22 December 2024, Sunday
KSFE Galaxy Chits Banner 2

കാലോചിതമാകേണ്ട കർഷകത്തൊഴിലാളി ആനുകൂല്യം

ഗോവിന്ദൻ പള്ളിക്കാപ്പില്‍
September 24, 2024 4:30 am

കർഷകത്തൊഴിലാളി ക്ഷേമനിധി സംരക്ഷിക്കണമെന്നും ആനുകൂല്യങ്ങൾ വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് കർഷക ത്തൊഴിലാളി ഫെഡറേഷൻ (ബികെഎംയു) നേതൃത്വത്തിൽ നിരവധി സമരങ്ങൾ നടത്തിയിട്ടുണ്ട്. കഴിഞ്ഞ ജനുവരി 18ന് സംസ്ഥാനത്തെ വില്ലേജ് ഓഫിസുകളിലേക്ക് മാർച്ചും ധർണയും നടത്തിയിരുന്നു. 1974ൽ സി അച്യുതമേനോൻ സർക്കാരിന്റെ കാലത്താണ് കർഷകത്തൊഴിലാളികൾക്കായി നിയമം പാസാക്കിയത്. തൊഴിലാളികളുടെ കൂലി, പെൻഷൻ, ക്ഷേമ ആനുകൂല്യങ്ങൾ, വിരമിക്കല്‍ ആനുകൂല്യങ്ങൾ എന്നിവ ലഭ്യമാക്കാൻ ഉദ്ദേശിച്ചുകൊണ്ടാണ് നിയമം കൊണ്ടുവന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് കർഷകത്തൊഴിലാളികൾക്കായി ഒരു ക്ഷേമനിധി പദ്ധതി 1990ൽ ഉണ്ടാക്കിയത്.

തൊഴിലാളികൾക്ക് കൂലിക്ക് പുറമേ ചില ആനുകൂല്യങ്ങൾ ഉറപ്പാക്കുകയായിരുന്നു ക്ഷേമപദ്ധതിയുടെ ലക്ഷ്യം. ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളി പ്രതിമാസം രണ്ട് രൂപ നിരക്കിലാണ് ആദ്യം അംശദായം അടച്ചുവന്നിരുന്നത്. 2003 ജൂലൈ വരെ ഇതേനിരക്കിൽ പ്രതിവർഷം 24 രൂപയാണ് അടച്ചിരുന്നത്. 2003 ഓഗസ്റ്റ് മുതൽ അംശദായം പ്രതിമാസം അഞ്ചു രൂപയായി വർധിപ്പിച്ചു. 2020 ജനുവരി മുതൽ 20 രൂപയാക്കി. 1990 മുതൽ രണ്ടു രൂപ പ്രതിമാസം അടച്ചിരുന്നപ്പോൾ 60 വയസ് പൂർത്തിയായി അംഗത്വം അവസാനിപ്പിക്കുന്ന തൊഴിലാളിക്ക് പ്രതിവർഷം 625 രൂപ നിരക്കിൽ അധിവർഷാനൂകൂല്യം നൽകിയിരുന്നു. അംശാദായം 20 രൂപയായി വർധിപ്പിച്ചിട്ടും അതിവർഷാനൂകൂല്യത്തിൽ വർധനവുണ്ടായിട്ടില്ല. ഇത് അംഗീകരിക്കാൻ കഴിയില്ല. അതിവർഷാനൂകൂല്യം മിനിമം 2,500 രൂപയായി വർധിപ്പിക്കണമെന്നാണ് ബികെഎംയു ആവശ്യപ്പെടുന്നത്. 

