7 December 2025, Sunday

Related news

November 4, 2025
November 4, 2025
October 24, 2025
October 23, 2025
October 22, 2025
October 21, 2025
October 12, 2025
May 30, 2025
May 29, 2025
May 28, 2025

വിസ്മയങ്ങളസ്തമിക്കാത്ത എവറസ്റ്റ്

വീണാ സുരേന്ദ്രൻ
May 28, 2025 10:21 pm

ഭൂമിയിലെ വിസ്മയങ്ങളിലൊന്നാണ് അന്നും ഇന്നും എവറസ്റ്റ് കൊടുമുടി. സാഹസികരായിട്ടുള്ളവർ ഒരിക്കലെങ്കിലും കയറണമെന്ന് ആഗ്രഹിക്കുന്ന, സമുദ്രനിരപ്പിൽ നിന്നും ഏറ്റവും ഉയരംകൂടിയ കൊടുമുടി. എവറസ്റ്റിന്റെ നെറുകയിൽ മനുഷ്യൻ ആദ്യമായി തൊട്ടതിന്റെ സ്മരണാർത്ഥമാണ് എല്ലാ വർഷവും മേയ് 29 എവറസ്റ്റ് ദിനമായി ആചരിക്കുന്നത്. 1953 മേയ് 29 പകൽ 11.30നാണ് മനുഷ്യൻ ആദ്യമായി ലോകത്തിന്റെ ഏറ്റവും ഉയർന്ന ബിന്ദുവിൽ സ്പർശിച്ചത്. ചരിത്രദൗത്യം പൂർത്തിയാക്കാനുള്ള ഭാഗ്യം ന്യൂസിലാൻഡുകാരനായ സർ എഡ്മണ്ട് ഹിലാരിക്കും നേപ്പാളിൽനിന്നുള്ള ടെൻസിങ് നോർഗെയ്ക്കുമാണ് ലഭിച്ചത്. അവരുടെ ഈ വിജയം ആഘോഷിക്കുന്ന ദിനമാണ് ഇന്ന്.

1953 ഏപ്രിൽ 13ന് ആരംഭിച്ച മലകയറ്റ ദൗത്യസംഘത്തിലെ അംഗങ്ങളായിരുന്നു ഇരുവരും. കേണൽ ജോൺ ഹണ്ടിന്റെ നേതൃത്വത്തിലുള്ള സംഘത്തിലെ മറ്റെല്ലാവരും പിൻവാങ്ങിയെങ്കിലും ടെൻസിങ്ങും ഹിലാരിയും ദൗത്യം ഉപേക്ഷിക്കാൻ തയ്യാറായിരുന്നില്ല. മേയ് 29ന് അവർ എവറസ്റ്റ് കീഴടക്കി. എന്നാൽ എവറസ്റ്റിന്റെ നെറുകയിൽ ആദ്യമെത്തിയത് ഹിലാരിയാണ് എന്ന ചരിത്രസത്യം ലോകം അറിയുന്നത് മൂന്നു പതിറ്റാണ്ടിനുശേഷം മാത്രമാണ്. 1986ൽ ടെൻസിങ് മരിച്ചശേഷമാണ് ഹിലാരി ആ സത്യം ലോകത്തോടു വെളിപ്പെടുത്തിയത്. 

