2 May 2024, Thursday

Related news

May 2, 2024
April 30, 2024
April 12, 2024
April 9, 2024
April 6, 2024
April 2, 2024
March 30, 2024
March 23, 2024
February 29, 2024
January 30, 2024

പ്രവാസികളെ ദുരിതത്തിലാഴ്ത്തി ആകാശക്കൊള്ള; വിമാനത്താവളങ്ങളില്‍ റാപ്പിഡ് ടെസ്റ്റ് പിഴിയലും

കെ രംഗനാഥ്
തിരുവനന്തപുരം
September 29, 2021 9:34 pm

കോവിഡ് കാലത്തെ ദുരിതജീവിതത്തിനു ശേഷം വീണ്ടും പ്രവാസലോകത്തേക്ക് മടങ്ങുന്ന ആയിരങ്ങള്‍ക്ക് ഇരുട്ടടിയായി ആകാശക്കൊള്ളയും വിമാനത്താവളങ്ങളിലെ റാപ്പിഡ് ടെസ്റ്റും. മഹാമാരിക്കാലത്ത് തൊഴില്‍ നഷ്ടപ്പെട്ട് നാട്ടില്‍ നരകയാതന അനുഭവിച്ചവര്‍ ജീവിതം വീണ്ടും തളിരിടുന്ന ഗള്‍ഫ് രാജ്യങ്ങളിലേക്ക് മടങ്ങിക്കൊണ്ടിരിക്കുന്നതിനിടെയാണ് ഏഴിരട്ടിയോളം വര്‍ധിപ്പിച്ച വിമാനക്കൂലിയും ദുര്‍വഹമായ റാപ്പിഡ് പരിശോധനാ ഫീസും. കോവിഡിനുശേഷം തൊഴില്‍ നഷ്ടപ്പെട്ട് 7.61 ലക്ഷം മലയാളികള്‍ സംസ്ഥാനത്തേക്ക് മടങ്ങിയിട്ടുണ്ടെന്ന് വിവിധ ഇന്ത്യന്‍ എംബസികളെ ഉദ്ധരിച്ച് നേരത്തെ ‘ജനയുഗം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഏറ്റവും കൂടുതല്‍ പ്രവാസി കേന്ദ്രീകരണമുള്ള സൗദി അറേബ്യയില്‍ മാത്രം പണിയില്ലാതായ 6.36 ലക്ഷത്തിലധികം പേര്‍ നാട്ടിലേക്ക് തിരിച്ചുപോയതായി സൗദി തൊഴില്‍ മന്ത്രാലയം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇവരില്‍ നാലു ലക്ഷത്തോളം പേര്‍ മലയാളികളാണെന്നാണ് കണക്ക്. എന്നാല്‍ ഗള്‍ഫ് രാജ്യങ്ങള്‍ കോവിഡില്‍ നിന്ന് പൂര്‍ണ വിമുക്തിയിലേക്ക് നീങ്ങുകയും പതിനായിരക്കണക്കിനു തൊഴിലവസരങ്ങള്‍ പുനഃസ്ഥാപിക്കപ്പെടുകയും ചെയ്യുന്നതിനിടെയാണ് വിമാനക്കൂലി ആകാശത്തോളം ഉയര്‍ത്തിയും വന്‍ ഫീസ് ഈടാക്കി വിമാനത്താവളങ്ങളില്‍ നടത്തുന്ന നിര്‍ബന്ധിത റാപ്പിഡ് ടെസ്റ്റും പ്രവാസികള്‍ക്ക് വിനയാകുന്നത്.

 


ഇതുകൂടി വായിക്കൂ:  കോടികളുടെ പ്രവാസി ആശ്വാസധനം കെട്ടിക്കിടക്കുന്നു


 

ഗള്‍ഫ് നാടുകളില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്നവരില്‍ നിന്നും പരമാവധി 60,000 രൂപവരെയാണ് വിമാനക്കൂലിയായി ഈടാക്കുന്നത്. എന്നാല്‍ ഗള്‍ഫിലേക്ക് മടങ്ങുമ്പോള്‍ നല്കേണ്ടത് രണ്ടു ലക്ഷം രൂപയ്ക്കു മുകളില്‍. ചില വിമാനക്കമ്പനികള്‍ ഈടാക്കുന്നത് നാലു ലക്ഷം രൂപവരെ. എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യാ എക്സ്പ്രസും മറ്റ് ഇന്ത്യന്‍ വിമാനക്കമ്പനികളും പ്രവാസികളെ മനുഷ്യത്വരഹിതമായി പിഴിയുമ്പോള്‍ എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈദുബായ്, എയര്‍ അറേബ്യ, ഖത്തര്‍ എയര്‍വേയ്സ്, കുവൈറ്റ് എയര്‍വേയ്സ് എന്നിവ താരതമ്യേന കുറഞ്ഞ നിരക്കാണ് ഈടാക്കുന്നത്. ഇന്ത്യന്‍ വിമാനക്കമ്പനികളുടെ ഏകപക്ഷീയമായ കൊള്ളയുടെ ഈ പാതയിലേക്ക് ഗള്‍ഫ് വിമാനക്കമ്പനികളും വൈകാതെ നീങ്ങുമെന്ന ആശങ്കയുമുണ്ട്. ജോലിയും കൂലിയുമില്ലാതെ കഴിഞ്ഞുവന്ന പ്രവാസികള്‍ പലിശയ്ക്ക് പണമെടുത്ത് ടിക്കറ്റെടുക്കേണ്ട ദുരവസ്ഥ.

