4 January 2025, Saturday
KSFE Galaxy Chits Banner 2

Related news

January 4, 2025
December 30, 2024
December 29, 2024
December 24, 2024
December 6, 2024
December 1, 2024
November 29, 2024
November 26, 2024
November 26, 2024
November 8, 2024

പോഷകാഹാര സുരക്ഷയും കര്‍ഷക സമരവും

ഡോ. അരുൺ മിത്ര
February 26, 2024 4:34 am

വ്യക്തിയുടെയും സമൂഹത്തിന്റെയും പുരോഗതിക്ക് അനിവാര്യമായ ഒന്നാണ് പോഷകാഹാര സുരക്ഷ. ശാരീരികവും മാനസികവുമായി ആരോഗ്യമുള്ള വ്യക്തികൾക്ക് മാത്രമേ രാജ്യത്തിന്റെ വളർച്ചയ്ക്ക് സംഭാവന ചെയ്യാൻ കഴിയുകയുള്ളൂ. അതുകൊണ്ടുതന്നെ പോഷകാഹാര സുരക്ഷ ഉറപ്പുവരുത്തുന്നതിന് സഹായകമായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. മെച്ചപ്പെട്ട ജീവിതസാഹചര്യം, ആരോഗ്യകരമായ തൊഴിൽ അന്തരീക്ഷം, വാങ്ങൽശേഷി ഉറപ്പുവരുത്തിയുള്ള മതിയായ വേതനം, വൈവിധ്യവൽക്കൃത വിള രീതികളും വ്യാപാര സംവിധാനവും തുടങ്ങിയവ നീതിയുടെയും സമത്വത്തിന്റെയും അടിസ്ഥാന ഘടകങ്ങളുമാണ്. ഇന്ത്യയിലെ തൊഴിലെടുക്കുന്നവരുടെ അവസ്ഥയെന്ന റിപ്പോർട്ട് പ്രകാരം തൊഴിലെടുക്കുന്നവരില്‍ 82 ശതമാനം പുരുഷന്മാരും 92 ശതമാനം സ്ത്രീകളും പ്രതിമാസം 10,000 രൂപയിൽ താഴെ വേതനം പറ്റുന്നവരാണ്. വ്യക്തിഗത ആവശ്യങ്ങൾ നിറവേറ്റുന്നതിന് പ്രതിമാസം കുറഞ്ഞത് 26,000 രൂപ വേതനമായി ലഭിക്കണമെന്ന് തൊഴിലാളി സംഘടനകൾ ആവശ്യപ്പെടുമ്പോഴാണിത്. ആരോഗ്യകരമായ ജീവിത സാഹചര്യങ്ങളും നല്ല തൊഴിൽ അന്തരീക്ഷവും ഉറപ്പുവരുത്തണമെന്നും തൊഴിലാളി സംഘടനകൾ ആവശ്യപ്പെടുന്നു. അതുകൊണ്ടുതന്നെ തൊഴിലും ജീവിതോപാധികളും ഉറപ്പുവരുത്തുന്നതിനുള്ള വിവിധ പദ്ധതികൾക്ക് രൂപം നൽകേണ്ടതുണ്ട്. പക്ഷേ സാഹചര്യങ്ങൾ തീരെ അനുകൂലമല്ല. വരുംവർഷങ്ങളിലും തൊഴിലില്ലായ്മ വർധിക്കുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്.

