രാഷ്ട്ര മനസിലേക്ക് കറയറ്റ കള്ളങ്ങൾ ശരിയായ സമയക്രമത്തിൽ കുത്തിവയ്ക്കുന്ന കാര്യത്തിൽ നമ്മുടെ കേന്ദ്ര സർക്കാരും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും വലിയ വിജയമാണ്. പ്രത്യേകിച്ചും ഹിന്ദി ബെൽറ്റിൽ. പക്ഷെ ഈ കള്ളങ്ങൾകൊണ്ട് വലിയ കാലം കാര്യങ്ങളെ നിയന്ത്രിക്കാൻ കഴിയില്ലെന്ന സത്യം ഇപ്പോൾ മോഡി-അമിത് ഷാ ദ്വയത്തിനും അവരെ സഹായിക്കുന്ന ഉദ്യോഗസ്ഥവൃന്ദത്തിനും മനസിലായിക്കൊണ്ടിരിക്കുകയാണ്. രാജ്യത്ത് ഭയാനകമായി വർധിക്കുന്ന തൊഴിലില്ലായ്മ, അക്കാദമിക ചർച്ചകളിൽ നിന്നും പുറത്തേക്കിറങ്ങി സാധാരണ മനുഷ്യരുടെ ജീവിതങ്ങളെ താറുമാറാക്കുന്ന സ്ഥിതിയിൽ എന്തു ചെയ്യണമെന്നറിയാതെ കണ്ണുമിഴിച്ച് നിൽക്കുകയാണ് കേന്ദ്ര സർക്കാർ. തൊഴിൽ സൃഷ്ടിക്കാത്ത വളർച്ച ഒരു സാധാരണ സംഭവമാണെന്ന് വരുത്തിത്തീർക്കാനുള്ള തീവ്രവലതുപക്ഷ സാമ്പത്തികശാസ്ത്രംപോലും കേന്ദ്രത്തിന്റെ ഉറക്കം കെടുത്തുന്നു. ജോലി തേടുന്ന തൊഴിൽരഹിതരായ യുവത്വം, തൊഴിൽ വൈദഗ്ധ്യം തീരെയില്ലാത്ത തൊഴിൽ അന്വേഷകർ, തൊഴിൽ നഷ്ടപ്പെട്ട അഭ്യസ്തവിദ്യർ തുടങ്ങി വിവിധ കള്ളികളിലായി കളം നിറയുന്ന തൊഴിൽരഹിതരുടെ എണ്ണത്തിന്റെ കണക്കുകൾകൊണ്ട് സമ്പന്നമാണ് വിവിധ ഏജൻസികളുടെ പഠനങ്ങൾ. ശരാശരികൾ നിരത്തിയുളള കണക്കുകൾ വായിച്ചു രസിക്കുന്നതിനപ്പുറം തൊഴിൽ സൃഷ്ടിക്കാനുള്ള യാതൊരു നീക്കങ്ങളും കേന്ദ്ര സർക്കാർ നടത്തുന്നില്ല. സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കി അവർക്കും സൃഷ്ടിപരമായ പ്രവർത്തനങ്ങൾ നടത്താനുള്ള അവസരങ്ങൾ കേന്ദ്രം നിഷേധിക്കുന്നു. കേരളത്തിൽ കിഫ്ബിയിലൂടെ സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങളെ തകർക്കാനുള്ള നീക്കം ഇതിന് മകുടോദാഹരണമാണ്.
