22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 8, 2024
November 8, 2024
November 6, 2024
October 28, 2024
October 12, 2024
October 11, 2024
October 8, 2024
September 22, 2024
September 22, 2024
September 19, 2024

ഉത്തരേന്ത്യയിൽ രാസവള ക്ഷാമം രൂക്ഷം; കൃഷിയിറക്കാനാകാതെ കര്‍ഷക ആത്മഹത്യകള്‍ പെരുകുന്നു

Janayugom Webdesk
ലഖ്നൗ
November 1, 2021 8:03 pm

കടുത്ത രാസവള ക്ഷാമം ഉത്തര്‍പ്രദേശടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കര്‍ഷകരുടെ ജീവിതം ദുരിതമയമാക്കുന്നു. പുതിയ കൃഷി ആരംഭിക്കുന്ന സമയത്താണ് രാസവളത്തിനുവേണ്ടി കര്‍ഷകര്‍ നെട്ടോട്ടമോടേണ്ടിവരുന്നത്. കൃഷിയിറക്കാന്‍ പറ്റാത്തതില്‍ മനംനൊന്ത് കര്‍ഷകര്‍ ജീവനൊടുക്കിയ സംഭവങ്ങളും വളംവാങ്ങാന്‍ വരിനിന്ന് കുഴഞ്ഞുവീണ് മരിച്ച സംഭവങ്ങളും ഗുരുതരമായ സ്ഥിതിവിശേഷം വ്യക്തമാക്കുന്നു.

ഉത്തര്‍പ്രദേശിലെ ഹാമിര്‍പുര്‍, ലളിത്പുര്‍, ഹത്രാസ്, ഇറ്റാവ, ഫിറോസാബാദ്, ഫാറുഖാബാദ്, മെയിന്‍പുരി, കന്നൗജ് തുടങ്ങിയവയുള്‍പ്പെടെ നിരവധി ജില്ലകളില്‍ രാസവളക്ഷാമം അതിരൂക്ഷമായി. രാസവളം ലഭിക്കുന്നതിനുവേണ്ടി സഹകരണ സ്ഥാപനങ്ങളുടെ സ്റ്റോറുകളുടെ മുന്നിലുള്‍പ്പെടെ കര്‍ഷകരുടെ നീണ്ട നിരയാണ് എല്ലായിടങ്ങളിലും കാണാനാകുന്നത്. രാവിലെ മുതല്‍ വൈകിട്ട് വരെ കാത്തുനിന്നാലും പലപ്പോഴും വളം ലഭിക്കാതെ മടങ്ങിപ്പോകേണ്ട അവസ്ഥയാണ്.രാസവളത്തിന് വലിയ ദൗര്‍ലഭ്യം നേരിടുന്നുണ്ടെന്ന് കേന്ദ്ര മന്ത്രി നരേന്ദ്ര സിങ് തോമര്‍ കഴിഞ്ഞയാഴ്ച സമ്മതിച്ചിരുന്നു. എന്നാല്‍ പരിഹരിക്കാന്‍ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. സമീപജില്ലകളില്‍ പോയി അമിതവില നല്‍കിയും മറ്റുമാണ് പല കൃഷിക്കാരും വളം വാങ്ങുന്നത്. അതും വളരെ ചുരുങ്ങിയ അളവില്‍ മാത്രമാണ് ലഭിക്കുന്നത്. 1,200 രൂപയുടെ ഒരു ചാക്ക് ഡൈ അമോണിയം ഫോസ്‌ഫേറ്റ് വളത്തിന് 2000 രൂപ വരെയാണ് ഇപ്പോള്‍ പലയിടങ്ങളിലും വിലയീടാക്കുന്നത്.

ലളിത്പുര്‍ മേഖലയില്‍ ഒരാഴ്ചയ്ക്കിടെ അഞ്ചുപേരാണ് രാസവളം ലഭിക്കാത്തതിനാല്‍ മരണമടഞ്ഞിരിക്കുന്നത്. ഭോഗി പാല്‍, മഹേഷ് ബന്‍കര്‍ എന്നീ കര്‍ഷകര്‍ രാസവളത്തിനായി ക്യൂവില്‍ മണിക്കൂറുകളോളം നിന്ന് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. സോനി അഹിര്‍വാര്‍ എന്ന കര്‍ഷകന്‍ ആത്മഹത്യ ചെയ്തതും രാസവള ദൗര്‍ലഭ്യം കാരണമായാണ്. ലളിത്പുര്‍ മസൗര ഖുര്‍ദ് ഗ്രാമത്തിലെ രഘുവിര്‍ പട്ടേല്‍ കഴിഞ്ഞ ദിവസം കൃഷിയിടത്തിന് സമീപം തൂങ്ങിമരിച്ചത് രാസവളം ലഭിക്കാത്തതിന്റെ വിഷമത്തിലാണെന്ന് ന്യൂസ് ക്ലിക്ക് റിപ്പോര്‍ട്ട് ചെയ്തു. കൃഷിയിറക്കാന്‍ സാധിക്കാതെ, ബാങ്ക് വായ്പ തിരിച്ചടയ്ക്കാന്‍ പറ്റാതെ വരുമോയെന്ന ആശങ്ക അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും കുടുംബം വ്യക്തമാക്കി. ആത്മഹത്യാക്കുറിപ്പില്‍ രാസവളം ലഭിക്കാത്തതിനാലാണ് മരിക്കാന്‍ തീരുമാനിച്ചതെന്ന് എഴുതിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

കൃഷിക്ക് ആവശ്യമായ രാസവളം ലഭിക്കാത്തതില്‍ മനംനൊന്ത് മധ്യപ്രദേശ് ഭോപാലിലെ അശോക് നഗറിലും കര്‍ഷകന്‍ ജീവനൊടുക്കിയിരുന്നു. കഴിഞ്ഞ തവണത്തെ കൃഷി നഷ്ടമായതും 15 ദിവസമായി നിരന്തരം പരിശ്രമിച്ചിട്ടും വളം ലഭിക്കാത്തതും ധന്‍പാല്‍ യാദവിനെ വലിയ വിഷമത്തിലാക്കിയിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു, മധ്യപ്രദേശില്‍തന്നെ ഛട്ടാര്‍പുര്‍ ജില്ലയില്‍ കഴിഞ്ഞ ദിവസം ഒരു കര്‍ഷകസ്ത്രീ ഡിഎപി വളം ലഭിക്കാത്തതിനെത്തുടര്‍ന്ന് തൂങ്ങിമരിക്കാന്‍ ശ്രമം നടത്തിയിരുന്നു. ആത്മഹത്യാശ്രമം ശ്രദ്ധയില്‍പെട്ട മറ്റ് കര്‍ഷകര്‍ അവരെ രക്ഷപ്പെടുത്തുകയായിരുന്നു.
eng­lish summary;Fertilizer short­age emerged in north­ern India
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.