6 January 2026, Tuesday

ഇപിഎഫ് ​പ്രതിമാസ വേതനപരിധി 15,000 രൂപയിൽ നിന്ന് 25,000 രൂപയാക്കുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
October 30, 2025 12:46 pm

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിലും (ഇ.പി.എഫ്.ഒ) എംപ്ലോയീസ് പെൻഷൻ സ്കീമിലും (ഇ.പി.എസ്) അംഗങ്ങളാകാനുള്ള ​പ്രതിമാസ വേതന പരിധി 25,000 രൂപയാക്കാനൊരുങ്ങി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷ​ൻ(ഇ.പി.എഫ്.ഒ). ഒരുകോടിയിലേറെ ആളുകൾക്ക് ഗുണകരമാകുന്ന തീരുമാനമാണിത്. ഇ.പി.എഫ്.ഒയുടെ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് ഡിസംബറിലോ ജനുവരിയിലോ നടക്കുന്ന യോഗത്തിൽ ഈ വിഷയം ചർച്ച ചെയ്തേക്കും. നിലവിൽ ​ശമ്പള പരിധി 15,000 രൂപയാണ്.

അടിസ്ഥാന ശമ്പളത്തിൽ പ്രതിമാസം 15,000 രൂപയിൽ കൂടുതൽ വരുമാനം നേടുന്ന ജീവനക്കാർക്ക് ഈ രണ്ട് ഇ.പി.എഫ്.ഒ പദ്ധതികളിൽ നിന്ന് ഒഴിവാകാനുള്ള ഓപ്ഷൻ ഉണ്ട്. അത്തരം ജീവനക്കാരെ ഇ.പി.എഫിലോ ഇ.പി.എസിലോ ചേർക്കാൻ തൊഴിലുടമകൾക്ക് നിയമപരമായ നിർബന്ധമില്ല. പല മെട്രോ നഗരങ്ങളിലും ജോലി ചെയ്യുന്ന തൊഴിലാളികളുടെ പ്രതിമാസ ശമ്പള 15,000 രൂപയിൽ കൂടുതലായതിനാൽ ശമ്പള പരിധി ഉയർത്തണമെന്ന് ​തൊഴിലാളി യൂനിയനുകൾ വളരെ കാലമായി ആവശ്യപ്പെട്ടുവരികയാണ്.

ഉയർന്ന ശമ്പള പരിധി യാഥാർഥ്യമായാൽ അവരെല്ലാം ഇ.പി.എഫിന്റെ ഭാഗമാകും. നിലവിലെ നിയമം അനുസരിച്ച് തൊഴിലുടമയും ജീവനക്കാരനും പ്രതിമാസം ശമ്പളത്തിന്റെ 12ശതമാനം വീതം ഇ.പി.എഫിലേക്ക് നൽകണം. ജീവനക്കാരന്റെ ശമ്പളത്തിന്റെ 12 ശതമാനം ഇ.പി.എഫ് അക്കൗണ്ടിലേക്ക് പോകുന്നു. എന്നാൽ തൊഴിലുടമയുടെ 12 ശതമാനത്തിന്റെ 3.67 ശതമാനം ഇ.പി.എഫിലേക്കും 8.33 ശതമാനം ഇ.പി.എസിലേക്കുമാണ് പോകുന്നത്. വേതന പരിധി ഉയർത്തുന്നത് ഇ.പി.എഫിലേക്കും ഇ.പി.എസിലേക്കും പോകുന്ന തുകയുടെ അളവ് വർധിക്കാൻ കാരണമാകും. വിരമിക്കുമ്പോൾ ജീവനക്കാർക്ക് പെൻഷൻ തുക കൂടാനും ഇത് ഇടയാക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.