ഈ വർഷത്തെ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം റദ്ദാക്കണമെന്ന ഹർജി തള്ളിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി സംവിധായകൻ ലിജീഷ് മുല്ലേഴത്ത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വ്യാഴാഴ്ച അപ്പീൽ പരിഗണിച്ചേക്കും. പുരസ്കാര നിർണയത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ സംവിധായകൻ രഞ്ജിത്ത് ഇടപെട്ടെന്നും അർഹതയുള്ളവരെ തഴഞ്ഞെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ലിജേഷ് മുല്ലേഴത്ത് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, കേട്ടുകേൾവിയുടെ മാത്രം അടിസ്ഥാനത്തിലുള്ളതും വ്യക്തമായ തെളിവുകളില്ലാത്തതുമാണെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ കഴിഞ്ഞ വെളളിയാഴ്ച ഹർജി തള്ളുകയായിരുന്നു. ചലച്ചിത്ര അക്കാദമി ചെയർമാന്‍ രഞ്ജിത്ത് പുരസ്കാര നിർണയത്തിൽ ഇടപെട്ടതിന് തെളിവില്ലെന്നും കോടതി നിരീക്ഷിച്ചു.
സർക്കാരോ ചലച്ചിത്ര അക്കാദമിയോ ചെയർമാൻ രഞ്ജിത്തോ ഹർജിയിൽ മറുപടി സത്യവാങ്ങ്മൂലം നൽകിയിരുന്നില്ല. ഹർജിയിൽ നേരത്തെ കോടതി സർക്കാരിനോട് വിശദീകരണം തേടിയിരുന്നു. പത്തൊമ്പതാം നൂറ്റാണ്ട് എന്ന തന്റെ ചിത്രത്തിന് അവാർഡ് ലഭിക്കാതിരിക്കാൻ രഞ്ജിത്ത് ഇടപെട്ടെന്ന് സംവിധായകൻ വിനയൻ ആരോപിച്ചിരുന്നു. വിഷയത്തിൽ സർക്കാരിന് പരാതിയും നൽകിയത്.വിനയന്റെ പരാതിയിൽ നടപടിയുണ്ടായില്ലെന്ന് ആരോപിച്ചാണ് ലിജീഷ് ഹൈക്കോടതിയെ സമീപിച്ചത്.
ഹർജിയിലെ ആരോപണങ്ങൾ നിഷേധിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയാണ് അപ്പീൽ. സംവിധായകൻ വിനയൻ ഉൾപ്പടെ ആരോപണങ്ങൾ ഉയർത്തിയവരെ കക്ഷിചേർക്കാൻ ഹർജിക്കാരൻ അപേക്ഷ നൽകിയിട്ടും സിംഗിൾ ബഞ്ച് പരിഗണിച്ചില്ല. അതേസമയം, മികച്ച സിനിമകൾക്കുള്ള അവാർഡ് സമ്മാനിക്കുന്നത് നിർമ്മാതാവിനും സംവിധായകനും ആണെന്ന് ബന്ധപ്പെട്ട ചട്ടങ്ങളുടെ വകുപ്പ് രണ്ടിന്റെ ഉപവകുപ്പിൽ പറയുന്നത് കൊണ്ട് തന്നെ ഹർജി നില നിൽക്കുന്നതാണെന്നാണ് അപ്പീലിലെ വാദം.
ജൂലൈ 21 ലെ ചലച്ചിത്ര അക്കാദമിയുടെ അവാർഡ് പ്രഖ്യാപന രേഖ റദ്ദാക്കണമെന്നും അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ ഉയർന്ന ആരോപണങ്ങളിൽ സർക്കാർ ഉചിതമായ അന്വേഷണം നടത്തണമെന്നുമാണ് ആവശ്യം. അപ്പീലിൽ തീരുമാനമെടുക്കുന്നതു വരെ അവാർഡ് പ്രഖ്യാപന രേഖ സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യവുമുണ്ട്.
English Summary: Film award: Director approaches HC division bench with appeal
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.