19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

January 10, 2023
December 31, 2022
November 7, 2022
November 4, 2022
August 17, 2022
June 14, 2022
March 23, 2022
March 5, 2022
December 16, 2021
December 5, 2021

വായു മലിനീകരണം അതിരൂക്ഷം വിദ്യാലയങ്ങള്‍ അടയ്ക്കുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
November 4, 2022 11:39 pm

രാജ്യതലസ്ഥാനത്ത് വായു മലിനീകരണം അതിരൂക്ഷം. പ്രൈമറി സ്‌കൂളുകള്‍ക്ക് ഇന്നുമുതല്‍ അവധി പ്രഖ്യാപിച്ചു. ഡൽഹിയില്‍ ശരാശരി എക്യുഐ 431 ആണ് രേഖപ്പെടുത്തിയത്. അതേസമയം മലിനീകരണം നിയന്ത്രിക്കാന്‍ നടപടി വേണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി 10ന് വാദം കേള്‍ക്കും.
സര്‍ക്കാര്‍ ഓഫീസുകളില്‍ പകുതി ജീവനക്കാര്‍ വീട്ടിലിരുന്നു ജോലി ചെയ്യണമെന്നും സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. സ്വകാര്യ സ്ഥാപനങ്ങളോടും ഇക്കാര്യം നടപ്പിലാക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്ന് ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
ചൊവ്വാഴ്ച വരെയാണ് സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സ്കൂളുകളില്‍ ക്ലാസ് മുറിക്ക് പുറത്തുള്ള പ്രവർത്തനങ്ങൾ നിർത്തിവയ്ക്കും. കായിക മത്സരങ്ങൾ അടക്കമുള്ള പ്രവൃത്തികൾ സ്കൂളുകളിൽ അനുവദിക്കില്ല. വായു മലിനീകരണം കാരണം ഡല്‍ഹിയിലെയും ഹരിയാനയിലെയും ചില സ്കൂളുകൾ ക്ലാസുകൾ ഓൺലൈനിലേക്ക് നേരത്തതന്നെ മാറ്റിയിരുന്നു. 

വിദ്യാര്‍ത്ഥികളില്‍ മാസ്ക് ഉപയോഗം പ്രോത്സാഹിപ്പിക്കാനും സ്കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. മലിനീകരണം കുട്ടികളുടെയും പ്രായമേറിയവരുടെയും ആരോഗ്യത്തെ ബാധിക്കുന്നതായി മുന്‍ എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ അടക്കമുള്ള വിദഗ്ധര്‍ കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു.
നോയ്ഡയില്‍ ചില മേഖലകളില്‍ വായു നിലവാരം 562 വരെ രേഖപ്പെടുത്തി. ഗുരുഗ്രാമില്‍ ഏറ്റവും ഉയര്‍ന്ന മലിനീകരണം 539 രേഖപ്പെടുത്തി. അതേസമയം ഇന്നുമുതല്‍ വായുമലിനീകരണം കുറഞ്ഞേക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.
അന്തരീക്ഷ മലിനീകരണം ചെറുക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങള്‍ ഫലപ്രദമായി നടപ്പാകുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ആറംഗ സമിതിയെ നിയോഗിച്ചു. ഡല്‍ഹിയിലേക്ക് വരുന്ന ട്രക്കുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. അവശ്യ സാധനങ്ങളുമായി വരുന്ന ട്രക്കുകള്‍ക്ക് മാത്രമെ ഡല്‍ഹിയിലേക്ക് പ്രവേശനാനുമതിയുള്ളൂ. ഇത് പാലിക്കാത്ത ട്രക്കുകള്‍ക്ക് 20,000 രൂപ പിഴയീടാക്കുമെന്നും ഗോപാല്‍ റായ് വ്യക്തമാക്കി.
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കും തുടരുകയാണ്. റോഡുകളുടെയും പാലങ്ങളുടെയുമടക്കം നിര്‍മ്മാണത്തിന് വിലക്കുണ്ട്. 

Eng­lish Sum­ma­ry: Extreme air pol­lu­tion is clos­ing schools

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.