ഇന്ത്യയുടെ സമ്പദ്ഘടന ആരോഗ്യകരമായ വളർച്ചാ നിരക്ക് കൈവരിക്കുന്നു എന്ന് പറയുമ്പോഴും ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ ഓപറേഷൻ ആന്റ് ഡവലപ്മെന്റ് (ഒഇസിഡി) എന്ന സംഘടന 2018ൽ നടത്തിയ പ്രവചനമനുസരിച്ച് 2024ൽ ഇന്ത്യയിലെ തൊഴിലില്ലായ്മ നാലിൽ നിന്ന് എട്ട് ശതമാനത്തിലെത്തും. രാജ്യത്തെ തൊഴിലില്ലായ്മ സംബന്ധിച്ച് പ്രതിദിന‑പ്രതിമാസ കണക്കുകൾ സമാഹരിക്കുന്ന സ്വതന്ത്ര ഏജൻസിയായ സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി (സിഎംഐഇ) എന്ന സംഘടനയുടെ പുതിയ റിപ്പോർട്ട് പ്രകാരം ഇപ്പോഴത്തെ തൊഴിലില്ലായ്മാ നിരക്ക് 7.70 ശതമാനമാണ്. പ്രസ്തുത റിപ്പോർട്ട് പ്രകാരം നഗരങ്ങളിൽ 8.60, ഗ്രാമങ്ങളിൽ 7.30 ശതമാനം വീതമാണ് തൊഴിലില്ലായ്മ. സ്ത്രീ തൊഴിൽശക്തി ആഗോള തലത്തിലെ 50 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലേത് 37 ശതമാനം മാത്രമാണെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. ഈ റിപ്പോർട്ടുകൾ ആഗോള പട്ടിണി സൂചികയിൽ 125 രാജ്യങ്ങളിൽ ഇന്ത്യ 111ൽ നിൽക്കുന്നതിനെ സ്ഥിരീകരിക്കുന്നു. കുറഞ്ഞ വേതനവും ഉയർന്ന തൊഴിലില്ലായ്മയും നിലനിൽക്കുന്ന ഒരു രാജ്യത്ത് പോഷക സമൃദ്ധമായ ഭക്ഷണം സാധ്യമാകില്ലെന്നത് ആശങ്കയുണ്ടാക്കുന്നതാണ്. ജനസംഖ്യയുടെ 60 ശതമാനം, അതായത് 80 കോടി ജനങ്ങൾക്ക് അഞ്ച് കിലോ ധാന്യവും ഒരു കിലോ പരിപ്പും നൽകേണ്ടിവരുന്നത് തന്നെ ദാരിദ്ര്യത്തിന്റെ പ്രതിഫലനമാണ്. ധാന്യങ്ങളും പരിപ്പും അവരുടെ വയർ നിറച്ചേക്കാമെങ്കിലും ശാരീരികവും മാനസികവുമായ വികസനത്തിന് ആവശ്യമായ ഘടകങ്ങളായി അവ മാറുന്നില്ല. പ്രോട്ടീനുകൾ, കൊഴുപ്പുകൾ, കാർബോഹൈഡ്രേറ്റുകൾ എന്നിവയും വിറ്റാമിനുകളുടെയും ധാതുക്കളുടെയും രൂപത്തിലുള്ള സൂക്ഷ്മ പോഷകങ്ങളും ഉൾക്കൊള്ളുന്ന ഭക്ഷ്യവസ്തുക്കളാണ് സമീകൃത പോഷകാഹാരം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.


