9 December 2025, Tuesday

Related news

December 7, 2025
December 7, 2025
December 2, 2025
December 1, 2025
December 1, 2025
November 27, 2025
November 26, 2025
November 23, 2025
November 21, 2025
November 20, 2025

എഐ സാങ്കേതിക വിദ്യയിലൂടെ ആദ്യമായി കഥാപാത്രങ്ങളെ പുനര്‍ജനിപ്പിച്ച് സിനിമാ പോസ്റ്റര്‍; യെല്ലോ ടൂത്ത്‌സിന്റെ 450ാമത് പോസ്റ്റര്‍ വൈറല്‍

Janayugom Webdesk
July 26, 2025 3:36 pm

ഓരോ സിനിമകള്‍ക്കും വ്യത്യസ്തമാര്‍ന്ന പോസ്റ്ററുകള്‍ പുറത്തിറക്കുന്നതിന് അതിന്റെ അണിയറ പ്രവര്‍ത്തകര്‍ തമ്മില്‍ മത്സരമാണ്. ലോക സിനിമയില്‍ തന്നെ ഇത്തരമൊരു മത്സരം നിലനില്‍ക്കുന്നുണ്ട്. അത്തരത്തില്‍ പോസ്റ്ററുകളിലൂടെ ശ്രദ്ധേയമായ സിനിമകള്‍ നിരവധിയുണ്ട്. ഓരോ സിനിമയ്ക്കും ഇതുവരെയില്ലാത്ത പുതുമകള്‍ നല്‍കാന്‍ അതിന്റെ നിര്‍മാതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കാറുമുണ്ട്. സോഷ്യല്‍ മീഡിയയിലടക്കം ഇത്തരം പോസ്റ്ററുകള്‍ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ മലയാള സിനിമയില്‍ അത്തരത്തിലുള്ള ഒരു പോസ്റ്റര്‍ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. മലയാളത്തില്‍ ആദ്യമായി എഐ സാങ്കേതിക വിദ്യയിലൂടെ കഥാപാത്രങ്ങളെ പുനര്‍ജനിപ്പിച്ച പോസ്റ്ററാണ് വൈറലായിരിക്കുന്നത്. ലുക്ക്മാന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ പ്രധാന താരങ്ങള്‍ ആയി എത്തുന്ന ’ വള ’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്കാണ് ഏറെ പുതുമ സമ്മാനിക്കുന്നത്. പോസ്റ്റര്‍ രൂപപ്പെടുത്തിയ രീതിയാണ് എല്ലാവരെയും കൗതുകപ്പെടുത്തുന്നത്. 

താരങ്ങളുടെ തിരക്കു കാരണം പലപ്പോഴും അവരെ പ്രത്യേക ഫോട്ടോഷൂട്ടിന് കിട്ടാറില്ല. അഥവാ കിട്ടിയാലും വ്യത്യസ്തമാര്‍ന്ന ഫോട്ടോകള്‍ക്ക് ക്ഷാമമുണ്ടാകും. അതിനു കാരണവുമുണ്ട്. ഒരു സിനിമ കഴിഞ്ഞാല്‍ താരങ്ങള്‍ മറ്റൊരു ലൊക്കേഷനിലേക്കാണ് പോകാറുള്ളത്. അപ്പോഴേക്കും അവരുടെ ലുക്കിലും വ്യത്യാസമുണ്ടാകും. അങ്ങനെ വരുമ്പോള്‍ ആദ്യം ചെയ്ത സിനിമയ്ക്കു പറ്റിയ ഫോട്ടോഷൂട്ട് പ്രയാസമായിരിക്കും. വള എന്ന സിനിമയുടെ ക്രിയേറ്റീവ് പോസ്റ്റര്‍ ചെയ്യുന്നതിനും അത്തരത്തിലൊരു ബുദ്ധിമുട്ടുണ്ടായി. അങ്ങനെയിരിക്കെയാണ് പബ്ലിസിറ്റി ഡിസൈനേഴ്‌സായ യെല്ലോ ടൂത്ത് ഒന്നു മാറി ചിന്തിച്ചത്. 

മുഹാഷിന്‍ സംവിധാനം ചെയ്യുന്ന വള എന്ന സിനിമയുടെ പോസ്റ്ററില്‍ ലുക്ക് മാന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ ഉണ്ടായേ മതിയാകൂ. എന്നാല്‍ അവര്‍ ഇപ്പോള്‍ മറ്റൊരു ലുക്കിലുമാണ്. എങ്ങനെ ഇവരെ ഉള്‍പ്പെടുത്തി പോസ്റ്റര്‍ ക്രിയേറ്റ് ചെയ്യാമെന്ന ആലോചന എത്തിച്ചേര്‍ന്നത് എഐ സാങ്കേതിക വിദ്യയിലായിരുന്നുവെന്ന് യെല്ലോ ടൂത്ത്‌സ് പറയുന്നു. താരങ്ങളുടെ ലഭ്യമായ ഫോട്ടോകള്‍ വച്ച് എഐ സാങ്കേതിക വിദ്യയില്‍ ഇമേജ് ജനറേറ്റ് ചെയ്യുകയായിരുന്നു. മാറുന്ന കാലത്തിനൊപ്പം അതിന്റേതായ സാങ്കേതിക വിദ്യകള്‍ കൂടി ഉള്‍പ്പെടുത്താനുള്ള ശ്രമം ഒടുവില്‍ വലിയ വിജയമായി മാറി. പോസ്റ്ററിന്റെ 70 ശതമാനം വര്‍ക്കുകളും എഐ ഉപയോഗിച്ചാണ് ചെയ്തിരിക്കുന്നത്.

ഇതിനു മുമ്പും എഐ സാങ്കേതിക വിദ്യയില്‍ പോസ്റ്ററുകള്‍ വന്നിട്ടുണ്ടെങ്കിലും താരങ്ങളെ ആ സിനിമയുടെ തന്നെ ലുക്കില്‍ പ്രത്യേക ഫോട്ടോഷൂട്ടുകളൊന്നും ചെയ്യാതെ പുറത്തിറക്കുന്നത് ഇത് ആദ്യമായാണ്. ഒരുപക്ഷേ മലയാള സിനിമയില്‍ ഇത്തരത്തിലുള്ള പോസ്റ്ററുകള്‍ ഇനി തുടര്‍ച്ചയായി വന്നേക്കാം. മോളിവുഡില്‍ ഇത്തരമൊരു തുടക്കം കുറിക്കാന്‍ സാധിച്ചതില്‍ ഏറെ അഭിമാനമുണ്ടെന്ന് യെല്ലോ ടൂത്ത്‌സ് പറയുന്നു. മലയാളത്തിനു പുറമെ അന്യഭാഷാ ചിത്രങ്ങള്‍ക്കും വ്യത്യസ്തമായ പോസ്റ്ററുകള്‍ യെല്ലോ ടൂത്ത്‌സ് പുറത്തിറക്കിയിട്ടുണ്ട്. വള എന്ന സിനിമ യെല്ലോടൂത്ത്‌സിന്റെ 450ാമത് ചിത്രം കൂടിയാണ്. ഈ ചിത്രത്തില്‍ വിജയരാഘവന്‍, രവീണ രവി, ശീതള്‍ ജോസഫ് എന്നിവരും അഭിനയിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.