2 May 2024, Thursday

സ്പെയിനിന്റെ സര്‍വാധിപത്യം

കോസ്റ്റാറിക്കയെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് തോല്പിച്ചു. സ്വിറ്റ്സര്‍ലന്‍ഡും വിജയത്തോടെ തുടങ്ങി
വെല്ലിങ്ടണ്‍
July 21, 2023 10:37 pm

ഫിഫ വനിതാ ഫുട്ബോള്‍ ലോകകപ്പില്‍ സ്പെ­യിനും സ്വിറ്റ്സര്‍ലന്‍ഡിനും വിജയത്തുടക്കം. കോസ്റ്റാറിക്കയ്ക്കെതിരെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് സ്പാനിഷ് ടീമിന്റെ ജയം. ആദ്യപകുതിയിലാണ് മൂന്ന് ഗോളുകളും നേടിയത്. 21-ാം മിനിറ്റില്‍ കോസ്റ്റാറിക്ക താരം വലേരിയ ഡെ­ല്‍ കാംപോയുടെ സെല്‍ഫ് ഗോളിലാണ് സ്പെയിന് ആ­ദ്യ ഗോളെത്തിയത്. അ­ധികം വൈ­കിയില്ല, രണ്ട് മിനിറ്റിനുള്ളില്‍ രണ്ടാം ഗോളും സ്പാനിഷ് ടീം നേടി. ഐ­താന ബൊന്മാറ്റിയാണ് ലീഡ് ഇരട്ടിയാക്കിയത്. ഇ­തോടെ ഗോളവസാനിപ്പിക്കാ­ന്‍ സ്പെയിന്‍ തയ്യാറല്ലായിരുന്നു.

27-ാം മിനിറ്റില്‍ മൂന്നാം ഗോളും കണ്ടെത്തി സ്പെ­യിന്‍ സര്‍വാധിപത്യം തെളിയിച്ചു. ആദ്യ പകുതിയിലെ പോലെ തന്നെ രണ്ടാം പകുതിയിലും ആക്രമണഫുട്ബോള്‍ കാഴ്ചവച്ചെങ്കിലും സ്പെയിന് പിന്നീട് ഗോള്‍ നേടാന്‍ സാധിച്ചില്ല. 81 ശതമാനമായിരുന്നു പന്തടക്കം. 46 ഷോട്ടുകളാണ് സ്പെയിന്‍ തൊടുത്തു. അതില്‍ 12 എണ്ണം ഗോള്‍വലയം ല­ക്ഷ്യമാക്കിയായിരുന്നു. ഫിനിഷിങ്ങിലെ പോരായ്മകള്‍ ഇ­ല്ലായിരുന്നെങ്കില്‍ കൂടുതല്‍ ഗോള്‍ നേടാന്‍ സ്പെ­യിന് സാധിക്കുമായിരുന്നു. ഫിലിപ്പീൻസിനെതിരെ ഏ­കപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് സ്വിറ്റ്സര്‍ലന്‍ഡി­ന്റെ വിജയം.

ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ പെ­­നാല്‍റ്റി ലക്ഷ്യത്തില്‍ എ­ത്തിച്ച്‌ റമോണ ബാച്ച്‌മാൻ ആണ് സ്വിറ്റ്സര്‍ലന്‍ഡിന് ലീഡ് നല്‍കിയത്. ഈ ഗോളോടെ റമോണ ബാച്മാൻ സ്വിറ്റ്­സര്‍ലന്‍ഡിന്റെ ലോകകപ്പിലെ എക്കാലത്തെയും ടോപ് സ്കോറര്‍ ആയി. 64-ാം മിനിറ്റിലാണ് രണ്ടാം ഗോ­ള്‍ നേടിയത്. സെറിന സെവറിൻ പു­ബെലാണ് സ്കോറര്‍. നൈജീരിയയും കാനഡയും തമ്മിലുള്ള മത്സരം ഗോള്‍രഹിത സമനിലയിലായി.

Eng­lish Sam­mury: vic­to­ry for Spain and Switzer­land in the FIFA Wom­en’s World Cup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.