18 December 2024, Wednesday
KSFE Galaxy Chits Banner 2

തന്നെ ഭയം പിടികൂടി; കലോത്സവ പാചകത്തിന് ഇനിയില്ലെന്ന് പഴയിടം മോഹനൻ നമ്പൂതിരി

Janayugom Webdesk
കോഴിക്കോട്
January 8, 2023 8:01 pm

സ്കൂള്‍ കലോത്സവ പാചകത്തിന് ഇനി താനില്ലെന്ന് പഴയിടം മോഹനൻ നമ്പൂതിരി. തന്നെ ഭയം പിടികൂടിയതായും അതുകൊണ്ടുതന്നെ അടുക്കള നിയന്ത്രിക്കുന്നത് ഇനി പ്രയാസമാകുമെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു. കൗമാര കലോത്സവത്തിലെ ഭക്ഷണത്തിൽ പോലും വർഗീയതയുടെയും ജാതീയതയുടേയും വിഷവിത്തുകൾ വാരിയെറുന്ന കാലഘട്ടമാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇത് വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നു. പുതിയകാലത്ത് ഓരോരുത്തരും ഓരോ ആരോപണങ്ങളുമായി രംഗത്തെത്തുകയാണ്. നോൺ വെജ് വിവാദത്തിന് പിന്നിൽ വർഗീയ അജണ്ടയാണെന്നും ഇത്തവണത്തെ വിവാദങ്ങൾ വല്ലാതെ ആശങ്ക ഉണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഈയൊരു സാഹചര്യത്തിൽ കലോത്സവ വേദികളിലെ പാചകത്തിന് ഇനിമുതലുണ്ടാവില്ലെന്ന് പഴയിടം വ്യക്തമാക്കി. 

ഇത്രയും കാലം നിധിപോലെ നെഞ്ചിലേറ്റിയതായിരുന്നു കലോത്സവങ്ങളിലെ അടുക്കളകൾ. കേരളത്തിലെ മാറിയ സാഹചര്യത്തിൽ അടുക്കള നിയന്ത്രിക്കുന്നതിൽ തനിക്ക് ഭയമുണ്ട്. ഇതുവരെ ഏകദേശം രണ്ട് കോടിയിലേറെ ആളുകളെ ഊട്ടിയിട്ടുണ്ട്. അവരുടെ അനുഗ്രഹം മാത്രം മതി തനിക്ക്. വ്യക്തിയെയും ആ വ്യക്തിയുടെ സാമൂഹിക അന്തരീക്ഷത്തെയും ചെളി വാരിയെറിയുന്നതാണ് കഴിഞ്ഞ ദിവസങ്ങളിൽ കണ്ടത്. അതൊന്നും ഇനി ഉൾക്കൊള്ളേണ്ട കാര്യമില്ല. കലോത്സവവേദികളിലെ ഊട്ടുപുരകളിൽ ഞാൻ ഉണ്ടാവില്ല. ഞാൻ വിടവാങ്ങുന്നുവെന്നും പഴയിടം പറഞ്ഞു. പഴയിടം എന്നത് ഒരു വെജ് ബ്രാൻഡ് തന്നെയാണ്. പുതിയകാലത്തിന്റെ കലവറകളിൽ പഴയിടത്തിന്റെ സാന്നിധ്യം ആവശ്യമില്ല. മാംസഭക്ഷണം ഉൾക്കൊള്ളിക്കുന്നില്ലെങ്കിലും കലോത്സവത്തിന് ഇനി താനുണ്ടാവില്ല. സ്കൂൾ കലമേളക്ക് ഭക്ഷണം പാചകം ചെയ്യുന്നത് നിർത്താൻ മുൻപ് ഒരിക്കൽ തീരുമാനിച്ചിരുന്നു. അന്ന് സർക്കാർ സമ്മർദം കൊണ്ടാണ് വീണ്ടും മേളക്ക് എത്തിയത്. ഇനി ടെൻഡറിൽ പങ്കെടുക്കില്ലെന്നും പഴയിടം കൂട്ടിച്ചേർത്തു. 

സ്കൂൾ കലോത്സവത്തിൽ വെജ് ഭക്ഷണം മാത്രം വിളമ്പുന്ന രീതിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ പഴയിടത്തിനെതിരെയും വിമർശനമുണ്ടായി. കലോത്സവത്തിന് അടുത്ത വർഷം മുതൽ നോൺ വെജ്ജും വിളമ്പുന്നകാര്യം പരിഗണിക്കാമെന്ന് വിദ്യാഭ്യാസ മന്ത്രിയും പ്രഖ്യാപിച്ചിരുന്നു. പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും സർക്കാർ തീരുമാനിച്ചാൽ എപ്പോൾ വേണമെങ്കിലും നോൺവെജ് വിളമ്പാമെന്ന് പഴയിടം മോഹനൻ നമ്പൂതിരിയും പ്രതികരിച്ചിരുന്നു. കലോത്സവത്തിൽ നോൺ വെജ് വിളമ്പുന്നതിൽ തനിക്ക് യാതൊരു എതിർപ്പുമില്ലെന്നും നോൺ വെജ് വിളമ്പണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സർക്കാരാണെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. 

Eng­lish Sum­ma­ry: Fear; Mohanan Nam­boothiri backs from Kalot­sa­va cooking 

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.