തൊഴിൽ സൃഷ്ടിക്കുന്നതിൽ കോർപറേറ്റുകൾക്കും സ്വകാര്യ മേഖലയ്ക്കും പരിമിതികളുണ്ട്. കോവിഡിന്റെ തലയിൽ കെട്ടിവച്ച് രക്ഷപ്പെടാൻ ശ്രമിച്ചാലും 2019 മുതൽ തന്നെ കോർപറേറ്റുകളുടെയും സ്വകാര്യ മേഖലയുടെയും ഈ രംഗത്തുള്ള പാപ്പരത്തം നമ്മൾ കാണുന്നതാണ്. ഐടി മേഖല മാത്രമാണ് ഇതിന് ഒരു അപവാദമായി മാറിയത്. കാരണം അവിടെ നിർമ്മിക്കപ്പെടുന്ന ഉല്പന്നങ്ങളുടെ ബഹുഭൂരിപക്ഷം ഉപയോക്താക്കളും ഇന്ത്യക്ക് പുറത്തുള്ള ടെക് ഭീമന്മാരായതുകൊണ്ടാണ്. സ്വകാര്യ മൂലധനം വേതനം കുറഞ്ഞ രാജ്യങ്ങളിലേക്ക് ഒഴുക്കി ലാഭം കൊയ്യാനുള്ള ഈ ടെക് കമ്പനികളുടെ തന്ത്രം അവരവരുടെ രാജ്യങ്ങളിൽ ധാരാളം തൊഴിൽപ്രശ്നങ്ങൾ ഇപ്പോൾ ഉണ്ടാക്കുന്നുമുണ്ട്. നമുക്ക് ഇന്ത്യയിലേക്ക് വരാം. ഹിമാചൽപ്രദേശിൽ സർക്കാർ ഈയിടെ ഒരു തൊഴിൽ പരസ്യം നൽകിയിരുന്നു. വെറും 42 തസ്തികളിലേക്കുള്ള ഒഴിവുകളിലേക്കാണ് പരസ്യം നൽകിയത്. ഉദ്യാനപാലകൻ, പാചകക്കാരൻ, അലക്കുകാരൻ തുടങ്ങിയ ഒഴിവുകളിലേക്കായിരുന്നു സർക്കാർ വിജ്ഞാപനം. 18,000 പേരാണ് ഇതിലേക്ക് അപേക്ഷിച്ചത്. ഇതിൽ ബിരുദധാരികൾ മുതൽ ഡോക്ടറേറ്റ് നേടിയവർ വരെയുണ്ട്. ഇത് ഇന്ത്യൻ തൊഴിൽ അവസ്ഥയുടെ ശരിയായ ചിത്രം വരച്ചു കാണിക്കുന്നതാണ്. ഇന്ത്യൻ റയിൽവേയാണ് പൊതുമേഖലയിൽ ഏറ്റവുമധികം തൊഴിൽ നൽകുന്ന സ്ഥാപനം. അവിടെ ആയിരക്കണക്കിന് ഒഴിവുകൾ നികത്തപ്പെടാതെ കിടക്കുന്നു. കേന്ദ്ര സർക്കാരിന്റെ പിടിപ്പുകെട്ട ധനകാര്യ മാനേജ്മെന്റ് ആണ് കാരണം. അതിദേശീയതയുടെ പുറത്തുകയറി നിന്ന് ഞങ്ങൾ ലോകത്തിന് മാതൃകയാണെന്നും ലോകം ഇന്ത്യയെ ഉറ്റു നോക്കുന്നു എന്നൊക്കെ പറയാനുള്ള ഉളുപ്പില്ലായ്മ ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന് മാത്രമെ ഉണ്ടാകൂ.
രാജ്യത്തിന്റെ കാർഷിക രംഗത്തിന്റെ നട്ടെല്ലൊടിഞ്ഞപ്പോൾ കർഷകരും കർഷകത്തൊഴിലാളികളും തൊഴിൽരഹിതരായി മാറി. 2030 ആകുമ്പോൾ കാർഷികവൃത്തി പൂർണമായും ഉപേക്ഷിച്ച് മറ്റ് തൊഴിലുകൾ തേടുന്ന ഇവരുടെ എണ്ണം മൂന്ന് കോടി കഴിയുമെന്നാണ് കണക്ക്. ഇവർക്കുവേണ്ട തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടണമെങ്കിൽ ഇന്ത്യയുടെ പ്രതിശീർഷ വരുമാനം എട്ടു മുതൽ എട്ടരശതമാനം വരെയായിരിക്കണം. ഇന്നത്തെ സ്ഥിതിയിൽ 2045ൽ പോലും അവിടേക്ക് എത്തില്ലെന്ന് ജീൻ ഡ്രേസിനെ പോലുള്ള സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു. മനുഷ്യത്വപൂർണമായ സമീപനത്തിൽ ഊന്നിയ സാമ്പത്തികനയങ്ങൾ ഇല്ലാതെ നമ്മുടെ തൊഴിൽമേഖല രക്ഷപ്പെടില്ലെന്നാണ് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും ന്യൂയോർക്ക് കോർണൽ യൂണിവേഴ്സിറ്റിയിൽ എമിരിറ്റിസ് പ്രൊഫസറുമായ കൗശിക് ബസു പറയുന്നത്. 2009–2012 കാലഘട്ടത്തിൽ ഇദ്ദേഹം ഭാരത സർക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാവായിരുന്നു.
