4 May 2024, Saturday

2021 അവസാനിക്കുന്നത് തൊഴിലില്ലായ്മ വർധനയോടെ

ഡോ. ഗ്യാന്‍ പഥക്
January 1, 2022 7:26 am

2021 അവസാനിക്കുന്നത് ഇന്ത്യയിൽ തൊഴിലില്ലായ്മ നിരക്കിലെ കുതിച്ചു ചാട്ടത്തോടെയാണ്. ജനുവരിയിലെ 6.52 ശതമാനത്തിൽ നിന്ന് വർഷാവസാനമാകുമ്പോഴേക്ക് തൊഴിലില്ലായ്മ നിരക്ക് 8.01 ശതമാനമായി ഉയർന്നിരിക്കുന്നു. സാമ്പത്തിക രംഗത്ത് വലിയ നിരാശയാണ് ഇത് സൃഷ്ടിക്കുക. നഗരമേഖലയിലെ തൊഴിലില്ലായ്മ വർഷത്തിന്റെ ആദ്യപാദത്തെ 8.09 ശതമാനത്തിൽ നിന്ന് ഡിസംബർ 30 ന് 9.26 ശതമാനമായി ഉയർന്നു. ഗ്രാമീണ മേഖലയിൽ ഇത് 5.81 ശതമാനത്തിൽ നിന്ന് 7.44 ശതമാനമായാണ് ഉയർന്നത്. സാമ്പത്തിക വീണ്ടെടുപ്പിനുള്ള ശ്രമങ്ങളുണ്ടായിട്ടും ഇങ്ങനെ സംഭവിക്കുന്നത് തൊഴിൽ മേഖലയിലെ വികലനയം മൂലമാണ്. ഇന്ത്യയിലും വിവിധ രാജ്യങ്ങളിലും കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ കാട്ടുതീ പോലെ പടരുന്നതോടെ തൊഴിലില്ലായ്മ കൂടുതൽ വഷളാവുകയാണ്. ഭാഗിക ലോക്ഡൗണുകളും നിയന്ത്രണങ്ങളും മൂലം തൊഴിൽ വിപണിയിൽ വലിയ അനിശ്ചിതത്വമാണുള്ളത്. ഭാവി എങ്ങനെയാകുമെന്ന പ്രവചനവും അസാധ്യമാണ്. വാക്സിനേഷനിൽ നിന്നുള്ള പ്രതിരോധശേഷി ഒമിക്രോൺ മറികടക്കുന്നുവെന്നതാണ് വലിയ ആശങ്ക. വാക്സിനുകളുടെ വികസനത്തിനും വിതരണത്തിനും ശേഷം പ്രതീക്ഷയോടെ ആരംഭിച്ച 2021 നെ അപേക്ഷിച്ച്, 2022 പാെതുവേ ഇരുണ്ട സാഹചര്യത്തോടെയാണ് പിറക്കാനിരിക്കുന്നത്. 2020 ഡിസംബറിലെ തൊഴിലില്ലായ്മ നിരക്ക് 9.06 ശതമാനമായിരുന്നു. നഗരപ്രദേശങ്ങളിൽ ഇത് 9.15 ശതമാനം വരെ ഉയർന്നു. ഗ്രാമങ്ങളിലാകട്ടെ ശരാശരി തൊഴിലില്ലായ്മ നിരക്ക് 8.84 ആയിരുന്നു. പിന്നീട് സമ്പദ്‌വ്യവസ്ഥയുടെ മിക്കവാറും എല്ലാ മേഖലകളും തുറന്നതോടെ തൊഴിലില്ലായ്മ നിരക്ക് മെച്ചപ്പെടാൻ തുടങ്ങി. മാർച്ചോടെ ഇത് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 6.50 ആയി കുറഞ്ഞു. നഗരങ്ങളിലെ തൊഴിലില്ലായ്മ 7.27 ഉം ഗ്രാമീണ തൊഴിലില്ലായ്മ 6.15 ഉം ശതമാനമായി. അപ്പോഴും 2018 തുടങ്ങുമ്പോഴുണ്ടായിരുന്നതും 45 വർഷത്തെ ഉയർന്ന നിരക്കുമായ 6.1 ശതമാനത്തെക്കാൾ മോശമായിരുന്നു. 2016 നവംബറിലെ മോഡിയുടെ നോട്ട് നിരോധന ഉത്തരവിന് ശേഷമാണ് തൊഴിൽ മേഖലയിൽ സ്ഥിതിഗതികൾ വഷളാകാൻ തുടങ്ങിയത്. നിരവധി വ്യാപാര, വ്യവസായ സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ നിർബന്ധിതമായി. ദശലക്ഷക്കണക്കിന് ജനം പണത്തിന്റെ ദൗർലഭ്യം കാരണം അതിജീവനത്തിനു തന്നെ പാടുപെട്ടു. പലയിടത്തും ഉല്പാദനം 75 ശതമാനമായി കുറഞ്ഞു. കോടിക്കണക്കിന് പേർക്ക് ജോലി നഷ്ടപ്പെട്ടു. അതിന്റെ തുടർച്ചയായി 2018 ന്റെ തുടക്കത്തിൽ ഇന്ത്യയിലെ തൊഴിലില്ലായ്മ 45 വർഷത്തെ ഉയർന്ന നിലയിലെത്തി. മോഡി ഭരണം ഏറ്റവും കൂടുതൽ തൊഴിലില്ലാത്തവരെ സൃഷ്ടിച്ചു എന്നർത്ഥം. കോവിഡ് 19 വ്യാപനം കാര്യങ്ങൾ കൂടുതൽ വഷളാക്കി. 2020 മാർച്ച് 24 ന് പ്രഖ്യാപിച്ച ലോക്ഡൗൺ ജൂൺ ഒന്നിന് ഘട്ടംഘട്ടമായി തുറക്കാൻ തുടങ്ങുന്നതുവരെ സമ്പദ്‌വ്യവസ്ഥയ്ക്കു് പൂർണമായും വിലങ്ങിട്ടു. ഏപ്രിലിൽ കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്താകമാനം ബാധിച്ചു. കൂടുതൽ ലോക്ഡൗണുകളും നിയന്ത്രണ നടപടികളും വന്നു. തൊഴിൽ രംഗം പെട്ടെന്ന് വഷളാവുകയും കഴിഞ്ഞ മൂന്ന് മാസത്തെ നേട്ടം തകിടം മറിയുകയും ചെയ്തു. തൊഴിലില്ലായ്മ നിരക്ക് 6.50 ശതമാനത്തിൽ നിന്ന് 7.97 ശതമാനമായി ഉയർന്നു. നഗര, ഗ്രാമ മേഖലകളിലെ തൊഴിലില്ലായ്മ യഥാക്രമം 9.78, 7.13 ശതമാനമായി ഉയർന്നു.


