6 December 2024, Friday
KSFE Galaxy Chits Banner 2

കുര്‍ബാന ഏകീകരണം: എറണാകുളം-അങ്കമാലി അതിരൂപതയും സീറോ മലബാര്‍ സഭാ നേതൃത്വവും തമ്മില്‍ വീണ്ടും ഇടയുന്നു

Janayugom Webdesk
കൊച്ചി
December 10, 2021 4:09 pm

കുര്‍ബാന ഏകീകരണവുമായി ബന്ധപ്പെട്ട് സീറോ മലബാര്‍ സഭയില്‍ എറണാകുളം-അങ്കമാലി അതിരൂപതയും സഭാ നേതൃത്വം തമ്മില്‍ വീണ്ടും ഇടയുന്നു. കാനോ 1538 ഉപയോഗിച്ചുകൊണ്ട് സഭയുടെ സിനഡ് അംഗീകരിച്ചതും മേജര്‍ ആര്‍ച്ചു ബിഷപ് കല്‍പ്പനയായി പുറത്തിറക്കിയതുമായ സിനഡിന്റെ ആരാധനക്രമ നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ നിന്ന് ഒരു രൂപതയ്ക്ക് മുഴുവനായും ഇളവു നല്‍കാന്‍ സാധ്യമല്ലെന്ന് വ്യക്തമാക്കി പൗരസ്ത്യസഭകള്‍ക്കായുള്ള വത്തിക്കാനിലെ കാര്യാലയം അറിയിച്ചതായി സീറോ മലബാര്‍ സഭ മീഡിയ കമ്മീഷന്‍. കുര്‍ബ്ബാന ഏകീകരണം നടപ്പിലാക്കുന്നതില്‍ ഒഴിവു നല്‍കിയത് സംബന്ധിച്ച്‌ പൗരസ്ത്യസഭകള്‍ക്കായുള്ള വത്തിക്കാനിലെ കാര്യാലയം പ്രിഫെക്‌ട് കര്‍ദ്ദിനാള്‍ ലെയോനാര്‍ദൊ സാന്ദ്രിയെ അറിയിച്ചതായി എറണാകുളം-അങ്കമാലി അതിരൂപത അധികൃതര്‍.

സിനഡ് അംഗീകരിച്ച ആരാധനക്രമ നിയമങ്ങള്‍ അനുസരിക്കുന്നതില്‍ നിന്ന് ആരെയും നിരോധിക്കാന്‍ പാടില്ലെന്ന് പൗരസ്ത്യ കാര്യാലയം അയച്ചിരിക്കുന്ന കത്തില്‍ നിര്‍ദ്ദേശമുണ്ടെന്ന് സീറോ മലബാര്‍ മീഡിയ കമ്മീഷന്‍ സെക്രട്ടറി ഫാ.അലക്‌സ് ഓണംപള്ളി വ്യക്തമാക്കുന്നു. സീറോ മലബാര്‍ സഭയില്‍ നവീകരിച്ച കുര്‍ബാനക്രമവും ഏകീകൃത അര്‍പ്പണരീതിയും നവംബര്‍ 28ന് നിലവില്‍ വന്നിരുന്നു. സീറോമലബാര്‍ മെത്രാന്‍ സിനഡിന്റെ തീരുമാനപ്രകാരം നിലവില്‍വന്ന ഏകീകൃത അര്‍പ്പണരീതി നടപ്പാക്കുന്നതില്‍ നിന്ന് പൗരസ്ത്യ കാനന്‍ നിയമത്തിലെ കാനോന 1538 അനുസരിച്ച്‌ ചില രൂപതകളില്‍ രൂപത മുഴുവനായും ഇളവ് നല്‍കിയിരുന്നു. നിയമവിരുദ്ധമായ ഈ നടപടി സഭയുടെ പെര്‍മനന്റ് സിനഡ് പൗരസ്ത്യസഭകള്‍ക്കായുള്ള റോമിലെ കാര്യാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ആരാധനക്രമനിയമങ്ങളില്‍ നിന്ന് ഇളവുനല്‍കുന്നതുമായി ബന്ധപ്പെട്ട നിയമത്തെക്കുറിച്ച്‌ വ്യക്തത ആവശ്യപ്പെടുകയും ചെയ്തിരുന്നുവെന്നും സീറോ മലബാര്‍ മീഡിയ കമ്മീഷന്‍ വ്യക്തമാക്കി.
ഇതിനുള്ള മറുപടിയായി പൗരസ്ത്യസഭകള്‍ക്കായുള്ള കാര്യാലയത്തിന്റെ പ്രീഫക്‌ട് കര്‍ദിനാള്‍ ലെയണാര്‍ദോ സാന്ദ്രിയും സെക്രട്ടറി ആര്‍ച്ചുബിഷപ് ജോര്‍ജോ ദിമേത്രിയോ ഗല്ലാറോയും ഈ മാസം 9 ന് ഒപ്പുവച്ച കത്ത് ഡല്‍ഹിയിലെ അപ്പസ്‌തോലിക് നുന്‍ഷിയേച്ചര്‍വഴി ഇന്നു രാവിലെ മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ കാര്യാലയത്തില്‍ ലഭിച്ചു. കാനോന 1538 ഉപയോഗിച്ചുകൊണ്ട് സഭയുടെ സിനഡ് അംഗീകരിച്ചതും മേജര്‍ ആര്‍ച്ചുബിഷപ് കല്‍പനയായി പുറത്തിറക്കിയതുമായ സിനഡിന്റെ ആരാധനക്രമ നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ നിന്ന് ഒരു രൂപതയ്ക്ക് മുഴുവനായും ഇളവു നല്‍കാന്‍ സാധ്യമല്ല എന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും സിനഡ് അംഗീകരിച്ച ആരാധനക്രമ നിയമങ്ങള്‍ അനുസരിക്കുന്നതില്‍ നിന്ന് ആരെയും നിരോധിക്കാന്‍ പാടില്ലെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും മീഡിയ കമ്മീഷന്‍ വ്യക്തമാക്കി.