തൊഴിൽ ശോഷണത്തിന്റെ ഈ കൊടിയ കാലത്ത് ഇന്ത്യയുടെ ഗ്രാമീണ ജനതയ്ക്ക് ഒട്ടെങ്കിലും ആശ്വാസമാകുന്ന പദ്ധതിയാണ് യുപിഎ സർക്കാർ കൊണ്ടുവന്ന മഹാത്മാ ഗാന്ധി നാഷണൽ റൂറൽ എംപ്ലോയ്മെന്റ് ഗ്യാരണ്ടി ആക്ട്. ഈ തൊഴിലുറപ്പ് പദ്ധതിയുടെ അമ്പത് ശതമാനത്തിലധികം ഉപഭോക്താക്കൾ സ്ത്രീകളും പട്ടികജാതി പട്ടികവർഗക്കാരുമാണ്. 2014 ൽ നരേന്ദ്ര മോഡി അധികാരത്തിൽ വരുമ്പോൾ അദ്ദേഹം ഏറ്റവുമധികം കളിയാക്കിയ പദ്ധതികളിൽ ഒന്നാണിത്.
യുപിഎ സർക്കാരിന്റെ ഭരണപരാജയത്തിന്റെ അടയാളമായി ഈ പദ്ധതിയെ താന്‍ നിലനിര്‍ത്തുമെന്നാണ് അന്ന് മോഡി പറഞ്ഞത്. എന്നാലീ പഞ്ഞക്കാലത്ത് ഗ്രാമീണ ഇന്ത്യക്ക് തുണയായത് ഈ ഒരു പദ്ധതി മാത്രമാണ്. എന്നാൽ അതിനെയും തകർക്കാനാണ് കേന്ദ്രശ്രമം. ബജറ്റുകളിൽ വിഹിതം വെട്ടിക്കുറയ്ക്കൽ, ആർഎസ്എസുകാരെ കണ്ടെത്തി പദ്ധതിയുടെ ഭാഗമാക്കൽ, കൃത്യമായി വേതനം നൽകാതിരിക്കൽ മുതലായ അജണ്ടകൾ സംഘ്പരിവാര്‍ ഇക്കാര്യത്തിൽ കൃത്യമായ ആസൂത്രണത്തോടെ നടത്തി വരുന്നു എന്നാണ് തൊഴിലുറപ്പ് പദ്ധതിയെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന പീപ്പിൾസ് ആക്ഷൻ ഫോർ എംപ്ലോയ്‌മെന്റ് ഗ്യാരണ്ടി (പിഎഇജി) എന്ന സംഘടന പറയുന്നത്. കോവിഡിനെത്തുടർന്ന് മറ്റ് സംസ്ഥാനങ്ങളിൽ പോയി ജോലി ചെയ്തിരുന്നവരിൽ ഒരു വിഭാഗം ഇപ്പോഴും ആശ്രയിക്കുന്നതും ഈ തൊഴിലുറപ്പ് പദ്ധതിയെയാണെന്നും അവർ പറയുന്നു. ഈ പദ്ധതിയിൽ ജോലി ലഭിക്കുന്നവർക്ക് കൃത്യമായി വേതനം നൽകുന്നുണ്ടോ എന്നറിയാനും അവരുടെ ഹാജർ ഉറപ്പാക്കാനുമെന്ന പേരിൽ കേന്ദ്ര സർക്കാർ ഒരു സോഫ്റ്റ്‌വേർ കൊണ്ടുവരികയുണ്ടായി. നാഷണൽ മൊബൈൽ മോണിറ്ററിങ് സോഫ്റ്റ്‌വേർ എന്നായിരുന്നു അതിന്റെ പേര്. നിരക്ഷരരായ ഉത്തരേന്ത്യയിലെ ഗ്രാമീണരും ആദിവാസികളും ഇതെങ്ങനെ കൈകാര്യം ചെയ്യുമെന്ന് അറിയാതെ കുഴഞ്ഞിരിക്കുകയാണ്. സോഫ്റ്റ്‌വേർ വഴി ഹാജർ വച്ചില്ലെങ്കിൽ വേതനം ലഭിക്കാത്ത സ്ഥിതി വന്നപ്പോൾ സാംസ്കാരിക വൈവിധ്യത്തിന്മേലുള്ള ഐക്യരാഷ്ട്ര സഭയുടെ ഉപദേശക സമിതി അംഗം ജയതി ഘോഷ്, അരുണാ റോയ്, ദേശീയമഹിളാ ഫെഡറേഷന്‍ ജനറൽ സെക്രട്ടറി ആനി രാജ, മസ്ദൂർ കിസാൻ ശക്തി സംഘാതൻ പ്രതിനിധി നിഖിൽ ഡേ ഉൾപ്പെടെയുള്ളവർ ഈ സോഫ്റ്റ്‌വേർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിനെഴുതിയിരിക്കുകയാണ്.
നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ നടത്തുന്ന പീരിയോഡിക് ലേബർ ഫോഴ്സ് സർവേയാണ് ഇന്ത്യയിലെ തൊഴിൽരംഗത്തെക്കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകിക്കൊണ്ടിരുന്നത്. ഈ കണക്കുകളിൽ വെള്ളം ചേർക്കുന്ന പണിയാണ് ഇപ്പോൾ കേന്ദ്രത്തിന്റേത്. ഡാറ്റ മാനിപ്പുലേഷൻ എന്ന് ടെക്കികൾ വിളിക്കുന്ന പണി. ചരിത്രത്തെ വളച്ചൊടിക്കാൻ ശ്രമിക്കുന്നതുപോലെ വിവിധ ഏജൻസികൾ നൽകുന്ന ഡാറ്റയിലും വെള്ളം ചേർക്കുമ്പോൾ ഈ സർക്കാർ ശ്രദ്ധിക്കാതെ പോകുന്ന ഒന്നുണ്ട്. നമ്മൾ ജീവിക്കുന്നത് ഒരു ഡിജിറ്റൽ റിപ്പബ്ലിക്കിൽ ആണെന്നത്. ഇന്ന് കൃത്യമായ ഡാറ്റ ലഭിക്കാൻ സർക്കാരിനെ ആശ്രയിക്കേണ്ടതില്ല. ഡാറ്റ എന്ന ഡിജിറ്റൽ ഉല്പന്നം ഇന്ന് മാർക്കറ്റിനെയും നമ്മളെയും ഭരിക്കുമ്പോൾ സർക്കാർ കണക്കുകളുടെ കാലം പോയി. അതീവ വിശ്വസ്തതയോടെ ഡാറ്റകൾ ശേഖരിക്കുകയും ആവശ്യാനുസരണം ലഭ്യമാക്കുന്ന ആക്ടിവിസ്റ്റുകളും ഇവിടെയുണ്ട്. തൊഴിലില്ലായ്മയെ ഡാറ്റകൾകൊണ്ട് മറിക്കടക്കാനുള്ള കേന്ദ്ര ശ്രമത്തെയും തകർക്കുന്നത് ഇവരാണ്.
ഹൈന്ദവ ഫാസിസത്തിലൂടെ രാജ്യം ഭരിക്കാമെന്നും തീവ്രദേശീയതയും കശ്മീരും ഉയർത്തിപ്പിടിച്ച് രാജ്യത്തെ പ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടാനാണ് മോഡിയും കൂട്ടരും ശ്രമിക്കുന്നതും. നെഹ്രു എന്ന ക്രാന്തദർശിയായ പ്രധാനമന്ത്രിയെ ചരിത്രത്തിൽ നിന്ന് മാറ്റി നിര്‍ത്തി പകരം സവർക്കറെ പ്രതിഷ്ഠിക്കാനും ശ്രമിക്കുന്നത് ശരിയായ വിഷയങ്ങളിൽ നിന്ന് സാധാരണക്കാരെ അകറ്റിനിര്‍ത്താനാണ്. തൊഴിലില്ലായ്മയുടെ അനന്തര ഫലം മോഡിക്കറിയാം. അതിനെ മറിക്കടക്കാനാണ് ഇടയ്ക്ക് വന്ന് അടുത്ത 18 മാസങ്ങൾക്കുള്ളിൽ 10 ലക്ഷം പേർക്ക് തൊഴിൽ നൽകുമെന്ന് മോഡി പ്രഖ്യാപിച്ചത്. കോർപറേറ്റ് മുതലാളിത്വത്തിന്റെ വിടുപണി ചെയ്യുന്നവർക്ക് എന്തു തോന്ന്യാസവും വിളിച്ചുപറഞ്ഞു നടക്കാം. തകരുന്നത് ഈ രാജ്യത്തെ ചെറുപ്പക്കാരുടെ ജീവിതവും സ്വപ്നങ്ങളുമാണ്. തൊഴിലില്ലായ്മയെ പറയുന്ന ഏതൊരാളും ഇനി പറയേണ്ടത് അതിന്റെ രാഷ്ട്രീയത്തെക്കുറിച്ചാണ്. അല്ലാതെ വറ്റിവരണ്ട കണക്കുകൾ നിരത്തിയാൽ മാത്രം ജനങ്ങൾക്ക് അതിന്റെ രൂക്ഷത ബോധ്യമാകണമെന്നില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.