ഇതുകൂടി വായിക്കൂ:പൊയ്‌വേഷക്കാരുടെ കര്‍ഷകസ്നേഹം


ആരോഗ്യകരമായ ആഗോള ഭക്ഷ്യക്രമം സംബന്ധിച്ച ഇഎടി-ലാൻസെറ്റ് കമ്മിഷൻ നിർദേശ പ്രകാരം ദൈനംദിനം വിവിധയിനം പരിപ്പ്: 50 ഗ്രാം, പയർവർഗങ്ങൾ: 75 ഗ്രാം, മത്സ്യം: 28 ഗ്രാം, മുട്ട: 13 ഗ്രാം(ആഴ്ചയിൽ 1 മുട്ട), മാംസം: 14 ഗ്രാം/ചിക്കൻ: 29 ഗ്രാം, കാർബോഹൈഡ്രേറ്റ് അടങ്ങിയ ധാന്യങ്ങൾ 232 ഗ്രാം, കാർബോഹൈഡ്രേറ്റ് ഉൾപ്പെടുന്ന പച്ചക്കറികൾ (ഉരുളക്കിഴങ്ങ്, ചേന തുടങ്ങിയവ): 50 ഗ്രാം, പാലുല്പന്നങ്ങൾ: 250 ഗ്രാം, അന്നജമില്ലാത്ത പച്ചക്കറികൾ: 300 ഗ്രാം, പഴങ്ങൾ: 200 ഗ്രാം, മറ്റുള്ളവ: 31 ഗ്രാം പഞ്ചസാരയും 50 ഗ്രാം പാചക എണ്ണയും എന്നിവയാണ് ഉപയോഗിക്കേണ്ടത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും (ഐസിഎംആർ) ഇന്ത്യക്കാർക്കുള്ള മാർഗനിർദേശങ്ങളായി ഇതിന് സമാനമായ പ്രസ്താവനകൾ പുറപ്പെടുവിച്ചിട്ടുണ്ട്. നിവലിലുള്ള വിപണി നിരക്കനുസരിച്ച് ഈ ഭക്ഷ്യവസ്തുക്കൾ ഒരാൾക്ക് ഉപയോഗിക്കണമെങ്കിൽ പ്രതിദിനം 200 രൂപയെങ്കിലും വേണ്ടിവരും. അതിനർത്ഥം അ‍ഞ്ച് പേരടങ്ങുന്ന ഒരു കുടുംബം പ്രതിദിനം 1000 രൂപ അഥവാ പ്രതിമാസം 30,000 രൂപ ഭക്ഷണത്തിന് മാത്രമായി ചെലവഴിക്കേണ്ടിവരുമെന്നാണ്. അതുകൊണ്ടുതന്നെ മതിയായ വരുമാനം കുടുംബത്തിന് ഉറപ്പുവരുത്തുന്നതിനുള്ള നയപരമായ ചട്ടക്കൂട് രൂപപ്പെടുത്തേണ്ടത് അത്യാവശ്യമായി മാറുന്നു. താങ്ങാവുന്ന നിരക്കിൽ പോഷകാഹാരപ്രാധാന്യമുള്ള ഭക്ഷണം ലഭ്യമാക്കുന്നതിനായി വിള ഉല്പാദനം വർധിപ്പിക്കുകയെന്നതും അനിവാര്യമാണ്. വിള വൈവിധ്യവൽക്കരണം ഇതിന് സഹായമായിരിക്കും. അതിന് ഏറ്റവും പ്രധാനമായി വേണ്ടതാണ് കർഷകരുടെ ഉല്പന്നങ്ങൾക്ക് കുറഞ്ഞ താങ്ങുവില ഉറപ്പാക്കുക എന്നത്.

പഞ്ചാബ് കാർഷിക സർവകലാശാല വൈ സ് ചാൻസലർ ഡോ. എസ് എസ് ഗോസാൽ കർഷക സമരത്തെയും കുറഞ്ഞ താങ്ങുവില ആവശ്യത്തെയും അനുകൂലിക്കുന്നതിനുള്ള പ്രധാന കാരണമായി പറയുന്നത് അത് വിളവൈവിധ്യത്തെ പ്രോത്സാഹിക്കുമെന്നതാണ്. അടിസ്ഥാന വരുമാനം ഉറപ്പുവരുത്താതെ വിളവൈവിധ്യത്തെ കുറിച്ച് കർഷകരെ ബോധ്യപ്പെടുത്താനാകില്ലെന്ന് അദ്ദേഹം പറയുന്നു. പഞ്ചാബിൽ ഉല്പാദിപ്പിക്കുന്ന എല്ലാ കാർഷിക വിളകൾക്കും കുറഞ്ഞ താങ്ങുവില ഉറപ്പാക്കാനായാൽ വിളവൈവിധ്യവൽക്കരണം വിജയിക്കുമെന്ന് ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറയുകയുണ്ടായി. ഉയർന്ന വിലയ്ക്ക് കർഷകരുടെ ഉല്പന്നങ്ങൾ സംഭരിക്കുന്നത് ഭാരം കൂട്ടുമെന്നതാണ് താങ്ങുവില നിശ്ചയിക്കാതിരിക്കുന്നതിന് പ്രധാന കാരണമായി പറയുന്നത്. സർക്കാരും അതേനിലപാടിൽ തന്നെയാണ്. ഇത് തെറ്റാണെന്ന് രാജ്യത്തെ പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞൻ പ്രൊഫ. അരുൺ കുമാർ പറയുന്നു. സർക്കാർ സംഭരിക്കുന്നത് സൂക്ഷിച്ചുവയ്ക്കാനല്ല, വിപണിയിൽ വിൽക്കുന്നതിനാണ്. 10 ലക്ഷം കോടിയുടെ പ്രവർത്തന മൂലധനം മാത്രമേ ഇതിന് ആവശ്യമുള്ളൂ. വില്പനയിലൂടെ അത് തിരിച്ചുകിട്ടുകയും ചെയ്യും, അദ്ദേഹം പറയുന്നു. ഭക്ഷ്യ സുരക്ഷയ്ക്കും പോഷകാഹാര സുരക്ഷയ്ക്കും ശാശ്വത പരിഹാരം ഉല്പന്നങ്ങളുടെ പൊതുസംഭരണം തന്നെയാണ്. ഭക്ഷ്യസുരക്ഷാ പദ്ധതികൾ കൃത്യമായി നടപ്പിലാക്കുന്നതിന് കുറഞ്ഞ താങ്ങുവില നിർണയവും പ്രധാന ഘടകമാണ്.


