10 January 2025, Friday
KSFE Galaxy Chits Banner 2

കവിതാ സമാഹാരവുമായി അഞ്ചാം 
ക്ലാസ് വിദ്യാർത്ഥിനി

Janayugom Webdesk
മാന്നാര്‍
April 4, 2022 6:04 pm

കുഞ്ഞുമനസിലെ ചിന്തകൾ കവിതകളായി ‘ചിത്രശലഭങ്ങൾ’ എന്ന പേരിൽ പുസ്തകമാക്കിയിരിക്കുകയാണ് പരുമല സെമിനാരി എൽ പി സ്കുളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ അദിതി എം. തന്നെ കവിതകളിലേക്കും കഥകളിലേക്കും കൈ പിടിച്ച് നടത്തിയത് ഗുരുനാഥരാണെന്ന് അഭിമാനത്തോടെ പറയുന്ന അദിതി തന്റെ കവിതാ സമാഹാരം സമർപ്പിച്ചിരിക്കുന്നത് പ്രിയപ്പെട്ട ഗുരുനാഥർക്കാണ്. പതിനേഴോളം കുഞ്ഞു കവിതകളുടെ സമാഹാരമാണ് ചിത്രശലഭങ്ങൾ.

പരുമല സെമിനാരി സ്കൂളിന്റെ 129-ാം വാർഷികാഘോഷ ചടങ്ങിൽ തിരുവല്ല എ ഇ ഒ, വി കെ മിനി കുമാരിയാണ് കവിതാ സമാഹാരത്തിന്റെ പ്രകാശനകർമ്മം നിർവ്വഹിച്ചത്. മാന്നാർ ടൗണിൽ ഗ്രാഫിക് ഡിസൈനിംഗും ഡി ടി പി ജോലികളും ചെയ്ത് കൊടുക്കുന്ന ബ്ളൂഫോക്സ് സ്ഥാപന ഉടമ പരുമല ആനന്ദ് വീട്ടിൽ പ്രദീപ് കുമാറിന്റെയും മാലിനിയുടെയും മകളാണ് അദിതി. മാന്നാർ നായർ സമാജം സ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന ആനന്ദ് കൃഷ്ണ സഹോദരനാണ്. ലളിതഗാനം, കവിതാ രചന, ദേശീയഗാനം തുടങ്ങിയ മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുള്ള ഈ കൊച്ചുമിടുക്കി എൽ എസ് എസ് സ്കോളർഷിപ്പ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി പഠനത്തിലും മുന്നിലാണ്. ചിത്രശലഭങ്ങളോടും അണ്ണാറക്കണ്ണനോടും വിശേഷങ്ങൾ അന്വേഷിക്കുന്ന കൊച്ചുകുട്ടിയുടെ ജിജ്ഞാസയും പ്രകൃതിയും, മഴയുമെല്ലാം കവിതകളായി കുഞ്ഞു തൂലികത്തുമ്പിൽ നിന്നും പെയ്തിറങ്ങിയിരിക്കുകയാണ് ഈ കവിതാ സമാഹാരത്തിൽ.

അമ്മതൻ സ്നേഹം പകർന്നു നൽകിയ ക്ലാസ് ടീച്ചർക്ക് ഗുരുദക്ഷിണയായും പരിശുദ്ധ പരുമല തിരുമേനിയാൽ സ്ഥാപിതമായ വിദ്യാലയത്തിൽ പഠിക്കുവാൻ ലഭിച്ച മഹാഭാഗ്യത്തിന് നന്ദിയായും കവിതകൾ സമാഹാരത്തിൽ ഇടംപിടിച്ചിട്ടുണ്ട്. നാലാംക്ലാസ് മുതൽ അദിതിയുടെ കവിതാ രചനയിലെ കഴിവ് തിരിച്ചറിഞ്ഞ അധ്യാപകർ പ്രോൽസാഹനം നൽകി ഒപ്പം ഉണ്ടായിരുന്നു. അറിയപ്പെടുന്ന ഒരു കവയിത്രിയായി അദിതി മാറുമെന്നതിൽ സംശയമില്ലെന്നാണ് സംസ്ഥാന അധ്യാപക അവാർഡ് ജേതാവും സെമിനാരി സ്കൂൾ പ്രഥമാധ്യാപകനുമായ അലക്സാണ്ടർ പി ജോർജിന് പറയുവാനുള്ളത്. അഞ്ചാം ക്ലാസ് വരെയുള്ള പഠനം പൂർത്തിയാക്കി പരുമല സെമിനാരി എൽ പി സ്കൂളിന്റെ പടികളിറങ്ങുന്ന ഈ കൊച്ചു കലാകാരി കാലമെത്ര കഴിഞ്ഞാലും ദൂരമെത്ര താണ്ടിയാലും തിരികെവരും ഒരുനാൾ ഞാനെന്റെ വിദ്യാലയ മുറ്റത്തേക്കെന്ന് കൂട്ടുകാർക്ക് വാക്ക് നൽകിയാണ് കവിതാ സമാഹാരം അവസാനിപ്പിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.