റർ ചെയ്തിരുന്ന 80 വോട്ടർമാരിൽ ആരെയും കമ്മിഷൻ ഉദ്യോഗസ്ഥർക്ക് കണ്ടെത്താനായില്ല. അതുപോലെ, വോട്ടർ കാർഡിൽ 153 ബിയർ ക്ലബ് എന്ന വിലാസം നൽകിയ 68 വോട്ടർമാർ ഉടമകൾ മാറിയ ശേഷം ബ്രൂവറിയിൽ ജോലി ചെയ്തിട്ടില്ല.
മഹാദേവപുരയിലെ വോട്ടർ പട്ടികയിൽ 40,000 ത്തിലധികം വോട്ടർമാർ വ്യാജ വിലാസങ്ങൾ നൽകിയിട്ടുണ്ടെന്ന് രാഹുല്‍ ആരോപിച്ചിരുന്നു. മുനി റെഡ്ഡി ഗാർഡനിലെ 35-ാം നമ്പർ വീടിന്റെ പേര് പ്രത്യേകം പരാമർശിച്ച രാഹുല്‍ അവിടെ 80 രജിസ്റ്റർ ചെയ്ത വോട്ടർമാരുണ്ടെന്ന് പരാമര്‍ശിച്ചിരുന്നു. തുളസി ടാക്കീസിന് പിന്നിലെ തെരുവിൽ 46 വോട്ടർമാരുണ്ടെന്ന് പറയപ്പെടുന്ന ഒരു വീടിനെക്കുറിച്ചും; 68 വോട്ടർമാരുണ്ടെന്ന് പറയപ്പെടുന്ന ബ്രൂവറിയെക്കുറിച്ചും അദ്ദേഹം പരാമർശിച്ചിരുന്നു. ബിഎൽഒമാർ ഈ സ്ഥലങ്ങൾ സന്ദർശിച്ചപ്പോൾ, പട്ടികയില്‍പ്പെടുത്തിയ വോട്ടർമാരിൽ ആരും പരിശോധനാ സമയത്ത് അവിടെ ഉണ്ടായിരുന്നില്ല. മുനി റെഡ്ഡി ഗാർഡനിലെ 35-ാം നമ്പർ വീട്ടിൽ പട്ടികയിൽ പരാമർശിച്ചിരിക്കുന്ന വോട്ടർമാരിൽ ആരും താമസിക്കുന്നില്ലെന്ന് കണ്ടെത്തി. ഒരു അടുക്കള, ഹാൾ, ടോയ്‌ലറ്റ് എന്നിവ മാത്രമുള്ള വീട് ഇപ്പോൾ പശ്ചിമബംഗാളില്‍ നിന്നുള്ള ഒരു കുടുംബത്തിന് വാടകയ്ക്ക് നൽകിയിരിക്കുകയാണ്. ഈ സ്ഥലത്തിന് ചുറ്റുമുള്ള കുടിലുകളില്‍ താമസിച്ചിരുന്നവര്‍ രേഖാമൂലമുള്ള തെളിവിനായി ഒരു വിലാസം തന്നെ നല്‍കിയിരിക്കാനുള്ള സാധ്യതയുണ്ടെന്ന് ബിഎല്‍ഒ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ബ്രൂവറി സന്ദര്‍ശിച്ച ഉദ്യോഗസ്ഥരും വെറും കയ്യോടെ മടങ്ങി. ജനുവരിയില്‍ ബ്രൂവറിയുടെ ഉടമസ്ഥാവകാശം മാറിയതായി ഉദ്യോഗസ്ഥര്‍ കണ്ടെത്തി. അതിനുശേഷം പട്ടികയില്‍ പേരുള്ള ആരെയും അവിടെ ജോലി ചെയ്തിരുന്നതായി കണ്ടെത്താനായില്ല. 153 ബിയർ ക്ലബ് എന്ന വിലാസം മാറി 153 ബിയര്‍ സ്ട്രീറ്റ് എന്നായി. മുനി റെഡ്ഡി ഗാര്‍ഡനില്‍ 30 ഒാളം വീടുകള്‍ വാടകയ്ക്ക് നല്‍കിയിരിക്കുന്ന ജയറാം റെഡ്ഡി, വിവാദ വോട്ടര്‍ പട്ടികയില്‍ പേരുള്ള 80 പേരില്‍ ആര്‍ക്കും വീട് വാടകയ്ക്ക് നല്‍കിയിട്ടില്ലെന്ന് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.