അതിവർഷാനുകൂല്യം വർധിപ്പിച്ചില്ലെന്ന് മാത്രമല്ല വർഷങ്ങളുടെ കുടിശിക കൊടുത്തുതീർക്കാനുമുണ്ട്. ക്ഷേമനിധി ബോർഡിന്റെ സാമ്പത്തികസ്ഥിതി കണക്കിലെടുത്ത് അതിവർഷാനുകൂല്യം സർക്കാർ കൊടുത്തു തീർക്കാമെന്ന് അറിയിച്ചിട്ടുള്ളതാണ്. 2014 വരെയുള്ള ആനുകൂല്യങ്ങളാണ് പൂർണമായി കൊടുത്തുതീർത്തത്. 2015, 16, 17 വർഷങ്ങളിൽ ക്ഷേമനിധിയിൽ നിന്നും പിരിഞ്ഞവർക്ക് 625 രൂപയുടെ പകുതി മാത്രമേ നൽകിയിട്ടുള്ളൂ. ബാക്കി തുക സർക്കാർ ഗ്രാന്റ് ലഭിക്കുന്ന മുറയ്ക്ക് കൊടുത്തുതീർക്കാനാണ് ബോർഡ് തീരുമാനിച്ചിട്ടുള്ളത്. 2017 ന് ശേഷമുള്ള അതിവർഷാനുകൂല്യം കുടിശികയായി കിടക്കുകയാണ്. അതിവർഷാനുകൂല്യ കുടിശിക കൊടുത്തു തീർക്കാൻ മാത്രം 430 കോടിയിലധികം രൂപ വേണം. മറ്റാനുകൂല്യകുടിശികകള്‍ ഉൾപ്പെടെ അടിയന്തരമായി 500 കോടി രൂപ അനുവദിക്കണമെന്നാണ് സമരത്തിലൂടെ ബികെഎംയു ആവശ്യപ്പെടുന്നത്. 

കർഷകത്തൊഴിലാളി ക്ഷേമനിധി നിയമത്തിൽ പ്രതിവർഷം 24 രൂപ അടയ്ക്കുന്ന തൊഴിലാളിക്ക് 60 വയസ് പൂർത്തിയായാൽ പ്രതിവർഷം 625 രൂപ നൽകണമെന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ 2015 മുതൽ 17 വരെ പകുതി മാത്രമേ നൽകിയിട്ടുള്ളു. ഇപ്പോൾ സർക്കാരിൽ നിന്നും ലഭിച്ച 10 കോടി രൂപ പകുതി നൽകിയവർക്ക് പൂർണമായി നൽകാതെ, 2017ന് ശേഷമുള്ളവർക്ക് പകുതി നൽകാനാണ് ബോർഡ് ആലോചിക്കുന്നത്. ഇത് അംഗീകരിക്കാൻ കഴിയാത്തതാണ്. രണ്ടു രൂപ അടച്ചപ്പോൾ ലഭിച്ചിരുന്ന ആനുകൂല്യം പോലും 20 രൂപ അടച്ചപ്പോൾ ലഭിക്കുന്നില്ലെന്ന സ്ഥിതി നീതീകരിക്കാൻ കഴിയില്ല.

ക്ഷേമനിധി ബോർഡ് ഇപ്പോൾ വിവാഹ ധനസഹായം 5,000 രൂപയും മരണാനന്തര സഹായം 5,000 രൂപയും ചികിത്സാ സഹായം മൂന്ന് വർഷത്തിലൊരിക്കൽ 4,000 രൂപയും പ്രസവാനകൂല്യം 15,000 രൂപയുമാണ് നൽകിവരുന്നത്. അതിനുപുറമേ എസ്എസ്എൽസി, പ്ലസ്‌ടു പരീക്ഷകളിൽ ഉന്നത വിജയം നേടുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പും നൽകുന്നു. ഈ ആനുകൂല്യങ്ങൾ വർധിപ്പിക്കണമെന്നും ബികെഎംയു ആവശ്യപ്പെടുന്നു. വിവാഹ ധനസഹായം 15,000 രൂപയാക്കണം. മരണാനന്തര സഹായം 10,000 രൂപയായും ചികിത്സാ സഹായം പ്രതിവർഷം 1,000 രൂപയായും ഉയർത്തണം. 

ബോർഡിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുവാൻ ബികെഎംയു ഒട്ടേറെ നിർദേശങ്ങൾ പലഘട്ടങ്ങളിലായി മുന്നോട്ടുവച്ചിട്ടുണ്ട്. എന്നാൽ അത് പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകുന്നില്ല. ക്ഷേമനിധി നിലവിൽവരുമ്പോൾ തൊഴിലാളി അടയ്ക്കുന്ന അംശദായത്തിന് തുല്യമായ തുക സർക്കാർ മാച്ചിങ് ഗ്രാന്റായി നൽകണം. 2020 ജനുവരി മുതൽ ആ വ്യവസ്ഥയിൽ മാറ്റം വരുത്തി. രണ്ടു രൂപയായിരുന്ന അംശദായം 20 രൂപയായി വർധിപ്പിച്ചപ്പോൾ തുല്യവിഹിതം മാച്ചിങ് ഗ്രാന്റ് എന്നത് 25 ശതമാനമാക്കി കുറച്ചു. ഈ നിലപാട് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ക്ഷേമനിധി ബോർഡിനെ കൂടുതൽ പ്രയാസത്തിലാക്കുന്നതിനിടയാക്കി.
ഭൂവുടമ വിഹിതം പിരിച്ചെടുക്കുന്നതിലും വേണ്ടത്ര ഇടപെടൽ ഉണ്ടാകുന്നില്ല. 10 സെന്റിന് മുകളിൽ ഭൂമി കൈവശമുള്ളവരിൽ നിന്നും ഭൂവുടമാ വിഹിതം പിരിച്ചെടുക്കാനും അത് പൂർണമായി ക്ഷേമനിധി ബോർഡിൽ ലഭിക്കുന്നതിനും ഉറപ്പുണ്ടാക്കണം. ബികെഎംയു വർഷങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണ് സംസ്ഥാനത്ത് ഭൂമി വില്പന നടത്തുമ്പോൾ മുദ്രപ്പത്ര വിലയുടെ ഒരു ശതമാനം കർഷകത്തൊഴിലാളി ക്ഷേമനിധിക്ക് നൽകണമെന്നത്. അതിന് ആവശ്യമായ നിയമ നിർമ്മാണം നടത്താൻ സർക്കാർ നടപടി സ്വീകരിക്കണം. കർഷകത്തൊഴിലാളി പണിയെടുക്കുന്ന ഭൂമിയാണ് തരംമാറ്റം വരുത്തുന്നത്. തരംമാറ്റലിലൂടെ ഇതിനകം കോടിക്കണക്കിന് രൂപ ഫീസായി സർക്കാരിലേക്ക് ലഭിച്ചുവെന്നാണ് അറിയുന്നത്. അതിൽനിന്നും നിശ്ചിതസംഖ്യ ക്ഷേമനിധിക്ക് നൽകണമെന്നതാണ് ബികെഎംയു ആവശ്യപ്പെടുന്നത്. 

കേന്ദ്രസർക്കാർ സംസ്ഥാനത്തിന് അർഹതപ്പെട്ട സാമ്പത്തിക സഹായങ്ങൾ പോലും നിഷേധിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. കേന്ദ്രത്തിന്റെ ആ സമീപനം കൊണ്ടുതന്നെ സംസ്ഥാനത്തിന്റെ പല കാര്യങ്ങൾക്കും ഫണ്ടില്ലാതെ പ്രയാസപ്പെടുന്നുണ്ട്. എന്നാൽ കേരളത്തിന് ലഭ്യമാകുന്ന സാമ്പത്തിക സ്ഥിതിവച്ച് പണം ചെലവഴിക്കുന്നതിന് മുൻഗണന നിശ്ചയിക്കണമെന്ന് ബികെഎംയു നിരന്തരം ആവശ്യപ്പെടുന്ന കാര്യമാണ്. സംസ്ഥാന സർക്കാർ വികസന- ക്ഷേമ പ്രവർത്തനങ്ങൾക്ക് മുൻഗണന നിശ്ചയിക്കുമെന്ന് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുണ്ട്. അങ്ങനെ മുൻഗണന നിശ്ചയിക്കുമ്പോൾ സമൂഹത്തിൽ ഏറ്റവും ദുർബലവിഭാഗമായ കർഷകത്തൊഴിലാളികളുടെ ആവശ്യത്തിന് ആദ്യ പരിഗണന ലഭിക്കണം.