നവംബര്‍ 9ന് പൗരസ്ത്യസഭകള്‍ക്കായുള്ള കാര്യാലയം നല്‍കിയ കത്തില്‍ കാനോന 1538 പ്രകാരം ഒഴിവുനല്‍കുന്നത് പ്രത്യേക കാരണങ്ങളുടെ അടിസ്ഥാനത്തിലും പ്രത്യേക കേസുകളിലും കൃത്യമായി നിര്‍ണ്ണയിച്ചിട്ടുള്ള സമയപരിധിയിലേക്കും മാത്രമായിരിക്കണമെന്നു നിഷ്‌കര്‍ഷിച്ചിരുന്നു. ഇവ കണക്കിലെടുക്കാതെയാണ് ഏതാനും രൂപതകളില്‍ ഏകീകൃത അര്‍പ്പണരീതി നടപ്പാക്കുന്നതില്‍നിന്ന് രൂപതക്കു മുഴുവനായി ഇളവു നല്‍കിയതും സിനഡ് തീരുമാനമനുസരിച്ച്‌ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചവരെ അതില്‍നിന്നും വിലക്കിയതെന്നും മീഡിയ കമ്മീഷന്‍ വ്യക്തമാക്കി.പൗരസ്ത്യസഭകള്‍ക്കായുള്ള കാര്യാലയത്തില്‍ നിന്ന് ലഭിച്ച പുതിയ നിര്‍ദ്ദേശങ്ങള്‍ അറിയിച്ചുകൊണ്ട് സഭയിലെ എല്ലാ മെത്രാന്‍മാര്‍ക്കും മേജര്‍ ആര്‍ച്ച്‌ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കത്തെഴുതിയിട്ടുണ്ട്. ഈ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ കുര്‍ബാനയുടെ ഏകീകൃത അര്‍പ്പണരീതിയില്‍നിന്ന് ചില രൂപതകളെ പൂര്‍ണ്ണമായി ഒഴിവാക്കിയിരിക്കുന്ന നടപടി തിരുത്തുന്നതിന് മേജര്‍ ആര്‍ച്ചുബിഷപ് നിര്‍ദ്ദേശം നല്‍കിയതായും മീഡിയ കമ്മീഷന്‍ വ്യക്തമാക്കി.

എന്നാല്‍ ഏകീകൃത കുര്‍ബ്ബാന അര്‍പ്പണ രീതിയ്ക്ക് ഒഴിവു നല്‍കിയത് സംബന്ധിച്ച്‌ എറണാകുളം-അങ്കമാലി അതീരുപത മെത്രാപ്പോലീത്തന്‍ വികാരി മാര്‍ ആന്റണി കരിയില്‍ പ്രിഫെക്റ്റ് കര്‍ദ്ദിനാള്‍ ലെയൊനാര്‍ദൊ സാന്ദ്രിയ അറിയിച്ചതായി എറണാകുളം-അങ്കമാലി അതിരൂപത പിആര്‍ഒ ഫാ.മാത്യു കിലുക്കന്‍ വ്യക്തമാക്കി.

പൗരസത്യ കാനന്‍ നിയമം 1538 നമ്ബര്‍ പ്രകാരം പൗരസ്ത്യ സഭകള്‍ക്കുവേണ്ടിയുള്ള കാര്യാലയം നവംബര്‍ 26 ന് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ മാര്‍ ആന്റണി കരിയില്‍ എറണാകുളം-അങ്കമാലി അതിരൂപതയില്‍ ജനാഭിമുഖ കുര്‍ബാന തുടരാന്‍ അനുവാദം നല്‍കിയിരുന്നു.അതിരൂപത മുഴുവന്‍ ഈ ഒഴിവ് നല്‍കിയത് സംബന്ധിച്ച്‌ കൃത്യത ആവശ്യപ്പെട്ട് ഈ മാസം ഏഴിനം പ്രിഫെക്‌ട് കര്‍ദ്ദിനാള്‍ ലെയൊനാര്‍ദൊ സാന്ദ്രി അയച്ച കത്തിന്റെ അടിസ്ഥാനത്തില്‍ മാര്‍ ആന്റണി കരിയില്‍ കര്‍ദ്ദിനാള്‍ ലെയൊനാര്‍ദൊ സാന്ദ്രിയുമായി സംസാരിക്കുകയും അതിരൂപതയില്‍ മുഴുവന്‍ ഒഴിവ് നല്‍കിയതിന്റെ പശ്ചാത്തലം വിശദീകരിച്ചുവെന്നും വിശദീകരണം രേഖാമുലം അറിയിക്കുകയും ചെയ്യുമെന്നും അതിരൂപത പിആര്‍ഒ ഫാ.മാത്യു കിലുക്കന്‍ വ്യക്തമാക്കി.

Eng­lish Sum­ma­ry:  Ernaku­lam-Anga­maly Arch­dio­cese and Syro-Mal­abar Church lead­er­ship clash again

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.