19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 18, 2024
February 3, 2024
March 27, 2023
January 5, 2023
December 28, 2022
November 5, 2022
February 15, 2022
February 1, 2022

തൊഴിലുറപ്പ് പദ്ധതി; നോക്കുകുത്തിയായി മേല്‍നോട്ട സമിതി

യോഗം ചേര്‍ന്നിട്ട് നാല് വര്‍ഷം
Janayugom Webdesk
ന്യൂഡല്‍ഹി
November 18, 2024 10:48 pm

രാജ്യത്തെ പാര്‍ശ്വവല്‍ക്കൃത വിഭാഗം ജനങ്ങള്‍ ഉപജീവനത്തിനായി ആശ്രയിക്കുന്ന ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മേല്‍നോട്ട ചുമതലയുള്ള സുപ്രധാന സമിതി യോഗം ചേര്‍ന്നിട്ട് നാല് വര്‍ഷം. തൊഴിലുറപ്പ് പദ്ധതിയുടെ നിരീക്ഷണത്തിനായി 2005ല്‍ രൂപീകരിച്ച സെന്‍ട്രല്‍ എംപ്ലോയ‌്മെന്റ് ഗ്യാരന്റി കൗണ്‍സില്‍ (സിഇജിസി) ആണ് കഴിഞ്ഞ നാല് വര്‍ഷമായി യോഗം പോലും ചേരാതിരുന്നത്. തൊഴിലാളി താല്പര്യം, മികച്ച തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കല്‍, വേതനം ഉറപ്പ് വരുത്തല്‍ തുടങ്ങിയ വിഷയങ്ങളില്‍ അഭിപ്രായം രേഖപ്പെടുത്തേണ്ട സമിതിയാണ് സിഇജിസി. 

15 കേന്ദ്ര‑സംസ്ഥാന പ്രതിനിധികളും 12 അനൗദ്യോഗികാംഗങ്ങളും അടങ്ങിയ സമിതിയാണ് നാല് വര്‍ഷമായി യോഗം ചേരാതെ മുടങ്ങിയത്. അനൗദ്യോഗികാംഗങ്ങളുടെ നിയമനത്തില്‍ വീഴ്ച വരുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയാണ് സുപ്രധാന സമിതിയെ നോക്കുകുത്തിയാക്കിയത്. കേന്ദ്ര ഗ്രാമവികസന മന്ത്രാലയം 2021 ഫെബ്രുവരിയിലാണ് സിഇജിസിയുടെ അവസാന യോഗം വിളിച്ചുചേര്‍ത്തത്. തൊഴിലുറപ്പ് പദ്ധതി നിരീക്ഷണം-വിലയിരുത്തല്‍ എന്നിവ പരിശോധിക്കുകയായിരുന്നു സമിതിയുടെ സുപ്രധാന ചുമതല. എന്നാല്‍ പഞ്ചായത്ത് രാജ് സ്ഥാപനങ്ങള്‍, തൊഴിലാളി സംഘടന പ്രവര്‍ത്തകര്‍, പാര്‍ശ്വവല്‍ക്കൃത വിഭാഗങ്ങള്‍ തുടങ്ങിയവയുടെ പ്രതിനിധികളെ നിയമിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടിയാണ് സമിതിയുടെ പ്രവര്‍ത്തനത്തെ താളംതെറ്റിച്ചത്. കേന്ദ്ര ഗ്രാമവികസന മന്ത്രിയാണ് സമിതിയുടെ അധ്യക്ഷന്‍. 

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പോലുള്ള ബൃഹദ് പദ്ധതി നിരീക്ഷണ സമിതിയില്‍ അംഗങ്ങളെ നിയമിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ വരുത്തിയ കാലതാമസം നീതീകരിക്കാനാവില്ലെന്ന് ലിബ്ടെക് ഇന്ത്യ സന്നദ്ധ സംഘടനയുടെ ഗവേഷകനായ ചക്രധാര്‍ ബുദ്ധ പ്രതികരിച്ചു. പദ്ധതി നടത്തിപ്പിലെ അപാകത, കെടുകാര്യസ്ഥത എന്നിവ ചര്‍ച്ച ചെയ്യുന്ന സമിതി രൂപീകരണം അനന്തമായി വൈകിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനത്തെ ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലുറപ്പ് തൊഴിലാളി യൂണിയന്‍ ഭാരവാഹികള്‍ കൂടി അംഗമായ സമിതി പ്രവര്‍ത്തനം താളംതെറ്റിയതിന് പ്രധാന കാരണം കേന്ദ്ര സര്‍ക്കാരിന്റെ വീഴ്ചയാണെന്ന് മസ്ദൂര്‍ കിസാന്‍ ശക്തി സംഘാതന്‍ സ്ഥാപകന്‍ നിഖില്‍ ഡേ പറഞ്ഞു. നിരീക്ഷണ സമിതി രൂപീകരിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടി സുപ്രീം കോടതി വിധിയെ ലംഘിക്കുന്നതാണ്. സമിതിയിലെ അനൗദ്യോഗികാംഗങ്ങളുടെ നിയമനം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ കേന്ദ്ര സര്‍ക്കാരിന് കത്തയച്ചിട്ടും തിരിഞ്ഞ് നോക്കിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. സമിതി നിലവിലുണ്ടെന്നും അംഗങ്ങളുടെ അഭാവം കാരണം ക്വാറം തികയാതെ യോഗം ചേരാന്‍ കഴിയാത്ത അവസ്ഥയാണെന്നും ഗ്രാമ വികസന വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സമിതിയിലെ ഒഴിവുള്ള അംഗങ്ങളുടെ നിയമനം വേഗത്തിലാക്കാന്‍ നടപടി ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പിന്നാക്ക‑ദളിത്-ആദിവാസി-ന്യൂനപക്ഷം ആശ്രയിക്കുന്ന തൊഴിലുറപ്പ് പദ്ധതിയെ ഞെരിച്ച് കൊല്ലുന്ന നയങ്ങളാണ് മോഡി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷം നടപ്പിലാക്കിയത്. ബജറ്റ് വിഹിതം വെട്ടിക്കുറയ്ക്കല്‍, ആധാര്‍ അധിഷ്ഠിത വേതന വിതരണം തുടങ്ങിയ പരിഷ്കാരം വഴി ലക്ഷക്കണക്കിന് ഗുണഭോക്താക്കളാണ് പദ്ധതിയില്‍ നിന്ന് പുറത്തായത്. ഇതിന് പുറമെയാണ് നിരീക്ഷണ സമിതിയെയും മോഡി സര്‍ക്കാര്‍ നോക്കുകുത്തിയാക്കിയിരിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.