നമ്മുടെ രാജ്യത്ത് ആദ്യമായി കർഷകത്തൊഴിലാളിക്ക് പെൻഷൻ പദ്ധതി നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം. 1974ലെ കേരള കർഷകത്തൊഴിലാളി നിയമത്തിലെ വ്യവസ്ഥകൾക്ക് വിധേയമായിട്ടാണ് 1980ൽ എൽഡിഎഫ് സർക്കാർ പെൻഷൻ നടപ്പിലാക്കിയത്. 45 രൂപയിൽ ആരംഭിച്ച പെൻഷൻ ഇപ്പോൾ 1,600 രൂപയായി ഉയർത്തിയിട്ടുണ്ട്. പെൻഷൻ 3000 രൂപയായി വർധിപ്പിക്കണം എന്നതാണ് ബികെഎംയു ആവശ്യപ്പെടുന്നത്. പെൻഷൻ നൽകുന്നതിന് ഉപാധികൾ നിശ്ചയിച്ചിരിക്കുന്നത് കാലതാമസത്തിനും പെൻഷൻ നിഷേധിക്കുന്നതിനും കാരണമാകുന്നുണ്ട്. അപേക്ഷ നൽകിയാൽ വിവിധതരത്തിലുള്ള പരിശോധനകൾക്ക് ശേഷം മാത്രമാണ് പെൻഷൻ അനുവദിക്കുന്നത്. കൂടാതെ വാർഷിക കുടുംബ വരുമാനം ഒരു ലക്ഷം രൂപയിൽ കൂടുതലുള്ളവർക്ക് പെൻഷൻ നിഷേധിക്കുന്ന സ്ഥിതിയുമുണ്ട്. കേരളത്തിൽ സർക്കാർ വഴിയോ അർധസർക്കാർ സ്ഥാപനങ്ങൾ വഴിയോ മറ്റു പെൻഷനുകൾ നൽകുന്നത് ഉപാധിക്ക് വിധേയമായല്ല. അതിനാൽ കർഷകത്തൊഴിലാളി പെൻഷൻ ഉപാധിരഹിതമായി നൽകണം. 

അംശദായം 10 മടങ്ങ് വർധിപ്പിച്ചിട്ടും ആനുകൂല്യം വർധിപ്പിക്കാത്തത് ശരിയായ നടപടിയല്ല. അതിവർഷാനുകൂല്യം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ കാലാനുസൃതമായി വർധിപ്പിച്ച് ആകർഷകമായ രീതിയിൽ കർഷകത്തൊഴിലാളി ക്ഷേമനിധിയെ മാറ്റണം. അങ്ങനെ വന്നാൽ മാത്രമേ പുതിയ തൊഴിലാളികൾ അംഗത്വമെടുക്കാനും ചേർന്നവർ അംഗത്വം നിലനിർത്താനും താല്പര്യം കാണിക്കുകയുള്ളൂ.
കേരള കർഷകത്തൊഴിലാളി ക്ഷേമനിധിയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ബികെഎംയു നേതൃത്വത്തിൽ സെപ്റ്റംബർ 27ന് സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട സർക്കാർ ഓഫിസുകളിലേക്കും ക്ഷേമനിധി ഓഫിസുകളിലേക്കും മാർച്ചും ധർണയും നടത്തും. ക്ഷേമനിധി ആനുകൂല്യങ്ങളുടെ കുടിശിക ഉടൻ വിതരണം ചെയ്യുക, കുടിശിക വിതരണം ചെയ്യാൻ സർക്കാർ 500 കോടി അടിയന്തര സഹായം അനുവദിക്കുക, ക്ഷേമനിധി ആനുകൂല്യങ്ങൾ കലോചിതമായി വർധിപ്പിക്കുക, കർഷകത്തൊഴിലാളി പെൻഷൻ ഉപാധിരഹിതമായി നൽകുക, പെൻഷൻ 3,000 രൂപയായി വർധിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ചാണ് സമരം നടത്തുന്നത്. ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തുന്ന മാർച്ചും ധർണയും വിജയിപ്പിക്കുവാൻ എല്ലാവരുടെയും പിന്തുണയും സഹായവും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.