ഇതുകൂടി വായിക്കാം; ഗ്രാമങ്ങളിൽ തൊഴിലില്ലായ്മ നിരക്ക് 25.09ശതമാനമായി ഉയര്‍ന്നു


രണ്ടാം തരംഗത്തിന്റെ തീവ്രത ഉയർന്നതോടെ വിപണികൾ അടച്ചുപൂട്ടി. തൊഴിലില്ലായ്മ വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 11.84 ശതമാനത്തിലെത്തി. നഗരപ്രദേശങ്ങളിൽ 14.72 ശതമാനമായപ്പോൾ ഗ്രാമപ്രദേശങ്ങളിൽ 10.55 ശതമാനമായി. സാഹചര്യം മെച്ചപ്പെടാൻ തുടങ്ങിയ ജൂലൈയിൽ ഇത് 6.96 ശതമാനമായി. നഗരങ്ങളിൽ 8.32 ശതമാനമായും ഗ്രാമങ്ങളിൽ 6.34 ശതമാനമായുമാണ് കുറഞ്ഞത്. പക്ഷേ ഇത് നീണ്ടുനിന്നില്ല. ഓഗസ്റ്റിൽ രാജ്യത്തെ തൊഴിലില്ലായ്മ 8.32 ശതമാനമായി. നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും തൊഴിലില്ലായ്മ യഥാക്രമം 9.78 ഉം 7.64 ഉം ആയി. സെപ്റ്റംബറിൽ സ്ഥിതി മെച്ചപ്പെട്ട് 6.86 ശതമാനമായി. എന്നാൽ ഒക്ടോബറിൽ 7.75 ശതമാനമായും നവംബറിൽ ഏഴ് ശതമാനമായും ഡിസംബറിൽ എട്ട് ശതമാനമായും ഉയർന്നു. നഗരപ്രദേശങ്ങളിൽ തന്നെയാണ് തൊഴിലില്ലായ്മ കൂടുതൽ. സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമി (സിഎംഐഇ)യുടെ കണക്കുകൾ പ്രകാരം സംസ്ഥാനങ്ങളിൽ നവംബറിലെ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കൂടിയത് ഹരിയാനയിലാണ് 29.3 ശതമാനം. ജമ്മു കശ്മീർ 21.4, രാജസ്ഥാൻ 20.4, ബിഹാർ 14.8, ഹിമാചൽ പ്രദേശ് 13.6, ത്രിപുര 13.4, ഗോവ 12.7, ജാർഖണ്ഡ് 11 എന്നിവിടങ്ങളിലാണ് ഉയർന്ന നിരക്ക്. ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മ ഒഡീഷയിലാണ് 0.6 ശതമാനം. മേഘാലയയിൽ 0.8 ശതമാനം. ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, കർണാടക, ഗുജറാത്ത്, ഛത്തീസ്ഗഡ്, അസം എന്നിവയാണ് അഞ്ച് ശതമാനത്തിൽ താഴെയുള്ള സംസ്ഥാനങ്ങൾ. മറ്റെല്ലാ സംസ്ഥാനങ്ങളിലും നിരക്ക് 5–10 ശതമാനമാണ്. നഗര‑ഗ്രാമ മേഖലകളിലെ ഉയർന്ന തൊഴിലില്ലായ്മ സാഹചര്യം കണക്കിലെടുത്ത്, തൊഴിൽ രംഗത്തെ തളർച്ച പരിഹരിക്കണമെങ്കിൽ സർക്കാർ അടിയന്തര നടപടികൾ കൈക്കൊള്ളേണ്ടിവരും. ഗ്രാമപ്രദേശങ്ങളെ അപേക്ഷിച്ച് ഉയർന്ന തൊഴിലില്ലായ്മയുള്ള നഗരപ്രദേശങ്ങൾക്ക് കൂടുതൽ ശ്രദ്ധ വേണം. ഗ്രാമപ്രദേശങ്ങളിലേതിനു സമാനമായി നഗരപ്രദേശങ്ങൾക്കും തൊഴിലുറപ്പ് പദ്ധതികൾ ഒരു പരിധിവരെ ഗുണം ചെയ്യും. 2022 ആരംഭിക്കുന്നത് ഒമിക്രോൺ വ്യാപനത്തിന്റെ അശുഭ സൂചനയോടെയാണ് എന്നതിനാൽ തൊഴിലില്ലാത്തവരെ സഹായിക്കാൻ മോഡി സർക്കാർ തയാറാകണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.