23 December 2024, Monday
KSFE Galaxy Chits Banner 2

ഫാസിസവും മുസോളിനിയും

Janayugom Webdesk
November 6, 2022 5:00 am

വീണ്ടും ഒക്‌ടോബർ 30 കടന്നു പോയിരിക്കുന്നു, ‘മാർച്ച് ഓൺ റോം’ ദിനം ഓര്‍മ്മിപ്പിച്ചുകൊണ്ട്. മുസോളിനി, കറുത്തകുപ്പായമണിഞ്ഞ് ആയുധങ്ങളേന്തിയ തന്റെ യുവസേനയുമായി ഇറ്റലിയുടെ തലസ്ഥാനത്തേക്ക് നീങ്ങിയദിനം. 1922 ഒക്ടോബർ 28 ന് തന്നെ ഇറ്റലിയിലെ രാജാവ് മുസോളിനിയെ പ്രധാനമന്ത്രിയായി അംഗീകരിക്കാൻ നിർബന്ധിതനായെങ്കിലും അത് മാത്രമായിരുന്നില്ല മുസോളിനിയുടെ ലക്ഷ്യം. ജനാധിപത്യത്തെ പൂര്‍ണമായി ഇല്ലാതാക്കുക എന്നതായിരുന്നു. അതിനായി ക്രൂരമായ കൂട്ടക്കൊലകള്‍ നടപ്പാക്കി. ക്രൂരമായ കൊലപാതകങ്ങളിലൂടെ ഭീതിവിതച്ച് ഭരണം സ്ഥാപിക്കാൻ അദ്ദേഹത്തിനായി. സ്വേച്ഛാധിപത്യത്തിന്റെ അടിസ്ഥാന ഘടകങ്ങളില്‍ തന്നെ ഭീകരതയുള്‍ച്ചേര്‍ത്ത്, അതിനെ ‘ഒരു സമഗ്രാധിപത്യ രാഷ്ട്രം’ എന്ന് അദ്ദേഹം വിളിച്ചു. 1925 ഇന്ത്യക്കാർക്കും പ്രാധാന്യമുള്ളതാണ്. ആ വര്‍ഷം സെപ്റ്റംബർ 27ന് ആര്‍എസ്എസ് രൂപീകരിക്കപ്പെട്ടു. അതേവര്‍ഷം ഡിസംബർ 26നാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപംകൊണ്ടത്. 1925 ഒക്ടോബർ 28 ‘ഫാസിസ്റ്റ് വിപ്ലവ ദിന’മായി മുസോളിനി പ്രഖ്യാപിച്ചു. എന്നാൽ ആ വിപ്ലവം അതിന്റെ പൂർത്തീകരണത്തിലെത്തിയില്ല.


ഇതുകൂടി വായിക്കൂ: നാണം കെടുത്തരുത് രാജ്യത്തെ  


ഏപ്രിൽ ആറിന് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇറ്റലി തെരഞ്ഞെടുപ്പിൽ പങ്കെടുക്കുകയും ഫാസിസ്റ്റ് ആക്രമണങ്ങളും പ്രതിബന്ധങ്ങളും നേരിട്ട് 2,68,000 വോട്ടുകളും നിരവധി സീറ്റുകളും നേടുകയും ചെയ്തു. അന്ന് വിജയിച്ചവരിൽ ഏറ്റവും ജനപ്രീതിയുള്ള നേതാവായിരുന്നു അന്റോണിയോ ഗ്രാംഷി. 1920 കളുടെ ആദ്യപകുതിയില്‍ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ‘മറ്റിയോട്ടി പ്രതിസന്ധി‘യുള്‍പ്പെടെ ചില വെല്ലുവിളികളുണ്ടായി. ഫാസിസ്റ്റുകളാൽ ക്രൂരമായി കൊല്ലപ്പെട്ട ഒരു സോഷ്യലിസ്റ്റ് പാർലമെന്റേറിയനായിരുന്നു ജിയാകോമോ മറ്റിയോട്ടി. എന്നാല്‍ പിന്നീട് ഫാസിസ്റ്റ് വിരുദ്ധ ശക്തികൾ പതുക്കെ ഉണര്‍ന്നുതുടങ്ങി. ടോഗ്‍ലിയാട്ടി, ഗ്രാംഷി തുടങ്ങിയ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ശക്തമായ എഴുത്തുകള്‍ ഇതിന് നിമിത്തമായി. 1931ൽ ജർമ്മനിയിൽ നടന്ന പിസിഐ നാലാം കോൺഗ്രസിൽ ഇറ്റാലിയൻ നേതാവ് ടോഗ്‍ലിയാട്ടി ഐക്യമുന്നണി എന്ന ആശയം മുന്നോട്ടുവച്ചു. ഇതനുസരിച്ച് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പുരോഗമനവാദികളും ട്രോട്‌സ്‌കിറ്റുകളും സോഷ്യലിസ്റ്റുകളും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 1934 ഓഗസ്റ്റ് 17ന് ഒരു കരാറുണ്ടാക്കി. 1935ൽ, കമ്മ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ ഏഴാം കോൺഗ്രസിൽ ജോർജി ദിമിത്രോവ് ഫാസിസത്തെ പരാജയപ്പെടുത്താൻ രാജ്യങ്ങളുടെയും വർഗങ്ങളുടെയും ഐക്യത്തെക്കുറിച്ച് ഊന്നിപ്പറഞ്ഞു. ഈ ദിവസങ്ങളിലാണ് ഇറ്റാലിയന്‍ കമ്മ്യൂണിസ്റ്റ് നേതാവ് ടോഗ്‍ലിയാട്ടി ഫാസിസം അതിന്റെ യഥാർത്ഥ രൂപത്തിൽ തിരിച്ചറിയണമെന്ന് എഴുതിയത്. അർത്ഥശൂന്യമായ പ്രസ്താവനകളും അടിച്ചേല്പിക്കലുകളും തുടരുന്നതിനെതിരെ മുന്നറിയിപ്പ് നൽകിയ അദ്ദേഹം ഇറ്റലിയിലെ ഫാസിസത്തെ മറ്റ് രാജ്യങ്ങളുടെ പശ്ചാത്തലത്തിൽ ഉദാഹരിക്കരുതെന്ന് മുന്നറിയിപ്പ് നൽകി.