ഇതുകൂടി വായിക്കൂ:മോഡിയുടെ ഗ്യാരന്റി: മറ്റൊരു കര്‍ഷക കുരുതി


സബ്സിഡികൾ വെട്ടിക്കുറയ്ക്കണമെന്ന ആഗോള, വൻകിട രാജ്യങ്ങളുടെ സമ്മർദത്തിനിടയില്‍, അതിന് വഴങ്ങാതെ മുന്നോട്ടുപോയാൽ മാത്രമേ ഇന്ത്യയിലെ കൃഷിയെ വികസിപ്പിക്കുവാൻ സാധിക്കുകയുള്ളൂ. അത്തരം സമ്മർദങ്ങളെ ചെറുക്കുകയും നമ്മുടെ കർഷകരെയും പോഷകാഹാര സുരക്ഷയെയും സഹായിക്കുന്ന നിയമങ്ങൾ രൂപീകരിക്കുന്നതിന് നിർബന്ധിക്കുകയും ചെയ്യുക എന്നത് ഓരോ ഇന്ത്യക്കാരന്റെയും ഉത്തരവാദിത്തമാണ്. ഇത്തരം ആഗോള സമ്മർദങ്ങൾക്കെതിരെ നിലപാടെടുക്കുന്നതിനും വൻകിട രാജ്യങ്ങളെ ബോധ്യപ്പെടുത്തുന്നതിനുമുള്ള മികച്ച അവസരമാണ് അബുദാബിയിൽ ഇന്ന് തുടങ്ങുന്ന ലോക വ്യാപാര സംഘടനയുടെ 13-ാമത് മന്ത്രിതല സമ്മേളനം. അവിടെ വൻകിട രാജ്യങ്ങളുടെ കുതന്ത്രങ്ങൾക്കെതിരെ യോജിച്ച് മുന്നേറാൻ ഇന്ത്യയ്ക്ക് സാധിക്കണം. അതിനുള്ള മികച്ച അവസരമായി സമ്മേളനത്തെ ഉപയോഗിക്കാൻ കഴിയേണ്ടതുണ്ട്. ചേരിചേരാപ്രസ്ഥാനത്തിന് കീഴിലെ 120 അംഗരാജ്യങ്ങളെയും 17 നിരീക്ഷക രാജ്യങ്ങളെയും 10 നിരീക്ഷക സംഘടനകളെയും യോജിപ്പിച്ച് ബഹുമുഖ വ്യാപാരക്കരാറിനുള്ള ശ്രമങ്ങളുമായും ഇന്ത്യ മുന്നോട്ടുപോകേണ്ടതാണ്. (അവലംബം: ഐപിഎ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.