ഒമിക്രോൺ വ്യാപനഭീതിയിൽ ലോകം. ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദം നിരവധി രാജ്യങ്ങളിൽ പുതുതായി സ്ഥിരീകരിച്ചു. ജർമ്മനിക്ക് പിന്നാലെ ഇറ്റലിയിലും ഓസ്ട്രിയയിലും നെതർലൻഡിലും ഒമിക്രോൺ വകഭേദം കണ്ടെത്തി. ദക്ഷിണാഫ്രിക്കയിൽ നിന്ന് ഈ രാജ്യങ്ങളിലെത്തിയവരിലാണ് രോഗം സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ വൈറസ് ബോട്സ്വാന, ഹോങ്കോങ്, ഇസ്രയേൽ, ബെൽജിയം ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.
പുതിയ വകഭേദം വ്യാപിക്കുമെന്ന ആശങ്കയിൽ നിയന്ത്രണവും നിരീക്ഷണവും ശക്തമാക്കണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ കർശന ജാഗ്രതാ നിർദ്ദേശം നൽകി. ഹോട്ട്സ്പോട്ടുകൾ കർശനമായി നിരീക്ഷിക്കണം. ജനിതക നിര്‍ണയത്തിനായി സാമ്പിളുകൾ വേഗത്തിൽ അയയ്ക്കുന്നത് ഉറപ്പാക്കുകയും ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുകയും ചെയ്യണം. വാക്സിൻ വിതരണം ശക്തമാക്കണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ പറയുന്നു.
പുതിയ സാഹചര്യത്തില്‍ അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള മാനദണ്ഡങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുതുക്കി. വിദേശത്തുനിന്നും ഇന്ത്യയിലെത്തുന്ന യാത്രക്കാര്‍ 14 ദിവസത്തെ യാത്രാപശ്ചാത്തലം വിശദീകരിച്ചുകൊണ്ട് സാക്ഷ്യപത്രം സമര്‍പ്പിക്കണം. 72 മണിക്കൂര്‍ മുമ്പ് എടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കി.
അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കാനുള്ള നടപടി പുതിയ സാഹചര്യത്തിൽ പുനഃപരിശോധിക്കുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു. പുതിയ വകഭേദമായ ഒമിക്രോൺ മനുഷ്യ ശരീരത്തെ എത്രത്തോളം ബാധിക്കുമെന്നും വ്യാപനം ഏത് രീതിയിലായിരിക്കുമെന്നും ഉൾപ്പെടെയുള്ള പഠനങ്ങൾ പുരോഗമിക്കുകയാണെന്നും രാജ്യത്തെ ജനങ്ങൾ നിലവിലുള്ള കോവിഡ് മാർഗരേഖകൾ കൃത്യമായി പാലിക്കണമെന്നും ഐസിഎംആർ അറിയിച്ചു. കഴിഞ്ഞ ദിവസം ബംഗളുരു വിമാനത്താവളത്തിലെത്തിയ രണ്ട് ദക്ഷിണാഫ്രിക്കൻ പൗരന്മാരെയും പരിശോധനക്ക് വിധേയമാക്കി. എന്നാൽ ഇവരിൽ ഒമിക്രോൺ വൈറസിന്റെ സാന്നിധ്യം ഇല്ലെന്നും ഡെൽറ്റ വകഭേദമാണ് കണ്ടെത്തിയതെന്നും അധികൃതർ വ്യക്തമാക്കി.
english summary;Extreme vigilance of Omicron
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.