രാജ്യത്തിന്റെ നട്ടെല്ലായ കർഷകരുടെ സമരം സമീപകാല ഇന്ത്യാചരിത്രത്തിൽ ഏറ്റവും ശ്രദ്ധേയമായ ജനമുന്നേറ്റങ്ങളിൽ ഒന്നായിരുന്നു. പഞ്ചാബിൽ തുടങ്ങി, ഹരിയാനയിലൂടെ പടർന്ന് ഡൽഹിയിലും തുടർന്ന് രാജ്യവ്യാപകവുമായ ആദ്യഘട്ട പ്രക്ഷോഭം ഇന്ദ്രപ്രസ്ഥത്തിലെ അധികാരമേലാളന്മാരെ വിറപ്പിച്ചതായിരുന്നു. തുടക്കത്തിൽ കർഷകരുടേത് മാത്രമായിരുന്നുവെങ്കിൽ ഒടുക്കം ഇന്ത്യയുടെയാകെ പ്രക്ഷോഭമായി അത് വളർന്നു. തൊഴിലാളികളും വിദ്യാർത്ഥി — യുവജനങ്ങളും മഹിളകളും ഇടത്തരം ജീവനക്കാരും തുടങ്ങി വിവിധ തുറകളിലുള്ളവർ ഏറ്റെടുത്ത പ്രക്ഷോഭത്തിനുമുന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും കേന്ദ്ര ഭരണാധികാരികൾക്കും മുട്ടുമടക്കേണ്ടിവന്നത് നമ്മുടെ കാഴ്ചയാണ്. അന്ന് കർഷക സംഘടനകൾ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ച സാഹചര്യത്തിലായിരുന്നു പ്രക്ഷോഭം അവസാനിപ്പിച്ചത്. കാർഷിക കരിനിയമങ്ങൾ പിൻവലിക്കുമെന്നും കുറഞ്ഞ താങ്ങുവില ഉറപ്പുവരുത്തുമെന്നും വാക്കുനൽകിയാണ് കേന്ദ്രം സമരം ഒത്തുതീർത്തത്. വാക്കുപാലിക്കാതിരുന്നപ്പോൾ കർഷകർക്ക് ഇടയ്ക്കിടെ സമരരംഗത്തുവന്ന് സർക്കാരിന് മുന്നറിയിപ്പ് നൽകേണ്ടിവന്നു. എന്നാൽ പതിവുപോലെ ബിജെപിയും കേന്ദ്ര സർക്കാരും കർഷകരെ വഞ്ചിക്കുന്ന നിലപാടിലേക്ക് മാറി. കാർഷിക കരിനിയമങ്ങൾ പേരുമാറ്റി നടപ്പിലാക്കുന്നതിന് നീക്കം തുടങ്ങി. കാർഷിക വിപണനത്തെക്കുറിച്ചുള്ള ദേശീയ നയ ചട്ടക്കൂട് എന്ന പേരിൽ പഴയ വിഷം പുതിയ കുപ്പിയിൽ അവതരിപ്പിച്ച് നടപ്പിലാക്കാൻ ശ്രമിക്കുകയായിരുന്നു മോഡി സർക്കാർ.
ഈ പശ്ചാത്തലത്തിൽ കർഷകർ വീണ്ടും പ്രക്ഷോഭത്തിനിറങ്ങേണ്ട സാഹചര്യമുണ്ടായി. ആദ്യഘട്ടത്തിലെന്നതുപോലെ പഞ്ചാബിൽ നിന്നുതന്നെയാണ് ഇത്തവണയും കർഷക പ്രക്ഷോഭം തുടങ്ങിയത്. സംയുക്ത കിസാൻ മോർച്ച (രാഷ്ട്രീയേതര), കിസാൻ മസ്ദൂർ മോർച്ച എന്നിവയുടെ നേതൃത്വത്തിലുള്ള സമരം മാസങ്ങളായി നടന്നുവരികയായിരുന്നു. സമരം രാജ്യതലസ്ഥാനത്തേക്ക് വ്യാപിപ്പിക്കുന്നതിനുള്ള തീരുമാനമെടുത്തുവെങ്കിലും കേന്ദ്രത്തിലും ഹരിയാനയിലും അധികാരത്തിലുള്ള ബിജെപി സർക്കാരുകൾ അടിച്ചമർത്തുവാനുള്ള ശ്രമങ്ങൾ നടത്തിയതിനാൽ പഞ്ചാബ് — ഹരിയാന അതിർത്തികളിൽ സമരം തുടരുകയായിരുന്നു. ഇതിനിടെ കേന്ദ്രത്തിലെ ബിജെപിയുടെയും പഞ്ചാബിലെ എഎപിയുടെയും മന്ത്രിമാരുടെ സാന്നിധ്യത്തിൽ പലവട്ടം കൂടിയാലോചനകൾ നടന്നു. പക്ഷേ സമവായത്തിലെത്താനായില്ല. അതിനാൽത്തന്നെ സമരം തുടരുകയായിരുന്നു. അവസാനഘട്ട ചർച്ച നടന്ന മാർച്ച് 19നും തീരുമാനമായില്ല. അതുകൊണ്ടുതന്നെ സമരരംഗത്ത് ഉറച്ചുനിൽക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോയ കർഷകരെ നിഷ്ഠുരമായി അടിച്ചമർത്തുന്ന സമീപനമാണുണ്ടായിരിക്കുന്നത്. അതാകട്ടെ നേരത്തെ ബിജെപി സർക്കാരുകളിൽ നിന്നായിരുന്നുവെങ്കിൽ ഇത്തവണ എഎപി സർക്കാരിൽ നിന്നാണെന്ന വൈരുധ്യമുണ്ട്.
