4 May 2024, Saturday

ഹൈടെക്കായി മത്സ്യബന്ധനം; ആധുനിക സൗകര്യങ്ങളോടെ ബോട്ടുകൾ നീറ്റിലിറക്കി

Janayugom Webdesk
താനൂർ
August 4, 2023 10:18 pm

മത്സ്യത്തൊഴിലാളികൾക്ക് സർക്കാരിന്റെ കരുതൽ ഹസ്തം. സംസ്ഥാനത്തെ സഹകരണ സംഘങ്ങൾക്ക് നൽകിയ ആധുനിക സൗകര്യങ്ങളോടുകൂടിയ മൂന്ന് മത്സ്യബന്ധന വള്ളങ്ങൾ നീറ്റിലിറക്കി. താനൂർ ഹാർബറിൽ നടന്ന ചടങ്ങിൽ മന്ത്രി വി അബ്ദുറഹിമാൻ ഫ്ലാഗ് ഓഫ് ചെയ്തു. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ലാഭകരമായ മത്സ്യബന്ധനം നടത്തുന്നതിനാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ ബോട്ടുകൾ നൽകിയത്.

സംസ്ഥാനത്ത് അനുവദിച്ച പത്ത് മത്സ്യബന്ധന ബോട്ടുകളിൽ മൂന്നെണ്ണം മലപ്പുറം ജില്ലയിലാണെന്നും അതിൽ രണ്ടെണ്ണം താനൂരിലാണ് അനുവദിച്ചതെന്നും മന്ത്രി പറഞ്ഞു. മത്സ്യഫെഡ് ഡയറക്ടർ പി പി സൈതലവി അധ്യക്ഷത വഹിച്ചു. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക പരിഗണന നൽകി 1.57 കോടി രൂപ ചെലവ് വരുന്ന ബോട്ടുകളാണ് നൽകിയിട്ടുള്ളത്. ഹൈഡ്രോളിക് സംവിധാനത്തിലാണ് ബോട്ട് പ്രവർത്തിക്കുന്നത്. 200 നോട്ടിക്കൽ മൈൽ വരെ മത്സ്യബന്ധനം നടത്താനുള്ള ലൈസൻസ് അടക്കം സർക്കാർ അനുവദിച്ചിട്ടുണ്ട്.

കൊച്ചിൻ ഷിപ്‌യാർഡിനു കീഴിൽ ഉഡുപ്പിക്ക് സമീപമുള്ള മാൽപേ യാർഡിൽ നിന്നും ആധുനിക രീതിയിലുള്ള ചൂണ്ടയും ഗിൽനെറ്റ് വലകളും വള്ളത്തിൽ ഘടിപ്പിച്ചു. ജിപിഎസ് ഉൾപ്പെടെയുള്ള ആശയവിനിമയ ഉപകരണങ്ങൾ, ദുരന്ത മുന്നറിയിപ്പ് സംവിധാനം എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. മറ്റു വള്ളങ്ങളുടെ ഗതി ഓട്ടോമാറ്റിക്കായി ചൂണ്ടിക്കാണിക്കുന്ന സൗകര്യവുമുണ്ട്. 22.70 മീറ്റർ നീളവും 6.40 മീറ്റർ വീതിയുമുണ്ട് ബോട്ടുകൾക്ക്. പതിനായിരം ലിറ്റർ ശുദ്ധജലം സംഭരിക്കാൻ ശേഷിയുള്ള ടാങ്ക്, 70 ക്യൂബിക് മീറ്റർ ശേഷിയുള്ള മത്സ്യസംഭരണി, എട്ടുപേർക്ക് വിശ്രമിക്കാനുള്ള സൗകര്യം, അടുക്കള എന്നിവയും ഇതിലുണ്ട്.

Eng­lish Sum­ma­ry: Fish­ing boats commissioned
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.