2008ലാണ് ആദ്യമായി എവറസ്റ്റ് ദിനം ആഘോഷിക്കുന്നത്. എഡ്മണ്ട് ഹിലാരി മരിച്ച 2008 മുതൽ ഈ ദിനം അന്താരാഷ്ട്ര എവറസ്റ്റ് ദിനമായി ആചരിക്കുവാൻ തീരുമാനിച്ചത് നേപ്പാൾ ആയിരുന്നു. 2010ൽ ടെൻസിങ് നോർഗെ പ്രസിദ്ധീകരിച്ച പുസ്തകത്തിൽ അവരുടെ യാത്രയുടെ വെല്ലുവിളികളും ബുദ്ധിമുട്ടുകളും അദ്ദേഹം വിവരിച്ചിരുന്നു. ഹിമാലയ പർവതത്തിൽ, നേപ്പാളിന്റെയും ടിബറ്റിന്റെയും അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന എവറസ്റ്റിന്റെ ഉയരം ഔദ്യോഗിക കണക്കുകൾ പ്രകാരം 8,848 മീറ്ററാണ് (29,028.871 അടി). എവറസ്റ്റിന്റെ ഉയരം ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്നത് 1856ലാണ്.
പീക്ക് 15 എന്നാണ് എവറസ്റ്റ് പൊതുവേ അറിയപ്പെടുന്നത്. നേപ്പാളുകാർക്ക് ഇത് സാഗർ മാതയാണ്. ചൈനയിൽ ഇത് ചുമുലാങ്മ ഫെങ് ആണ്. ടിബറ്റിൽ എവറസ്റ്റ് ചോമലുങ്മ എന്നാണ് അറിയപ്പെടുന്നത്. ബ്രിട്ടിഷ് ഇന്ത്യയിലെ സർവേയർ ജനറലായിരുന്ന സർ ജോർജ് എവറസ്റ്റിന്റെ പേരാണ് ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിക്ക് സമ്മാനിച്ചിരിക്കുന്നത്. 1865ൽ അദ്ദേഹത്തിന്റെ പിൻഗാമി കേണൽ ആൻഡ്രൂ വാഗിന്റെ ശുപാർശയിൽ റോയൽ ജിയോഗ്രാഫിക്കൽ സൊസൈറ്റിയാണ് ആ പേരു നൽകിയത്. എവറസ്റ്റ് ആദ്യമായി കീഴടക്കിയ ടെൻസിങ് നോർഗേയുടെയും എഡ്മണ്ട് ഹിലാരിയുടെയും മക്കൾ പിന്നീട് ഇതേ കൊടുമുടി കീഴടക്കി ചരിത്രം രചിച്ചു. ഏറ്റവും കൂടുതൽ തവണ എവറസ്റ്റ് കീഴടക്കിയതിനുള്ള ബഹുമതി നേപ്പാളിൽ നിന്നുള്ള കമി റിത ഷെർപ്പയ്ക്ക് അവകാശപ്പെട്ടതാണ് (25 തവണ). കമി റിത ഷെർപ്പ കഴിഞ്ഞാൽ കൂടുതൽ തവണ എവറസ്റ്റ് കീഴടക്കിയത് അപ്പ ഷെർപ്പ, ഫുർബ താഷി (21 തവണ) എന്നിവരാണ്.

എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായംകൂടിയ വ്യക്തി ജപ്പാനിലെ യൂയിചിറോ മിയുറയാണ് (80 വയസ്, 2008). കൊടുമുടി തൊട്ട പ്രായംകൂടിയ വനിത ജപ്പാന്റെ ടമേ വടനബി (73 വയസ്, 2012). 2002ലും അവർ എവറസ്റ്റിന്റെ നെറുകയിലെത്തിയിരുന്നു. ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി അമേരിക്കയുടെ ജോർദൻ റൊമീറോയാണ് (13 വയസ്, 2010). എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വനിത ഇന്ത്യയുടെ മലാവത് പുർനെയാണ് (13 വയസ്, 11 മാസം, 2014). ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ എവറസ്റ്റ് ജേതാവും മലാവത് തന്നെ. രണ്ടു തവണ എവറസ്റ്റ് കീഴടക്കിയ ആദ്യ വ്യക്തി ഇന്ത്യയുടെ നവാങ് ഗൊമ്പുവാണ് (1963, 65). എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യൻ വനിത ബചേന്ദ്രി പാൽ ആണ്. 1984 മേയ് 23നാണ് അവർ കൊടുമുടിയുടെ നെറുകയിലെത്തിയത്. 

അതീവ ദുർഘടമായ ഇവിടേക്കുള്ള യാത്രയിൽ കാലാവസ്ഥ വലിയ വില്ലൻ തന്നെയാണ്. ശാരീരികാരോഗ്യം മാത്രമല്ല, മനക്കട്ടിയും വേണം ഇവിടുത്തെ തണുപ്പ് പ്രതിരോധിച്ച് മുന്നോട്ടുപോകുവാൻ. ഇന്നും വളർന്നുകൊണ്ടേയിരിക്കുന്ന പർവതം എന്നാണ് എവറസ്റ്റിനെ വിളിക്കുന്നത്. പ്രത്യേക ഭൗമപ്രക്രിയകളാണ് ഇതിന് പിന്നിലെ കാരണമായി ശാസ്ത്രലോകം വിലയിരുത്തുന്നത്. ടെക്ടോണിക് ഫലകങ്ങളുടെ തുടർച്ചയായ മാറ്റം കാരണം ഹിമാലയം മുകളിലേക്ക് ഉയരുന്നതിനാലാണ് ഈ വളർച്ച സാധ്യമാകുന്നത്. ഓരോ വർഷവും 44 മില്ലീ മീറ്റർ വീതമാണ് ഇങ്ങനെ എവറസ്റ്റ് വളരുന്നത്. വളരെ ചെലവേറിയ യാത്രയാണ് എവറസ്റ്റിലേക്കുള്ളത്. യാത്രാച്ചെലവ്, ഗൈഡ്, പരിശീലനം, യാത്രാ സാമഗ്രികൾ, വസ്ത്രങ്ങൾ തുടങ്ങിയ ഉൾപ്പെടെ 22 ലക്ഷം മുതൽ 55 ലക്ഷത്തോളം രൂപ വരെ ചെലവാകും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.