25 November 2024, Monday
KSFE Galaxy Chits Banner 2

Related news

August 30, 2024
August 8, 2024
July 20, 2024
June 14, 2024
June 13, 2024
May 23, 2024
May 18, 2024
May 12, 2024
May 6, 2024
March 13, 2024

ഭൂമിയോളം താഴ്ന്ന്

Janayugom Webdesk
December 11, 2022 5:00 am

കോവിഡ് മഹാമാരിയുടെ കാലത്ത് കാർഷിക മേഖല 11 ദശലക്ഷം തൊഴിലാളികളെ അധികമായി ഉൾക്കൊണ്ടതായി കണക്കുകൾ വ്യക്തമാക്കുന്നു. ഇതരമേഖലകളിൽ 15 ദശലക്ഷം തൊഴിലുകൾ ഇല്ലാതെയുമായി. സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമി (സിഎംഐഇ) യുടെ കണക്കുകളാണിത്. സിഎംഐഇ ഉപഭോക്താക്കളിൽ നടത്തിയ സർവേ പ്രകാരം, 2021–22 സാമ്പത്തിക വർഷത്തിൽ കാർഷിക മേഖലയിലെ തൊഴിലവസരങ്ങളിൽ 4.5 ദശലക്ഷം വർധനയുണ്ടായി. അതേസമയം കോവിഡ് താണ്ഡവമാടിയ 2020–21 കാലയളവിൽ ആകെ തൊഴിലവസരങ്ങൾ 21.7 ദശലക്ഷമായി കുറഞ്ഞു. എന്നാൽ കാർഷിക മേഖല 3.4 ദശലക്ഷം തൊഴിലവസരങ്ങൾ ഒരുക്കി നൽകി. 2019–20 കാലയളവിൽ കാർഷികമേഖലയിൽ തൊഴിലെടുക്കുന്നവരുടെ എണ്ണത്തിലുണ്ടായ വർധനവ് 3.1 ദശലക്ഷമാണ്. മെച്ചപ്പെട്ട കാലാവസ്ഥ, ഉയർന്ന ഉല്പാദനം, ഉയർന്ന വില എന്നിവയാണ് തുണച്ചതെന്നും സിഎംഐഇ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ കാർഷികോല്പന്നങ്ങളുടെ വിലവർധനവ് ഗ്രാമീണ കർഷകർക്ക് പ്രയോജനപ്പെട്ടതുമില്ല. മികച്ച വിളവ് ഒരുക്കിയെങ്കിലും വിപണിയെ നിയന്ത്രിക്കാൻ അവർക്കാകുമായിരുന്നില്ല. ഗ്രാമീണ കർഷകരുടെ ബുദ്ധിമുട്ടുകൾക്ക് പരിഹാരം ഉണ്ടായില്ല. നഗരങ്ങളിലേയ്ക്കുള്ള കുടിയേറ്റ നിരക്ക് ഉയരുകയും ചെയ്തു. 2019–20ൽ സാഹചര്യങ്ങൾ കൂടുതൽ പ്രതികൂലമായിരുന്നു. തൊഴിലവസരങ്ങൾ കാർഷിക മേഖലയിൽ 5.5 ശതമാനവും കാർഷികേതര മേഖലകളിൽ 3.5 ശതമാനവും കുറഞ്ഞു. 2020–21ൽ കാർഷികമേഖല 3.3 ശതമാനം വളർച്ച കൈവരിച്ചു. എന്നാൽ സമ്പദ്‌വ്യവസ്ഥയുടെ ഇതര മേഖലകൾ 6.3 ശതമാനം ചുരുങ്ങി. 2021–22 ൽ സമ്പദ്‌വ്യവസ്ഥ തകർച്ചയുടെ അഗാധതയിൽ നിന്ന് കരകയറാൻ ബദ്ധപ്പെടുമ്പോഴും കാർഷിക വളർച്ച 3.3 ശതമാനമായി തുടർന്നു. രാജ്യത്തെ മൊത്ത മൂല്യവർധിത നിരക്കി(ജിവിഎ)ന്റെ 80 ശതമാനത്തിലധികം വരുന്ന വ്യവസായ, സേവന മേഖല 54.4 ശതമാനം തൊഴിൽ അവസരങ്ങൾ നൽകുന്നു.


