1 November 2024, Friday
KSFE Galaxy Chits Banner 2

കശുമാമ്പഴ മദ്യം ഒരുവര്‍ഷത്തിനുള്ളില്‍

Janayugom Webdesk
July 8, 2022 10:42 pm

കശുമാമ്പഴത്തില്‍ നിന്ന് ഉല്പാദിപ്പിക്കുന്ന മദ്യം അടുത്ത വര്‍ഷം മുതല്‍ വിപണിയിലിറങ്ങും. കണ്ണൂരിലെ പയ്യാവൂര്‍ സഹകരണ സംഘത്തിന് ഇതുസംബന്ധിച്ച അനുമതി നല്കി. ഗോവയുടെ സംസ്ഥാന മദ്യമെന്നറിയപ്പെടുന്ന ‘കാജുഫെനി’ എന്ന മാമ്പഴമദ്യം നിര്‍മ്മിക്കുന്ന ഡിസ്റ്റിലറികള്‍ ആരംഭിക്കാന്‍ ഇതിനകം 16 അപേക്ഷകള്‍ ലഭിച്ചതായി ഉന്നത എക്സൈസ് വൃത്തങ്ങള്‍ അറിയിച്ചു.
ഒഡിഷയും ആന്ധ്രയും മഹാരാഷ്ട്രയും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കശുമാവു കൃഷിയുള്ള സംസ്ഥാനമാണ് കേരളം. 1,18,600 ഹെക്ടറില്‍. ഏറ്റവും കുറവ് 1050 ഹെക്ടറുമായി അസം. എന്നാല്‍ വെറും 5,250 ഹെക്ടറില്‍ മാത്രം കശുമാവു കൃഷിയുള്ള ഗോവ കശുമാമ്പഴത്തില്‍ നിന്നു മദ്യം നിര്‍മ്മിക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനമായി. ഒരു കശുഅണ്ടിയുടെ നാലു മുതല്‍ ഒന്‍പതിരട്ടി വരെ ഭാരമാണ് കശുമാങ്ങയ്ക്ക്. അതായത് പ്രതിവര്‍ഷം 60 ലക്ഷത്തിലധികം ടണ്ണോളം കശുമാമ്പഴമാണ് ഓരോ വര്‍ഷവും പാഴായിപ്പോകുന്നത്. കശുമാമ്പഴ മദ്യനിര്‍മ്മാണം മറ്റൊരു സംസ്ഥാനത്തും ഇല്ലതാനും. അതിനാല്‍ ഗോവയ്ക്കാവശ്യമായ കശുമാമ്പഴം അയല്‍ സംസ്ഥാനമായ മഹാരാഷ്ട്രയില്‍ നിന്നാണ് കൊണ്ടുവരുന്നത്. അതും മൂന്നു ലക്ഷം ടണ്ണോളം മാത്രം. ശേഷിക്കുന്ന 57 ലക്ഷം ടണ്ണും പാഴായിപ്പോകുന്നതിന്റെ വന്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ഒരു സംസ്ഥാനവും ഇതുവരെ രംഗത്തിറങ്ങാത്ത സാഹചര്യത്തിലാണ് കേരളത്തിന്റെ കടന്നുവരവ്.
കണ്ണൂരില്‍ പയ്യാവൂരിലെ ടി എം ജോഷി പ്രസിഡന്റായ പയ്യാവൂര്‍ സഹകരണ ബാങ്കിനാണ് കശുമാമ്പഴ മദ്യം നിര്‍മ്മിക്കുന്നതിനുള്ള ആദ്യ അനുമതി ലഭിച്ചത്. സംസ്ഥാനത്ത് പാഴായിപ്പോകുന്ന ഏഴു ലക്ഷത്തിലേറെ ടണ്‍ കശുമാങ്ങ ഉല്പാദനത്തിനുപയോഗിക്കാം. സംസ്ഥാനത്തിനു പുറമെ അയല്‍സംസ്ഥാനങ്ങളായ കര്‍ണാടകയിലും തമിഴ്‌നാട്ടിലും ആന്ധ്രയിലും തെലങ്കാനയിലുമായി പാഴായിപ്പോകുന്ന ദശലക്ഷക്കണക്കിന് കശുമാമ്പഴം കൊണ്ടുവന്ന് ഇവിടെ അന്‍പത് മദ്യനിര്‍മ്മാണ ശാലകളെങ്കിലും ആരംഭിക്കാമെന്നാണ് എക്സൈസ് വകുപ്പിന്റെ വിലയിരുത്തല്‍. ഇതുവഴി രണ്ടുലക്ഷത്തോളം പേര്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിലും ലഭിക്കും. വടക്കന്‍ കേരളത്തിലാണ് ഏറ്റവുമധികം കശുമാവ് കൃഷിയുള്ളത്. ഇതിനാല്‍ നിര്‍ദ്ദിഷ്ട കശുമാമ്പഴ മദ്യനിര്‍മ്മാണശാലയ്ക്ക് ആവശ്യമായ കശുമാമ്പഴം ഇറക്കുമതി ചെയ്യേണ്ടിയും വരുന്നില്ല.
ഇ കെ നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ഗോവന്‍ മാമ്പഴ മദ്യനിര്‍മ്മാണത്തിന്റെ സാധ്യതകള്‍ ജോഷി അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. ചില സാങ്കേതിക കാരണങ്ങളാല്‍ തട്ടിത്തകര്‍ത്ത പദ്ധതി നടപ്പാക്കാന്‍ മുന്‍എല്‍ഡിഎഫ് സര്‍ക്കാര്‍ എല്ലാ നടപടികളും പൂര്‍ത്തിയാക്കാറായപ്പോള്‍ കോവിഡ് പ്രതിസന്ധിയായി. ഇപ്പോള്‍ പദ്ധതി വീണ്ടും ജീവന്‍വച്ച് കശുമാമ്പഴ മദ്യനിര്‍മ്മാണത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു. എക്സൈസ് മന്ത്രി എം വി ഗോവിന്ദന്‍ പലകുറി ജോഷിയുമായി ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് അനുമതി നല്കിയിരിക്കുന്നത്. ഫാക്ടറി തുടങ്ങുന്നതോടെ കണ്ണൂര്‍ ജില്ലയിലെ കശുമാവു കര്‍ഷകര്‍ക്ക് കശുമാമ്പഴക്കച്ചവടത്തിലൂടെ പ്രതിവര്‍ഷം 300 കോടി രൂപയുടെ അധിക വരുമാനമുണ്ടാകുമെന്നാണ് ജോഷിയുടെ കണക്കുകൂട്ടല്‍.

Eng­lish Sum­ma­ry: Feni will be sold from next year

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.