ഇതുകൂടി വായിക്കൂ: മതേതര ഇന്ത്യയ്ക്കുവേണ്ടി നമുക്ക് അതിജീവിച്ചേ മതിയാകൂ


ജർമ്മനിയിലെ നാസിസവും ഇറ്റലിയിലെ ഫാസിസവും അവയുടെ ആവിർഭാവവും ഘടനയും അദ്ദേഹം വിശകലനം ചെയ്തു. ഫാസിസം മുതലാളിത്ത ജനാധിപത്യത്തിന്റെ മറ്റൊരു രൂപമല്ല. പരിമിതികൾ ഉണ്ടെങ്കിലും, ജനാധിപത്യം ഒരിക്കലും ഫാസിസത്തിന്റെ മറ്റൊരു രൂപമാകില്ല. ധനമൂലധനത്തിന്റെ പിന്തിരിപ്പൻ സ്വഭാവസവിശേഷതയായ ഭീകരവാദ സ്വേച്ഛാധിപത്യമായാണ് ഫാസിസത്തെ ടോഗ്‍ലിയാട്ടി നിർവചിച്ചത്. കുത്തക മൂലധനത്തിന്റെ വളർച്ചയ്ക്ക് ഫാസിസം ജനകീയ അടിത്തറ ഒരുക്കുന്നു. പതിമൂന്നാം പ്ലീനത്തിൽ ടോഗ്‍ലിയാട്ടിയും മറ്റ് നേതാക്കളും ഇത് ഊന്നിപ്പറഞ്ഞു. ഒന്നാം ലോകമഹായുദ്ധകാലത്ത് തന്നെ, ജനാധിപത്യ ഘടകങ്ങളില്‍‌ നിന്ന് സാമ്രാജ്യത്വവാദികളും കുത്തകമുതലാളിമാരും ഒളിച്ചോടുന്നത് ലെനിൻ കണ്ടെത്തി. കുത്തക മൂലധനത്തിൽ ജനാധിപത്യത്തെ ആക്രമിക്കാനും ശക്തമായ ഏകാധിപത്യ ഭരണം സ്ഥാപിക്കാനുമുള്ള ഒരു സ്വാഭാവിക പ്രവണതയാണുള്ളതെന്ന് അദ്ദേഹം നിരീക്ഷിച്ചു. പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഈ വസ്തുതകൾക്ക് മാറ്റമില്ല. ഇന്ത്യ തന്നെയാണ് മികച്ച ഉദാഹരണം. സാമ്പത്തിക രംഗത്തെ നിയന്ത്രിക്കുന്നത് ധനമൂലധനമാണ്. ചൂഷണത്തിന്റെ തോത് അഭൂതപൂർവമായ തലത്തിൽ എത്തിയിരിക്കുന്നു. ഫാസിസം, കോർപറേറ്റ് സ്റ്റേറ്റ് എന്ന ആശയം വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാല്‍ കുത്തകവല്ക്കരണം തന്നെ വെെരുധ്യം കൊണ്ട് സങ്കീര്‍ണമായിരിക്കുന്നു. ജനങ്ങളുടെ പ്രാതിനിധ്യം പ്രകടമാകുന്ന ഒരു ഇടമാണ് പാർലമെന്റ്. അതുകൊണ്ടു തന്നെ ഫാസിസം പാർലമെന്റിനെ അതിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാക്കി മാറ്റി. നിയമങ്ങളുടെ അമിതഭാരം പേറുന്ന ജനവിഭാഗങ്ങൾക്ക് ജീവിതം മുന്നോട്ടു കൊണ്ടുപോവുക എളുപ്പമല്ല. എന്നാൽ അവരിപ്പോഴും ശുഭാപ്തിവിശ്വാസത്തിലാണ്; കാരണം മുസോളിനി പോലും രക്ഷപ്പെട്ടില്ല എന്നതു തന്നെ. ജനതയോട് താന്‍ പെരുമാറിയ അതേനാണയത്തില്‍ അദ്ദേഹത്തിനും ജനങ്ങളെ അഭിമുഖീകരിക്കേണ്ടിയും കീഴടങ്ങേണ്ടിയും വന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.