 ഇതുകൂടി വായിക്കൂ: കാർഷിക മേഖലയിലെ പിടിച്ചുപറി


കാർഷിക മേഖല 2019–20 കാലയളവിൽ ജിവിഎയുടെ 18.19 ശതമാനമാണ്. എങ്കിലും 45.6 ശതമാനം തൊഴിലാളികളെ നിലനിർത്താനായി. 2021ലെ കണക്കുകൾ അനുസരിച്ച് കാർഷിക തൊഴിലാളികൾ 151 ദശലക്ഷത്തിലധികമാണ്. പകർച്ചവ്യാധിയും ലോക്ഡൗണും രാജ്യത്തിന്റെ ജിഡിപിയുടെ അനുപാതത്തെ പ്രതികൂലമായി ബാധിച്ചിട്ടും കാർഷിക മേഖലയിൽ മാത്രമാണ് തൊഴിലവസരങ്ങൾ വർധിക്കുന്ന പ്രവണത കണ്ടത്. 4.1 ശതമാനം വാർഷിക വളർച്ചാ നിരക്കോടെ, തൊഴിൽ വളർച്ചയുടെ ഏതാണ്ട് 40.9 ശതമാനവും കാർഷിക മേഖലയുടെ സംഭാവനയാണ്. 2021 സാമ്പത്തിക വർഷത്തിൽ 151.79 ദശലക്ഷം, 2020ൽ 145.88 ദശലക്ഷം, 2019ൽ 143ദശലക്ഷം, 2018ൽ 143.83 ദശലക്ഷം, 2017ൽ 145.66 എന്നിങ്ങനെയാണ് കാർഷിക മേഖല നല്കിയ തൊഴിലവസരങ്ങൾ. 2011 ലെ സെൻസസ് പ്രകാരം രാജ്യത്തെ മൊത്തം കർഷകത്തൊഴിലാളികളുടെ എണ്ണം 234.1 ദശലക്ഷത്തിലേക്ക് ഉയർന്നു. അവരിൽ 127.3 ദശലക്ഷം കർഷകരാണ്. എന്നാൽ 2000ത്തിൽ 58.2 ശതമാനമായിരുന്ന കർഷകത്തൊഴിലാളികളുടെ എണ്ണം 2011ൽ 54.6 ശതമാനമായി ഇടിഞ്ഞു. ഗ്രാമങ്ങളിൽ നിന്നും നഗരങ്ങളിലേക്കുള്ള കർഷകത്തൊഴിലാളികളുടെ കുടിയേറ്റം ഇവിടെയൊരു ഘടകമാണ്. നഗരങ്ങളിലേക്കുള്ള കുടിയേറ്റം വികസന പ്രക്രിയയിലെ പൊതു പ്രതിഭാസവും സ്വാഭാവികതയുമാണ്. വ്യവസായ സേവന മേഖലകളിലെ മെച്ചപ്പെട്ട വേതനം, കൂടുതൽ തൊഴിൽ അവസരങ്ങൾ തുടങ്ങിയ പ്രതീക്ഷകളിലാണ് കുടിയേറ്റം നടക്കുന്നത്. ഇന്ത്യ പോലെയുള്ള ഒരു കമ്പോള സമ്പദ്‌വ്യവസ്ഥയിൽ, മികച്ച അവസരങ്ങൾ തേടിയുള്ള കുടിയേറ്റം ഒഴിവാക്കാനും കഴിയില്ല. 2018–19 കാലയളവിൽ ഭക്ഷ്യധാന്യങ്ങളുടെ ഉല്പാദനം 284.95 ദശലക്ഷം ടൺ ആയിരുന്നു. രാജ്യത്തിന്റെ ഭരണഘടനയുടെ ഏഴാം ഷെഡ്യൂൾ പ്രകാരം, ഭൂമി സംസ്ഥാന സർക്കാരിന്റെ പരിധിയിലുള്ള വിഷയമാണ്.


 ഇതുകൂടി വായിക്കൂ: സാമ്പത്തിക വളര്‍ച്ച: കണക്കുകള്‍ മൂടിവയ്ക്കാനാവില്ല


കൃഷിയോഗ്യമായ ഭൂമി വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും സംസ്ഥാന സർക്കാരുകളുടെ ചുമതലയാണ്. വിളകളുടെ വികസന പദ്ധതികളിൽ കേന്ദ്രം സഹായം ഉറപ്പാക്കുകയും വേണം. പക്ഷെ കേന്ദ്രം ചില താൽപര്യങ്ങൾക്കായി ഭൂമി ഏറ്റെടുക്കുന്ന വ്യഗ്രതയിലാണ്. കോർപറേറ്റ് മേഖലയെ വികസിപ്പിക്കാൻ സഹായിക്കുന്ന സേവന‑നിർമ്മാണ മേഖലയേയും ഉല്പാദനേതര മേഖലകളെയും സംരക്ഷിക്കുക എന്നതുമാത്രമാണ് ഉദ്ദേശം. കേന്ദ്ര താല്പര്യം ഭക്ഷ്യധാന്യങ്ങളിലല്ല. വിശപ്പ് സൂചികയിൽ 121 രാജ്യങ്ങളിൽ 107-ാം സ്ഥാനത്തേക്ക് രാജ്യം നിലതെറ്റി വീണിട്ടും, ജീവിതനിലവാരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ പരിഹാരത്തിനുള്ള വഴികൾ കണ്ടെത്തുന്നതിന് പകരം, സർവേ ഏജൻസികളെ വിമർശിക്കുകയാണ്. പുതിയ ഇന്ത്യൻ വെൽത്ത് റിപ്പോർട്ട് അനുസരിച്ച് രാജ്യത്ത് അതിസമ്പന്ന (ഡോളർ‑മില്യണയർ) കുടുംബങ്ങളുടെ എണ്ണം പോയവർഷത്തെ അപേക്ഷിച്ച് 2021ൽ 11 ശതമാനം വർധിച്ചു. കുറഞ്ഞത് ഏഴ് കോടി രൂപ (ദശലക്ഷം ഡോളർ) ആസ്തിയുള്ളവരാണ് ഡോളർ‑മില്യണയർ കുടുംബം. വരുന്ന അഞ്ച് വർഷങ്ങൾക്കുള്ളിൽ രാജ്യത്തെ ഡോളർ‑മില്യണയർ കുടുംബങ്ങളുടെ എണ്ണം 30 ശതമാനം വർധിച്ച് 2026ൽ ആറ് ലക്ഷത്തിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. വൈരുധ്യങ്ങൾ രൂക്ഷമാണ്. മികച്ച വിളവുകളും ഭക്ഷ്യധാന്യ കൂമ്പാരങ്ങളും താഴെ ത്തട്ടിലുള്ളവരുടെ വിശപ്പടക്കാൻ കൈമാറ്റം ചെയ്യപ്പെടുന്നില്ല. അവരുടെ വരുമാനം നാമമാത്രമായി തുടരുന്നു. വിളകൾക്ക് താങ്ങുവില എന്ന ആവശ്യവും വിദൂരസ്വപ്നമായി തന്നെ തുടരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.