ബിജെപി സർക്കാരുകളെ പോലും തോല്പിക്കുന്ന അടിച്ചമർത്തൽ നടപടികളാണ് സ്വീകരിച്ചതെന്ന പ്രത്യേകതയുമുണ്ട്. ചർച്ച കഴിഞ്ഞ് തിരിച്ചുപോകുകയായിരുന്ന നേതാക്കളെ അറസ്റ്റ് ചെയ്യുക, ശംഭു, ഖനൗരി എന്നിവിടങ്ങളിലെ സമരപ്പന്തലുകളും മറ്റ് സജ്ജീകരണങ്ങളും ഇടിച്ചുനിരത്തുക തുടങ്ങിയ നടപടികളാണുണ്ടായത്. മാസങ്ങളോളം നിരാഹാരസമരം നടത്തിയ ജഗജിത് സിങ് ദല്ലേവാൾ അടക്കം സർവൻ സിങ് പന്ഥർ, കാക സിങ് കോട്ട്റ, അഭിമന്യു കോഹർ തുടങ്ങിയ നേതാക്കളെയാണ് കസ്റ്റഡിയിലെടുത്തത്. ഈ നടപടികൾക്കെല്ലാം ബിജെപി സർക്കാരുകളുടെ നടപടികളോട് സമാനതയുണ്ടായിരുന്നുവെന്നത് ശ്രദ്ധേയമാണ്. ആയുധങ്ങൾ, ബുൾഡോസറുകൾ, വൻകിട യന്ത്രങ്ങൾ, പൊലീസിന് പുറമേ സായുധ സേനകൾ എന്നിവയെല്ലാം പ്രക്ഷോഭകരെ അറസ്റ്റ് ചെയ്യുന്നതിനും സമരപ്പന്തലുകൾ നീക്കുന്നതിനും അണിനിരത്തി. കർഷക സമരം കാരണം കച്ചവടത്തിനും വ്യാപാര സംരംഭങ്ങൾക്കും നഷ്ടമുണ്ടാക്കുന്നുവെന്ന കാരണമാണ് സമരത്തെ അടിച്ചമർത്തുന്നതിനായി എഎപി സർക്കാർ നിരത്തിയിരിക്കുന്നത്. രാജ്യത്തെ അടിസ്ഥാന ജനവിഭാഗങ്ങളോടല്ല, വ്യാപാരികളോടും ഇടനിലക്കാരോടുമൊക്കെയാണ് ബിജെപിയെ പോലെ തങ്ങളുടെയും വിധേയത്വമെന്ന് പ്രഖ്യാപിക്കുന്ന സമീപനമാണ് ഇക്കാര്യത്തിൽ എഎപിയിൽ നിന്നുണ്ടായത്.
നേരത്തെ പഞ്ചാബിലെ കർഷകർ സമരം നടത്തിയപ്പോൾ കോൺഗ്രസായിരുന്നു അവിടെ ഭരണത്തിലുണ്ടായിരുന്നത്. അന്ന് ബിജെപി ഭരിച്ചിരുന്ന ഹരിയാനയിലും കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ കീഴിലുള്ള പൊലീസ് ക്രമസമാധാന പരിപാലനം നിർവഹിക്കുന്ന ഡൽഹിയിലും സമരത്തെ നേരിട്ട അതേരീതിയിലാണ് എഎപി ഇപ്പോൾ കർഷകരെ നേരിടുന്നത്. ആദ്യഘട്ടത്തിൽ ബിജെപി സർക്കാരിന്റെ സമീപനങ്ങൾക്കെതിരെ സഹായം നൽകുന്ന സമീപനമായിരുന്നു ഡൽഹിയിലെ എഎപി സർക്കാർ സ്വീകരിച്ചിരുന്നതെങ്കിൽ ഇപ്പോൾ അവർ പൂർണമായും ബിജെപിയെ അനുകരിക്കുകയാണ്. ഈ അവസരവാദം തന്നെയാണ് എഎപിയുടെ എന്നത്തെയും നിലപാട്. ആവശ്യമായ ഘട്ടത്തിൽ ഹിന്ദുത്വ നിലപാടുകളും ബിജെപിയെപ്പോലെ പിന്തിരിപ്പൻ സമീപനങ്ങളുമാണ് സ്വീകരിക്കുന്നത് എന്നതാണ് അവരുടെ സ്വീകാര്യത കുറയുന്നതിന് കാരണമാകുന്നത്. കർഷക പ്രക്ഷോഭത്തോടുള്ള പഞ്ചാബിലെ എഎപി സർക്കാരിന്റെ സമീപനത്തിലൂടെയും അതുതന്നെയാണ് വ്യക്തമാകുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.