ബിജെപിയിൽ ചേരാൻ തീരുമാനമെടുത്തതിലൂടെ പത്മജ ചെയ്തത് ചതിയാണെന്നും അച്ഛന്റെ ആത്മാവ് ഇത് പൊറുക്കില്ലെന്നും കെ മുരളീധരൻ എം പി. കോൺഗ്രസിന് പത്മജ പോയതുകൊണ്ട് നഷ്ടമൊന്നും ഉണ്ടാകില്ലെന്നും ബിജെപിക്ക് പത്മജയെകൊണ്ട് കാൽകാശിന് ഗുണമുണ്ടാകില്ലെന്നും ഈ ചതിക്ക് തെരഞ്ഞെടുപ്പിലൂടെ പകരം ചോദിക്കുമെന്നും മുരളീധരൻ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസ് പത്മജയെ അവണിച്ചിട്ടില്ല. വർക്ക് അറ്റ് ഹോം ആയിരിക്കുന്ന ആൾക്ക് ഇതിൽപരം എന്ത് പരിഗണനയാണ് കൊടുക്കുകയെന്നും അദ്ദേഹം ചോദിച്ചു.
കെ കരുണാകരൻ ഒരു കാലത്തും വർഗീയതയോട് സന്ധിചെയ്തിട്ടില്ല. അച്ഛൻ അന്തിയുറങ്ങുന്ന മണ്ണിൽ സംഘികളെ കേറി നിരങ്ങാൻ അനുവദിക്കില്ല. കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ 20 മണ്ഡലങ്ങളിലും ജയിക്കാൻ തീവ്രമായി ശ്രമിക്കുന്നതിനിടെയാണ് പത്മജയുടെ ഭാഗത്തുനിന്നും ഇത്തരമൊരു തീരുമാനമുണ്ടായത്. മത്സരിച്ച ഇടങ്ങളിൽ കാലുവാരി എന്നിങ്ങനെയൊക്കെ പത്മജ പറഞ്ഞതായി ചില മാധ്യമങ്ങളിൽ കണ്ടു. കോൺഗ്രസ് മുന്തിയ പരിഗണന തന്നെയാണ് എല്ലാ കാലത്തും പത്മജയ്ക്ക് കൊടുത്തിട്ടുള്ളത്. 2011ൽ വട്ടിയൂർക്കാവിലും വടകരയിലും മികച്ച ഭൂരിപക്ഷത്തിൽ താൻ വിജയിച്ചത് യുഡിഎഫ് ഒറ്റക്കെട്ടായി നിന്നതുകൊണ്ടാണ്.
തൃശൂരിൽ കഴിഞ്ഞ 2 തെരഞ്ഞെടുപ്പുകളിലും പത്മജയ്ക്ക് പാർട്ടി സീറ്റ് നൽകി. ചിലരൊക്കെ കാലുവാരി എന്ന് പറയുമ്പോൾ അങ്ങനെ ചിലർ കാലുവാരിയാൽ തോൽക്കുന്നതാണോ ഇലക്ഷൻ എന്ന് കൂടി ആലോചിക്കണമെന്ന് മുരളീധരന്‍ ചോദിച്ചു. തന്നെയും ഒരുപാട് പേർ ഇത്തരത്തിൽ കാലുവാരിയിട്ടുണ്ടെന്നും താൻ പക്ഷേ പരാതിയൊന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പത്മജ പറഞ്ഞ ഒരു കാരണത്തിനും അടിസ്ഥാനമില്ല. ഇത്രയൊക്കെ വളർത്തി വലുതാക്കിയ പാർടിയാണ് കോൺഗ്രസെന്നും ഒരു ഘട്ടത്തിൽ കോൺഗ്രസ് വിടാൻ താൻ തീരുമാനിച്ചിരുന്നു. എന്നാൽ അന്ന് പോലും ബിജെപിയിൽ ചേരുന്നതിനെപ്പറ്റി ആലോചിച്ചിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു. അതേസമയം പാർടിയിൽനിന്നും കുറച്ചുകാലമായി പത്മജയ്ക്ക് അവഗണന നേരിടുന്നുണ്ടെന്നും വിവേകപൂർവ്വം എടുത്ത തീരുമാനമാണെന്നും ഭർത്താവ് ഡോ വേണുഗോപാൽ പറഞ്ഞു. പത്മജ എടുത്ത തീരുമാനത്താട് യോജിപ്പാണെന്നും ഒപ്പം നിൽക്കുമെന്നും വേണുഗോപാൽ പറഞ്ഞു.
English Summary:“Father’s soul will not tolerate this”; K Muraleedharan said BJP will not benefit from Padmaja
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.