ജില്ലയിലെ എല്ലാ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കും അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് പ്രകാരം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഇതുവരെ 5156 പേര്‍ക്കായി 2,03,23,50,000 രൂപ വിതരണം ചെയ്തു. ഏപ്രില്‍ 30ന് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 200 കോടിയുടെ ധനസഹായം മുഴുവനായും വിതരണം ചെയ്തതിന് ശേഷം ഈ മാസം 16ന് 6,30,50,000 രൂപ കൂടി അനുവദിച്ചതോടെയാണ് 203.235 കോടി ആയതെന്ന് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് അറിയിച്ചു.
മേയ് മാസം പകുതിയോടെയാണ് സര്‍ക്കാര്‍ അനുവദിച്ച തുകയുടെ നടപടികള്‍ ആരംഭിച്ചത്. തുടര്‍ന്ന് ആദ്യഘട്ടത്തില്‍ പട്ടികയില്‍ ഉള്‍പ്പെട്ട എട്ടുപേര്‍ക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കി. കൂടാതെ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനായി ആരംഭിച്ച വെബ്‌പോര്‍ട്ടലിന്റെ മാതൃകയില്‍ മാറ്റം വരുത്തി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ നഷ്ടപരിഹാരം വിതരണം സുഗമമാക്കാന്‍ ഉപയോഗിക്കുകയും ജൂണ്‍ മാസത്തില്‍ തന്നെ ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വരികയും അര്‍ഹരായവര്‍ക്ക് കളക്ടറേറ്റിലേക്ക് എത്താതെ തന്നെ ധനസഹായത്തിന് അപേക്ഷിക്കാന്‍ സാധിക്കുകയും ചെയ്തു.
ഒക്ടോബര്‍ മാസത്തോടെ പൂര്‍ത്തീകരിക്കുമെന്ന് പറഞ്ഞ നഷ്ടപരിഹാര തുക വിതരണം ജൂലൈ രണ്ടാം വാരത്തില്‍ തന്നെ അപേക്ഷിച്ച മുഴുവന്‍ ദുരിത ബാധിതര്‍ക്കും നല്‍കാന്‍ ജില്ലാ ഭരണകൂടത്തിനായി. സഹായധനത്തിന് അര്‍ഹരായവരെ കണ്ടെത്താനുള്ള പരിശോധന ദ്രുതഗതിയില്‍ പൂര്‍ത്തീകരിച്ചു. ഞായറാഴ്ച ഉള്‍പ്പെടെ പ്രവര്‍ത്തിക്കുകയും കളക്ടറേറ്റിലെയും വില്ലേജ് ഓഫീസുകളിലേയും മുഴുവന്‍ ജീവനക്കാരും ദുരിതാശ്വാസ തുക വിതരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമാവുകയും ചെയ്തതോടെയാണ് ചുരുങ്ങിയ കാലയളവിനുള്ളില്‍ കൂടുതല്‍ ആളുകള്‍ക്ക് ധനസഹായം എത്തിക്കാന്‍ സാധിച്ചത്. അപേക്ഷ നല്‍കിയിട്ടില്ലാത്ത ദുരിതബാധിതരുടെ പട്ടിക പബ്ലിക് നോട്ടീസ് ആയി പ്രസിദ്ധീകരിച്ചിരുന്നു. ഇതോടെയാണ് ആദ്യം അനുവദിച്ച 200 കോടി രൂപയ്ക്ക് ശേഷം 6.3 കോടി രൂപ കൂടി അനുവദിച്ചത്. ഇതില്‍ 3,23,50,000 രൂപ വിതരണം ചെയ്തു കഴിഞ്ഞു.
English Summary: Endosulfan financing; 6.3 crores has been sanctioned by the state government
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.