 

 

കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലുമുള്ള വിമാനത്താവളങ്ങള്‍ വഴി വിദേശത്തു പോകുന്നവര്‍ വിമാനത്താവളങ്ങളില്‍ നിര്‍ബന്ധിത കോവിഡ് റാപ്പിഡ് ടെസ്റ്റിനു വിധേയമാകണമെന്ന വ്യവസ്ഥ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നത് ശതകോടികള്‍ ദരിദ്ര പ്രവാസികളില്‍ നിന്നു പിഴിയാനുള്ള നടപടിയാണെന്ന് പ്രവാസി സംഘടനകള്‍ അപലപിക്കുന്നു. കേന്ദ്രത്തിന്റെ കീഴിലുള്ള നാഷണല്‍ എയര്‍പോര്‍ട്ട് അതോറിറ്റിയാണ് പരിശോധനയ്ക്കുള്ള ടെന്‍ഡര്‍ വിളിച്ച് സ്വകാര്യ കമ്പനികളെ ഏല്പിച്ചത്. പുറത്ത് 500 രൂപയ്ക്ക് നടത്തുന്ന ടെസ്റ്റിന് വിമാനത്താവളങ്ങളില്‍ 3,000 രൂപവരെയാണ് ഈടാക്കുന്നത്.

 


ഇതുകൂടി വായിക്കൂ: ജോലി നഷ്ടപ്പെട്ട പ്രവാസികളുടെ പുനരധിവാസം സംസ്ഥാനങ്ങളുടെ മേൽ കെട്ടിവച്ച്‌ കേന്ദ്രം തലയൂരുന്നു


 

ആകാശക്കൊള്ളയിലും അന്യായമായ റാപ്പിഡ് ടെസ്റ്റ് ഫീസിലും പ്രവാസി ലോകത്ത് രോഷമിരമ്പുന്നുവെന്നാണ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ലഭിക്കുന്ന പ്രതികരണ പ്രവാഹത്തില്‍ നിന്നും വ്യക്തമാവുന്നത്. ലോക കേരള സഭാംഗങ്ങളായ ബാബു വടകര, ബിരാന്‍കുട്ടി (യുഎഇ), അബ്ദുല്‍ റൗഫ് കൊണ്ടോട്ടി (ഖത്തര്‍), യുവകലാസാഹിതിയുടെ യുഎഇ അസിസ്റ്റന്റ് സെക്രട്ടറിയും അബുദാബി കേരള സോഷ്യല്‍ സെന്റര്‍ വൈസ് പ്രസിഡന്റുമായ റോയ് ഐ വര്‍ഗ്ഗീസ്, യുവകലാസാഹിതി ഖത്തര്‍ നേതാവായ ഇബ്രു ഇബ്രാഹിം, യുഎഇയിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനായ അഷ്റഫ് താമരശേരി, ഐസിഎഫ് ഗള്‍ഫ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ അസീസ് സഖാഫി, ഇന്‍കാസ് ജനറല്‍ സെക്രട്ടറി സലിം ചിറയ്ക്കല്‍, ഇന്‍കാസ് യുഎഇ ജനറല്‍ സെക്രട്ടറി പുന്നയ്ക്കല്‍ മുഹമ്മദാലി, സൗദി അറേബ്യയിലെ നവയുഗം സാംസ്കാരികവേദി നേതാവ് ബിന്‍സിമോഹന്‍, കെഎംസിസി യുഎഇ പ്രസിഡന്റ് പുത്തൂര്‍ റഹ്‌മാന്‍ എന്നിവര്‍ വിമാനക്കൂലി വര്‍ധനവിനേയും നിര്‍ബന്ധിത റാപിഡ് ടെസ്റ്റിനെയും വിമര്‍ശിച്ചു. പ്രവാസികള്‍ക്ക് പുതിയൊരു ജീവിതത്തിനു വഴി തുറക്കുമ്പോള്‍ അതിന് തടയിടുന്ന അപലപനീയമായ ഈ നടപടികള്‍ അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.

 

Eng­lish Sum­ma­ry: Flight fare increase and Rapid tests at air­ports; Pravasi on crisis

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.